ADVERTISEMENT

‘‘ഇതു അസാധാരണമായ പ്രതിസന്ധിയാണ്. അതിനാൽ ഉത്തരവാദിത്തപ്പെട്ട സാമ്പത്തിക സ്ഥാപനം എന്ന നിലയിൽ കെഎസ്എഫ്ഇ വ്യത്യസ്തമായി ചിന്തിക്കുകയും വരിക്കാരെ സഹായിക്കാൻ അസാധാരണ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.’’– കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ് പറയുന്നു.

‘‘അറുപതുകളുടെ അവസാനം സ്വകാര്യചിട്ടികൾ തകർന്ന് ലക്ഷക്കണക്കിനു പേർക്ക് എല്ലാം നഷ്ടപ്പെട്ട അസാധാരണ സാഹചര്യത്തിലാണ് ഇഎംഎസ് സർക്കാർ കെഎസ്എഫ്ഇ രൂപീകരിക്കാൻ തീരുമാനിച്ചത്. അന്നുമുതൽ ഇന്നു വരെ സാധാരണക്കാർക്ക് പിന്തുണ ഉറപ്പാക്കാൻ കെഎസ്എഫ്ഇ ശ്രമിക്കുന്നുണ്ട്.

മികച്ച രീതിയിൽ വളർന്ന് സംസ്ഥാനത്തെ നിർണായക സാമ്പത്തിക സ്ഥാപനമായി മാറാൻ കഴിഞ്ഞതും അതുകൊണ്ടാണ്.’’ കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ് പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ അദ്ദേഹവുമായുള്ള അഭിമുഖത്തിൽനിന്ന്...

എല്ലാവരും നിക്ഷേപ പലിശ കുറച്ചു, ഞങ്ങൾ കൂട്ടി

നിലവിൽ നിക്ഷേപത്തിന് 8.75% വരെ പലിശയാണ് ഞങ്ങൾ നൽകുന്നത്. എല്ലാ ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപ പലിശ കുറച്ചപ്പോൾ ഞങ്ങൾ ചിന്തിച്ചതു വ്യത്യസ്തമായാണ്. പലിശയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന, സീനിയർ സിറ്റിസൺസ് അടക്കം ഒട്ടനവധി പേർ ദുരിതത്തിലാകും. അതിനാൽ മേയ് 25 മുതൽ പലിശ വർധിപ്പിച്ചു. സ്ഥിരനിക്ഷേപത്തിനു മാത്രമല്ല, എസ്ബി അക്കൗണ്ടിനു സമാനമായ സുഗമയിലും 5.5% നൽകുന്നു.  

3% പലിശയ്ക്ക് സ്വർണപ്പണയവായ്പ

തിരിച്ചുവരുന്ന പ്രവാസികൾക്കായി മറ്റാരും ചെയ്യാത്ത സഹായമാണ് ഞങ്ങൾ ചെയ്യുന്നത്. ഒരു ലക്ഷം രൂപ നാലു മാസത്തേക്ക് മൂന്നു ശതമാനം പലിശയ്ക്കു സ്വർണപ്പണയ വായ്പയായി നൽകും. പ്രവാസിച്ചിട്ടി അംഗമാണെങ്കിൽ ഒന്നര ലക്ഷം രൂപയും അനുവദിക്കും. ഫെബ്രുവരി 11 നു ശേഷമാണ് തിരിച്ചെത്തിയത് എന്നതിനു പാസ്പോർട്ട് രേഖ കാണിച്ചാൽ മതി. പ്രവാസി ക്ഷേമനിധി അംഗത്വ കാർഡിന്റെ കോപ്പി സഹിതം വന്നാൽ മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ഈ നിരക്കിൽ ഒരു ലക്ഷം രൂപ കിട്ടും.

ആർക്കു വേണമെങ്കിലും 10,000 രൂപ വരെ 8.5 ശതമാനത്തിനു സ്വർണപ്പണയവായ്പ അനുവദിക്കും. മറ്റിടങ്ങളിൽ ലഭ്യമാകുന്നതിലും ഒരു ശതമാനം കുറവിൽ.

10 ലക്ഷം രൂപ 5.5% പലിശയ്ക്ക്

ഒരു വർഷത്തേക്ക് 10 ലക്ഷം രൂപ വരെ 5.5% പലിശയ്ക്ക് സ്വർണപ്പണയ വായ്പ നൽകും. ‘ജനമിത്രം’ എന്ന ഈ സ്വർണപ്പണയ വായ്പയിൽ നിശ്ചിത തുക മാസഗഡുക്കളായി (ഇഎംഐ) തിരികെ അടയ്ക്കണം. തിരിച്ചുവരുന്ന പ്രവാസികൾക്ക് താമസസൗകര്യത്തിനും കുട്ടികളുടെ പഠനാവശ്യത്തിനും ഉപജീവനമാർഗം കണ്ടെത്താനും എല്ലാം ഇത് ഉപയോഗപ്പെടുത്താം. നേരത്തേ പണയം വെച്ച സ്വര്‍ണ്ണത്തിന്മേല്‍ ഇപ്പോഴുള്ള വിലവർധനയ്ക്ക് അനുസരിച്ച് കൂടുതല്‍ പണം ലഭ്യമാക്കുന്ന ടോപ്പ് അപ്പ് ഗോള്‍ഡ് ലോണും ഉണ്ട്.

ചിട്ടിപ്പണം ഓൺലൈനായി അടയ്ക്കാം

www.ksfe.com എന്ന വെബ്സൈറ്റ് വഴിയോ നെറ്റ്ബാങ്കിങ് വഴിയോ ‍െഡബിറ്റ് കാർഡ് വഴിയോ ചിട്ടിപ്പണം അടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തി. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയ്ക്കു പുറമേ ഇപ്പോൾ എസ്ബിഐയെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summery:Special Covid Financial Products from KSFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com