ADVERTISEMENT

കൊറോണ ഭീതി മൂലം വന്‍ ചാഞ്ചാട്ടമാണല്ലോ വിപണിയിലുള്ളത്. സെന്‍സെക്‌സും നിഫ്റ്റി 50-മെല്ലാം 20 ശതമാനത്തിലേറെ തിരുത്തലിനു വിധേയമായതോടെ ചെറുകിട നിക്ഷേപകര്‍ പലരും പരിഭ്രാന്തരായതും സ്വാഭാവികം മാത്രം. 2008-ലെ തിരുത്തലുകള്‍ കണ്ടിട്ടുള്ളവരാണ് ഇന്ത്യയിലെ വ്യക്തിഗത നിക്ഷേപകര്‍ എന്നതും ഇവിടെ ശ്രദ്ധേയമാണ്.  ഇവിടെ മറ്റൊരു കാര്യം നമുക്കു വിലയിരുത്താം. വിപണികള്‍ കുതിക്കുമ്പോള്‍ ഉയര്‍ന്ന വിലകളില്‍ വാങ്ങാന്‍ നമുക്കെല്ലാം വലിയ താല്‍പ്പര്യമാണല്ലോ. ഇതിന്റെ ഫലമായി ഉയര്‍ന്ന വിലയില്‍ വാങ്ങുകയും കുറഞ്ഞ വിലയില്‍ വില്‍ക്കുകയും ചെയ്യും. എന്താണു ചെയ്യേണ്ടത്, അതിന്റെ വിപരീതമാണിത്. 

സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്തായിരുന്നു?

ഇവയെല്ലാം സാധാരണയായി സംഭവിക്കുന്നത് വിപണി കുത്തനെ കുതിക്കുമ്പോഴോ വന്‍ തിരുത്തലുകള്‍ ഉണ്ടാകുമ്പോഴോ ആണ്. വിപണിയുടെ കുതിപ്പിന്റെ കാലത്ത് അത്യാഗ്രഹം മൂലം നിക്ഷേപകര്‍ ഓഹരിയിലെ വകയിരുത്തല്‍ വര്‍ധിപ്പിക്കും. അതേ പോലെ തന്നെ തിരുത്തല്‍ ഉണ്ടാകുമ്പോള്‍ തങ്ങളുടെ നിക്ഷേപം സംരക്ഷിക്കുകയെന്ന പേരില്‍ എസ്‌ഐപി നിര്‍ത്തുകയോ നിക്ഷേപം പിന്‍വലിക്കുകയോ ചെയ്യും. നിക്ഷേപം നടത്തുന്നതിനു പിന്നിലുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്തായിരുന്നു എന്നോ അവ കൈവരിക്കാനാവുമോ എന്നെല്ലാം ചിന്തിക്കുക പോലും ചെയ്യാതെയാവും ഈ നീക്കങ്ങള്‍ നടത്തുക എന്നും ഓര്‍ക്കണം. 

ദീര്‍ഘകാലത്തേക്കാണെങ്കില്‍ ആശങ്ക വേണ്ട

യഥാര്‍ത്ഥത്തില്‍ ഇത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള ഏറ്റവും മികച്ച രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍  എന്ന എസ്‌ഐപി. നിങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സൗകര്യപ്രദമായി നിക്ഷേപിക്കുവാനും അതോടൊപ്പം സാമ്പത്തിക അച്ചടക്കം വളര്‍ത്തിയെടുക്കാനും ഇതു നിങ്ങളെ സഹായിക്കും. മറ്റൊന്ന് ദീര്‍ഘകാലത്തേക്ക് നിക്ഷേപിച്ചുണ്ടാക്കാനാവുന്ന നേട്ടമാണ്. 2007-ല്‍ വിപണി ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി പദ്ധതികളില്‍ നിക്ഷേപിച്ചവരുടെ അനുഭവങ്ങള്‍ ഇവിടെ വിലയിരുത്താം. 60 ശതമാനം പേർക്കും രണ്ടാം വര്‍ഷത്തിന്റെ അവസാനത്തോടെ സുരക്ഷിത സ്ഥിതിയിലെത്താനായി. നാലാം വര്‍ഷത്തിന്റെ അവസാനത്തോടെ 99 ശതമാനം നിക്ഷേപകര്‍ക്കും ലാഭമുണ്ടാക്കാനുമായി. ഉയര്‍ന്ന നിലയില്‍ നിക്ഷേപിച്ചാലും ദീര്‍ഘകാലത്തേക്കാണെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ഓഹരി വിപണിയില്‍ നിക്ഷേപം തുടരുന്നത് ദീര്‍ഘകാലത്തില്‍ നേട്ടമുണ്ടാക്കും എന്നു തന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഒരോ സാമ്പത്തിക ലക്ഷ്യങ്ങളുമായാണല്ലോ നിക്ഷേപങ്ങളോരോന്നും നടത്തുന്നത്. വിപണിയുടെ തിരുത്തലുകള്‍ക്കനുസരിച്ച് ഇവ വെട്ടിക്കുറക്കേണ്ടതില്ല. ഇതിനു പകരം ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ നിര്‍ദ്ദേശമനുസരിച്ച് മുന്നോട്ടു പോകുകയും നിക്ഷേപത്തിന്റെ തോത് വര്‍ധിപ്പിക്കാനുള്ള അവസരമായി അവയെ കാണുകയും വേണം.

മ്യൂചല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ് ലേഖകൻ

English Summery: Know More About Systematic Investment Plan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com