ADVERTISEMENT

കഴിഞ്ഞ ഏതാനം ദിവസങ്ങളായി വെള്ളിയുടെ വിലയില്‍ വന്‍ വര്‍ധനയാണ്‌ പ്രകടമാകുന്നത്‌. ഈ മാസം ഇതുവരെ, വെള്ളി വിലയില്‍ ഏകദേശം 25 ശതമാനത്തോളം വര്‍ധന ഉണ്ടായി. മാത്രമല്ല കഴിഞ്ഞ ഏതാനും ആഴ്‌ചകളായി സ്വര്‍ണം വെള്ളി നിരക്കുകള്‍ തമ്മിലുള്ള അനുപാതവും കുറഞ്ഞ്‌ വരികയാണ്‌ . ഈ പ്രവണത തുടരുകയാണെങ്കില്‍ വെള്ളി കിലോയ്‌ക്ക്‌ 75,000 രൂപ എന്ന 2011 ലെ റെക്കോഡ്‌ മറികടക്കുമെന്നാണ്‌ വിദഗ്‌ധര്‍ വിലയിരുത്തുന്നത്‌.

2020ൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ലോഹങ്ങളില്‍ ഒന്നാണ്‌ വെള്ളി. മാര്‍ച്ചിലെ താഴ്‌ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 70 ശതമാനത്തിലേറെയാണ്‌ റിട്ടേണ്‍. ചില അവസരങ്ങളില്‍, പ്രകടനത്തില്‍ വെള്ളി സ്വര്‍ണത്തെയും മറികടന്നിട്ടുണ്ട്‌.

വെള്ളിയുടെ ആവശ്യം ഉയരുന്നു

ആഗോളതലത്തില്‍ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ മടങ്ങിയെത്തിയതും കൊവിഡ്‌19 വാക്‌സിന്‍ സംബന്ധിച്ച പ്രതീക്ഷകളും യുഎസ്‌ ഡോളര്‍ ദുര്‍ബലമായതും വെള്ളിയുടെ വില ഉയരാന്‍ കാരണമായിട്ടുണ്ടെന്നാണ്‌ വിലയിരുത്തല്‍. ഈ പ്രവണത വരും ആഴ്‌ചകളിലും തുടരുമെന്നാണ്‌ പ്രതീക്ഷ. വ്യാവസായിക മേഖലയില്‍ വെള്ളിയുടെ ആവശ്യകത ഉയരുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്‌.

നിലവിലെ പ്രവണത കണക്കിലെടുക്കുമ്പോള്‍ സ്വര്‍ണ്ണത്തെപ്പോലെ തന്നെ വെള്ളിയിലെയും നിക്ഷേപത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്ന്‌ വരികയാണ്‌. റിസ്‌ക്‌ എടുക്കാനുള്ള ശേഷിയും ദീര്‍ഘകാല ലക്ഷ്യവും ഉള്ള നിക്ഷേപകര്‍ക്ക്‌ ഭാവിയില്‍ നേട്ടം ഉണ്ടാക്കാന്‍ വെള്ളിയിലെ നിക്ഷേപം പരിഗണിക്കാം‌.

വെള്ളിയില്‍ നിക്ഷേപിക്കുന്നതിന് ഈ മാര്‍ഗങ്ങള്‍

∙വെള്ളി ആഭരണങ്ങള്‍

ചെറുകിട നിക്ഷേപകരെ സംബന്ധിച്ച്‌ ഭൗതിക രൂപത്തിലുള്ള വെള്ളിയില്‍ നിക്ഷേപം നടത്തുന്നതാണ്‌ ഏറ്റവും അനുയോജ്യം. ഇതിനായിസ്വര്‍ണ്ണാഭരണങ്ങള്‍ പോലെ തന്നെ വെള്ളി ആഭരണങ്ങളും വാങ്ങാം. നിക്ഷേപം എന്ന നിലയില്‍ വെള്ളി നാണയങ്ങളും വെള്ളികട്ടികളും വാങ്ങി സൂക്ഷിക്കാം. ബാങ്കുകളില്‍ നിന്നും ആഭരണശാലകളില്‍ നിന്നും ഇവ ലഭ്യമാകും. ആവശ്യം വരുമ്പോള്‍ വേഗത്തില്‍ വിറ്റ്‌ പണമാക്കാന്‍ കഴിയും. വെള്ളി വാങ്ങുന്നതിന്‌ കിഴിവുകളും കാഷ്‌ബാക്ക്‌ ഓഫറുകളും ലഭ്യമാക്കുന്ന നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നിലവില്‍ ഉണ്ട്‌.

∙കമ്മോഡിറ്റി ഫ്യൂചേഴ്‌സ്‌

വെള്ളിയില്‍ നിക്ഷേപിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗം കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളാണ്‌. വെള്ളി ആഭരണങ്ങളും നാണയങ്ങളും മറ്റും വാങ്ങാന്‍ താല്‍പര്യമില്ലെങ്കില്‍ കമ്മോഡിറ്റി മാര്‍ക്കറ്റ്‌ വഴി വെള്ളിയില്‍ നിക്ഷേപിക്കാം.

വിലയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടത്തിന്റെ ആനുകൂല്യം നേടാന്‍ ഇത്‌ നിക്ഷേപകരെ സഹായിക്കും. എംസിഎക്‌സ്‌ , എന്‍സിഡിഎക്‌സ്‌ പോലുള്ള കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകള്‍ സില്‍വര്‍ ഫ്യൂചേഴ്‌സ്‌ ലഭ്യമാക്കുന്നുണ്ട്‌. ബ്രോക്കറിന്‌ പ്രത്യേക നിര്‍ദ്ദേശം നല്‍കി ഇവയില്‍ നിക്ഷേപിക്കാം.

∙ സില്‍വര്‍ ഇടിഎഫ്‌

വെള്ളി ആസ്‌‌തികളില്‍ നിക്ഷേപം നടത്തുന്ന എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളാണ്‌ സില്‍വര്‍ ഇടിഎഫ്‌. ഈ ഫണ്ടുകള്‍ സ്റ്റോക്‌ എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരം ചെയ്യപ്പെടുന്നു. ആസ്‌തികളുടെ പ്രകടനം എങ്ങനെയാണോ അതിന്‌ അനുസരിച്ച്‌ നിങ്ങള്‍ക്ക്‌ മൂല്യം ലഭിക്കും. വിദേശ ബ്രോക്കറേജ്‌ അക്കൗണ്ട്‌ ഉള്ള നിക്ഷേപകര്‍ക്ക്‌ ഐഷെയര്‍സില്‍വര്‍ ട്രസറ്റ്‌ (എസ്‌എല്‍വി) ഇടിഎഫില്‍ നിക്ഷേപിക്കാം. ലണ്ടന്‍ സില്‍വര്‍ ഫിക്‌സ്‌ പ്രൈസിലെ ഹോള്‍ഡിങ്ങുകളുടെ പ്രകടനം പിന്തുടരുന്ന ഒരു തരം ഇടിഎഫ്‌ ആണിത്‌. വെള്ളിയില്‍ നിക്ഷേപം നടത്തുന്ന ഇടിഎഫുകള്‍ 25 ശതമാനത്തോളം വളര്‍ച്ചയാണ്‌ ഈ വര്‍ഷം രേഖപെടുത്തിയിരിക്കുന്നത്‌.

∙ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍

വെള്ളി വില ഉയരുന്നതിന്റെ ആനുകൂല്യം നേടുന്നതിനായി ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും ആണ്‌ നിക്ഷേപിക്കാന്‍ താല്‍പര്യമെങ്കില്‍ അതിനുള്ള സാധ്യതകളും പരിഗണിക്കാം. വെള്ളിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാം. ഖനന സ്ഥാപനങ്ങള്‍, ഉത്‌പാദനത്തിനും വിതരണത്തിനും വെള്ളി ഉപയോഗിക്കുന്ന കമ്പനികള്‍ എന്നിവ കണ്ടെത്തി നിക്ഷേപം നടത്താം.

English Summery: Silver Price is Increasing

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com