കൊറോണയ്‌ക്കൊപ്പം ജീവിക്കാന്‍ ഇതാ 10 നിക്ഷേപങ്ങള്‍

HIGHLIGHTS
  • നഷ്ടസാധ്യത കുറവുള്ള നിക്ഷേപാവസരങ്ങളാണിവ
1200-Covid-Coronavirus
പ്രതീകാത്മക ചിത്രം.
SHARE

വരുമാനം വർധിപ്പിക്കാനും കുടുംബത്തിനു സുരക്ഷ ഉറപ്പാക്കാനുമുള്ള നിക്ഷേപങ്ങളും.

എങ്ങും അനിശ്ചിതത്വമാണ്. ഈ സാഹചര്യത്തില്‍ എങ്ങനെ, എവിടെ, എത്ര നിക്ഷേപിക്കണം എന്നത് എല്ലാവരുടെയും സംശയം ആണ്. വലിയ റിസ്‌ക് ഇല്ലാതെ തന്നെ അടുത്ത മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് ന്യായമായ നേട്ടം പ്രതീക്ഷിക്കാവുന്ന നിക്ഷേപമാര്‍ഗങ്ങളെ പരിചയപ്പെടാം.

1. കണ്ടിൻജന്‍സി ഫണ്ട് എഫ്ഡിയില്‍

 മാസച്ചെലവുകളെ അത്യാവശ്യം, ആവശ്യം, ആര്‍ഭാടം എന്ന് വേര്‍തിരിക്കുക. കുറഞ്ഞത് 6 മാസത്തെ അത്യാവശ്യ ചെലവിനും 3 മാസത്തെ അവശ്യ ചെലവിനും കൂടിയുള്ള തുക കണ്ടിൻജന്‍സി ഫണ്ടായി വേണം. ഇതിൽ ഒരു വര്‍ഷത്തേക്ക് വേണ്ട തുക സൂക്ഷിക്കുന്നവരുണ്ട്. ഈ കൂട്ടര്‍ക്ക് ജോലി നഷ്ടപ്പെട്ടാലോ പ്രതിമാസ/ത്രൈമാസ ലക്ഷ്യം എത്തിയില്ലെങ്കിലോ വേവലാതിപ്പെടേണ്ടി വരാറില്ല .

ഈ തുക ബാങ്ക് എഫ്ഡിയിൽ വേണം സൂക്ഷിക്കാന്‍. നിക്ഷേപിച്ചാല്‍ മാത്രം പോരാ, ജോലി നഷ്ടപ്പെടുകയോ വരുമാനം നിലയ്ക്കുകയോ ചെയ്താല്‍ മാത്രമേ ഈ അക്കൗണ്ടില്‍നിന്നു പണമെടുക്കൂ എന്ന ദൃഢനിശ്ചയം കൂടെ വേണം.

2. വൊളന്ററി പ്രോവിഡന്റ് ഫണ്ട് 

അധികം ആരും ഉപയോഗിക്കാത്ത നിക്ഷേപമാര്‍ഗമാണ് വൊളന്ററി പ്രോവിഡന്റ് ഫണ്ട് അല്ലെങ്കില്‍ വിപിഎഫ്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ എല്ലാ ഗുണങ്ങളും ഇതിനുണ്ട്.നിക്ഷേപത്തുക ജീവനക്കാരനു നിശ്ചയിക്കാം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി അനുവദിക്കുന്ന സംഖ്യ ഒരു വ്യക്തിയുടെ വാര്‍ഷിക അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും മാത്രം ആണ്. 100% നികുതിരഹിതമാണ്, നിക്ഷേപത്തുക. 80C യില്‍ പെടുത്തിയും നികുതി ലാഭിക്കാം. ഇപ്പോഴത്തെ പലിശ നിരക്ക് 8.5% ആണ്.

3. സോവറിൻ ഗോള്‍ഡ് ബോണ്ട്

ഈ സാഹചര്യത്തിലെ  സുരക്ഷിത നിക്ഷേപം സ്വർണമാണ്. പക്ഷേ, വില റെക്കോര്‍ഡ് നിലവാരത്തിലായതിനാൽ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കണം. പരമാവധി ചാര്‍ജ്/ചെലവ് കുറയ്ക്കുന്ന രീതിയില്‍ വേണം നിക്ഷേപം. അതിന് ഏറ്റവും നല്ലതു റിസര്‍വ് ബാങ്കിന്റെ സോവറിൻ ഗോള്‍ഡ് ബോണ്ട് ആണ്. ബാങ്കുകളുടെ ഓണ്‍ലൈൻ സേവനം വഴി ഇതു വാങ്ങാം. കുറഞ്ഞത് അഞ്ചും പരമാവധി എട്ടും വര്‍ഷമാണ് നിക്ഷേപ കാലാവധി. ഏറ്റവും ചെറിയ നിക്ഷേപം ഒരു ഗ്രാമാണ്, പരമാവധി 4 കിലോയും. വാര്‍ഷിക അസെറ്റ് മെയ്ന്റനസ് ചാര്‍ജ് ഇല്ല എന്നതും വര്‍ഷത്തില്‍ രണ്ടു തവണയായി പലിശ ലഭിക്കുമെന്നതും ഇവയെ ഗോള്‍ഡ് മ്യൂച്വൽ ഫണ്ടുകളെക്കാളും മികവുറ്റതാക്കുന്നു. എല്ലാ വര്‍ഷവും നിക്ഷേപത്തിന്റെ 2.5% പലിശ 6 മാസത്തില്‍ ഒരിക്കൽ ബാങ്ക് അക്കൗണ്ടില്‍ കിട്ടും. 

കാലാവധി കഴിയുമ്പോള്‍ അന്നത്തെ സ്വർണ വില ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. 8 വര്‍ഷ കാലാവധി കഴിഞ്ഞാൽ മൂലധനനേട്ട നികുതി ഇല്ല. എന്നാല്‍ 5 വര്‍ഷം കഴിഞ്ഞു 8 വര്‍ഷം തികയും മുൻപു വിറ്റാൽ ലാഭത്തിന്റെ 10% മൂലധനനേട്ട നികുതി വരും. ഇടയ്ക്ക്  അത്യാവശ്യം വന്നാല്‍ സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ പണയം വച്ചും പണം ഉറപ്പാക്കാം. ആഗസ്റ്റ്31 മുതൽ സെപ്തംബർ 8 വരെ ഇത് വാങ്ങാനാകും

4. നാഷനല്‍ പെന്‍ഷന്‍ സ്‌കീം

50,000 രൂപ വരെ എല്ലാ സാമ്പത്തിക വര്‍ഷവും നിക്ഷേപത്തിന് നികുതിയിളവ് (80CCD (1b)) കിട്ടുമെങ്കിലും വിരമിക്കൽ സമയത്ത് 60% മാത്രമേ നികുതി ഇല്ലാതെ പിന്‍വലിക്കാന്‍ കഴിയുകയുള്ളൂവെന്നതിനാലും, ബാക്കി 40% പ്രതിമാസം പെന്‍ഷന്‍ രൂപത്തില്‍ കിട്ടുമ്പോള്‍ നികുതി കൊടുക്കേണ്ടി വരും എന്നതിനാലും അത്ര പ്രിയമുള്ള നിക്ഷേപമല്ല നാഷനല്‍ പെന്‍ഷന്‍ സ്‌കീം അഥവാ എൻപിഎസ്. 

എന്നാല്‍ ഈ മാന്ദ്യകാലത്ത് ഏറ്റവും നേട്ടം കിട്ടിയത് നാഷനല്‍ പെന്‍ഷൻ സ്കീം ടയർ വൺ ഗവൺമെന്റ് ബോണ്ടില്‍ നിക്ഷേപിച്ചവര്‍ക്കാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ വളര്‍ച്ച 18.13% ആണ് (എൽ െഎസി പെന്‍ഷന്‍ ഫണ്ടില്‍). കഴിഞ്ഞ മൂന്നോ അഞ്ചോ വര്‍ഷത്തെ പ്രകടനം എടുത്താലും ഒരിക്കല്‍ പോലും ഒരു ഫണ്ടും 10 ശതമാനത്തിൽ താഴെ വന്നിട്ടില്ല എന്നത് എൻപിഎസിന്റെ പ്രസക്തി കൂട്ടുന്നു. ഈ അക്കൗണ്ട് ബാങ്കില്‍ തുടങ്ങി ഗവൺമെന്റ് ബോണ്ടില്‍ മാത്രം എസ്ഐപിയായി നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക.

5. എൻഎസ് സി

80 സി നികുതി ഇനത്തിൽപെടുന്ന ഒരു നിക്ഷേപം ആണ് എൻഎസ് സി അഥവാ നാഷനല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്. 100 രൂപ മുതല്‍ ആരംഭിക്കുന്ന പദ്ധതിക്ക് 5 വര്‍ഷമാണ് കാലാവധി. ഇടയ്ക്കു കാശിന് ആവശ്യം വന്നാല്‍ ബാങ്കില്‍ പണയം വയ്ക്കാം എന്നത് മറ്റൊരു സവിശേഷതയാണ്. പോസ്റ്റ് ഓഫിസ് വഴി എൻഎസ് സിയില്‍ ഇന്ന് 100 രൂപ നിക്ഷേപിച്ചാല്‍ അഞ്ചു വർഷം കഴിയുമ്പോള്‍ 146.25 ആകുന്ന ഈ പദ്ധതിയുടെ ഇപ്പോഴത്തെ വാര്‍ഷിക പലിശനിരക്ക് 7.9% ആണ്.

6. ഫാര്‍മ ഫണ്ടുകള്‍ 

കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത മേഖല ആയിരുന്നു ഫാർമ. എന്നാല്‍ ഉര്‍വശി ശാപം ഉപകാരം പോലെ കൊറോണ മൂലം മികച്ച മേഖലയായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കന്‍ ഫുഡ്&ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ കര്‍ക്കശ നിലപാടുകള്‍ ആണ് ഈ മേഖലയുടെ വളര്‍ച്ചയെ മന്ദിപ്പിച്ചത്. 

എന്നാല്‍ ‘ഹൈഡ്രോക്‌സിക്ലോറോക്വിന്‍’ എന്ന മരുന്നിന്റെ കാര്യത്തിൽ അമേരിക്കന്‍ പ്രസിഡന്റ് വഴങ്ങിക്കൊടുത്തതോടെ, അനാവശ്യമായി ഇനി ഇന്ത്യന്‍ മരുന്നു കമ്പനികളെ എഫ്ഡിഎ വേട്ടയാടില്ല എന്ന സൂചനകളാണു വരുന്നത്. ഇതോടെ ഫാര്‍മ കമ്പനികളുടെ ഓഹരിവില അതിശയിപ്പിക്കുന്ന രീതിയില്‍ ഉയര്‍ന്നു. കൊറോണയ്ക്കു മരുന്നോ വാക്സിനോ കണ്ടുപിടിക്കുന്നതോടെ ഭാവിയിലും മികച്ച വളര്‍ച്ച പ്രതീക്ഷിക്കാവുന്ന മേഖലയാണ് ഫാര്‍മ. ഇതെല്ലാം പരിഗണിച്ചു ഫര്‍മ അടിസ്ഥാനമാക്കിയുള്ള മ്യൂച്വല്‍ ഫണ്ടുകളിൽ നിക്ഷേപിക്കാം. ഏകദേശം 15% വാര്‍ഷിക വളര്‍ച്ച ഇവിടെ പ്രതീക്ഷിക്കാവുന്നതാണ്.

7. നിഫ്റ്റി ബീസ്/ഇന്‍ഡക്‌സ് ഫണ്ട് 

ഓഹരി വിപണിയുടെ സങ്കീര്‍ണതകള്‍ മനസ്സിലാകാത്തവര്‍ക്കും പൂച്ച കറുത്തതോ വെളുത്തതോ ആകട്ടെ എലിയെ പിടിച്ചാല്‍ മതി എന്ന നിലപാടുള്ള നിക്ഷേപകര്‍ക്കും അനുയോജ്യമാണ് നിഫ്റ്റി ബീസ്/ഇന്‍ഡക്‌സ് ഫണ്ട്. പലപ്പോഴും ഓഹരി നിക്ഷേപകര്‍ക്ക് ഉള്ള പരാതിയാണ് സൂചിക കുതിച്ചിട്ടും ഞാന്‍ വാങ്ങിയ ഓഹരിക്കു മാത്രം ഒരു അനക്കവും ഇല്ല എന്നത്. പലപ്പോഴും നഷ്ടം സംഭവിച്ചു എന്നും കേൾക്കാം. ഇത്തരം പരാതികൾക്കു ഒരു പരിധി വരെ പരിഹാരമാണ് ഇവ. പക്ഷേ, ഓര്‍ക്കുക, ഓഹരി വിപണിയില്‍ തിരുത്തല്‍ പൂര്‍ത്തിയായിട്ടില്ല. വളരെ ചെറിയ രീതിയില്‍ മാത്രം ഇപ്പോള്‍ നിക്ഷേപിക്കുക, 

8. എൻആർഐ ഡോളര്‍ ഇന്‍വെസ്റ്റ്‌മെന്റ്

പ്രവാസികള്‍ക്കു മാത്രം ഇന്ത്യയില്‍, ബാങ്കില്‍ ഡോളര്‍ ആയി സ്ഥിരനിക്ഷേപം നടത്താം. ഇതാണ് FCNR (Foreign Currency Non-Repatriable) ഡിപ്പോസിറ്റ്, ഒരു ശതമാനത്തിനു താഴെ (0.93%) ആണ് പലിശ. പക്ഷേ, ഡോളറിന് എതിരെ രൂപയുടെ വില ഇടിയുന്നതിനാൽ ഈ നിക്ഷേപം തരുന്ന വളര്‍ച്ച രൂപയിലുള്ള നിക്ഷേപത്തിലും കൂടുതലാണ്. 

ഉദാഹരണത്തിന് നിലവില്‍ ഡോളറിന് എതിരെ രൂപയുടെ നിരക്ക് 75.91 ആണെന്നു കരുതുക. ഇത് 82 രൂപ വരെയാകാം എന്നു പ്രതീക്ഷിക്കുന്നു. അങ്ങനെ എങ്കില്‍ 8.02% ആണ് വളര്‍ച്ച. നിക്ഷേപിച്ച് ഒരു വര്‍ഷത്തിനുശേഷം പിന്‍വലിച്ചാൽ 0.93%+8.02%= 8.95% വരെ കിട്ടും. ഇനി 0.93% വളരെ കുറവാെണന്നോ ഒരു വര്‍ഷം കാത്തിരിക്കാന്‍ വയ്യെന്നോ ഉള്ളവർ നാട്ടിലേക്ക് ചെലവിനുള്ളതു മാത്രം അയയ്ക്കുക. ബാക്കി ശമ്പളം നിങ്ങള്‍ ജോലി ചെയ്യുന്ന രാജ്യത്തെ ബാങ്കില്‍ തന്നെ സൂക്ഷിക്കാം. രൂപയുടെ മൂല്യം മേല്‍ പറഞ്ഞ നിലവാരത്തില്‍ എത്തുന്ന സമയത്ത് നാട്ടിലെ ബാങ്കിലേക്കു പണം അയയ്ക്കുക, നേട്ടം എടുക്കുക. 

9. ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സുരക്ഷയ്ക്ക്

എല്ലാ മാതാപിതാക്കളും മക്കളോടുള്ള കടമ നിറവേറ്റാൻ ഒരു ടേം ഇന്‍ഷുറന്‍സ് എങ്കിലും നിര്‍ബന്ധമായി എടുക്കണം. ഒരു വ്യക്തിയുടെ വാര്‍ഷിക വരുമാനത്തിന്റെ 30 ഇരട്ടി വരെ സംഅഷ്വേഡ് ആകാം. ഒരു നിശ്ചിത കാലയളവില്‍ ഇത്ര ശതമാനം സം അഷ്വേഡ് കൂടുന്ന പോളിസി എടുക്കാന്‍ ശ്രമിക്കണം, അല്ലെങ്കില്‍ മുപ്പതാം വയസ്സില്‍ എടുത്ത സംഅഷ്വേഡ് 50 വയസ്സ് ആകുമ്പോള്‍ മതിയാകാതെ വരും. 

ടേം ഇൻഷുറൻസിനൊപ്പം ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി കൂടെ കുടുംബത്തിന് വേണം. ഇന്നത്തെ സാഹചര്യത്തില്‍ അച്ഛനും അമ്മയും രണ്ടു കുട്ടികളും ഉള്ള കുടുംബത്തിന് 5–10 ലക്ഷം രൂപയുടെ കവറേജ് മതിയാകും.

10. ആദ്യം നിക്ഷേപം നിങ്ങളില്‍ തന്നെ

പത്താമതായാണ് നൽകിയിരിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ ഏറ്റവും പ്രധാനം ഇതു തന്നെയാണ്. ലോകം ഇനി അറിയപ്പെടുക കൊറോണയ്ക്കു മുന്‍പും ശേഷവും എന്ന രീതിയില്‍ ആയിരിക്കും. ബിസിനസ് മോഡല്‍ തന്നെ മാറും. 2025 ആകുമ്പോള്‍ 75% ജീവനക്കാരും വീട്ടില്‍ ഇരുന്നാകും ജോലി ചെയ്യുക എന്ന് ടിസിഎസ് വ്യക്തമാക്കിയിരിക്കുന്നു. സ്വാഭാവികം ആയും ചെറുതും വലുതുമായ കമ്പനികൾ ഇത് പിന്‍തുടരുന്നതോടെ തൊഴിൽരംഗത്ത് വിപ്ലവമാകും സംഭവിക്കുക. 

ഒരേ ഒരു വരുമാനത്തില്‍മാത്രം വിശ്വസിച്ചു കഴിയുന്നത് റിസ്‌ക് കൂട്ടും. അതുകൊണ്ടു തന്നെ പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടുപിടിക്കേണ്ടി വരും. അതിനു നാം സ്വയം പ്രാപ്തരാകണം. നമ്മുടെ അഭിരുചികള്‍ സ്വയം മനസ്സിലാക്കുകയും അറിവു വര്‍ധിപ്പിച്ചു സമൂഹത്തിന്റെ/കാലത്തിന്റെ ആവശ്യത്തിന് അനുസരിച്ചു മാറുകയും ചെയ്യണം. എങ്കിലേ പിടിച്ചു നില്‍ക്കുവാന്‍ സാധിക്കൂ. 

അതിനായി പുതിയ കോഴ്സുകൾ പഠിക്കുക, അടുത്തതലത്തിലുള്ള വളര്‍ച്ചയ്ക്ക് സ്വയം ഒരുങ്ങുക. സംരംഭകര്‍ കാലത്തിന്റെ ആവശ്യത്തിന് അനുസരിച്ചു സേവനങ്ങളും ഉൽപന്നങ്ങളും മാറ്റണം. നിങ്ങളില്‍ തന്നെ നിങ്ങള്‍ നിക്ഷേപിക്കുകയാണു വേണ്ടത്.

10 Options for Investment in Corona Period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA