ADVERTISEMENT

നാമിതു വരെ ദര്‍ശിച്ചിട്ടില്ലാത്ത ഒരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ ആഗോള സമ്പദ്ഘടനയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന തലത്തിലും ബിസിനസുകള്‍ കനത്ത ആഘാതത്തിന്റെ പിടിയിലുമാണ്. ഇത്തരമൊരു അസാധാരണ സാഹചര്യം ആഗോള ഓഹരി വിപണികളിലും അസാധാരണ സ്ഥിതി തന്നെയാണു സൃഷ്ടിച്ചത്. പക്ഷേ മാര്‍ച്ച് മാസത്തില്‍ കുത്തനെ ഇടിഞ്ഞ വിപണികള്‍ ആദ്യത്തെ ഭീതിക്കു ശേഷം തിരിച്ചുവരാന്‍ തുടങ്ങി. അമേരിക്കന്‍ വിപണി തുടര്‍ച്ചയായി ഉയരുകയാണ്. എല്ലാ രാജ്യങ്ങളിലേയും സൂചികകള്‍ മാര്‍ച്ചിലെ താഴ്ന്ന അവസ്ഥയില്‍ നിന്ന് 50 ശതമാനം ഉയര്‍ന്നിട്ടുണ്ട്. നിഫ്റ്റിയും മാര്‍ച്ചില്‍ നിന്ന് 50 ശതമാനമാണ് ഉയര്‍ന്നത്.

ചെറുകിട മേഖലയിലെ പങ്കാളിത്തം

വെല്ലുവിളികള്‍ നേരിടുന്ന സമ്പദ്ഘടനയിലെ ഉയരുന്ന വിപണി എന്നതിനെ നാം എങ്ങനെ വിശദീകരിക്കും?  മൂന്നു ഘടകങ്ങളാണ് ആഗോള തലത്തിലെ ഈ മുന്നേറ്റത്തിനു കാരണമായി സൂചിപ്പിക്കാനാവുന്നത്. അമേരിക്കയിലെ കേന്ദ്ര ബാങ്ക് അടക്കം ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍  സൃഷ്ടിച്ച പണ ലഭ്യത തന്നെയാണ് ഇതില്‍ ആദ്യത്തേത്. ഏറ്റവും താഴ്ന്ന പലിശ നിരക്കുകളാണ് രണ്ടാമത്തെ ഘടകം. ആഗോള സമ്പദ്ഘടനയ്ക്ക്  2021-ല്‍ഒരു തിരിച്ചു വരവുണ്ടാകുമെന്ന പ്രതീക്ഷകളാണ് മൂന്നാമത്തേത്. അതോടൊപ്പം തന്നെ ഈ മുന്നേറ്റത്തില്‍ ചെറുകിട നിക്ഷേപകരില്‍ നിന്നുള്ള വലിയ പങ്കാളിത്തവുമുണ്ടായി.

ഡോളര്‍ അധികമായി അച്ചടിച്ചതിന്റെ തുടര്‍ഫലമായി ഇന്ത്യ പോലുള്ള വിപണികളിലേക്ക്  വിദേശ സ്ഥാപന നിക്ഷേപം വന്‍ തോതിലാണെത്തിയത്. ഡോളറില്‍ കടം വാങ്ങി ഇന്ത്യ പോലുള്ള വിപണികളിലേക്കു നിക്ഷേപിക്കുന്നതും ഇതിനിടെ പ്രധാന ഘടകമായിരുന്നു. 2020-ലെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള അറ്റ വിദേശ സ്ഥാപന നിക്ഷേപമായിരുന്നു ആഗസ്റ്റില്‍ കാണാനായത്.

അനിശ്ചിതത്വം ഉയർന്ന നിലയിൽ

ഇതോടൊപ്പം മറ്റു ചില ഘടകങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. യഥാര്‍ത്ഥ സമ്പദ്ഘടനയും ഓഹരി വിപണിയും തമ്മിലുള്ള ഒരു ബന്ധമില്ലായ്മയുണ്ട്. ഉയര്‍ന്ന പണ ലഭ്യതയും കുറഞ്ഞ പലിശ നിരക്കും വിപണികളെ ഉയരത്തിലേക്കു കൊണ്ടു പോകും. പിഇ അനുപാതത്തിന്റെ അടിസ്ഥാനത്തിലുള്ള മൂല്യനിര്‍ണയം ഉയര്‍ന്ന തോതിലാണ്. മഹാമാരിയുടെ ആഘാതം സംബന്ധിച്ച് ഉയര്‍ന്ന അനിശ്ചിതത്വമാണുള്ളത്.

സ്ഥിര നിക്ഷേപം, പിപിഎഫ്, സ്വര്‍ണം തുടങ്ങിയ ആസ്തികളേക്കാള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ നേട്ടം നല്‍കുക ഓഹരികളാണെന്നതാണ് ചരിത്രം നമുക്കു പഠിപ്പിച്ചു തരുന്ന പ്രധാനപ്പെട്ടൊരു പാഠം. എന്നാല്‍ വിപണിയില്‍ എന്നാണ് നേട്ടമുണ്ടാകുകയെന്നത് കൃത്യമായി കണക്കാക്കി പ്രവേശിക്കാനാവില്ലെന്നതും അതു പോലെ തന്നെ പ്രധാനപ്പെട്ടതാണ്. മികച്ച ഓഹരികളിലും മ്യൂചല്‍ ഫണ്ടുകളിലും സ്ഥിരമായി നിക്ഷേപിക്കുക എന്നതാണ് ഓഹരികളില്‍ നിന്നു നേട്ടമുണ്ടാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം.

ഇത്തരത്തില്‍ നേട്ടമുണ്ടാക്കാനായി മികച്ച ലാര്‍ജ് കാപ് വിഭാഗത്തില്‍ നിക്ഷേപിച്ചു തുടരാനാവണം. പെനി സ്റ്റോക്കുകളും ഗുണനിലവാരം കുറഞ്ഞ ചെറുകിട ഓഹരികളും ഇടയ്ക്കിടെ ഉയര്‍ന്നു വരും. പക്ഷേ, അവയെ അവഗണിക്കണം. എസ്‌ഐപി തുടരണം. ഇവയ്‌ക്കെല്ലാം ഒപ്പം മുഴുവനായി നിക്ഷേപിക്കാതെ നിക്ഷേപത്തില്‍ പണമായി സൂക്ഷിക്കുന്ന ഭാഗം വര്‍ധിപ്പിക്കുകയും ചെയ്യണം.

ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ

English Summary : How to Invest in Tough Times

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com