ADVERTISEMENT

ആഗോള സമ്പദ്ഘടനയില്‍ വന്‍ ആഘാതമാണു കോവിഡ് 19 മൂലമുണ്ടായതെന്നു നമുക്കെല്ലാം അറിയാമല്ലോ. ആഗോള ജിഡിപിയില്‍ അഞ്ചു ശതമാനം ചുരുക്കമാണ് 2020ലേക്കായി ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്. തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവുമെല്ലാം വര്‍ധിക്കും. ബിസിനസുകള്‍, പ്രത്യേകിച്ച് ചെറുകിട മേഖല വന്‍തോതില്‍ പ്രശ്‌നങ്ങളെ നേരിടും. ഇന്ത്യയിലെ അസംഘടിത മേഖലയില്‍ ലോക്ഡൗണിന്റെ ആഘാതം വളരെ വലുതായിരുന്നു. 2021ല്‍ ഇന്ത്യന്‍ സമ്പദ്ഘടന അഞ്ചു ശതമാനത്തിലേറെ ചുരുങ്ങുമെന്നാണ് സൂചന. ചുരുക്കത്തില്‍ മാന്ദ്യം അതീവ ശക്തിയേറിയതായിരിക്കും. 

ഈ മഹാമാരി നിക്ഷേപ മേഖലയില്‍ സമ്മിശ്ര പ്രതികരണമാവും സൃഷ്ടിക്കുക. ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ കൈക്കൊണ്ട പണമൊഴുക്കു നയം മൂലം പലിശ നിരക്കുകള്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. യുഎസ് ഫെഡറലും ബാങ്ക് ഓഫ് ഇംഗ്ലണ്ടും ബാങ്ക് ഓഫ് ജപ്പാനുമെല്ലാം ഈ മാര്‍ഗം തന്നെയാണു പിന്തുടര്‍ന്നത്. ഇന്ത്യയിലും റിസര്‍വ് ബാങ്ക് 2020ല്‍ മൂന്നു തവണയാണ് റിപോ നിരക്കുകള്‍ താഴ്ത്തിയത്. ഇപ്പോഴത് നാലു ശതമാനത്തിലാണ്. 

ഇതിനു തുടര്‍ച്ചയായി ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, എന്‍എസ്‌സി, പിപിഎഫ്, പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതി തുടങ്ങിയവയുടെയെല്ലാം നിരക്കുകളും കുറയുകയുണ്ടായി. ഇത്തരം നിക്ഷേപങ്ങളുടെ ബലത്തില്‍ മുന്നോട്ടു പോയിരുന്നവരെ, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്‍മാരെ, ഇതു ദോഷകരമായി ബാധിച്ചു. ഇതേ സമയം സ്വര്‍ണ വില മാര്‍ച്ചിലേതില്‍ നിന്ന് 25 ശതമാനം ഉയരുകയും ചെയ്തു. ആഗോള തലത്തില്‍ തന്നെ ഭീതിയുടെ പിടിയില്‍ അകപ്പെട്ട ഓഹരി വിപണി മാര്‍ച്ച് അവസാനം വന്‍ തകര്‍ച്ചയിലേക്കു പോയെങ്കിലും ഏപ്രില്‍ മുതല്‍ തിരിച്ചു കയറാന്‍ തുടങ്ങി. മിക്കവാറും വിപണികള്‍ മാര്‍ച്ചിലെ താഴ്ന്ന നിലയെ അപേക്ഷിച്ച് 50 ശതമാനത്തോളമാണ് ഉയര്‍ന്നത്. 

ഇനിയെന്ത്?

ഇനിയെന്തു സംഭവിക്കുമെന്നതാണ് ഇപ്പോള്‍ ഏറ്റവും പ്രസക്തമായ ചോദ്യം. വരുന്ന മാസങ്ങളില്‍ ഓരോ ആസ്തി വിഭാഗങ്ങളും ഏതു രീതിയില്‍ പെരുമാറുമെന്നതു സംബന്ധിച്ച് അനിശ്ചിതത്വമാണുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ നിക്ഷേപകര്‍ എന്താണു ചെയ്യേണ്ടത്?

വിവിധ ആസ്തികളിലായി വൈവിധ്യവല്‍ക്കരണം നടത്തണം

വൈവിധ്യവല്‍ക്കരണത്തിലൂടെ നഷ്ട സാധ്യത കുറയ്ക്കുകയും നേട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നതു നിക്ഷേപത്തിന്റെ അടിസ്ഥാന രീതിയാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളും ചെറുകിട സമ്പാദ്യങ്ങളും സ്വര്‍ണവും ഓഹരിയുമെല്ലാം അടങ്ങിയ നിക്ഷേപമാവണം ഉണ്ടായിരിക്കേണ്ടത്. ഓരോ വ്യക്തിയുടേയും ജീവിത ലക്ഷ്യങ്ങളും നഷ്ടസാധ്യത വഹിക്കാനുള്ള കഴിവും അടിസ്ഥാനമാക്കി വേണം ഇതനുസരിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍. ഇതില്‍ തന്നെ ഓഹരിയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ നമുക്കിവിടെ വിശദമായി ചര്‍ച്ച ചെയ്യാം. 

സമ്പദ്ഘടനയും വിപണിയും തമ്മിലുള്ള പൊരുത്തമില്ലായ്മ

നേരത്തെ സൂചിപ്പിച്ചതു പോലെ ഓഹരി വിപണികളില്‍ തുടര്‍ച്ചയായ മുന്നേറ്റമാണല്ലോ കഴിഞ്ഞ അഞ്ചു മാസങ്ങളായുള്ളത്. സമ്പദ്ഘടനയും ഓഹരി വിപണിയും തമ്മിലുള്ള പൊരുത്തമില്ലായ്മയാണ് നമുക്കിവിടെ കാണാനായത്. സമ്പദ്ഘടന ബുദ്ധിമുട്ടിലൂടെ പോകുമ്പോഴും വിപണി മുന്നേറിയതിന് പൊതുവായ നാലു കാരണങ്ങള്‍ നമുക്കു കണ്ടെത്താനാവും. 

1. ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ സ്വീകരിച്ച വളരെ ഉദാരമായ നയം തന്നെയാണ് ഇതിലൊന്നാമത്തേത്. സാമ്പത്തിക ഉത്തേജനം നല്‍കാനായുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കു പിന്‍ബലമേകാനായി ഏഴു ട്രില്യണ്‍ ഡോളറിലേറെയാണ് ഇതിന്റെ ഫലമായി ലഭ്യമാക്കിയത്. ഈ പണ ലഭ്യത ഓഹരി വിപണികളെ ഉയര്‍ത്തുകയായിരുന്നു. 

2. പലിശ നിരക്കുകള്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയത് നിക്ഷേപകരുടെ താല്‍പര്യത്തെ ബാങ്കു നിക്ഷേപങ്ങളിലും ബോണ്ടുകളിലും നിന്ന് ഓഹരികളിലേക്ക് മാറ്റാന്‍ ഇടയാക്കി. അമേരിക്കയിലെ പത്തു വര്‍ഷ ബോണ്ടില്‍ നിന്നുള്ള നേട്ടം 0.6 ശതമാനമായിരുന്നപ്പോള്‍ എസ് ആന്റ് പി 500-ലെ ലാഭവിഹിത നേട്ടം 1.6 ശതമാനമായിരുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്. 

3. ഇപ്പോഴത്തെ മഹാമാരി 2021-ഓടെ നിയന്ത്രണ വിധേയമാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ആഗോള സമ്പദ്ഘടനയും കോര്‍പറേറ്റ് വരുമാനവും 2021-ല്‍ തിരിച്ചു കയറുമെന്ന പ്രതീക്ഷയും ഇവിടെ വന്‍ തോതില്‍ സഹായകമായി. 

4. ചെറുകിട നിക്ഷേപകര്‍ ഓഹരി വിപണിയില്‍ സജീവമായതാണ് മറ്റൊരു ഘടകം. ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ ഓഹരി വിപണി കൂടുതല്‍ ആകര്‍ഷകമായതും ചെറുപ്പക്കാര്‍ വീടുകളിലിരുന്നു ട്രേഡു ചെയ്യുന്ന പ്രവണത വര്‍ധിച്ചതുമാണ് ഇതിനു വഴി വെച്ചത്. 

കനത്ത മാന്ദ്യത്തിനിടയിലും ആഗോള തലത്തില്‍ തന്നെ ഓഹരി വിപണി കുതിക്കുന്നതിന് ഇടയാക്കിയത് ഈ ഘടകങ്ങളാണ്. ഇതോടൊപ്പം തന്നെ വിപണിയുടെ മൂല്യം വളരെ ഉയര്‍ന്ന നിലയിലാണെന്നും ഓർമിക്കണം. അടിസ്ഥാന ഘടകങ്ങളെ അപേക്ഷിച്ചു വളരെ ഉയര്‍ന്ന നിലയിലാണ് ഇന്നു വിപണിയുടെ മൂല്യം. 

നിക്ഷേപകര്‍ എന്താണു ചെയ്യേണ്ടത്?

മറ്റേതൊരു ആസ്തിയെ അപേക്ഷിച്ചും ദീര്‍ഘകാലത്തില്‍ കൂടുതല്‍ നേട്ടം നല്‍കുന്നത് ഓഹരിയാണെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. സെന്‍സെക്‌സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ കഴിഞ്ഞ 40 വര്‍ഷത്തെ ഓഹരികളുടെ ചരിത്രം കണക്കിലെടുത്താല്‍ 14.5 ശതമാനം സംയോജിത വാര്‍ഷിക നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ബാങ്ക് സ്ഥിര നിക്ഷേപവും സ്വര്‍ണവും പിപിഎഫുമെല്ലാം എട്ടു മുതല്‍ ഒന്‍പതു ശതമാനം വരെ നേട്ടം നല്‍കിയ സ്ഥാനത്താണിത്. ദീര്‍ഘകാലത്തേക്കു നിക്ഷേപം തുടര്‍ന്നാല്‍ മാത്രമാണ് ഇതു പോലെ മികച്ച നേട്ടം ലഭിക്കുക. 

ഇപ്പോഴത്തെ വിപണി സാഹചര്യങ്ങളില്‍ എന്തെല്ലാം ചെയ്യാം എന്തെല്ലാം ചെയ്തു കൂട എന്നു മനസിലാക്കേണ്ടതുണ്ട്.  വിപണിയില്‍ എപ്പോള്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനാവും എന്നു പ്രതീക്ഷിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല. വിപണി എപ്പോഴാണ് അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുക, എപ്പോഴാണ് അതില്‍ നിന്നു താഴേക്കു പോകുക എന്നെല്ലാം പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ല. 

∙ഗുണമേന്‍മയുള്ള ഓഹരികളിലും മ്യൂചല്‍ ഫണ്ടുകളിലും നിക്ഷേപം തുടരുകയാണ് വേണ്ടത്.

∙ടെലികോം, ഫാര്‍മ, ഐടി, എഫ്എംസിജി, വന്‍കിട സ്വകാര്യ ബാങ്കുകള്‍ തുടങ്ങിയ മികച്ച  ഓഹരികള്‍ക്കു മുന്‍ഗണന നല്‍കണം. 

∙മ്യൂചല്‍ ഫണ്ടുകളിലെ എസ്‌ഐപി തുടരുകയും വേണം. ഇടത്തരം-ചെറുകിട വിഭാഗങ്ങളില്‍ മ്യൂചല്‍ ഫണ്ടുകളിലൂടെ നിക്ഷേപിക്കാം. 

∙പക്ഷേ. പെന്നി സ്റ്റോക്കുകള്‍ എന്ന ഇനത്തില്‍ പെടുന്ന ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വില വര്‍ധിക്കുന്ന ചെറിയ ഓഹരികള്‍ ഒഴിവാക്കുക തന്നെ വേണം. 

∙നിഫ്റ്റി 11400-500 നിലവാരത്തിനു മുകളിലേക്കു പോകുകയാണെങ്കില്‍ നിക്ഷേപത്തിലെ പണമായുള്ള വിഭാഗത്തിന്റെ അളവു വര്‍ധിപ്പിക്കുകയും വേണം. 

പ്രമുഖ സാമ്പത്തിക വിദഗ്ധനും ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റുമായി ലേഖകൻ മനോരമ ഓൺലൈനും ജിയോജിത്തും ചേർന്ന് സംഘടിപ്പിച്ച 'പ്രതിസന്ധിഘട്ടത്തിലെ നിക്ഷേപം എങ്ങനെയാകണം' എന്ന വെബിനാറിൽ നടത്തിയ മുഖ്യ പ്രഭാഷണത്തിന്റെ പൂർണരൂപം 

English Summary : What should Be the Investment Strategy in Difficult Times 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com