ADVERTISEMENT

മള്‍ട്ടിക്യാപ് എന്ന് സ്വയം വിശേഷിപ്പിക്കുകയും എന്നാല്‍ നാമ മാത്രമായി സ്മോള്‍-മിഡ് ക്യാപ്പില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന ഫണ്ടുകളെ നിലയ്ക്ക് നിര്‍ത്തുവാന്‍ സെപ്റ്റംബര്‍ പതിമൂന്നിന് സെബിയുടെ പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്.

ഇതുപ്രകാരം മള്‍ട്ടിക്യാപ് മ്യൂച്ചല്‍ ഫണ്ടുകളുടെ നിശ്ചിത നിക്ഷേപം ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ്പില്‍ ആയിരിക്കണം. ഇതുവരെ ഒരു മള്‍ട്ടിക്യാപ് ഫണ്ടിന്റെ മൊത്തം ആസ്തിയുടെ 65% ഓഹരി അല്ലെങ്കില്‍ ഓഹരി അധിഷ്ഠിത പദ്ധതികളില്‍ ആയിരിക്കണം എന്നായിരുന്നു നിയമം. എന്നാല്‍ പുതിയ ഔഔഔഔഔഔഔഐഔ     മാനദണ്ഡം അനുസരിച്ചു 75% വരെ ഓഹരി അല്ലെങ്കില്‍ ഓഹരി അധിഷ്ഠിതമായിരിക്കണം  എന്നതിനു പുറമെ  ഈ  75 ശതമാനത്തില്‍, 25% വീതം ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ്പില്‍ ആയിരിക്കണം എന്നും നിര്‍ബന്ധം ഉണ്ട്. എന്നാല്‍ ഈ നിര്‍ദേശം നടപ്പിലാക്കുവാന്‍  ജനുവരി 31, 2021 വരെ സമയമുണ്ട്.

എന്താണ് ലാര്‍ജ്, മിഡ്, സ്മാള്‍ ക്യാപ്?

1) സെബിയുടെ വർഗീകരണ പ്രകാരം വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം ഏറ്റവും കൂടുതലുള്ള ആദ്യ 100 കമ്പനികളാണ് ലാര്‍ജ് ക്യാപ്പ്്. തൊട്ടു താഴെയുള്ള  150 കമ്പനികള്‍ മിഡ് ക്യാപ്പും, 251 മുതല്‍ ഉള്ള കമ്പനികള്‍ എല്ലാം സ്മോള്‍ ക്യാപ്പും ആണ്. നിലവില്‍ ഒന്നര ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന  മള്‍ട്ടിക്യാപ് ഫണ്ടുകള്‍ നിക്ഷേപത്തിന്റെ 65 ശതമാനവും ലാര്‍ജ് ക്യാപ്പ് ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. 10 ശതമാനം മാത്രമാണ് സ്മാള്‍ക്യാപ്പ് ഓഹരികളില്‍ ഇടുന്നത്.

2) ഫണ്ട് മാനേജര്‍മാരുടെ ഇടയില്‍ പൊതുവേ കണ്ടു വരുന്ന ഒരു പ്രവണതയാണ് വിപണിയില്‍ തിരുത്തല്‍ അല്ലെങ്കില്‍ റിസ്‌ക് കൂടുമ്പോള്‍ സ്മോള്‍-മിഡ് ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന തുക കുറച്ചിട്ട് പരമാവധി ലാര്‍ജ് ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുക എന്നത്

) മേല്‍ സൂചിപ്പിച്ച സ്മോള്‍-മിഡ് ക്യാപ് ഓഹരികള്‍ക്ക് ബീറ്റ കൂടുതല്‍ ആണ്. അതിനാല്‍ തിരുത്തലുകളിലും, മാന്ദ്യകാലത്തും വലിയ രീതിയില്‍ വില വ്യത്യാസം വരും. അത്് ഫണ്ടിന്റെ പ്രകടനത്തെ ബാധിക്കും എന്ന കാരണത്താല്‍ ആണ് ഫണ്ട് മാനേജര്‍മാര്‍ ചെറുകിട ഓഹരികളെ ഒഴിവാക്കുന്നത്.

എന്നാല്‍ പുതിയ ചട്ടം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ നോക്കാം

1) 2018 മുതല്‍ സ്മോള്‍-മിഡ് ക്യാപ് ഓഹരികളില്‍ വലിയ വിലത്തകര്‍ച്ചയുണ്ടായി. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവയില്‍ ചില നല്ല ഓഹരികള്‍ നല്ല മൂല്യനിലവാരത്തില്‍ ആണ്, പുതിയ ചട്ടം തീര്‍ച്ചയായും ഇത്തരം ഓഹരികളില്‍ പുതു നിക്ഷേപം കൊണ്ട് വരും എന്ന് പ്രതീക്ഷിക്കാം.

2) വളരുന്ന, അതേ സമയം നിക്ഷേപം ആവശ്യമായ കമ്പനികള്‍ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഓഹരി വിപണിയില്‍ ഈ നിബന്ധനയിലൂടെ IPO/FPO നടത്തി മൂലധനം സ്വരൂപിക്കാന്‍ ഇനി എളുപ്പമാകും.

3) ലാര്‍ജ്ക്യാപ് ഓഹരികളില്‍ ഉള്ള നിക്ഷേപങ്ങള്‍ മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ പിന്‍വലിക്കുമ്പോള്‍, ഇപ്പോള്‍  ഉയര്‍ന്ന വിലയില്‍ നില്‍ക്കുന്ന ഇവയുടെ ഓഹരികള്‍ക്ക് വില കുറയും. അത് മികച്ച ലാര്‍ജ് ക്യാപ് ഓഹരികൾ നിക്ഷേപകര്‍ക്ക് കുറഞ്ഞവിലയില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കും.

4) ഈ സന്ദര്‍ഭത്തില്‍ ചില മള്‍ട്ടി ക്യാപ് ഫണ്ട് മാനേജര്‍മാര്‍ റിസ്‌ക് കുറച്ച് നിബന്ധന പാലിക്കുന്നതിനായി ഫണ്ടിന്റെ 50 ശതമാനം ലാര്‍ജ് ക്യാപ്പില്‍ നിക്ഷേപിക്കും. ബാക്കി 50 ശതമാനത്തില്‍ 25% വീതം സ്മോള്‍-മിഡ് ക്യാപ്പില്‍ നിക്ഷേപിക്കുകയും ചെയ്യും.

5) കണക്കുകള്‍ സൂചിപ്പിക്കുന്നത് പുതിയ നിബന്ധന പ്രകാരം കുറഞ്ഞത് 15000 കോടി രൂപയുടെ നിക്ഷേപം മിഡ് ക്യാപിലും, 25000 കോടിയുടെ നിക്ഷേപം സ്മോള്‍ ക്യാപിലും ഈ വർഷം വരും എന്നാണ്. അങ്ങനെ എങ്കില്‍ തീര്‍ച്ചയായും ഈ രണ്ടു വിഭാഗത്തിലും  ഉള്ള നല്ല ഓഹരികള്‍ക്ക് മികച്ച ഡിമാന്‍ഡ് വരുകയും അതിലൂടെ വില വര്‍ധിക്കുകയും ചെയ്യും.

6) ഇതിലൂടെ കാര്യമായ നിക്ഷേപം സ്മോള്‍-മിഡ് ക്യാപ് ഓഹരികളിലെത്തും, അതോടെ ഇപ്പോള്‍ ഉള്ള സ്മാള്‍ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളില്‍ നല്ല പ്രകടനം പ്രതീക്ഷിക്കാം

ശ്രദ്ധിക്കേണ്ടത്

1) പുതിയ നിബന്ധന നടപ്പിലാക്കിയാല്‍ മള്‍ട്ടി ക്യാപ് ഫണ്ടില്‍ തീര്‍ച്ചയായും റിസ്‌ക് കൂടും.അതിനാല്‍ റിസ്‌ക് എടുക്കാന്‍ താല്പര്യം ഇല്ലാത്ത ഫണ്ട് മാനേജര്‍മാര്‍ മള്‍ട്ടിക്യാപ് ഫണ്ടുകള്‍ നിര്‍ത്താനോ അല്ലെങ്കില്‍ പൂര്‍ണമായി ലാര്‍ജ് ക്യാപിലേക്കു മാറുവാനോ സാധ്യതയുണ്ട്. അതിനാല്‍ ഫണ്ട് മാനേജരുടെ/ ഹൗസിന്റെ തീരുമാനം അറിഞ്ഞ ശേഷം മള്‍ട്ടിക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുക.

2) ചില ഫണ്ട് മാനേജ്മെന്റ് സ്ഥാപനങ്ങള്‍ പറയുന്നത്, പ്രതിസന്ധി ഘട്ടമായതിനാല്‍ ഈ നിബന്ധനയുടെ ഫലമായി പുതിയ മള്‍ട്ടിക്യാപ് ഫണ്ടുകള്‍ വരില്ല എന്നാണ്,മാത്രമല്ല  ഉള്ളവ തന്നെ  കഴിയുന്നതും അതെ സ്ഥാപനത്തിന്റെ ലാര്‍ജ്,മിഡ് അല്ലെങ്കില്‍ സ്മാള്‍ ക്യാപ് ഫണ്ടുകളില്‍ ലയിക്കപ്പെടാം.

3) ഈ സന്ദര്‍ഭത്തില്‍ സ്മോള്‍ ക്യാപ്പില്‍ മാത്രം നിക്ഷേപിക്കുന്ന ഫണ്ടില്‍  മുന്നേറ്റം പ്രതീക്ഷിക്കാം. എന്നാല്‍ അടിസ്ഥാനഘടകങ്ങൾ മികച്ച ഓഹരികളിലല്ല നിക്ഷേപമെങ്കില്‍ മേല്‍ സൂചിപ്പിച്ച നിബന്ധന നടപ്പിലാക്കേണ്ട 2021 ജനുവരി 31 കഴിയുമ്പോള്‍, ഓഹരി വില കുറയുകയും, അത് ഫണ്ടിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്യാം.

4) നിബന്ധന പാലിക്കാന്‍ വേണ്ടി ഫണ്ട് മാനേജര്‍ നിക്ഷേപിക്കുന്ന സ്മോള്‍ ക്യാപ് കമ്പനികളുടെ വിലയില്‍ പെട്ടെന്ന് ഏറ്റ കുറച്ചില്‍ ഉണ്ടാകാം.

5) ജനുവരി 2018 മുതല്‍ മാര്‍ച്ച് 2020 വരെ മിഡ് ക്യാപ് സൂചിക 37 ശതമാനവും, സ്മോള്‍ ക്യാപ് സൂചിക 47 ശതമാനവുമാണ് വില ഇടിഞ്ഞത്. ലാര്‍ജ് ക്യാപ് ആയ സെന്‍സെക്‌സിനു ഉണ്ടായ നഷ്ടം 12 ശതമാനം മാത്രം ആണ്. എന്നാല്‍ 23 മാര്‍ച്ചില്‍ തുടങ്ങിയ തിരിച്ചു വരവില്‍  ഇത് വരെ 20 ശതമാനം നേട്ടം സ്മാള്‍-മിഡ് ക്യാപ്പില്‍ നല്‍കിയപ്പോള്‍ സെന്‍സെക്‌സില്‍ ഉള്ള ലാര്‍ജ് ക്യാപ് ഓഹരികള്‍ നല്‍കിയത് 17% ആണ്.

ഇതില്‍ നിന്നും സ്മോള്‍-മിഡ് ക്യാപ് ഓഹരികളിലെ നിക്ഷേപ റിസ്‌ക് മനസിലാക്കാനാകും.

 

6) സ്മോള്‍ ക്യാപുകളില്‍ പല കമ്പനികളും കോവിഡ്, ബിസിനസ്-സാമ്പത്തിക തകര്‍ച്ചകള്‍ നേരിടുവാന്‍ കെല്‍പ്പുള്ളവയാകണം എന്ന് ഇല്ല. കടമില്ലാത്ത, നല്ല വളര്‍ച്ച സാധ്യത ഉള്ള കമ്പനികളില്‍ മാത്രം നിക്ഷേപിക്കുക.

ഇനി കുറച്ചു വളഞ്ഞു ചിന്തിക്കാം:

മിക്ക മള്‍ട്ടിക്യാപ് ഫണ്ടുകളും താരതമ്യം ചെയ്യുന്നതും പോര്‍ട്ടഫോളിയോയില്‍ ചേര്‍ക്കുന്നതും നിഫ്റ്റി 500 ഇൻഡക്‌സില്‍ നിന്നാണ്. ഇനി ഈ ഇന്‍ഡക്‌സില്‍ ഉള്ള മൂന്നില്‍ ഒന്ന് ഓഹരികളും ലാര്‍ജ് ക്യാപ് ആണ്, അതുകൊണ്ടു അത് എടുക്കേണ്ട.

ബാക്കി ഉള്ള മൂന്നില്‍ രണ്ടും മിഡ്ക്യാപും, സ്മോള്‍ ക്യാപ്പും ആണ്. അവയില്‍ ഏറ്റവും മികച്ചത് എടുത്തു സ്വന്തമായി ഒരു പോര്‍ട്ടഫോളിയോ ഉണ്ടാക്കിയാല്‍ മാത്രം മതി.

Fund-table-17-9-2020

സെബി ഇതുകൊണ്ടു ഉദ്ദേശിക്കുന്നത് മ്യൂച്ചല്‍ ഫണ്ടിന്റെ പേര് സൂചിപ്പിക്കുന്ന വിധത്തിലായിരിക്കണം ഫണ്ടും, അതിനെ താരതമ്യം ചെയ്യുന്നഇന്‍ഡക്‌സുമെന്നാണ്.

    

 

13 വര്‍ഷമായി  ധനകാര്യ-വിപണി-സാമ്പത്തിക മേഖലയെ സസൂക്ഷ്മം നിരീക്ഷിക്കുകയും വിശകലനം ചെയ്യുന്ന ലേഖകന്‍  ഇപ്പോള്‍ റെഡ് ഹാറ്റില്‍ സീനിയര്‍ ട്രഷറര്‍ ആണ്. നിരീക്ഷണങ്ങള്‍ തീര്‍ത്തും വ്യക്തിപരം

English Summary : Know Everything about Latest Changes in Multicap Fund

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com