വിപണിയിൽ പതിഞ്ഞ തുടക്കത്തിനു സാധ്യത

HIGHLIGHTS
  • ആഗോള സാമ്പത്തിക മാന്ദ്യസാധ്യത ശക്തം
market-morning
SHARE

അതിർത്തി സംഘർഷ വാർത്തകൾക്കും, ഉയരുന്ന കോവിഡ് കണക്കുകൾക്കുമിടയിൽ ഫാർമ, ഓട്ടോ, റിയാലിറ്റി, മേഖലകളുടെ ചിറകിലേറി നിഫ്റ്റി ഇന്നലെ 11600 പോയിന്റിനും, സെൻസെക്സ് 39300 പോയിന്റിനും മുകളിൽ വ്യാപാരമവസാനിപ്പിച്ചത് ഇന്ന് വിപണിയുടെ ഗതി നിർണയിച്ചേക്കും. ഇൻഫ്രാ , ഐ ടി, എഫ്എംസിജി, ബാങ്കിങ്, മെറ്റൽ മേഖലകൾക്കൊപ്പം  ഇടത്കതരം മേഖലകളും ഇന്നലെ ലാഭത്തിൽ വ്യാപാരമവസാനിപ്പിച്ചപ്പോൾ മീഡിയ, എനർജി, പൊതു മേഖല ബാങ്കുകൾ എന്നീവയ്ക്കൊപ്പം ചെറുകിട മേഖലയും നഷ്ടം രേഖപ്പെടുത്തി.

ഫാർമാ, ഓട്ടോ ഓഹരികളിൽ ഇന്നും  മുന്നേറ്റം തുടർന്നേക്കാം, റിലയൻസും, ഡോക്ടർ റെഡ്‌ഡിസും, മഹീന്ദ്രയും, എച് ഡി എഫ് സി ബാങ്കും ഇന്നും വിപണിയെ മുന്നിൽ നിന്നും നയിച്ചേക്കും എന്ന പ്രതീക്ഷയും വിപണിക്ക് അനുകൂലമാണ്.രൂപ ശക്തിപെടുന്നതും, വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ പണമിറക്കുന്നതും അനുകൂലമാണ്.

ഐടി,എഫ് എം സി ജി, ഇൻഫ്രാ, സിമന്റ്, എനർജി മേഖലകൾ ഇന്നും ശ്രദ്ധിക്കുക. ഐസിഐസിഐ ബാങ്ക് , ഇൻഡസ് ഇന്‍ഡ് ബാങ്ക് എന്നിവയും എച്ച്ഡിഎഫ് സി ബാങ്കിനൊപ്പം  പരിഗണിക്കാം. 

അമേരിക്കൻ ഫെഡ് 

അമേരിക്കൻ പണപ്പെരുപ്പ നിരക്ക് 2 ശതമാനത്തിന് മുകളിൽ വരുന്നത് വരെയെങ്കിലും ഫെഡ് നിരക്കുകൾ പൂജ്യത്തിനടുത്ത് നിലനിർത്തുമെന്ന് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനം. എന്നാൽ 2023 വരെ തൽസ്ഥിതി തുടരേണ്ടി വരുമെന്ന ഫെഡിന്റെ അനുമാനം ആഗോള സാമ്പത്തിക മാന്ദ്യസാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന്  വിപണി വിലയിരുത്തുന്നു. 350 പോയിന്റ് വരെ ഉയർന്ന  ഡൗ ജോൺസ്‌ സൂചികയുടെ നേട്ടം  പവലിന്റെ പ്രഖ്യാപനങ്ങളെത്തുടർന്ന് 157 പോയിന്റിൽ ഒതുങ്ങി.

സിങ്കപ്പൂർ നിഫ്റ്റി ഒഴികെയുള്ള ഏഷ്യൻ സൂചികകൾ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.. ഇന്ത്യൻ വിപണിയിലും പതിഞ്ഞ തുടക്കം പ്രതീക്ഷിക്കാം.   

റഷ്യൻ വാക്സിനും റെഡ്‌ഡിസ്‌ ലാബ്‌സും 

റഷ്യയുടെ സോവറിൻ വെൽത്ത് ഫണ്ട് ഡോക്ടർ റെഡിസുമായി ചേർന്ന് റഷ്യൻ കോവിഡ് വാക്സിന്റെ തുടർ ക്ലിനിക്കൽ ട്രയലുകളും, ഇന്ത്യയിലെ വിപണനവും ചെയ്യാൻ തീരുമാനിച്ചത് ഇന്ത്യൻ ഫാർമ മേഖലയ്ക്കാകെ മുന്നേറ്റം നൽകി. ഡോക്ടർ റെഡ്‌ഡിസ്‌ ലാബിന്റെ വാർഷിക വില ലക്ഷ്യങ്ങൾ പെട്ടെന്ന് കൈവരിക്കപ്പെട്ടേക്കാം. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം. ലുപിൻ ഫാർമ, അരബിന്ദോ ഫാർമ, അലെംബിക് ഫാർമ, ഗ്രാന്യൂൾസ്, ലോറസ് ഫാർമ, ബയോകോൺ മുതലായ ഫാർമ ഓഹരികളും നിക്ഷേപത്തിന് പരിഗണിക്കാം.

മഹിന്ദ്ര, ബജാജ്, ടാറ്റ 

മഹീന്ദ്രയുടെ കൊറിയൻ ഉപകമ്പനിയായ സാങ്‌യോങ്ങിൽ ചൈനീസ് നിക്ഷേപം വരുന്നത് ഓഹരിക്കനുകൂലമാണ്. താറിന്റെ  വില്പന ആരംഭിക്കുന്നതും, 600  രൂപക്ക് മുകളിൽ ഓഹരി ദീർഘകാലം ക്രമപ്പെട്ടതും അടുത്ത കുതിപ്പിന് സാധ്യതയേറ്റുന്നു. 

ടൂ വീലർ വിപണി ജിഎസ് ടി ഇളവുകൾക്കായി കാത്തിരിക്കുകയാണ്. സെപ്റ്റംബറിലെ മികച്ച വാഹന വില്പനകണക്കുകൾ ഓട്ടോ ഓഹരികളെ ടോപ് ഗിയറിൽ എത്തിക്കുമെന്നും കരുതുന്നു. ബജാജ് ഓട്ടോയും, ടാറ്റ മോട്ടോഴ്സും ഇന്നും മുന്നേറ്റം തുടർന്നേക്കാം. ഐഷറും, ടിവിഎസും, ഹീറോയും ഒപ്പം പരിഗണിക്കാം.

ക്രൂഡ് & ഗോൾഡ്

സാലി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ റിഗ്ഗുകൾ പ്രവർത്തനം നിറുത്തിവച്ചത് ബ്രെൻറ് ക്രൂഡ് വില 4.15 ശതമാനം ഉയർത്തി. വിപണി മുന്നേറ്റത്തിനൊപ്പം സ്വർണവിലയും മുന്നേറുകയാണ്. സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 2000 ഡോളറിന് മുകളിലേക്കുള്ള അടുത്ത കുതിപ്പിനൊരുങ്ങുകയാണെന്നും വിപണി കരുതുന്നു

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : How the Market will Move Today?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA