ADVERTISEMENT

തുടര്‍ച്ചയായ ജാഗ്രത പുലര്‍ത്തുക എന്നതാണ് ഓഹരി വിപണിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ പെടാതിരിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. എപ്പോള്‍ വാങ്ങണമെന്നും എപ്പോള്‍ വില്‍ക്കണമെന്നും അറിയാമെന്ന അവകാശവാദവുമായി എത്തുന്നവരുടെ കെണിയില്‍ ഒരിക്കലും വീഴരുത്. അതു പോലെ തന്നെ ടിപുകളുടെ അടിസ്ഥാനത്തിലാവരുത് നിക്ഷേപം. എപ്പോള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യണമെന്നത് നിങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഹ്രസ്വകാലത്തില്‍ വിപണിയില്‍ വന്‍ ചാഞ്ചാട്ടവും നഷ്ടസാധ്യതയുമാവും പ്രതീക്ഷിക്കാനാവുക. കടം വാങ്ങിയ പണം ഉപയോഗിച്ചു ട്രേഡ് ചെയ്യാന്‍ ഇറങ്ങരുത്, ദീര്‍ഘകാല കാഴ്ചപ്പാടോടെ തുടര്‍ച്ചയായി നിക്ഷേപിക്കുക എന്നിവയും ശാസ്ത്രിയമായി നിക്ഷേപിക്കുന്നവര്‍ പിന്തുടരേണ്ട രീതികളാണ്.

1. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഒരാള്‍ എത്ര ഓഹരികള്‍ കൈവശം വെക്കണം?

പല ചെറുകിട നിക്ഷേപകരും വൈവിധ്യവല്‍ക്കരണമെന്ന പേരില്‍ കൈകാര്യം ചെയ്യാനാവാത്തത്ര അധികം ഓഹരികള്‍ കൈവശം വെക്കാറുണ്ട്. അടുത്തിടെ ഒരു ചെറുകിട നിക്ഷേപകന്‍ എത്തിയിരുന്നു. 152 ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. അതില്‍ വലിയൊരു പങ്കും ഗുണമേന്‍മ കുറവായ ചെറുകിട ഓഹരികളും പെനി സ്റ്റോക്കുകളുമായിരുന്നു. അതും വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വന്തമാക്കിയവ. സുഹൃത്തുക്കളും വിപണിയിലുണ്ടായിരുന്ന ട്രേഡര്‍മാരും നല്‍കിയ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അവ വാങ്ങിയത്. ഏകദേശം 25 ഓഹരികളുമായുള്ള നിക്ഷേപമാണ് അഭികാമ്യം. വിവിധ മേഖലകളില്‍ നിന്നുള്ള ഗുണമേന്‍മയുള്ള വന്‍കിട ഓഹരികള്‍ ഇതിനായി തെരഞ്ഞെടുക്കുകയും ചെയ്യാം. ഇടത്തരം, ചെറുകിട ഓഹരികളിലെ നിക്ഷേപം മ്യൂചല്‍ ഫണ്ടുകള്‍ വഴി നടത്തുന്നതായിരിക്കും മികച്ചത്.

2. ട്രേഡിങ് ഒരു തൊഴിലായി സ്വീകരിക്കാമോ?

കോവിഡ് കാലത്ത് തൊഴില്‍ നഷ്ടമായ നിരവധി യുവാക്കള്‍ ഇപ്പോള്‍ വിപണിയില്‍ ട്രേഡിങ് നടത്തുന്നുണ്ട്. വളരെ ഉയര്‍ന്നപ്രാവീണ്യമുണ്ടെങ്കില്‍ മാത്രമേ ട്രേഡിങില്‍ വിജയിക്കാനാവു എന്നു മറക്കരുത്. കര്‍ശനമായ സ്റ്റോപ്-ലോസ് തത്വങ്ങള്‍ പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന വളരെ ചെറിയൊരു ശതമാനം ട്രേഡര്‍മാര്‍ക്കു മാത്രമേ അതിലൂടെ പണമുണ്ടാക്കുന്നതില്‍ വിജയിക്കാനായിട്ടുള്ളു എന്നതും ശ്രദ്ധിക്കണം. അതുകൊണ്ടു തന്നെ ഗൗരവമായ ആലോചനകള്‍ക്കു ശേഷമായിരിക്കണം ഇതൊരു പ്രൊഫഷനായി തെരഞ്ഞെടുക്കുന്നത്. അച്ചടക്കവും സാങ്കേതിക വിശകലനത്തിലെ മികച്ച കഴിവും വിജയകരമായ ട്രേഡിങിന് അനിവാര്യമാണ്.

3. ഓഹരികളില്‍ നേരിട്ടു നിക്ഷേപിക്കുന്നതാണോ മ്യൂചല്‍ ഫണ്ടുകളെ ആശ്രയിക്കുന്നതാണോ നല്ലത്?

ഓഹരികളില്‍ നേരിട്ടു നിക്ഷേപിക്കുന്നതിന് വൈദഗ്ദ്ധ്യവും സമയവും ആവശ്യമാണ്. നിങ്ങള്‍ക്ക് അതിനുള്ള വൈദഗ്ദ്ധ്യമുണ്ടെങ്കില്‍ നേരിട്ടു നിക്ഷേപിക്കാം. അല്ലെങ്കില്‍ മ്യൂചല്‍ ഫണ്ടുകള്‍ വഴി നിക്ഷേപിക്കാം. മ്യൂചല്‍ ഫണ്ടുകളില്‍ ദീര്‍ഘകാല കാഴ്ചപ്പാടോടെ എസ്‌ഐപി വഴി നിക്ഷേപിക്കുന്നത് മികച്ചൊരു രീതിയാണ്. വിജയകരമായ നിക്ഷേപത്തിന് അതു തുടര്‍ച്ചയായി വിലയിരുത്തുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യേണ്ടതും ആവശ്യമാണ്.    

4. വില കുറഞ്ഞ ഓഹരികള്‍ വാങ്ങുന്നതല്ലേ വില കൂടിയ ഓഹരികള്‍ വാങ്ങുന്നതിനേക്കാള്‍ ലാഭകരം?

ചെറുകിട നിക്ഷേപകര്‍ക്ക് സാധാരണയായി സംഭവിക്കുന്ന വലിയൊരു അബദ്ധമാണിത്. ഇങ്ങനെ പെനി സ്റ്റോക്കുകളെ പിന്തുടര്‍ന്ന് ചെറുകിട നിക്ഷേപകര്‍ വലിയ നഷ്ടമുണ്ടാകുകയും ചെയ്യും. മികച്ച ഓഹരികള്‍ വില കുറഞ്ഞവയല്ലെന്നും വില കുറഞ്ഞ ഓഹരികള്‍ മികച്ചവയല്ലെന്നും മനസിലാക്കുകയാണ് ഇവിടെ വേണ്ടത്. ചില വില കുറഞ്ഞ ഓഹരികള്‍ ചില വേളകളില്‍ നിക്ഷേപകര്‍ക്കു വലിയ നേട്ടമുണ്ടാക്കി നല്‍കും. പക്ഷേ, ഇതു നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന കൃത്യമായ ഒരു മാര്‍ഗമല്ലെന്ന് അറിയുക. നിങ്ങള്‍ ഉയര്‍ന്ന ഗുണമേന്‍മയുള്ള ഓഹരികള്‍ വാങ്ങുകയും അതില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരുകയും ചെയ്താല്‍ ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കാന്‍ സാധിക്കും.

5. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കാനോ ട്രേഡു ചെയ്യാനോ സാധിക്കുമോ?

പ്രവാസികള്‍ക്ക് ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ ആരംഭിക്കാനാവും. റിസര്‍വ് ബാങ്കില്‍ നിന്ന് അനുമതി നേടിയ ശേഷം പോര്‍ട്ടഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസ് വഴിയാണ് നിക്ഷേപിക്കാനാവുക. എന്നാല്‍ പ്രവാസികള്‍ക്ക് ഡേ ട്രേഡിങ് നടത്താനാവില്ല.

ജിയോ‍ജിത് ഫിനാൻഷ്യൽ സർവീസസിന്റെ  ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ

English Summary : How to act safely in Stock Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com