തട്ടിപ്പു പദ്ധതികളിൽ നിന്ന് നിങ്ങളുടെ നിക്ഷേപത്തെ രക്ഷിക്കാം, ദാ ഇങ്ങനെ

HIGHLIGHTS
  • നഷ്ട സാധ്യതയില്ലാത്ത ഒരു ബിസിനസ്സും ലോകത്തില്ലെന്ന് എന്നാണ് നമ്മൾ മനസ്സിലാക്കുക?
SHARE

ടോട്ടൽ ഫോർ യു, റോസ് വാലി, ശാരദ, സ്റ്റോക്ക് ഗുരു, ഇസ്ലാമിക നിക്ഷേപ തട്ടിപ്പ്... എന്നിങ്ങനെ പോൺസി സ്കീമുകൾ എന്ന് വിളിപ്പേരുള്ള ഒട്ടേറെ വ്യാജ നിക്ഷേപ പദ്ധതികൾ ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഇവയിൽ ചേർന്ന് പണം നഷ്ടപ്പെട്ട ആയിരക്കണക്കിന് പേരുണ്ട് നമ്മുടെ നാട്ടിൽ. പോപ്പുലർ ഫിനാൻസിലും കാസർകോഡ് ജ്വല്ലറി ബിസിനസിലും പണം നിക്ഷേപിച്ച് വെട്ടിലായ ഒട്ടേറെ പേരുടെ കഥ ഈ അടുത്ത ദിവസങ്ങളിൽ നമ്മൾ വായിക്കുകയുണ്ടായി. പൂർണമായും പോൺസി സ്കീം എന്ന് വിളിക്കാവുന്ന  തട്ടിപ്പ് നിക്ഷേപ  സംരംഭങ്ങൾ ആയിരുന്നില്ല ഇവ രണ്ടും. എന്നാൽ പോൺസി സ്കീമുകളുമായി ഇവയ്ക്ക് ഒട്ടേറെ സമാനതകളുണ്ട്. കുറഞ്ഞ കാലം കൊണ്ട് പണം ഇരട്ടിക്കണമെന്ന് ആഗ്രഹിക്കുന്നവരും  കള്ളപ്പണം കയ്യിലുള്ളവരുമാണ് കൂടുതലും പോൺസി സ്കീമുകളുടെ ഇരകളാവുന്നത്. കൂടെ ഒന്നുമറിയാത്ത ചില സാധാരണക്കാരും കൂടിയായാൽ ചിത്രം പൂർണമായി. ഈ സാഹചര്യത്തിൽ നിക്ഷേപങ്ങളിലെ ശരിയും തെറ്റും വിലയിരുത്തുകയാണ് ഈ ലേഖനത്തിലൂടെ.

സമ്പാദ്യവും നിക്ഷേപവും

ജോലി ചെയ്തുണ്ടാക്കുന്ന പണം മുഴുവൻ ചിലവഴിച്ച് തീർക്കാതെ അതിൽ നിന്ന് ഭാവി ആവശ്യങ്ങൾക്കായി ഒരു തുക മാറ്റി വക്കുന്നതിനെയാണ് സമ്പാദ്യം (Saving) എന്ന് പറയുന്നത്. പണ്ട് കാലത്ത് അലമാരിയിലോ പണപ്പെട്ടിയിലോ ഒക്കെ സൂക്ഷിക്കുമായിരുന്ന ഈ തുകയാണ് ഇന്ന് സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെടുന്നത്. അങ്ങനെ ചെയ്യുമ്പോൾ പണം സുരക്ഷിതമായിരിക്കുകയും ചെറിയൊരു തുക (3 - 4 %) പലിശയായി ലഭിക്കുകയും ചെയ്യുന്നു.

എന്നാൽ ഇങ്ങനെ മാറ്റി വയ്ക്കുന്ന തുക നല്ല വരുമാനം കൂടി ലഭിക്കുന്ന ഏതെങ്കിലും പദ്ധതിയിലോ വസ്തുവിലോ മുതൽ മുടക്കുമ്പോഴാണ് അതിനെ നിക്ഷേപം (Investment) എന്ന് വിളിക്കുക. ഫിക്സഡ് ഡിപ്പോസിറ്റ്, സ്വർണം, റിയൽ എസ്റ്റേറ്റ്, ഓഹരി മുതലായ പരമ്പരാഗത നിക്ഷേപങ്ങൾക്ക് പുറമെ ഇവയുടെ വകഭേദങ്ങളോ അല്ലാത്തതോ ആയ ഒട്ടേറെ നൂതന നിക്ഷേപ പദ്ധതികളും ഇന്നുണ്ട്. ഇവയിൽ ശരിയേത്, തെറ്റേത് എന്ന് മനസ്സിലാക്കാനുള്ള കഴിവ് ഉന്നത വിദ്യാഭ്യാസമുള്ള ആളുകൾക്ക് പോലും ഇല്ല എന്നതാണ് സത്യം. ഇങ്ങനെയുള്ള നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്.

1. സ്ഥിര നിക്ഷേപങ്ങൾ

ആറ് മുതൽ എട്ട് ശതമാനം വരെയാണ് സാധാരണ സ്ഥിര നിക്ഷേപങ്ങൾക്ക്  ബാങ്കുകൾ നൽകുന്ന പലിശ. സർക്കാറിന്റെ ചില ട്രഷറി നിക്ഷേപങ്ങൾക്ക് ഒന്നോ രണ്ടോ ശതമാനം പലിശ കൂടുതൽ ലഭിച്ചേക്കാം. ട്രഷറി നിക്ഷേപങ്ങൾ, റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾ എന്നിവ പൊതുവെ സുരക്ഷിതവും ഏറ്റവും നഷ്ടസാധ്യത കുറഞ്ഞതുമാണ്. ഒരു ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും  ഉണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം പത്തോ അതിലധികമോ ശതമാനം പലിശക്ക് ബാങ്കുകൾ വായ്പയായി നൽകുമ്പോഴാണ് അവർക്ക് വരുമാനം ഉണ്ടാവുന്നത്. ഇവരല്ലാതെ മറ്റാരെങ്കിലും സ്ഥിര നിക്ഷേപങ്ങൾക്ക് ഇതിലധികം പലിശ നൽകാമെന്ന് പറയുന്നുണ്ടെങ്കിൽ അവിടെ ഉയർന്ന നഷ്ട സാധ്യതയുമുണ്ട്.

2. സ്വർണം

സ്വർണം ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നായി എണ്ണപ്പെടുന്നു. എന്നാൽ സ്വർണ വിലയിലുണ്ടാവുന്ന വർധന ക്രമാനുഗതമല്ല.  കഴിഞ്ഞ ഇരുപത് വർഷത്തെ സ്വർണ വില ശ്രദ്ധിക്കുക. 2012 വരെ ഉയർന്ന് കൊണ്ടിരുന്ന സ്വർണ വിലയിൽ പിന്നീടുള്ള 5 വർഷം (2017 വരെ) കാര്യമായ വളർച്ച ഉണ്ടായില്ല എന്ന് കാണാം.  എന്നാൽ അതിന് ശേഷം വില വീണ്ടും വർദ്ധിക്കുകയും കോവിഡ് കാലമായതോടെ വില കുതിക്കുകയും ചെയ്തു. എന്നാലിപ്പോൾ വില വീണ്ടും കുറഞ്ഞ് വരുന്നത് കാണാം. പഴയ നിലയിലേക്ക് പോയില്ലെങ്കിലും സമ്പദ് വ്യവസ്ഥ ശക്തിപ്പെട്ടു തുടങ്ങുന്നതോടെ വില ഇനിയും കുറയാനുള്ള സാധ്യതയുണ്ട്.  മോഷണം പോകാനുള്ള സാധ്യതയും സുരക്ഷിതമായി സൂക്ഷിക്കാനുള്ള ചിലവും (ലോക്കർ വാടക) ആണ് ഈ നിക്ഷേപത്തിന്റെ മറ്റ് ന്യൂനതകൾ. എന്നാൽ ഈ ന്യൂനതകളില്ലാതെ സ്വർണം വാങ്ങാനും വിൽക്കാനും സഹായിക്കുന്ന ഇ- ഗോൾഡ്, ഗോൾഡ് ഇ.ടി.എഫ് മുതലായ നൂതന മാർഗ്ഗങ്ങളും ഇന്നുണ്ട്.

ജ്വല്ലറി നിക്ഷേപ തട്ടിപ്പുകൾ നമ്മുടെ നാട്ടിൽ പണ്ട് മുതൽക്കേ ഉണ്ട്.  ജ്വല്ലറിയിൽ നിക്ഷേപിക്കുന്നവർക്ക് ഒരു നിശ്ചിത നിരക്കിൽ ലാഭവിഹിതം വാഗ്ദാനം ചെയ്യുന്ന ഇത്തരം പദ്ധതികളിലേറെയും അവസാനം പൊളിഞ്ഞ ചരിത്രമാണുള്ളത്. ലാഭ വിഹിതം ഒരു നിശ്ചിത നിരക്കിൽ ആർക്കും നൽകാനാവില്ല. ജ്വല്ലറി മാത്രമല്ല, നഷ്ട സാധ്യതയില്ലാത്ത ഒരു ബിസിനസ്സും ലോകത്തില്ല എന്ന കാര്യം എന്നാണ് നമ്മൾ മനസ്സിലാക്കുക.

3. റിയൽ എസ്റ്റേറ്റ്

ലാഭം ഉദ്ദേശിച്ച് കൊണ്ട് സ്ഥലങ്ങൾ, കെട്ടിടങ്ങൾ മുതലായവയിൽ പണം മുടക്കുന്നതിനെയാണ് റിയൽ എസ്റ്റേറ്റ് എന്ന് പറയുന്നത്. മുമ്പ് വളരെ ആകർഷകമായിരുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നോട്ട് നിരോധനത്തിന് ശേഷം അത്ര പച്ച പിടിച്ചിട്ടില്ല.  വലിയ തുകകൾ മാത്രമെ നിക്ഷേപിക്കാനാവൂ എന്നതും ആവശ്യമുള്ളപ്പോൾ വിൽക്കാനാകണമെന്നില്ല എന്നതും വിൽപന സമയത്തും കെട്ടിട നിർമ്മാണത്തിലും സംഭവിച്ചേക്കാവുന്ന നിയമക്കുരുക്കുകളും  ഈ നിക്ഷേപത്തിന്റെ പ്രധാനപ്പെട്ട .ന്യൂനതകളാണ്. ഇത്തരം കാര്യങ്ങൾ വിശദമായി വിലയിരുത്തിയും ഭൂരേഖകൾ ഈ മേഖലയിൽ വിദഗ്ധനായ ഒരു വക്കീലിനെ കാണിച്ചും മാത്രമേ ഇത്തരം നിക്ഷേപങ്ങൾ നടത്താവൂ. മോഹനമായ വളർച്ച വാഗ്ദാനം ചെയ്യുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപ സ്കീമുകളിലെ ചതിക്കുഴികളെ മുൻകൂട്ടി മനസ്സിലാക്കാനും നമുക്ക് സാധിക്കണം.

4. ഓഹരി വിപണി

നഷ്ട സാധ്യത ഏറ്റെടുത്ത് കൊണ്ട് ഏറ്റവുമധികം വരുമാനം നേടാവുന്ന ഒരു നിക്ഷേപ മാർഗ്ഗമാണ് ഓഹരി വിപണി. ഓഹരി വിപണിയും ഒരുപാട് തകർച്ചകളെ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും ഓരോ തകർച്ചക്കും ശേഷം പൂർവാധികം ശക്തിയോടെ വിപണി കുതിക്കുന്നതാണ് ഇത് വരെ കണ്ടിട്ടുള്ളത്. കോവിഡ് ലോക്ക് ഡൗൺ പ്രഖ്യാപനത്തോടെ തകർന്ന വിപണി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തിരിച്ച് കയറിക്കഴിഞ്ഞു.

ഷെയർ ബ്രോക്കർമാർ വഴി നേരിട്ടോ  അംഗീകൃത  മ്യൂച്ചൽ ഫണ്ടുകൾ വഴിയോ ഓഹരി വിപണിയിൽ നിക്ഷേപം നടത്താവുന്നതാണ്. എത്ര ചെറിയ തുകയും നിക്ഷേപിക്കാം, എളുപ്പം വിറ്റ് പണമാക്കി മാറ്റാം തുടങ്ങിയ ഒട്ടേറെ ഗുണങ്ങൾ ഓഹരി വിപണിക്കുണ്ട്.  എന്നാൽ ഓഹരി വിപണിയെക്കുറിച്ച് നന്നായി പഠനം നടത്തിയ ശേഷം മാത്രമേ നേരിട്ടുള്ള നിക്ഷേപത്തിന് മുതിരാവൂ. വിപണിയെക്കുറിച്ച് കൂടുതൽ അറിവില്ലാത്ത ആളുകൾക്ക് മൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതാണ് നല്ലത്. കുറഞ്ഞ കാലം കൊണ്ട് പണം ഇരട്ടിയാക്കാമെന്ന ചിന്തയുമായി ആരും ഓഹരി വിപണിയിലേക്ക്‌ വരരുത്. സാധാരണ ഗതിയിൽ പത്ത് മുതൽ ഇരുപത് ശതമാനമാണ് ഓഹരി വിപണിയിൽ നിന്നും പ്രതീക്ഷിക്കാവുന്ന ശരാശരി വാർഷിക വരുമാനം. ഇത് നഷ്ട സാധ്യതകൾക്ക് വിധേയമാണ് താനും. വൻ ലാഭം പ്രതീക്ഷിച്ച് ഡേ ട്രേഡിങ്ങിനും ഡെറിവേറ്റീവ് ട്രേഡിങ്ങിനും ഇറങ്ങി പുറപ്പെട്ട മിക്കവർക്കും കൈ പൊള്ളിയ ചരിത്രമാണുള്ളത്.  എന്നാൽ ദീർഘ കാലാടി സ്ഥാനത്തിൽ മികച്ച ഓഹരികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നവർക്ക് ഓഹരി വിപണി മികച്ച വരുമാനം നേടിക്കൊടുത്തിട്ടുമുണ്ട്.

ഓഹരി വിപണിയിലും ഒട്ടേറെ ചതിക്കുഴികളും പോൺസി സ്കീമുകളുമുണ്ട്. നിങ്ങളുടെ പണം ഓഹരി വിപണിയിൽ നിക്ഷേപിച്ച് ഉറപ്പുള്ള ക്യാഷ് ബാക്കും ബോണസും പരിശീലന ക്ലാസ്സുകളും എല്ലാം വാഗ്ദാനം ചെയ്യുന്ന ഒരുപാട് ട്രേഡിങ്ങ് സ്കീമുകൾ ഇന്നുണ്ട്. അവ പ്രമോട്ട് ചെയ്യുന്ന വീഡിയോകൾ യൂ ടൂ ബിലും സോഷ്യൽ മീഡിയയിലും എല്ലാം കറങ്ങി നടക്കുന്നത് കാണാം. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ട്രേഡിങ്ങ് സ്കീമുകളിൽ ആദ്യഘട്ടത്തിൽ ചേരുന്നവർക്ക് മികച്ച വരുമാനം ലഭിക്കുമെങ്കിലും ഈ വരുമാനം കണ്ട് പിന്നീട് ചേരുന്നവർക്ക്  പണം നഷ്ടമാവുന്നത് കാണാം. നേരിട്ടോ മ്യൂച്ചൽ ഫണ്ടുകൾ വഴിയോ മാത്രമേ ഓഹരി വിപണിയിൽ നിക്ഷേപം നടത്താവൂ എന്ന തിരിച്ചറിവുണ്ടായാൽ ഇത്തരം തട്ടിപ്പുകളിൽ ചെന്ന് ചാടാതെ രക്ഷപ്പെടാം.

5. മറ്റ് നിക്ഷേപങ്ങൾ 

പരമ്പരാഗതവും നൂതനവുമായ ഒട്ടേറെ നിക്ഷേപങ്ങൾ വേറെയുമുണ്ട്.  പോസ്റ്റ് ഓഫീസ് (ഇന്ത്യ പോസ്റ്റ് ) നിക്ഷേപങ്ങൾ, അംഗീകൃത സ്ഥാപനങ്ങൾ നടത്തുന്ന ചിട്ടികൾ, ലൈഫ് ഇൻഷുറൻസ്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, PMVVY പോലെയുള്ള സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമുകൾ, നാഷണൽ പെൻഷൻ സിസ്റ്റം, കടപ്പത്രങ്ങൾ, മണി മാർക്കറ്റ് നിക്ഷേപങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

നിക്ഷേപ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ 

∙ നിക്ഷേപം നടത്തുന്ന സ്ഥാപനം SEBI, RBI, IRDAI മുതലായ റെഗുലേറ്ററി ബോഡികളിൽ റജിസ്റ്റർ ചെയ്തവയാണോ എന്ന്  പരിശോധിക്കുക. തങ്ങൾ റജിസ്‌ട്രേഡ് സ്ഥാപനങ്ങളാണ് എന്ന അവരുടെ അവകാശ വാദം മുഖവിലയ്ക്കെടുക്കരുത്.  

∙ നിക്ഷേപ പദ്ധതികൾക്ക് പുറകിലുള്ള കച്ചവട ആശയങ്ങൾ യാഥാർഥ്യത്തിനു നിരക്കുന്നതാണോ എന്ന് ചിന്തിച്ചു നോക്കുക.  അങ്ങനെ ഒരു ബിസിനസ് നിങ്ങൾ നടത്തിയാൽ പറഞ്ഞിരിക്കുന്ന വരുമാനം സാധ്യമാണോ എന്ന് ആലോചിക്കുക. നഷ്ട സാധ്യത ഇല്ലാത്ത ഒരു ബിസിനസും സത്യമല്ലെന്നു തിരിച്ചറിയുക 

∙ നഷ്ട സാധ്യത ഇല്ലാതെ ഉയർന്ന വരുമാനം, മറ്റുള്ള ആളുകളെ ചേർത്താൽ അവരുടെ നിക്ഷേപത്തിൽ നിന്ന് ഒരു പങ്ക്, മുതലായ വാഗ്ദാനങ്ങൾ നൽകുന്ന പദ്ധതികൾ പോൺസി സ്കീമുകൾ ആവാനുള്ള സാധ്യത കൂടുതലാണ്.

∙ പണമായി നിക്ഷേപം നടത്താതിരിക്കുക. ചെക്കായോ ഓൺലൈൻ ട്രാൻസ്ഫറായോ മാത്രം പണം നൽകുക. 

∙ യുട്യൂബിലോ വാട്സ്ആപ്പിലോ കാണുന്ന നിക്ഷേപ പദ്ധതികളിൽ ചേരുന്നതിനു മുമ്പ് രണ്ടുവട്ടം ആലോചിക്കുക.  മറ്റൊരാൾക്ക് നിലവിൽ നല്ല വരുമാനം ലഭിക്കുന്നുണ്ട് എന്നത് കൊണ്ട് മാത്രം ഒരു നിക്ഷേപവും നടത്താതിരിക്കുക.   

∙ മുസ്ലിങ്ങൾ ഇസ്ലാമിക നിക്ഷേപം എന്ന് അവകാശപ്പെടുന്ന തട്ടിപ്പുകളിൽ ചെന്ന് വീഴാതിരിക്കുക.  നഷ്ട സാധ്യത ഇല്ലാത്തതും നിശ്ചിത വരുമാനം ഉറപ്പ് നൽകുന്നതുമായ നിക്ഷേപങ്ങളൊന്നും ഇസ്ലാമികമല്ല.  അതിനു പകരം ശരീഅത്ത് നിയമങ്ങൾ  പാലിച്ചു കൊണ്ട് നടത്താവുന്ന ഓഹരി വിപണിയിലെ നേരിട്ടുള്ള നിക്ഷേപവും ശരീഅ മ്യൂച്ചൽ ഫണ്ടുകളിലെ നിക്ഷേപങ്ങളും പരിഗണിക്കാവുന്നതാണ്. 

∙ സ്വയം അന്വേഷിച്ചു ബോധ്യപ്പെടാതെ മറ്റുള്ളവർ പറഞ്ഞു കേട്ട് മാത്രം നിക്ഷേപിക്കരുത്. പോൺസി സ്കീമുകൾ നടത്തുന്നവർ നല്ല വാക് ചാതുരിയുള്ളവരും എന്തും പറഞ്ഞു വിശ്വസിപ്പിക്കാൻ പോന്നവരുമായിരിക്കും.  

∙ സാമ്പത്തിക സാക്ഷരത നേടുക.  ഏതൊരു പദ്ധതിയിലും ചേരുന്നതിനു മുമ്പ് അവയെക്കുറിച്ച് നന്നായി പഠിക്കുക.  അറിവുള്ളവരോട് ചോദിച്ചു മനസിലാക്കുക. അതിനു ശേഷം മാത്രം നിക്ഷേപിക്കുക.  

Special notes:

എന്താണ് പോൺസി സ്കീം?

നഷ്ട സാധ്യതയില്ലാതെ യാഥാർത്ഥ്യത്തിന് നിരക്കാത്ത ഉയർന്ന വരുമാനം അല്ലെങ്കിൽ നിക്ഷേപ വളർച്ച വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളാണ് പോൺസി സ്കീമുകൾ.1919ൽ അമേരിക്കയിൽ ഇത്തരത്തിലുള്ള ഒരു തട്ടിപ്പ് നടത്തി പിടിയിലായ ചാൾസ് പോൺസി എന്ന ഇറ്റലിക്കാരന്റെ പേരിൽ നിന്നാണ് ഈ വാക്കുണ്ടായത്. കുറഞ്ഞ നഷ്ട സാധ്യത, മറ്റേത് നിക്ഷേപവും നൽകുന്നതിനേക്കാൾ കൂടുതൽ വരുമാനം, സാമാന്യ യുക്തിക്ക് നിരക്കാത്ത ആശയങ്ങൾ, ഇടനിലക്കാർക്കും തൊഴിലാളികൾക്കും ഉയർന്ന വേതനം, എത്ര ഉയർന്ന തുകയും പണമായി സ്വീകരിക്കൽ, റെഗുലേറ്ററി ബോഡികളിൽ റജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ തുടങ്ങിയവയാണ് പോൺസി സ്കീമുകളുടെ ലക്ഷണങ്ങൾ. ആദ്യ ഘട്ടത്തിൽ നിക്ഷേപകന്റെ തന്നെ പണത്തിൽ നിന്ന് ഒരു ഭാഗം എടുത്ത് ഉയർന്ന വരുമാനം നൽകി ഒരുപാട് പേരെ  ആകർഷിക്കുന്ന ഇത്തരം തട്ടിപ്പു സ്കീമുകൾ വലിയ നിക്ഷേപം ലഭിക്കുന്നതോടെ അപ്രത്യക്ഷമാവുകയും നിക്ഷേപകർക്ക് പണം നഷ്ടമാകുകയും ചെയ്യുന്നു.  പോൺസി സ്കീമുകൾ നിരോധിച്ച് കൊണ്ട് കേന്ദ്ര സർക്കാർ 2019 ൽ കൊണ്ട് വന്ന പുതിയ നിയമമാണ് 'ദ ബാനിങ്ങ് ഓഫ് അൺ റെഗുലേറ്റസ് ഡെപ്പോസിറ്റ് സ്കീംസ് ആക്ട്'.  ഈ ആക്ട് പ്രകാരം റെഗുലേറ്ററി ബോഡികളിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളും വ്യക്തികളും പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും ചിട്ടി പോലുള്ള സമ്പാദ്യ പദ്ധതികൾ നടത്തുന്നതും നിയമ വിരുദ്ധമാണ്.

ബിറ്റ് കോയിനും മോറിസ് കോയിനും

ബിറ്റ് കോയിൻ, മോറിസ് കോയിൻ മുതലായ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിച്ച് ദിവസേന അല്ലെങ്കിൽ മാസത്തിൽ നിശ്ചിത വരുമാനം (ROl) വാഗ്ദാനം ചെയ്യുന്ന സ്കീമുകളും പോൺസി സ്കീമുകളാണെന്ന് തിരിച്ചറിയുക. ബിറ്റ് കോയിന് ഇന്ത്യയിൽ നിയമ സാധുതയില്ലെന്നും മോറിസ് കോയിൻ ഇനിയും പുറത്തിറങ്ങിയിട്ട് പോലും ഇല്ലെന്നും മനസ്സിലാക്കിയാൽ മാത്രം മതി ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ. 

ലേഖകൻ കോടഞ്ചേരി ഗവൺമെന്റ് കോളേജിലെ റിസർച് ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്‌സിലെ അസിസ്റ്റന്റ് പ്രൊഫസറാണ്

English Summary : Know More About Ponzi Schemes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA