ADVERTISEMENT

മ്യൂച്ചല്‍ ഫണ്ടിലും ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റ ഭാഗമായി സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കൊണ്ടുവരുന്ന പുതിയ ചട്ടം കൃത്യമായി മനസിലാക്കി നിക്ഷേപിച്ചില്ലെങ്കിൽ തലവേദനയാകുമെന്ന് നിക്ഷേപകർ.

ചട്ടമനുസരിച്ച് നിക്ഷേപകര്‍ തങ്ങളുദ്ദേശിക്കുന്ന ഫണ്ടിൽ നിക്ഷേപിക്കുന്നതിനായി പണം മ്യൂച്ചൽ ഫണ്ട് കമ്പനിയുടെ അക്കൗണ്ടിലേയ്ക്ക്  മാറ്റിയാല്‍ മാത്രം പോര. ആ തുക മുഴുവന്‍ ഫണ്ട് കമ്പനിയുടെ അക്കൗണ്ടിലെത്തിയ ശേഷമേ നിക്ഷേപയൂണിറ്റുകളും നിക്ഷേപിക്കാനുദ്ദേശിക്കുന്ന ഫണ്ടുകളുടെ അന്നത്തെ ആസ്തി മൂല്യവും (നെറ്റ് അസറ്റ് വാല്യു-എൻഎവി) അനുവദിക്കാവു എന്നാണ് സെബി നല്‍കിയിരിക്കുന്ന നിര്‍ദേശം. പുതിയ നിര്‍ദേശം അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ഇപ്പോഴുള്ള രീതി

മാസം തോറും നിക്ഷേപകരുടെ അക്കൗണ്ടില്‍ നിന്ന് നിശ്ചിത തുക ഫണ്ട് ഹൗസിന്റെ അക്കൗണ്ടിലേക്ക് എസ്ഐ‌പി വഴിയും ചെക്ക് നല്‍കിയും ആണ് നിക്ഷേപങ്ങള്‍ നടത്താറുള്ളത്. ഇങ്ങനെ വാങ്ങുമ്പോള്‍ പണം നൽകിയ അന്നത്തെ എന്‍എവിയില്‍ യൂണിറ്റുകള്‍ അനുവദിക്കുമായിരുന്നു.

എന്നാല്‍ രണ്ട് ലക്ഷം രൂപയില്‍ കൂടുതലാണ് നിക്ഷേപ തുകയെങ്കില്‍ എന്‍ എ വിയും യൂണിറ്റുകളും അനുവദിക്കുന്നതില്‍ മാറ്റമുണ്ടായിരുന്നു. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ നിക്ഷേപകരുടെ അക്കൗണ്ടില്‍ നിന്ന് പണം ഫണ്ട് കമ്പനികളുടെ അക്കൗണ്ടില്‍ എന്നാണോ എത്തിയത് അന്നത്തെ എന്‍ എ വിയും യൂണിറ്റുകളുമാണ് അലോട്ട് ചെയ്തിരുന്നത്. അതായത് പണം ഫണ്ട് ഹൗസിൽ ലഭിക്കുന്ന സമയവും ഒാര്‍ഡറിന്റെ സൈസുമായിരുന്നു പരിഗണനാ ഘടകങ്ങള്‍. ഉച്ച തിരിഞ്ഞ് മൂന്ന് മണിവരെയുള്ള ഓര്‍ഡറുകള്‍ക്ക് അന്നത്തെ എന്‍ എ വി ആയിരുന്നു അനുവദിച്ചിരുന്നത്. (കൊറോണ കാലത്ത് ഇത് ഉച്ചയ്ക്ക് ഒരു മണി വരെയാക്കി).

മാറ്റം ഇങ്ങനെ

പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് എത്ര കുറഞ്ഞ തുകയാണ് നിക്ഷേപിക്കുന്നതെങ്കിലും അത് മ്യൂച്ച്വല്‍ ഫണ്ട് കമ്പനികളുടെ അക്കൗണ്ടുകളിലെത്തുമ്പോഴെ യൂണിറ്റുകള്‍ അനുവദിക്കൂ. ചെക്കുകളും മറ്റും നല്‍കിയാല്‍ ഇത് രണ്ട് മൂന്ന് ദിവസമെടുക്കാറുണ്ട് പണമായി വരാന്‍. പക്ഷെ അക്കൗണ്ടില്‍ പണമെത്തുന്ന ദിവസമാണ്് പരിഗണിക്കുക. നേരത്തെ വിപണി മുന്നേറ്റമാണെങ്കിൽ 1.99 ലക്ഷത്തിന്റെ വിവിധ ചെക്കുകള്‍ നല്‍കി ചട്ടങ്ങളെ മറികടക്കാന്‍ നിക്ഷേപകര്‍ ശ്രമം നടത്താറുണ്ടായിരുന്നു. പിന്നീട് വിപണി കുത്തനെ താഴോട്ടാണെങ്കില്‍ ചെക്ക് ഡിസ്ഓണര്‍ ചെയ്ത് തടിയൂരുകയും ചെയ്യുമായിരുന്നു. ഇതിന് തടയിടുകയും ഫണ്ടുകളുടെ ആസ്തിമൂല്യം കണക്കാക്കുന്നതിന് ഒരേ രീതി കൊണ്ടുവരികയും സെബിയുടെ പുതിയ നിര്‍ദേശത്തിന്റെ ലക്ഷ്യങ്ങളാണ്.

ആശയക്കുഴപ്പം

∙നിക്ഷേപം നടത്തുന്ന ദിവസത്തെ എന്‍ എ വി യ്ക്ക് പകരം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞുള്ള എന്‍ എ വി നിക്ഷേപകരില്‍ ആശയക്കുഴപ്പമുണ്ടാക്കും.

∙മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിയാലും അക്കൗണ്ടില്‍ പണമെത്തിയില്ല എന്ന കാരണം പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാകും മൂല്യമറിയാനാവുക. ∙ഇത് നിക്ഷേപകരുടെ എന്‍ എ വി കണക്കുക്കൂട്ടലുകളെ പ്രതികൂലമായി ബാധിക്കും. നിക്ഷേപത്തിന് താത്പര്യം കുറയാനും കാരണമായേക്കാം.

കാലതാമസം

∙എസ് ഐ പി നിക്ഷേപകരുടെ അക്കൗണ്ടില്‍ നിന്ന് പണം ഫണ്ടിന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതിന് കാലതാമസമുണ്ടാകും. ഇത്് ഫണ്ട് അലോട്ട്‌മെന്റിനെ ബാധിക്കും.

∙ചെക്കുകള്‍ നല്‍കി മ്യൂച്ച്വല്‍ ഫണ്ട് വാങ്ങിയാല്‍ അത് ഫണ്ട് ഹൗസിന്റെ അക്കൗണ്ടിലെത്തുന്നതിന് മൂന്നോ നാലോ ദിവസങ്ങളെടുക്കും. ഇതിന് ശേഷം മാത്രമേ എന്‍ എ വി യും യൂണിറ്റുകളും അറിയാനാവു.

∙എന്നാല്‍ നെറ്റ് ബാങ്കിങിലൂടെ മ്യൂച്ചല്‍ ഫണ്ട് ഇടപാട് നടത്തുന്നവര്‍ക്ക് കാലതാമസം ഉണ്ടാകില്ല.

English Summary : Latest Changes in Mutual Fund Buying Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com