ADVERTISEMENT

ഇന്നലെ നഷ്ടത്തോടെ ആരംഭിച്ച ലോക വിപണിക്ക് യൂറോപ്പിലെ രണ്ടാം ലോക്ക് ഡൗൺ  സാധ്യതയും, ഐസിഐജെ പുറത്തുവിട്ട ഫിൻസെൻ മണി ലോണ്ടറിംഗ് കണക്കുകളും വൻ തിരിച്ചടിയാണ് നൽകിയത്. 

ഉയരുന്ന കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തിൽ യൂറോപ്പിലൊരു രണ്ടാം ലോക്ഡൗൺ  സാധ്യത യൂറോപ്യൻ  വിപണികളുടെ കൂട്ടത്തകർച്ചക്ക് വഴിയൊരുക്കിയത് നിഫ്റ്റിക്ക് 11440 പോയിന്റിൽ ഉണ്ടായിരുന്ന പിന്തുണ നഷ്ടപ്പെടുത്തി. നിഫ്റ്റി 2 .21 ശതമാനം നഷ്ടത്തോടെ 11250.55 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു.സെൻസെക്സ് 812 പോയിന്റ് നഷ്ടം നേരിട്ട് 38034 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. നാലര ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്നലെ മാത്രം ഇന്ത്യൻ നിക്ഷേപകർക്ക് സംഭവിച്ചത്.

ഇന്ന് 11200 പോയിന്റിന്റെ പിന്തുണ നഷ്ടപ്പെട്ടാൽ നിഫ്റ്റിക്ക്  10950 -11000 നിലവാരത്തിലാണ്  അടുത്ത സപ്പോർട്ട്. എന്നാൽ 10800 പോയിന്റാണ് നിഫ്റ്റിയുടെ അടുത്ത മേജർ സപ്പോർട്ട്. അതിനും താഴെ 10600 പോയിന്റിലും നിഫ്റ്റിക്ക് സപ്പോർട്ട് ലഭിക്കുമെന്ന് കരുതുന്നു. 11550-11600 നിലവാരത്തിലാണ് നിഫ്റ്റിയിൽ ബുള്ളിഷ്  ട്രെൻഡിന് തുടക്കമാവുകയുള്ളു. 

ഇന്നലത്തെ കൂട്ടത്തകർച്ചയിലും ഐ ടി മാത്രമാണ് ഇന്ത്യൻ വിപണിയിൽ പിടിച്ചു നിന്നത്. ഇൻഫോസിസും , ടിസിഎസും കോട്ടക് ബാങ്കിനൊപ്പം ലാഭത്തിൽ വ്യാപരമവസാനിപ്പിച്ചു. മെറ്റൽ, റിയാലിറ്റി മേഖലകൾ 5 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഐടിയിൽ ഇന്നും വാങ്ങൽ തുടരുമെന്ന് കരുതുന്നു. ഫാർമ,ഓട്ടോ മേഖലകളും തിരിച്ചു വരവ് നടത്തിയേക്കും.  

ലോക വിപണി 

ഇന്നലെ ഏഷ്യൻ, യൂറോപ്യൻ വിപണികൾക്ക് പിന്നാലെ അമേരിക്കൻ വിപണിയും വൻ നഷ്ടത്തോടെ വ്യാപാരമാരംഭിച്ചെങ്കിലും പിന്നീട് നഷ്ടത്തോത് കുറഞ്ഞതും, അമേരിക്കൻ സൂചികകളിൽ  ഒരാഴ്ചയായി തുടരുന്ന ഇടിവിന്റെ തോത് കുറച്ചൊക്കെ നേരെയായതും ലോക വിപണിക്കനുകൂലമാണെന്ന് വിലയിരുത്തപ്പെടുന്നു. കോവിഡ് സംഖ്യാവർദ്ധനവിനൊപ്പം, അമേരിക്കൻ കോവിഡ് സാമ്പത്തിക ഉത്തേജന പാക്കേജിന്റെ അടുത്ത ഘട്ടം തീരുമാനമാകാതെ നീണ്ടു പോകുന്നതും വിപണിക്ക് പ്രതികൂലമാണ്. ഏഷ്യൻ വിപണികളിൽ ഇന്നും  കൂട്ടത്തകർച്ച തുടരുകയാണ്. 

ഫിൻസെൻ ഫയൽസ് 

2000 - 2017 കാലഘട്ടത്തിൽ രണ്ട് ലക്ഷം കോടി യു എസ് ഡോളറിന്റെ ‘’ബാഡ് മണി’’ പ്രധാന ബാങ്കുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു എന്ന യു എസ് ട്രഷറി ഡിപ്പാർട്മെന്റിന്റെ ഫിനാൻഷ്യൽ ക്രൈംസ് എൻഫോഴ്‌സ്‌മെന്റ് നെറ്റ് വർക്കിന്റെ ( ഫിൻസെൻ ) റിപ്പോർട്ടാണ് പുറത്തായത്. ജർമനിയുടെ ഡ്യൂഷ് ബാങ്ക്, ജെ പി മോർഗൻ , സ്റ്റാൻഡേർഡ് ചാർട്ടേഡ് , സിറ്റി ബാങ്ക് , ബാങ്ക് ഓഫ് ന്യൂയോർക്ക് മുതലായ ബാങ്കുകളിലൂടെയാണ് ഇതിൽ 80 ശതമാനം പണവും പിൻവലിക്കപ്പെട്ടത് എന്നും ഐസിഐജെ (ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സ് )യുടെ ഇന്ത്യൻ അംഗമായ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ബാങ്കുകളുടെ പേരുകളും ഇതിനോട് ചേർത്ത് റിപ്പോർട്ടുകൾ വരുന്നത് ഇന്ത്യൻ ധനകാര്യമേഖലയ്ക്ക് തന്നെ ഭീഷണിയാണ്. 

ഐപിഒ

ഇന്നലെ ലിസ്റ്റ് ചെയ്ത റൂട്ട് മൊബൈലിന് വൻ വിപണി പിന്തുണയാണ് ലഭിച്ചത്. 350 രൂപക്ക് ഇഷ്യൂ ചെയ്ത ഓഹരി 650 രൂപയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ ഐപിഒ ആരംഭിച്ച കെംകോണും, ഇന്ന്  ഐപിഓ ആരംഭിക്കുന്ന ഏയ്ഞ്ചൽ ബ്രോക്കിങ്ങും നിക്ഷേപത്തിന് പരിഗണിക്കാം.  

സ്വർണം

ഓഹരി വിപണിക്കൊപ്പം ഇന്നലെ സ്വർണത്തിലും വൻ വില്പനസമ്മർദ്ദമാണ് അനുഭവപ്പെട്ടത്. ഔൺസിന് 1890 ഡോളർ നിരക്കിൽ ശക്തമായ സപ്പോർട്ട് ആണ് സ്വർണത്തിന് ലഭ്യമായത്. സ്വർണം വില  ഇന്നലെ മാത്രം 50 ഡോളർ  വീഴ്ച രേഖപ്പെടുത്തി. ഓഹരി വിപണിയിലെ അനിശ്ചിതത്വം സ്വർണത്തിന് നേട്ടമായേക്കാം.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com