ADVERTISEMENT

രാജ്യത്തെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും പ്രവര്‍ത്തിക്കുന്ന നിരവധി സ്വകാര്യ ധനകാര്യസ്ഥാപന(എന്‍ബിഎഫ്‌സി)ങ്ങളാണുള്ളത്. ഈ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ എണ്ണം ഒന്‍പതിനായിരത്തിലേറെയാണ് എന്നാണ് റിസര്‍വ് ബാങ്കിന്റെ 2020 ജൂലൈ 16-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ, ഇവയില്‍ നിക്ഷേപം സ്വീകരിക്കുവാന്‍ അനുവാദമുളളത് 64 സ്ഥാപനങ്ങൾക്കു മാത്രമാണ്. നിക്ഷേപം സ്വീകരിക്കാത്ത സ്ഥാപനങ്ങൾ പ്രധാനമായും ധനസമാഹരണം നടത്തുന്നത് നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചര്‍ എന്ന എന്‍സിഡികള്‍ വഴിയാണ്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള എന്‍സിഡികളുടെ സവിശേഷതകള്‍ എന്നു പരിശോധിക്കാം.

പ്രൈവറ്റ് പ്ലെയ്‌സ്‌മെന്റും പബ്ലിക് ഇഷ്യൂവും

എന്‍സിഡികള്‍ രണ്ടു വിധത്തിലാണ് വിതരണം ചെയ്യുന്നത്. പ്രൈവറ്റ് പ്ലെയ്‌സ്‌മെന്റും പബ്ലിക് ഇഷ്യൂവും ആണിവ. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങളും കമ്പനി നിയമവും പാലിച്ചു കൊണ്ടാണ് പ്രൈവറ്റ് പ്ലെയ്‌സ്‌മെന്റ് നടത്തേണ്ടത്. നിക്ഷേപത്തുക ഒരു നിക്ഷേപകനിൽനിന്ന് ഒരു കോടി രൂപയിൽ കുറവാണെങ്കിൽ ഒരു സാമ്പത്തിക വർഷം ഇരുനൂറിൽ കൂടുതൽ നിക്ഷേപകരിൽനിന്നും കടപ്പത്ര സമാഹരണം നടത്താൻ പാടില്ല. പൂര്‍ണമായും സെക്വേര്‍ഡ് വിഭാഗത്തില്‍ പെട്ട കടപത്രങ്ങളായിരിക്കണം ഇങ്ങനെ നല്‍കേണ്ടത്. ഈ കടപത്രങ്ങളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ നിക്ഷേപകര്‍ക്കു വായ്പയും നല്‍കിക്കൂട. 

മുന്‍നിര സ്ഥാപനങ്ങള്‍ പബ്ലിക് ഇഷ്യൂ വഴിയുള്ള എന്‍സിഡികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വിവിധ നിയമങ്ങള്‍ക്കനുസരിച്ചുള്ള നിരവധി നടപടിക്രമങ്ങള്‍ ആവശ്യമുള്ള പ്രക്രിയയാണ് എന്‍സിഡികളുടെ പബ്ലിക് ഇഷ്യു. സെബിയുടെ മാനദണ്ഡപ്രകാരം കുറഞ്ഞ സമാഹരണ തുക നൂറു കോടി രൂപയാണ്. സെക്വേര്‍ഡ് എന്‍സിഡികളുടെ ഇഷ്യുവിനു മുന്‍പായി തത്തുല്യ തുകയ്ക്കുള്ള ആസ്തികളുടെ കവറും ഉണ്ടാകുകയും വേണം. അസ്ബ വഴിയാണ് നിക്ഷേപകര്‍ പണം നല്‍കുക. എന്‍സിഡികള്‍ വിതരണം ചെയ്യുമ്പോള്‍ ഡീമാറ്റ് അക്കൗണ്ടിലേക്ക് അതു ലഭിക്കുകയും ചെയ്യും. ഈ കടപത്ര നിക്ഷേപങ്ങളുടെ പലിശ ലഭിക്കുന്നതും നിക്ഷേപം യഥാസമയം തിരികെ ലഭിക്കുന്നതും ഡിബഞ്ചര്‍ ട്രസ്റ്റിയാണ് ഉറപ്പു വരുത്തുന്നത്. 

കമ്പനിയെ സംബന്ധിച്ച വിവരങ്ങള്‍ എങ്ങനെ പരിശോധിക്കും?

കമ്പനിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും എന്‍സിഡി വിതരണം ചെയ്യുന്ന സമയത്ത് രജിസ്റ്റാര്‍ ഓഫ് കമ്പനീസ്, സെബി, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എ്്ന്നിവിടങ്ങളില്‍ ഫയല്‍ ചെയ്യുന്ന പ്രോസ്‌പെക്ടസില്‍ നിന്നും ലഭിക്കും. കമ്പനിയുടെ വെബ്‌സൈറ്റ്, കമ്പനികാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് എന്നിവിടങ്ങളിലും പ്രോസ്‌പെക്ടസ് ലഭിക്കും. ഈ പ്രോസ്‌പെക്ടസില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്കു മാത്രമേ കടപത്രങ്ങള്‍ വഴിയുള്ള പണം ഉപയോഗിക്കാനാവു. 

എന്‍സിഡികള്‍ വിപണി വിലയ്ക്കു വില്‍ക്കാം

ഡീമാറ്റ് രീതിയിലാണ് എന്‍സിഡികള്‍ ലഭിക്കുന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്തിട്ടുള്ള ഇവയുടെ കാലാവധി എത്തുന്നതിനു മുന്‍പു തന്നെ വിപണി വിലയ്ക്കു വിറ്റു പണം നേടാനും നിക്ഷേപകര്‍ക്കു സാധിക്കും. 

അണ്‍ സെക്വേര്‍ഡ് എന്‍സിഡികള്‍

സെക്വേര്‍ഡ് വിഭാഗത്തില്‍ പെടുന്നവയ്ക്കു പുറമെ അണ്‍ സെക്വേര്‍ഡ് വിഭാഗത്തില്‍ പെട്ട എന്‍സിഡികളും ഉണ്ട്. സെക്വേര്‍ഡ് എന്‍സിഡികള്‍ക്കു ലഭിക്കുന്നതു പോലെ കമ്പനിയുടെ ആസ്തികളുടെ സുരക്ഷിതത്വം അണ്‍ സെക്വേര്‍ഡ് എന്‍സിഡികള്‍ക്കു ലഭിക്കില്ല. കമ്പനി അടച്ചു പൂട്ടുകയോ ലിക്വിഡേറ്റു ചെയ്യുകയോ ഉണ്ടായാല്‍ സെക്വേര്‍ഡ് എന്‍സിഡി നിക്ഷേപകരുടെ അവകാശവാദങ്ങള്‍ക്കു ശേഷമേ അണ്‍ സെക്വേര്‍ഡ് എന്‍സിഡി നിക്ഷേപകരുടെ തുക ലഭിക്കുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com