വൻവീഴ്ചയ്ക്ക് ശേഷം വന്ന വാങ്ങൽ താൽപ്പര്യം ഇന്നുമുണ്ടാകുമോ?

HIGHLIGHTS
  • സ്വർണം ആഗോള വിപണിയിൽ ആറ് ആഴ്ചയിലെ താഴ്ന്ന നിലയിലെത്തി
mkt
SHARE

കോവിഡ് പ്രതിസന്ധിയിൽ നിന്നും ലോകസാമ്പത്തിക ക്രമം രക്ഷപെടുമെന്നുള്ള ഉറപ്പും, ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക ഉത്തേജന നടപടികളുമാണ് മാർച്ചിൽ നിന്നും ഓഗസ്റ്റ് വരെ ലോക വിപണിയാകെ നേട്ടങ്ങളുടെ മല കയറാൻ കാരണം. എന്നാൽ ഇനിയും പിടി തരാത്ത മഹാമാരിയും, തീരുമാനമാകാത്ത വാക്സിൻ പരീക്ഷണങ്ങളും, മെച്ചപ്പെടാത്ത സാമ്പത്തിക കണക്കുകളും അനിശ്ചിതത്വത്തിലേക്ക് വഴിമാറുകയാണ്. പ്രതിസന്ധിയിലായ രണ്ടാം ഘട്ട അമേരിക്കൻ സാമ്പത്തിക ഉത്തേജന പാക്കേജ് ഇതിന് ആക്കം കൂട്ടുന്നു.

അമേരിക്കൻ ഫ്രീ ഫാൾ 

‘’ കോവിഡ് സാമ്പത്തിക  പ്രതിസന്ധിയിൽ നിന്നും തിരികെ കയറാൻ  കൂടുതൽ സമയം വേണ്ടി വരുമെന്ന ‘’ ഫെഡ് ചെയർമാൻ ജെറോം പവലിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അമേരിക്കൻ വിപണി ഗ്രഹിച്ചത് ഇന്നലെയാണെന്നു തോന്നുന്നു. സെപ്റ്റംബറിലും ബിസിനസ് ആക്ടിവിറ്റികൾ കുറയുകയായിരുന്നു എന്ന ഫെഡ് റിപ്പോർട്ടിനെ തുടർന്ന് അമേരിക്കൻ വിപണി ഇന്നലെയും തകർന്നടിഞ്ഞത് ലോക വിപണിക്ക് ക്ഷീണമാണ്. അടുത്ത അനുകൂല വാർത്തക്കായി വിപണി കാത്തിരിക്കുകയാണ്. ഏഷ്യൻ  വിപണികളെല്ലാം നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. എന്നാൽ  നഷ്ടത്തോടെ വ്യാപാരമാരംഭച്ച സിങ്കപ്പൂർ നിഫ്റ്റി ഇപ്പോൾ ലാഭത്തിൽ ട്രേഡ് ചെയ്യുന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. 

നിഫ്റ്റി & സെൻസെക്‌സ് 

വിപണിയിലെ വൻ  ചാഞ്ചാട്ടത്തിൽ ഇന്ത്യൻ  റീറ്റെയ്ൽ നിക്ഷേപകർക്ക് വലിയ നഷ്ടം സംഭവിച്ച ഇന്നലെ നിഫ്റ്റിയുടെ നഷ്ടം 0 .20 ശതമാനവും, സെൻസെക്‌സിന്റ്റെ നഷ്ടം 0 .17 ശതമാനവും മാത്രമാണ്. ഫാർമയും ഐടിയും ഇന്നലെ അപ്രതീക്ഷിത നഷ്ടം രേഖപെടുത്തിയപ്പോൾ ബാങ്കിങ്ങും, റിയാലിറ്റിയും എഫ്എംസിജിയും നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. ടിസിഎസ്സിന്റെയും, എയർടെലിന്റെയും നേതൃത്വത്തിൽ  സെൻസെക്സിലെ മുപ്പതിൽ 18 ഓഹരികളും ഇന്നലെ നഷ്ടം രേഖപ്പെടുത്തി.   ഇന്ന് എഫ്&ഓ അവധി അവസാനിക്കുമെന്നതും വിപണിയെ ബാധിച്ചു. വൻവീഴ്ചക്ക് ശേഷം വിപണിയിൽ വാങ്ങൽ വന്നത് ഇന്നും വിപണിക്ക് അനുകൂലമാണ്. ഇന്ത്യൻ വിപണി ഇന്ന് തകർച്ചയോടെ തുടങ്ങി മുന്നേറ്റത്തോടെ വ്യാപാരമവസാനിപ്പിച്ചേക്കുമെന്ന് കരുതുന്നു.

നിഫ്റ്റിയുടെ അടുത്ത മേജർ സപ്പോർട് ലെവൽ 200 ദിന മൂവിങ് ആവറേജായ (10750)- 10800 പോയിന്റാണ്. 11380- 11400 പോയിന്റ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ് ആയി കണക്കാക്കാം. 

മുൻനിര ഇന്ത്യൻ സ്വകാര്യ ബാങ്കുകൾ

ഇന്ത്യയുടെ നവ സ്വകാര്യ ബാങ്കുകൾ പൊതുമേഖല- ചെറുകിട ബാങ്കുകളുടെ ബിസിനസ് കൂടി കൈക്കലാക്കി വൻ വളർച്ച നേടുമെന്ന് വിലയിരുത്തപ്പെടുന്നു. ദീർഘകാല നിക്ഷേപങ്ങൾക്ക് മുൻ നിര സ്വകാര്യ ബാങ്കുകൾ അടുത്ത ഇറക്കത്തിൽ പരിഗണിക്കാം. നിഫ്റ്റി  10800 നടുത്ത് വന്നാൽ ബാങ്കിങ്ങിൽ  പ്രകടമായ വാങ്ങൽ ആരംഭിക്കും. ഐസിഐസിഐ ബാങ്ക്, എച്ഡിഎഫ്സി ബാങ്ക്, കോട്ടക് മഹിന്ദ്ര ബാങ്ക് എന്നീ ബാങ്കുകൾക്ക് മുൻഗണന.  എസ്ബിഐയുടെ ‘’യോനോ’’ ബാങ്കുകളുടെ പൊതു പ്ലാറ്റ്‌ഫോം ആകുന്നത് എസ്ബിഐക്ക് അനുകൂലമാണ്. ‘’യോനോ’’  ആയേക്കാം ഇന്ത്യൻബാങ്കിങ്ങിന്റെ ഭാവി.

 പുതിയ തൊഴിൽ നിയമങ്ങൾ

പ്രതിപക്ഷ എതിർപ്പുകൾക്കിടയിൽ പാർലമെന്റിൽ ഇന്ന്  പുതിയ മൂന്ന് തൊഴിൽ നിയമങ്ങൾ പാസാക്കപെട്ടത് ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തിന് അനുകൂലമാണ്.  

സ്വർണം 

സ്വർണത്തിന് കാന്തി നഷ്ടപ്പെടുകയാണ്. സ്വർണം ആറാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിൽക്കുന്നത്. രാജ്യാന്തരവിപണിയിൽ ഇന്നലെ 2.04% വീണ് സ്വർണം ഔൺസിന് 1860 ഡോളർ നിരക്കിലെത്തി. ഡോളർ ശക്തിപെടുന്നതും, സ്വർണത്തിന്റെ റീറ്റെയ്ൽ ഉപഭോഗം പഴയനിലയിലെത്താൻ സമയമെടുക്കുന്നതും വിലക്കുറവിന് കാരണമാണ്.

English Summary : What will happen to Sahre Market Today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA