വമ്പൻമാർക്ക് ഇനിയും വായ്പയെടുത്തു മുങ്ങാൻ ബാങ്കുകൾക്ക് നൽകണോ ജനത്തിന്റെ 20,000 കോടി?

HIGHLIGHTS
  • തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികളുടെ ആസ്തി തിരിച്ചുപിടിക്കാതെ, നഷ്ടത്തിലായ പൊതുമേഖലാ ബാങ്കുകളെ സഹായിക്കാാൻ കേന്ദ്രസർക്കാർ 20000 കോടി രൂപ നൽകുന്നു
bank
SHARE

രാജ്യത്തെ നഷ്ടത്തിലോടുന്ന പൊതുമേഖലാ ബാങ്കുകളെ സഹായിക്കാനായി  20,000 കോടി രൂപ നൽകാൻ കേന്ദ്രസർക്കാർ പാർലമെന്റിന്റെ അനുമതി വീണ്ടും തേടിയിരിക്കുന്നു. കേന്ദ്രസർക്കാർ തുടർച്ചയായി വര്‍ഷങ്ങളോളം സഹായിച്ചിട്ടും കരകയറാനാകാൻ പൊതുമേഖലാ ബാങ്കുകൾക്കാവുന്നില്ല. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായ പ്രമുഖരുടെ ആസ്തി തിരിച്ചുപിടിക്കുന്നുണ്ടെന്നു പറയുമ്പോഴും എന്തിനു കേന്ദ്ര സർക്കാർ നികുതിദായകരുടെ പണം വീണ്ടും, വീണ്ടും ഈ ബാങ്കുകൾക്ക് വീതിച്ചുകൊടുക്കുന്നു? ഇതിനു    കൃത്യമായ വിശദീകരണം ഉത്തരവാദിത്തപ്പെട്ട മേലധികാരികളിൽനിന്നും ഉണ്ടാകുന്നില്ല.  ആവശ്യമായ കരുതൽ ധനാനുപാതം ഇതിൽ പല  ബാങ്കുകൾക്കും ഉണ്ട്. എന്നിട്ടും വീണ്ടും എന്തിനു മൂലധനം കൊടുത്തുകൊണ്ടിരിക്കുന്നു എന്നതാണ് ചോദ്യം. 

2010 ലാണ്   പൊതുമേഖലാ ബാങ്കുകളിൽ  സർക്കാരിന്റെ ഓഹരി പങ്കാളിത്തം  58 ശതമാനമായി ഉയർത്താൻ  സാമ്പത്തിക കാര്യങ്ങൾക്കുള്ള ക്യാബിനറ്റ് കമ്മിറ്റി (CCEA ) തീരുമാനിച്ചത്. പിന്നീടത് പല വർഷങ്ങളിലായി ഉയർന്ന്  70  മുതൽ 95 % വരെയായി.  

bank-table-28-9-2020

പൊതുമേഖലാ ബാങ്കുകൾ മൂലധനം സമാഹരിക്കാൻ ബുദ്ധിമുട്ടുന്നതിനാൽ  സർക്കാർ നിരന്തരം സഹായിക്കേണ്ടിവരുന്നുവെന്ന വാദഗതിയാണ് എപ്പോഴും സർക്കാർ വൃത്തങ്ങളുടേത്. ഏതു സാഹചര്യത്തിലും, സ്വകാര്യ ബാങ്കുകൾക്ക് മൂലധനം സമാഹരിക്കാൻ  കഴിയുന്നുണ്ടെങ്കിൽ  എന്തുകൊണ്ട് പൊതുമേഖലാ ബാങ്കുകൾക്ക്  സാധിക്കുന്നില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. 

ജനത്തിന് ഇഷ്ടം പൊതുമേഖലാ ബാങ്കുകളെ

കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുന്നതിനാൽ പൊതുജനം കൂടുതലായും പൊതുമേഖലാ ബാങ്കുകളെയാണ് ഇഷ്ടപ്പെടുന്നത്. പക്ഷേ വായ്പ ലഭിക്കാനുള്ള കാലതാമസം, ഔപചാരികമായ നൂലാമാലകൾ എന്നിവ മൂലം നിവ‍ൃത്തിയില്ലാതെ സ്വകാര്യ ബാങ്കുകളെ ആശ്രയിക്കുവാൻ നിർബന്ധിതരാകുന്ന അവസ്ഥ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. 

സ്വകാര്യ ബാങ്കുകൾ കൃത്യമായി വായ്പ തിരിച്ചുപിടിക്കാൻ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമ്പോൾ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം  പതിന്മടങ്ങുവർധിക്കുകയാണ്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ കോർപറേറ്റുകൾക്കു കൊടുക്കുന്ന വായ്പയാണ് നിഷ്ക്രിയ ആസ്തി വർധിക്കാനുള്ള പ്രധാന കാരണം. 

നിക്ഷേപകർക്ക് താൽപ്പര്യം സ്വകാര്യ ബാങ്കുകളോട്

കോവിഡ് മൂലമുണ്ടായ സാമ്പത്തിക ഇടിവു മൂലമാണ് പൊതുമേഖലാ ബാങ്കുകളെ സഹായിക്കേണ്ടിവരുന്നതെന്ന ന്യായീകരണം യുക്തിക്കു നിരക്കുന്നതല്ല. ഇന്ത്യയിലെ  സാമ്പത്തിക സ്ഥാപനങ്ങളുടെ നിഷ്ക്രിയാസ്തിയിൽ ഭൂരിഭാഗവും പൊതുമേഖലാബാങ്കുകളുടേതാണ്. റേറ്റിംഗ് ഏജൻസിയായ ഫിച്ചിന്റെ കണക്കുകൾ പ്രകാരം മൂലധനം സമാഹരിക്കുന്നതിൽ സ്വകാര്യ ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകളേക്കാൾ ബഹുദൂരം മുന്നിലാണ്. മൂലധന സമാഹരണം പരാജയപ്പെടുമ്പോൾ വളർച്ച തടസ്സപ്പെടും. ഇത് വീണ്ടും ആസ്തികൾ നഷ്ടത്തിലാണെന്ന ധാരണ ഉണ്ടാക്കുകയും, നിക്ഷേപകരെ അകറ്റുകയും ചെയുന്നു. പൊതുമേഖലാ ബാങ്കുകളുടെ വളർച്ചക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത് പ്രധാനമായും ഇതാണ്. ഇത്തരം പ്രശ്നങ്ങൾ മൂലമാണ് ഓഹരിവിപണിയിലും നിക്ഷേപകർ കൂടുതലായും സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിക്കുന്നതും.

പൊതുമേഖലാ ബാങ്കുകളിലെ സർ‌ക്കാർ ഓഹരി 26% ആയി കുറയ്ക്കണമെന്നും കൂടുതൽ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യാനായി ബാങ്ക്  മേലധികാരികൾക്ക് കൂടുതൽ കാലാവധി നൽകണമെന്നും ആർബിഐ നിർദേശമുണ്ട്. ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥകളിൽ, ഏറ്റവും കൂടുതൽ നിഷ്ക്രിയ വായ്പ അനുപാതം ഇന്ത്യൻ ബാങ്കുകൾക്കാണ്. 

പക്ഷേ ഇതു മാറണമെങ്കിൽ ഘടനാപരമായ പരിഷ്കാരങ്ങളും കാര്യക്ഷമമായ വായ്പാ തിരിച്ചു പിടിക്കലും മികച്ച സാങ്കേതികവിദ്യകളുടെ ഉപയോഗവും നടപ്പിലാക്കാൻ ബാങ്കുകൾ  മുൻകൈ എടുക്കണം. അതുവഴി പൊതുമേഖലാ ബാങ്കുകളുടെ സംസ്കാരം പൂർണമായും മാറിയാലേ വളർച്ച ഉറപ്പാക്കാനും വിപണി പങ്കാളിത്തം കൂട്ടി നഷ്ടപ്രതാപം വീണ്ടെടുക്കാനും സാധിക്കുകയുള്ളൂ.

ലേഖിക സ്വതന്ത്ര ഗവേഷകയാണ്(അഭിപ്രായം വ്യക്തിപരം)

English Summary : Banking Fraud and Central Government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA