എൽഐസി വിൽപന വിപണിയ്ക്ക് താങ്ങാകുമോ?

HIGHLIGHTS
  • ഏഷ്യൻ വിപണികൾ ലാഭത്തോടെ ആരംഭിച്ചത് സൂചികകൾക്ക് അനുകൂലമാണ്
market-morning
SHARE

ആദ്യ പ്രസിഡൻഷ്യൽ സംവാദദിനത്തിൽ അമേരിക്കൻ നിക്ഷേപകർ വിപണിയിൽ ഉത്സാഹക്കുറവ് കാണിച്ചത് സൂചികകളിൽ പിൻവലിവിന് കാരണമായി.   ഡൗജോൺസും, എസ് ആൻഡ് പിയും 0.48% നഷ്ടവും രേഖപ്പെടുത്തി. യൂറോപ്യൻ വിപണികളും ഇന്നലെ നേരിയ  നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ജപ്പാൻ  ഒഴികെയുള്ള ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തോടെ  വ്യാപാരം ആരംഭിച്ചത്.ഇന്ത്യൻ  സൂചികകൾക്ക് അനുകൂലമാണ്. വിപണി ഇന്നും  നല്ല  തുടക്കം പ്രതീക്ഷിക്കുന്നു.   

ഇന്ത്യയുടെ  കോവിഡ് സംഖ്യ സൂചികയുടെ ഇടിവ്  കുറഞ്ഞു  തുടങ്ങിയത് വിപണിക്ക് ഉന്മേഷം നൽകുമെങ്കിലും ലഡാക്കിനെ അംഗീകരിക്കുന്നില്ല എന്ന ചൈനീസ് പ്രസ്‌താവന അയൽപോര് വീണ്ടും ആളിക്കത്തിക്കുന്നത് ഇന്ത്യൻ വിപണിക്ക് ആശങ്കയാണ്.   

നിഫ്റ്റി

നിഫ്റ്റി ഇന്നലെ 5 പോയിന്റുകൾ കുറഞ്ഞു 11222 പോയിന്റിലും, സെൻസെക്സ് 37973 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.  സെൻസെക്സിലെ മുപ്പത് ഓഹരികളിൽ ഇരുപതും ഇന്നലെ തിരുത്തൽ നേരിട്ടു. ഐടി, ഓട്ടോ, മെറ്റൽ മേഖലകളുടെ ഇന്നലത്തെ മുന്നേറ്റഫലങ്ങൾ ബാങ്കിങ്, ഫൈനാൻസ്, എഫ്എംസിജി, റിയാലിറ്റി , ഫാർമ എന്നിവ കാരണം ഇല്ലാതായി. യൂറോപ്യൻ വിപണികളുടെ ഇന്നലത്തെ തകർച്ചയോടെയുള്ള തുടക്കാം തിരിച്ചു വരവിന്റെ പാതയിലായിരുന്ന ഇന്ത്യൻ സൂചികകൾക്ക് അവസാന മണിക്കൂറിൽ അടി തെറ്റാൻ കാരണമായി.  വിദേശ ധനകാര്യസ്ഥാപനങ്ങൾ വില്പന തുടരുകയാണ്.

11200 പോയിന്റിനും 11300 പോയിന്റിനുമിടയിൽ നിഫ്റ്റി കുടുങ്ങിപ്പോയി എന്നതാണ് ഇന്നലത്തെ ഇന്ത്യൻ വിപണിയുടെ സംഗ്രഹം. 11300 പോയിന്റ് എന്ന കടമ്പ കടന്നാൽ നിഫ്റ്റിക്ക് 11500 പോയിന്റ് വരെ സഞ്ചാര സ്വാതന്ത്ര്യമുണ്ട്.  നിഫ്റ്റിക്ക് 11600 പോയിന്റിന് മുകളിലേക്ക് സഞ്ചരിക്കാൻ സാഹചര്യങ്ങൾ  ഇനിയും അനുകൂലമാകേണ്ടതുണ്ട്. ഈ നിലയിലെ കൺസോളിഡേഷന് ശേഷം മാത്രമാവും  രാജ്യാന്തര വിപണിയുടെയും,  ആഭ്യന്തര , വിദേശ ഫണ്ടുകളുടെയും പിന്തുണയിൽ ഇന്ത്യൻ വിപണി അടുത്ത  റാലി തുടങ്ങുക എന്ന് കരുതുന്നു. ബാങ്കിങ്, ഓട്ടോ, ഐടി, ഇൻഫ്രാ, മെറ്റൽ ഒാഹരികൾ ശ്രദ്ധിക്കുക.

വാഹന വിൽപന

നാളെ വാഹനക്കമ്പനികൾ സെപ്റ്റംബറിലെ വില്പനകണക്കുകൾ അവതരിപ്പിക്കുമ്പോൾ നിക്ഷേപകർ പ്രതീക്ഷയിലാണ്. ബൈക്ക്, ചെറുകാറുകൾ എന്നിവയുടെ വില്പന മുന്നേറ്റം വിപണി പ്രതീക്ഷിക്കുന്നു. ടിവിഎസ്, ഐഷർ, ഹീറോ എന്നിവ മുന്നേറുമെന്ന് കരുതുന്നു. മാരുതിയും, ടാറ്റയും വില്പന മുന്നേറ്റം കാണിക്കുമെന്ന് പ്രതീക്ഷിക്കാം. ഇരു ഓഹരികളും ഈ നിരക്കിൽ ദീർഘകാല നിക്ഷേപത്തിന് തീർച്ചയായും പരിഗണിക്കാം. വാഹന ഓഹരികളുടെ രണ്ടാം പാദഫലങ്ങളും മികച്ചതാകാമെന്ന് കരുതുന്നു.

എൽഐസി

ധനക്കമ്മി ജിഡിപിയുടെ 3.5 ശതമാനത്തിന് മുകളിൽ പോവാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2.1 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ ഈ കൊല്ലം  ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ലക്ഷ്യത്തിൽ നിന്നും വളരെ അകലെയായിരിക്കെയാണ് സർക്കാർ എൽഐസിയുടെ 25% ഓഹരിവില്പന വിഭാവനം ചെയ്തിരിക്കുന്നത്. ഡിലോയിറ്റിനൊപ്പം എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റും ചേർന്ന് എൽഐസിയെ ഐപിഒക്കായി ഒരുക്കും. 

ഈ മെഗാ ഐപിഓയുടെ വിജയം പൊതുമേഖലാ ഓഹരികൾക്ക് വളരെ അനുകൂലമാകുമെന്ന് തന്നെ കരുതുന്നു. വിപണി കാത്തിരുന്ന പൊതുമേഖല വില്പന കാലം അടുത്ത് വരുന്നു.

ഐപിഓ

ഇന്നലെ ആരംഭിച്ച ഐപിഓകളിൽ മാസഗോൺ ഡോക്‌സിന് 2.1 ഇരട്ടിയും , ലിഖിത ഇൻഫ്രാക്ക് 100 ശതമാനവും ആവശ്യക്കാരുണ്ടായപ്പോൾ യുടിഐയ്ക്ക് 27% ഓഹരിക്ക് മാത്രമേ ആദ്യ ദിനം അപേക്ഷകരുണ്ടായുള്ളു.   

സ്വർണം

അനുകൂല അവസരത്തിൽ സ്വർണം മുന്നേറുകയാണ്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1900 നു മുകളിൽ ക്രമപ്പെട്ടാൽ മഞ്ഞ ലോഹം വീണ്ടും  ഉയരങ്ങൾ താണ്ടിയേക്കാം.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA