ട്രംപിന്റെ കോവിഡ് ഇന്ത്യൻ വിപണിയെ ബാധിക്കുന്നതെങ്ങനെ?

HIGHLIGHTS
  • രാജ്യത്തെ സമരങ്ങളും, ചിലയി‍ടത്തെങ്കിലും ലോക്ഡൗൺ പുനഃ സ്ഥാപിക്കപ്പെടുന്നതും വിപണിക്ക് ആശങ്കയാണ്
AP28-07-2020_000015B
SHARE

സിങ്കപ്പൂർ, നിഫ്റ്റി ഒഴികെ മറ്റെല്ലാ ഏഷ്യൻ സൂചികകളും ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതും, ടെക് ഓഹരികൾ വീണതും അമേരിക്കൻ വിപണിയെ വെള്ളിയാഴ്ച വീഴ്ത്തിക്കളഞ്ഞിരുന്നു. വിപണിയുടെ അവസാന മണിക്കൂറുകളിൽ നാസ്ഡാക് കൂടുതൽ നഷ്ടത്തിലേക്ക് വീണപ്പോൾ ഡൗ ജോൺസ്‌, എസ് & പി 500 സൂചികകൾ തിരിച്ചു കയറിയത് വിപണിക്ക് പ്രതീക്ഷ നൽകി. അമേരിക്കൻ തെരഞ്ഞെടുപ്പും , ഉത്തജന പാക്കേജ് ആശങ്കകളും തന്നെയാവും  ഈ ആഴ്ചയിലും  വിപണിയുടെ  ഗതി നിയന്ത്രിക്കുക.

ഇന്ത്യൻ പ്രതീക്ഷകൾ 

സെപ്റ്റംബറിലെ  മികച്ച വാഹന വില്‍പന കണക്കുകളും , ചെറുകിട വായ്പകളുടെ പിഴപലിശ സർക്കാർ വഹിക്കുമെന്ന  സത്യവാങ്മൂലവും, ക്രൂഡ് വില വീഴുന്നതും , അടുത്ത  ആഴ്ച മുതൽ മികച്ച രണ്ടാം പാദ ഫലപ്രഖ്യാപനങ്ങൾ വന്നു തുടങ്ങുന്നതും ഇന്ത്യൻ വിപണിക്കനുകൂലമാണ്. ഇന്ത്യയുടെ കോവിഡ് സംഖ്യാസൂചിക ഫ്ലാറ്റൺ ചെയ്തു തുടങ്ങിയതിനൊപ്പം, ഇന്ത്യയുടെ സെപ്റ്റംബറിലെ  മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ എട്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 56 .8 ലേക്ക് ഉയർന്നതും, ജിഎസ് ടി കളക്ഷൻ മുന്നേറിയതും ഇന്ത്യയുടെ  സമ്പദ് വ്യവസ്ഥക്ക് പ്രതീക്ഷയാണ്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉത്തേജന  നടപടികളും, ആർബിഐയുടെ കൂടുതൽ മികച്ച പണനയങ്ങളും വരും  വാരങ്ങളിൽ  വിപണി പ്രതീക്ഷിക്കുന്നു.    

ഇന്നാരംഭിക്കുന്ന ജിഎസ് ടി കൗൺസിൽ യോഗത്തിൽ സംസ്ഥാന സര്‍ക്കാരുകൾക്കുള്ള വിഹിതത്തിനപ്പുറം വിപണിക്കനുയോജ്യമായ തീരുമാനങ്ങളും വരുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ സമര വേലിയേറ്റങ്ങളും, ചില കേന്ദ്രങ്ങളിലെങ്കിലും ലോക്ഡൗൺ പുനഃ സ്ഥാപിക്കപ്പെടുന്നതും വിപണിക്ക് ആശങ്കയാണ്. 

മോറട്ടോറിയം പലിശ

മോറട്ടോറിയം കാലഘട്ടത്തിലെ 2 കോടി രൂപവരെയുള്ള എല്ലാത്തരം വായ്പകളുടെയും പിഴപലിശകൾ മാത്രം ഒഴിവാക്കാമെന്ന കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം ബാങ്കിങ് , ഫിനാൻഷ്യൽ ഓഹരികൾക്ക് അനുകൂലമാണ്. മോറട്ടോറിയം സൗകര്യം ഉപയോഗിക്കാത്തവർക്ക് അത്രയും തുക പലിശയിൽ നിന്നും ഒഴിവാകും. ഇതിനായി വേണ്ടി വരുന്ന തുക സർക്കാർ വഹിക്കുകയും ചെയ്യുന്നത് ബാങ്കിങ് ഓഹരികളിൽ കുതിപ്പിന് സാധ്യതയൊരുക്കുന്നു.  മുഴുവൻ വായ്പകളുടെയും മോറട്ടോറിയം കാലത്തെ പിഴപലിശ ഒഴിവാക്കാൻ സർക്കാരിന് 6 ലക്ഷം കോടി രൂപയാണ് വേണ്ടി വരിക എന്നതിനാൽ മറിച്ചൊരു തീരുമാനം കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാവാനുള്ള സാധ്യത കുറവാണെന്ന് വിപണി കരുതുന്നു. ബാങ്കിങ്, എൻബിഎഫ്സി ഓഹരികൾ ശ്രദ്ധിക്കുക. 

വാഹന വിൽപന 

ഇന്ത്യൻ  ജിഡിപി യുടെ ഏഴു ശതമാനവും സംഭാവന ചെയ്യുന്ന വാഹന ഉൽപാദന മേഖലയുടെ സെപ്റ്റംബറിലെ ഉയർത്തെഴുന്നേൽപ്പ് ഇന്ത്യൻ സമ്പത് വ്യവസ്ഥക്കും, ഓഹരി വിപണിക്കും  നൽകുന്ന ആത്മവിശാസം വലുതാണ്. ഇന്ത്യൻ കലണ്ടർ പ്രകാരം സെപ്റ്റംബറും, ഒക്ടോബര്‍ പകുതി വരെയും വാഹനം വാങ്ങുന്നതിന് അത്ര ശുഭമല്ലാതിരുന്നിട്ട് കൂടി  പ്രധാന വാഹനക്കമ്പനികളുടെയെല്ലാം തന്നെ കഴിഞ്ഞ മാസത്തെ ‘’ഫാക്ടറി ഗേറ്റ്’’വില്പന വർധന ശതമാനം രണ്ടക്കം കടന്നത് വിപണിക്ക് നൽകുന്ന ആവേശം ചെറുതല്ല. ടെസ്‌ലയുടെ ഇന്ത്യൻ വിപണി പ്രവേശം ഇന്ത്യൻ വാഹന വിപണിയെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റിലയൻസ്

ജിയോയ്ക്ക് ശേഷം റിലയൻസ് റീറ്റെയ് ലിലേക്ക് പ്രവാഹം തുടരുകയാണ്. ഈ മാസം തീയതി അബുദാബി ഇൻവെസ്റ്മെന്റ് ഫണ്ട് മുബാദലയുടെ 1.4 % ഓഹരി വാങ്ങലിന് ശേഷം രാജ്യാന്തര നിക്ഷേപകരായ ജിഐസിയും, ടിപിജിയും റിലയൻസ് റീറ്റെയ്‌ലിൽ യഥാക്രമം 1.22%, 0.41% വീതം ഓഹരിയെടുത്തു. ഇത് വരെ റിലയൻസിന്റെ 7.28 ശതമാനം ഓഹരി കൈമാറി 32197.5 കോടി രൂപ റിലയൻസ് സമാഹരിച്ചത്  അനുകൂലമാണ്

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA