ഇനി സ്ത്രീ ശാക്തീകരണം ഓഹരി നിക്ഷേപത്തിലൂടെ

HIGHLIGHTS
  • ആഴ്ചയിലോ, മാസത്തിലോ തുക അടക്കുവാൻ പറ്റുന്ന തരം നിക്ഷേപം വഴി ദീര്‍ഘ കാലാടിസ്ഥാനത്തിൽ സമ്പത്തു വളർത്തുവാൻ ഉപകരിക്കും
money-growth-1
SHARE

ഇന്നു സ്ത്രീകൾ സ്വന്തം  സ്വപ്നം കൈവരിക്കാനായി കഠിനാധ്വാനം ചെയ്യുന്നു. അവകാശങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോകാൻ ധൈര്യം കാട്ടുന്നു.  ബഹിരാകാശ ഗവേഷണ രംഗത്തുമുതൽ, സാമൂഹ്യ സേവന രംഗത്തുവരെ തനതായ കൈയൊപ്പ് പതിപ്പിക്കുന്നു.  കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴുംവലിയ മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകളുടെ പിന്നോക്കാവസ്ഥ. 

ഉൾവലിയൽ ഇനി വേണ്ട

പല കുടുംബങ്ങളിലും, സ്ത്രീകൾക്കു കിട്ടുന്ന മാസവേതനം പോലും കൈകാര്യം ചെയ്യുന്നത് പുരുഷന്മാരാണ്. എന്തിനും സ്വന്തമായി അഭിപ്രായമുള്ള  സ്ത്രീക്കുപോലും,ധനപരമായ കാര്യങ്ങളിലേക്കു വരുമ്പോൾ ഒരു ഉൾവലിയലുണ്ട്. ഇനി എന്തെങ്കിലും നിക്ഷേപം നടത്തിയാൽ തന്നെ പരമ്പരാഗതമായി ചെയ്യുന്ന സ്വർണത്തിലോ,പോസ്റ്റ് ഓഫീസിലോ , ചിട്ടികളിലോ, ബാങ്ക് സ്ഥിരനിക്ഷേപത്തിലോ അത് ഒതുക്കും. അതിൽ കൂടുതലായി ഒരു സുസ്ഥിര സമ്പാദ്യം, ദീര്ഘകാലാടിസ്ഥാനത്തിൽ ചെയ്യുന്നതിനായി പൊതുവെ സ്ത്രീകൾ തയ്യാറാകുന്നില്ല. ഇത്തരം ഒരവസ്ഥയെ മറികടക്കാൻ സ്ത്രീകൾ ബോധപൂർവം ഓഹരിവിപണി പോലുള്ള സങ്കേതങ്ങളെ  ഉപയാഗപ്പെടുത്തേണ്ടതുണ്ട്.  തീരെ ചെറിയ തുകക്കുപോലും ഇപ്പോൾ ഓഹരികളും, മ്യൂച്ചൽ ഫണ്ടുകളും ലഭ്യമാണ്. 

ദീര്‍ഘകാലാടിസ്ഥാനത്തിൽ സമ്പത്തു വളർത്താം

ആഴ്ചയിലോ, മാസത്തിലോ തുക അടക്കുവാൻ പറ്റുന്ന തരം നിക്ഷേപം വഴി ദീര്‍ഘ കാലാടിസ്ഥാനത്തിൽ സമ്പത്തു വളർത്തുവാൻ ഉപകരിക്കും. ഒരു ഡീമാറ്റ് അക്കൗണ്ടിലൂടെ നേരിട്ട്, ഇടനിലക്കാരെ ഒഴിവാക്കി  ഫണ്ടുകളിൽ നിക്ഷേപം നടത്തുവാൻ സാധിക്കും. ഓഹരിവിപണി താഴ്ന്നു പോയാലും, കൂടുതൽ യൂണിറ്റുകൾ നമുക്ക് ലഭ്യമാകുന്നതിലൂടെ നഷ്ടമുണ്ടാകുന്നത് പരമാവധി കുറച്ചു, 10–20  വര്‍ഷ കാലയളവിൽ നല്ലൊരു സമ്പാദ്യം വളർത്തിയെടുക്കുവാൻ സാധിക്കും. ഉദാഹരണത്തിന്, ഈ വര്‍ഷം മാർച്ച് 23 നു ഓഹരി വിപണി ഒരു വൻ വീഴ്ചയിലേക്കു പോയെങ്കിലും ജൂലൈ മാസമായപ്പോഴേക്കും നഷ്ടപ്രതാപം തിരിച്ചുപിടിച്ചു 38000 ത്തിലേക്ക് തിരിച്ചെത്തി. എല്ലാ മ്യൂച്ചൽ ഫണ്ടുകളും 30% വരെ ഇടിവ് മാർച്ച് മാസത്തിൽ രേഖപെടുത്തിയെങ്കിലും, സെപ്റ്റംബർ മാസമായപ്പോഴേക്കും, 8 % മുതൽ 12 % വരെ പല മ്യൂച്ചൽ ഫണ്ടുകളും ലാഭത്തിലേക്കു തിരിച്ചുവന്നു. 

ഓഹരി വിപണിയെന്നു കേൾക്കുമ്പോഴേ യുള്ള ഭയം, മാനസിക പിരിമുറുക്കം, പരമ്പരാഗതമായ നിക്ഷേപങ്ങൾ തുടരുവാനുള്ള താല്പര്യം, ആത്മവിശ്വാസമില്ലയ്മ, സാമ്പത്തിക കാര്യങ്ങളുടെ കൈകാര്യം ചെയ്യൽ അങ്ങേയറ്റം  ബുദ്ധിമുട്ടുള്ളതാണെന്ന തോന്നൽ, കുടുംബകാര്യങ്ങൾ നോക്കി സമയമില്ലായ്മ, ഓഹരി വിപണിയെകുറിച്ചുള്ള അജ്ഞത, നഷ്ടം ഒഴിവാക്കൽ മനോഭാവം ഇവയെല്ലാം സ്ത്രീകളെ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് മാനസികമായി അകറ്റുന്ന കാര്യങ്ങളാണ്. ഇതിന്റെ ഫലമായി, നാണയപ്പെരുപ്പത്തെ മറികടന്നുള്ള ഒരു സമ്പാദ്യം വികസിപ്പിക്കുന്നതിൽ സ്ത്രീകൾ പരാജയപ്പെടുന്നു. മാത്രമല്ല, വേഗത്തിൽ പണമായി മാറ്റാനുള്ള വസ്തുവകകളിൽ മാത്രം കൂടുതലായി നിക്ഷേപം നടത്തുന്നത്  സ്ത്രീ നിക്ഷേപകരുടെ ഒരു പ്രവണതയായി കണക്കാക്കപ്പെടുന്നു. 

സ്ഥിരമായി നിക്ഷേപം തുടരുക

ഓഹരിവിപണിയിൽ ചാഞ്ചാട്ടങ്ങൾ സാധാരണമാണ്. പക്ഷേ  സ്ഥിരമായി നിക്ഷേപം തുടർന്നാൽ നല്ല നേട്ടം കൈവരിക്കാൻ സാധിക്കും. ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുത്തനെ കുറയുന്ന ഇക്കാലത്തു തീർച്ചയായും ഇതര നിക്ഷേപ മാർഗങ്ങൾ കണ്ടെത്തേണ്ടതായുണ്ട്.

നമ്മുടെ അമ്മമാരുടെ കാലത്തേ അപേക്ഷിച്ചു ഒരുപാടു ഓൺലൈൻ പഠനമാർഗങ്ങൾ ഇന്ന് ലഭ്യമാണ്. അതെല്ലാം ഉപയോഗിച്ച് ഒരു നല്ല നാളെക്കായി കൃത്യതയാർന്ന ഒരു നിക്ഷേപ പദ്ധതി രൂപപെടുത്തിയെടുത്താൽ  അത് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും ആത്മവിശ്വാസത്തെയും വളരെയധികം മെച്ചപ്പെടുത്തും.  

പല ഗവേഷണ പഠനങ്ങളും  സൂചിപ്പിക്കുന്നത് സ്ത്രീകൾ പുരുഷന്മാരേക്കാൾ മെച്ചപ്പെട്ട സാമ്പത്തിക –ഭരണ വൈദഗ്ധ്യം ഉള്ളവരാണെന്നാണ്. സ്ത്രീകൾ വീടുകളിൽ മിച്ചം പിടിച്ചു കാര്യങ്ങൾ ഭംഗിയായി  നടത്തുവാൻ കഴിവുണ്ടെന്ന്  കാണിച്ചുതരുന്ന പല മാതൃകകളും നമുക്കുചുറ്റുമുണ്ട്.

എങ്കിൽപ്പിന്നെ മാറിയ സാഹചര്യത്തിൽ ഓഹരിവിപണിയിലേക്കുകൂടി സമ്പാദ്യം  വ്യാപിപ്പിച്ചു കുടുംബത്തിന്റെ  നേട്ടത്തിനായി ഒരു സാമ്പത്തിക ഫെമിനിസം മാതൃക കേരളത്തിൽനിന്നും ഉയർന്നുവരട്ടെ.

സ്വതന്ത്ര ഗവേഷകയാണ് ലേഖിക

English Summary : Why Women are Not Interested in Share Market?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA