ആർ ബിഐ നിലപാട് വിപണിയിൽ മാറ്റം കൊണ്ടു വരുന്നതെങ്ങനെയാകും?

HIGHLIGHTS
  • റിസർവ് ബാങ്കിന്റെ നയപ്രഖ്യാപനം നാളെയാണ്
INDIA-ECONOMY/RATES
SHARE

അമേരിക്കൻ വിപണിയിൽ ട്രംപിന്റെ മറുട്വീറ്റുകൾ മുന്നേറ്റം കൊണ്ടു വന്നത് ലോക വിപണിക്ക് ആശ്വാസം നൽകുന്നുണ്ട്. ഏഷ്യൻ വിപണികളിൽ ജപ്പാന്റെ നിക്കി സൂചിക മാത്രമാണ് ഇന്ന് മുന്നേറ്റം കുറിക്കുന്നത്. ഇന്ത്യൻ വിപണിയും  ഇന്ന് വീണ്ടും നേട്ടത്തോടെ വ്യാപാരം ആരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. ടിസിഎസിന്റെ ഓഹരി തിരികെ വാങ്ങൽ പ്രഖ്യാപനവും, മികച്ച റിസൾട്ടും, മറ്റ് ആഭ്യന്തര ഘടകങ്ങൾക്കൊപ്പം ഇന്ത്യൻ വിപണിക്ക് അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്. എങ്കിലും വിപണിയിൽ  ലാഭമെടുക്കലിനുള്ള സാധ്യതയും നിക്ഷേപകർ പരിഗണിക്കണം.     

ട്രംപിന്റെ മലക്കംമാറിയൽ

ട്രംപ് വിപണിയെ കൊണ്ട് എലിയും പൂച്ചയും കളിക്കുകയാണ്. ഇന്നലത്തെ ട്രംപിന്റെ മലക്കംമാറിയൽ ട്വീറ്റുകൾ  അമേരിക്കൻ വിപണിക്ക് ട്രംപിന്റെ മുൻദിവസത്തെ ട്വീറ്റ് കൊണ്ടുണ്ടായ നഷ്ടം നികത്താൻ സഹായിച്ചു. ഒരു ഡബിൾ ട്രില്യൺ ഡോളർ സ്റ്റിമുലസ് പാക്കേജിനപ്പുറം തന്റെ ഓരോ വോട്ടറുടെയും അക്കൗണ്ടിൽ 1200 ഡോളർ വീതം നിക്ഷേപിക്കാനാണ് ട്രംപിന് താല്പര്യം.  എന്നാൽ ഡമോക്രറ്റുകൾക്ക് വിശാലമായൊരു സ്റ്റിമുലസിന്റെ ക്രെഡിറ്റ് കിട്ടിയേക്കാമെന്നത് ട്രംപിനെ അസ്വസ്ഥനാക്കുന്നുണ്ട് ഡൗ ജോൺസ്‌ 1 .91% വും, നാസ്ഡാക്ക്‌ 1.88 %വും ഇന്നലെ മുന്നേറി.

നിഫ്റ്റി

അമേരിക്കൻ വിപണിവീഴ്ചയുടെ പശ്ചാത്തലത്തിലും  ഇന്നലെ തുടർച്ചയായ അഞ്ചാമത്തെ ദിനവും ഇന്ത്യൻ വിപണി നേട്ടത്തോടെ 11738 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചത് നിക്ഷേപകരുടെആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് നിഫ്റ്റി 11700 പോയിന്റ് കടക്കുന്നത്. 11800 പോയിന്റും, 12000 പോയിന്റുമാണ് നിഫ്റ്റിയുടെ അടുത്ത കടമ്പകൾ. 11600-11650 നിരക്കിൽ നിഫ്റ്റിക്ക് ശക്തമായ പിന്തുണ ലഭ്യമാകും. 22700 പോയിന്റിലും, 22400 ലും ബാങ്ക്നിഫ്റ്റിക്ക് പിന്തുണ ലഭ്യമാകും. 23130ലാണ് ബാങ്ക്നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ. ഓട്ടോ, ഐ ടി, ഇൻഫ്രാ, സിമെന്റ്, എഫ്എംസിജി മേഖലകൾ മുന്നേറ്റം തുടർന്നേക്കാം. ബാങ്കിങ്, ഫിനാൻഷ്യൽ  മേഖലകളും ശ്രദ്ധിക്കുക.

നാളത്തെ ആർബിഐയുടെ പ്രഖ്യാപനങ്ങളും, മറ്റ് ആഭ്യന്തരഘടകങ്ങളും അനുകൂലമാകുകയും, അമേരിക്കൻ സ്റ്റിമുലസ് പാക്കേജ് വിഷയത്തിൽ ട്രംപ് ഇനിയും മലക്കം മറിയാതിരിക്കുകയും ചെയ്താൽ  ഇന്ത്യൻ വിപണിയിലെ  മുന്നേറ്റ പ്രവണത ഈ ആഴ്ച കഴിഞ്ഞും മുന്നേറിയേക്കാം. എങ്കിലും  ആർബിഐ നടപടികളിൽ ശ്രദ്ധാലുവാകുന്നതാണ് അഭികാമ്യം.  

ഇന്ത്യൻ ഉത്തേജനം 

അനുയോജ്യമായ സാഹചര്യത്തിൽ ഇന്ത്യയിലും വിപുലമായ ഉത്തേജന പാക്കേജ് സർക്കാർ നടപ്പിലാക്കുമെന്ന ധനമന്ത്രാലയത്തിന്റെ മുതിർന്ന സാമ്പത്തിക ഉപദേശകനായ സഞ്ജീവ് സന്യാലിന്റെ പ്രസ്താവന വിപണിക്ക് ഏറെ പ്രതീക്ഷ നൽകുന്നു. ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിൽ കൂടുതൽ കേന്ദ്രനിക്ഷേപങ്ങളും, പദ്ധതി പ്രഖ്യാപനങ്ങളും വന്നേക്കാമെന്നത് ഇൻഫ്രാ, ക്യാപിറ്റൽ ഗുഡ്‌സ്, സിമെൻറ്, അഗ്രോ മേഖലകൾക്ക് അനുകൂലമാണ്.

ടിസിഎസും ഐടിയും

വിപണിയുടെ ഊഹങ്ങൾ ശരിവെച്ചു കൊണ്ട് ടിസിഎസ് 10 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമുള്ള ടിസിഎസ്സിന്റെ 16000 കോടി രൂപയ്ക്കുള്ള  ഓഹരികൾ 3000 രൂപനിരക്കിൽ കമ്പനി  തിരികെ വാങ്ങുമെന്ന പ്രഖ്യാപനം കമ്പനിയുടെ  ഓഹരി മൂല്യത്തിൽ  വൻ വളർച്ചയാണ്  കൊണ്ടു വന്നിരിക്കുന്നത്. സാങ്കേതികത്തികവിനായി കൂടുതൽ നിക്ഷേപം നടത്തിവരുന്ന ഈ സാഹചര്യത്തിൽ 7475 കോടി രൂപയുടെ അറ്റാദായവും, 40135 കോടി രൂപയുടെ പ്രവർത്തന വരുമാനവും ടാറ്റ കമ്പനി നേടിയത് വിപണിയുടെ പ്രതീക്ഷകൾക്കും അപ്പുറമാണ്.ഐടി മേഖലയും ഇന്ന്കുതിപ്പ്നേടും. വിപ്രോ ഒക്ടോബര് 13ന് ഓഹരി തിരികെ വാങ്ങൽ പരിഗണിക്കുന്നു. ട്രംപിന്റെ പുതിയ വിസ നിയമ പ്രഖ്യാപനം തെരെഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്.

കോവിഡ്-19 ഫാർമയ്ക്ക് മാത്രമല്ല ഐടിയ്ക്കും വൻ അവസരമാണൊരുക്കിയത്. കഴിഞ്ഞ ആറു മാസത്തിൽ നിഫ്റ്റി ഐടി സൂചിക 67 % മുന്നേറ്റം കരസ്ഥമാക്കിയപ്പോൾ  ഇതേ കാലയളവിൽ  നിഫ്റ്റി ഫാർമ സൂചികയ്ക്ക് 46.6% മുന്നേറ്റം നേടാനേ കഴിഞ്ഞുള്ളു.  മാർച്ചിൽ ലോക്ക് ഡൗൺ ആരംഭിച്ച ശേഷം ബിഎസ്ഇ ഐടി  സൂചികയിലെ 22 ഓഹരികൾ 100%വും പത്തോളം ഓഹരികൾ 200 %വും  നേട്ടം കരസ്ഥമാക്കിയപ്പോൾ മുൻ നിര ഐടി കമ്പനികളുടെ വളർച്ചയും ആശാവഹമാണ്. ഇന്ത്യൻ ഫാർമ-ഐടി സെക്ടറുകൾക്ക് കോവിഡ് പുതിയ വാതായനങ്ങളാണ് തുറന്നിരിക്കുന്നത്. കയറ്റുമതിയിലൂന്നി നിൽക്കുന്ന ഇരു സെക്ടറുകൾക്കും ഡോളർ ശക്തിപ്പെടുന്നത് അനുകൂലമാണ്. 

ആർബിഐ നയപ്രഖ്യാപനം നാളെ 

മാറ്റിവെയ്ക്കപ്പെട്ട ആർബിഐയുടെ നയപ്രഖ്യാപനം നാളെ നടക്കുന്നത് വിപണി പ്രതീക്ഷയോടെയാണ് കാണുന്നത്. അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താതെ വിപണിയിൽ  കൂടുതൽ പണലഭ്യത ഉറപ്പുവരുത്തന്നതിനും, ബാങ്കുകളുടെ വായ്പാ ശേഷി വർദ്ധിപ്പിക്കാനുമാകും കേന്ദ്ര ബാങ്ക് ശ്രമിക്കുക. ബാങ്കിങ്, എൻബിഎഫ് സി, റിയാലിറ്റി, സെക്ടറുകൾക്ക് മുന്നേറ്റം പ്രതീക്ഷിക്കാം. ഹൗസിങ് ലോൺ കമ്പനികൾ ശ്രദ്ധിക്കുക.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA