ADVERTISEMENT

അമേരിക്കൻ വിപണിയിലെ ഇന്നലത്തെ തുടർച്ചയായ നാലാംദിന മുന്നേറ്റം ലോക വിപണിയിൽ ഇന്നും ആവേശം നിലനിർത്തും. ഉത്തേജക പാക്കേജ് പ്രതീക്ഷകൾക്കൊപ്പം അമേരിക്കൻ തെരെഞ്ഞെടുപ്പ് ഫലത്തെകുറിച്ച് വിപണിക്ക് അമിത ആശങ്കകൾ  ഇല്ലാത്തതും വിപണിയിൽ വൻ ചുഴികൾക്ക് സാധ്യത കുറയ്ക്കുന്നു. 

എന്നാൽ ഏഷ്യൻ സൂചികകളുടെ ഇന്നത്തെ  സമ്മിശ്ര തുടക്കം ഇന്ത്യൻ സൂചികകൾക്കും ഒരു പതിഞ്ഞ തുടക്കം നൽകിയേക്കാം.  ബാങ്കിങ്ങിലെ വിൽപന വിപണിക്ക് കെണിയാണ്. എന്നാൽ മികച്ച രണ്ടാം പാദഫല പ്രഖ്യാപനങ്ങൾ വിപണിക്ക് അനുകൂലമായേക്കാം. ഐടി, എഫ്എംസിജി, ഫാർമ മേഖലകൾ ഇന്നും മുന്നേറ്റം പ്രതീക്ഷിക്കുന്നു.. 

ഇന്ത്യൻ വിപണിയും കാളക്കൂറ്റന്മാരും

എട്ടു ദിവസത്തെ തുടർച്ചയായ ‘’റാലി’’ക്ക് ശേഷം ഇന്ത്യൻ വിപണിയിലെ കാളക്കൂറ്റന്മാർ തളർന്ന് തുടങ്ങിയോ എന്ന ഭയം വിപണിയിൽ വന്നു തുടങ്ങിയിരിക്കുന്നു. ഇന്നലെ 12022 പോയിന്റിൽ തൊട്ട ശേഷം പിന്നോട്ടിറങ്ങിയ വിപണി രാജ്യാന്തര വിപണി പിന്തുണയിലാണ് 11931ൽ  ലാഭത്തിൽ വ്യാപാരമവസാനിപ്പിച്ചത്.12200 പോയിന്റിന് മുകളിൽ മാത്രമേ  നിഫ്റ്റിയിൽ അടുത്ത ‘’ബുൾ റാലി‘’ ആരംഭിച്ചേക്കൂ. 11850 ലും 11750 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത ശക്തമായ പിന്തുണ മേഖലകൾ.11950പോയിന്റിനും 12000 പോയിന്റിനുമിടയിൽ നിഫ്ടിയിൽ ശക്തമായ വില്പന സമ്മർദ്ദം ഇന്നും അനുഭവപെട്ടേക്കാം. 

മോറട്ടോറിയം കാലഘട്ടത്തിലെ പിഴ പലിശയിന്മേൽ സുപ്രീം കോടതിയുടെ ഇന്നത്തെ അഭിപ്രായ പ്രകടനങ്ങൾ വിപണിയുടെ ഒഴുക്കിനെ സ്വാധീനിക്കും. അതിശക്തമായ മുന്നേറ്റ കാരണങ്ങളില്ലാതെ വന്നാൽ, വിപണിയുടെ ആത്മ വിശ്വാസക്കുറവ് വിപണിയിൽ ഒരു ചെറു തിരുത്തലിന് തന്നെ കളമൊരുക്കിയേക്കാം. 

ഇന്ത്യൻ  സ്റ്റിമുലസ് 

സർക്കാർ ജീവനക്കാരുടെ ലീവ് ട്രാവൽ കൺസഷൻ ( എൽടിസി) ഭക്ഷ്യ ഇതര വസ്തുക്കൾ ഓൺലൈനിലൂടെ വാങ്ങാൻ അനുവദിക്കുന്നതിലൂടെയും, മറ്റ് സ്പെഷ്യൽ ഉത്സവ ബത്തകളിലൂടെയും 36000 കോടി രൂപ ഇന്ത്യൻ പൊതു  വിപണിയിൽ അധികമായി വരുന്നത്  എബിഎഫ്ആർഎൽ, ട്രെന്റ് ഓഹരികൾക്ക് അനുകൂലമാണ്.  സംസ്ഥാന സർക്കാരുകളുടെ ആസ്‌തി വികസനത്തിനായി അൻപത് വർഷത്തേക്ക് പലിശരഹിത വായ്പ അനുവദിക്കുന്നതും മറ്റും ഇൻഫ്രാ, സിമന്റ് മേഖലകൾക്ക് അനുകൂലമാണ്.

മോറട്ടോറിയം പലിശയും, വിപ്രോയുടെ റിസൾട്ടും 

ഇന്ന് സുപ്രീം കോടതി മോറട്ടോറിയം പലിശയിന്മേൽ വീണ്ടും സർക്കാരിന്റെ ഭാഗം ശ്രദ്ധിക്കുന്നതും, വിധിയെക്കുറിച്ചുള്ള ആശങ്കകളും ബാങ്കിങ് , ഫിനാൻഷ്യൽ മേഖലകളിൽ  ഇന്നലെ തന്നെ തിരുത്തൽ വരുത്തിക്കഴിഞ്ഞു. ബാങ്ക് നിഫ്റ്റി ഏഴു ദിവസത്തെ മുന്നേറ്റം ഇന്നലെ അവസാനിപ്പിച്ചു. ബാങ്കിങ് ഓഹരികളിൽ ഇന്ന് മികച്ച വിലകളിൽ വാങ്ങൽ തുടരാവുന്നതാണ്. 

വിപ്രോയുടെ രണ്ടാം പാദ സംഖ്യയിൽമേൽ വലിയ പ്രതീക്ഷയിലാണ് വിപണി. കമ്പനിയുടെ ഡോളർ വരുമാനവും , ഓർഡർ ബുക്കും മുന്നേറ്റം കുറിച്ചിട്ടുണ്ട് എന്നാണ് വിപണിയുടെ അനുമാനങ്ങൾ. ടാറ്റ എൽഎക്‌സിയും , ഇൻഫിയും , എച്സിഎൽ ടെകും മികച്ച രണ്ടാം പാദ ഫലങ്ങളുമായി ഈ ആഴ്ച വീണ്ടും ഐടിയുടേതാക്കി മാറ്റുമെന്ന് വിപണി പ്രത്യാശിക്കുന്നു. ഏതൊരു പോർട്ഫോളിയോയുടെയും 50% മെങ്കിലും ഐടി, ഫാർമ, ഓട്ടോ മേഖലകളിലായിരിക്കുന്നത് വളർച്ചക്ക് അഭികാമ്യമാണ്. 

പണപ്പെരുപ്പവും, വ്യവസായികോത്പാദനവും 

തുടർച്ചയായ ആറാം മാസവും ഇന്ത്യയുടെ വ്യവസായികോത്പാദനം മുൻ വർഷത്തെ അപേക്ഷിച്ച് കുറയുകയാണെന്ന് കണക്കുകൾ  സൂചിപ്പിക്കുന്നു. 2019 ഓഗസ്റ്റിൽ നിന്നും ഈ ഓഗസ്റ്റിൽ 8% മാണ് ഐഐപി ഡേറ്റ വീണത്. അതേസമയം സെപ്റ്റംബറിൽ ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക 7.34% മുന്നേറി. 6.6% ആയിരുന്നു ഓഗസ്റ്റിലെ ഉപഭോക്‌തൃ വില വർദ്ധനവ്.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com