ഓഹരികൾ മടക്കി വാങ്ങാനൊരുങ്ങി വിപ്രോയും ടിസിഎസും

HIGHLIGHTS
  • വിപ്രോ 9,500 കോടിയുടെയും ടിസിഎസ്‌ 16,000 കോടിയുടെയും ഓഹരികള്‍ തിരിച്ചെടുക്കും
Money-lot
SHARE

ഐടി സേവന കമ്പനികളായ വിപ്രോയും ടിസിഎസും ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ ഒരുങ്ങുന്നു. വന്‍ ഷെയര്‍ ബൈബാക്‌ ഓഫറുകളാണ്‌ ഇരു കമ്പനികളും പ്രഖ്യാപിച്ചിരിക്കുന്നത്‌. ഏകദേശം 9,500 കോടി രൂപ മൂല്യം വരുന്ന 23.75 കോടി ഓഹരികള്‍ തിരിച്ചെടുക്കാനാണ്‌ വിപ്രോയുടെ തീരുമാനം. മൊത്തം പെയ്‌ഡ്‌-അപ്‌ ഇക്വിറ്റി ഷെയറിന്റെ 4.16 ശതമാനത്തോളം വരുമിത്‌. തിരിച്ചെടുക്കുമ്പോള്‍ ഓഹരി ഒന്നിന്‌ 400 രൂപ വീതമാണ്‌ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്‌. വിപ്രോയുടെ ചൊവ്വാഴ്‌ചത്തെ ക്ലോസിങ്‌ നിരക്കായ 375.75 രൂപയേക്കാള്‍ 6.45 ശതമാനം കൂടുതലാണിത്‌ .

സെപ്‌റ്റംബറില്‍ അവസാനിച്ച പാദത്തില്‍ വിപ്രോയുടെ മൊത്തം വരുമാനം മുന്‍ പാദത്തിലെ അപേക്ഷിച്ച്‌ 1.4 ശതമാനം ഉയര്‍ന്ന്‌ 15,110 കോടിയും ലാഭം 3.2 ശതമാനം ഉയര്‍ന്ന്‌ 2,466 കോടി  രൂപയും ആയിട്ടുണ്ട്‌.

കഴിഞ്ഞ വര്‍ഷം 10,500 കോടി രൂപയുടെ ഓഹരികള്‍ വിപ്രോ തിരിച്ചെടുത്തിരുന്നു. ഓഹരി ഒന്ന്‌ 325 രൂപ നിരക്കില്‍ 33.3 കോടി ഓഹരികള്‍ ആണ്‌ കഴിഞ്ഞ വര്‍ഷം തിരിച്ചെടുത്തത്‌.

 ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ(ടിസിഎസ്‌)സും ഈ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 16,000 കോടി രൂപയുടെ ഓഹരികള്‍ മടക്കി വാങ്ങാനാണ്‌ ടിസിഎസിന്റെ തീരുമാനം. തിരിച്ചെടുക്കുമ്പോള്‍ ഓഹരി ഒന്നിന്‌ 3,000 രൂപ വീതം കമ്പനി നല്‍കും . ടിസിഎസ്‌ 5.33 കോടി ഓഹരികളാണ്‌ മടക്കി വാങ്ങുന്നത്‌. മൊത്തം പെയ്‌ഡ്‌ അപ്‌ ഇക്വിറ്റി ഷെയറുകളുടെ 1.42 ശതമാനത്തോളം വരുമിത്‌.

2018 ലും 16,000 കോടി രൂപ വരെ മൂല്യം വരുന്ന ഓഹരികള്‍ ടിസിഎസ്‌ മടക്കി വാങ്ങിയിരുന്നു. ടിസിഎസിന്റെ വിപണി മൂല്യം കഴിഞ്ഞ ദിവസം പത്ത്‌ ലക്ഷം കോടിക്ക്‌ മുകളില്‍ എത്തിയിരുന്നു. റിലയന്‍സിന്‌ ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയാണ്‌‌. ബൈബാക്ക്‌ ഓഫര്‍ നിര്‍ദ്ദേശത്തിന്‌ ഇരു കമ്പനികളുടെയും ബോര്‍ഡുകളുടെ അനുമതി ലഭിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA