ADVERTISEMENT

കഴിഞ്ഞ വാരം ഉത്തേജക പാക്കേജ് നീളുമെന്ന നിരാശയിൽ നഷ്ടം നേരിട്ട അമേരിക്കൻ വിപണിക്ക് ഈ ആഴ്ച വളരെ നിർണായകമാണ്. ഉത്തേജക പാക്കേജ്  നടപ്പിലാക്കാൻ ഡെമോക്രറ്റുകൾ  തയാറായേക്കില്ല എന്നതും, പുറത്തു വന്ന ആദ്യ ഘട്ട പ്രവർത്തനഫലങ്ങൾ പ്രതീക്ഷയ്ക്കൊത്തുയരാത്തതും, കോവിഡ് രണ്ടാം ഘട്ടം യു എസിലും, യൂറോപ്പിലും ആഞ്ഞടിക്കുന്നതും അമേരിക്കൻ തെരെഞ്ഞെടുപ്പ് വരെ ലോക വിപണിയെ മുന്നേറുന്നതിൽ നിന്നും തടഞ്ഞേക്കാം. ഈയാഴ്ചയിലും  ഉത്തേജക പാക്കേജ് തീരുമാനമായില്ലെങ്കിൽ തെരെഞ്ഞെടുപ്പ് ഫലം വരുന്നത് വരെ അമേരിക്കൻ വിപണിക്ക് നിർണായകമാണ്. ഉത്തേജക പാക്കേജ് ചർച്ചകൾ തന്നെയാവും അമേരിക്കൻ വിപണിയുടെ ഗതി നിർണയിക്കുക. 

എന്നാൽ 48 മണിക്കൂറിനുള്ളിൽ 1.8 ട്രില്യൺ ഉത്തേജക പാക്കേജിൽ തീരുമാനമാകണമെന്ന നാൻസി പെലോസിയുടെ അന്ത്യശാസനത്തിലാണ് ലോക വിപണിയുടെ ഇന്നത്തെ പ്രതീക്ഷ. നാളെയോടെ അമേരിക്കൻ ഉത്തേജക പാക്കേജ് തീരുമാനം ആകുമെന്ന പ്രതീക്ഷയിൽ ഏഷ്യൻ വിപണികളെല്ലാം ഇന്ന് വലിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയും  ഇന്ന്  നേട്ടത്തോടെ വ്യാപാരം ആരംഭിച്ചേക്കാം. 

നിഫ്റ്റി ഈയാഴ്ച 

മികച്ച  രണ്ടാംപാദ ഫല പ്രഖ്യാപനങ്ങളും, മോറട്ടോറിയം കേസിന്റെ തീരുമാനങ്ങളും, അമേരിക്കൻ ഉത്തേജക പ്രഖ്യാപനങ്ങളും, അനവസരത്തിലുള്ള ഇന്ത്യ-ചൈന പോർ വിളികളുമായിരിക്കും വരും ദിവസങ്ങളിൽ ഇന്ത്യൻവിപണിയുടെ ഗതി നിർണയിക്കുക. നിഫ്റ്റിയുടെ 11,600 പോയിന്റിലെ പിന്തുണ തകരാത്തിടത്തോളം ഇന്ത്യൻ വിപണിക്ക് മുന്നേറ്റ സാധ്യതയുണ്ട്. 11,700 ഉം, 11,640 പോയിന്റുമാണ് നിഫ്റ്റിയുടെ തൊട്ടടുത്ത പിന്തുണ മേഖലകൾ. 11,800, 11,860 പോയിന്റുകളിലും നിഫ്റ്റിക്ക് തടസം നേരിട്ടേക്കാം. 12,000 പോയിന്റ് എന്ന നിഫ്റ്റിയുടെ പ്രധാന കടമ്പ കടന്ന് 12,150 പോയിന്റിന് മുകളിൽ വ്യാപാരമവസാനിപ്പിച്ചാൽ  ഇന്ത്യൻവിപണിയുടെ അടുത്തഘട്ട മുന്നേറ്റത്തിന് സാധ്യത തെളിയുന്നു.

ബാങ്കിങ്, ഐടി, ഇൻഫ്രാ, എഫ്എംസിജി, ഉപഭോക്തൃ ഉൽപ്പന്നം, ഇലക്ട്രോണിക്സ്– നിർമാണ മേഖലകൾ ഈ വാരം മുന്നേറ്റം നേടുമെന്ന് പ്രതീക്ഷിക്കുന്നു.  വെള്ളിയാഴ്ച നാലു ശതമാനം  മുന്നേറ്റം നേടിയ ലോഹത്തിലും വിപണി പ്രതീക്ഷ വെയ്ക്കുന്നു. 

ബാങ്ക്നിഫ്റ്റിയുടെ അടുത്ത പിന്തുണ 23,000 പോയിന്റിലാണ്. എച് ഡിഎഫ്സി ബാങ്കിന്റെ മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ ബാങ്ക്നിഫ്റ്റിയിൽ ഇന്ന് ഗ്യാപ് അപ് ഓപ്പണിങ്ങിനാണ് സാധ്യത.പോളിപ്ലെക്സ്, ടിൻ പ്ലേറ്റ്, ഐഐഎഫ്എൽ , ടാറ്റ മോട്ടോഴ്‌സ്, ഇൻഫോസിസ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

എച്  ഡിഎഫ് സി  ബാങ്ക് 

മുൻ വർഷത്തിൽ നിന്നും 18.4% വർദ്ധനവോടെ 7513 കോടി രൂപയുടെ അറ്റാദായം നേടികൊണ്ട് ആദിത്യ പുരി ഉയർത്തിയ എച് ഡിഎഫ് സി ബാങ്ക് റിസൾട്ട് ഇന്ത്യൻബാങ്കിങ് കുതിപ്പിന് കാരണമായേക്കാം.ഇന്ത്യൻ ബാങ്കിങ് മേഖല വൻ കുതിപ്പിനൊരുങ്ങുകയാണെന്ന് കരുതുന്നു.

ടിസി എസ്സിനും, വിപ്രോക്കും, ഇന്‍ഫോസിസിനും പിന്നാലെ എച്ച്സിഎൽ ടെക്കും മികച്ച  റിസൾട്ടും ശമ്പളവർദ്ധനവും പ്രഖ്യാപിച്ചത് ഇന്ന് ഐടി മേഖലക്ക് തിരിച്ചു വരവ് നൽകിയേക്കും. മുൻപാദത്തിൽ നിന്നും 7% വർദ്ധനവോടെ കമ്പനി 3142 രൂപ ലാഭം നേടി. 

കോവിഡ് വാക്‌സിൻ 

ഓക്സ്ഫോർഡ്  യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനക്കയും ചേർന്ന് പുറത്തിറക്കുന്ന കോവിഡ് വാക്‌സിൻ  ക്രിസ്മസിനോടനുബന്ധിച്ച് പുറത്തിറക്കാനാവുമെന്ന ബ്രിട്ടീഷ് മെഡിക്കൽ ചീഫിന്റെ പ്രസ്‌താവന ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യയുടെ കോവിഡ് വാക്സിന്റെ  ക്ലിനിക്കൽ പരീക്ഷണങ്ങളും വരും മാസങ്ങളിൽ  നടക്കുമെന്ന കേന്ദ്ര  ആരോഗ്യ മന്ത്രിയുടെ പ്രസ്താവന  വിപണിക്ക് അനുകൂലമാണ്. 

ഓണം ആഘോഷത്തിന് ശേഷം കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത് പോലെ ഈ ഉത്സവ സീസൺ ഇന്ത്യക്കും വീണ്ടും വിനയാകുമോ എന്ന ആശങ്ക കേന്ദ്ര സർക്കാർ പങ്കു വെച്ച് കഴിഞ്ഞു.

എയർ കണ്ടിഷണർ ഇറക്കുമതി ലൈസൻസ് 

ചൈനയിൽ നിന്നുമുള്ള ഇലക്ട്രോണിക്സ് ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന പുതിയ ഇറക്കുമതി നിയന്ത്രണങ്ങൾ ഇന്ത്യയുടെ വ്യവസായികോത്പാദനം ഉയർത്തുമെന്ന കാര്യത്തിൽ തർക്കമില്ല. ടി വി സെറ്റുകൾ , ടയർ  എന്നിവക്ക് പിന്നാലെ റെഫ്രിജറന്റുകൾ ഘടിപ്പിച്ച ഏസികളെയും ഡി ജി എഫ് ടി  ഫ്രീ ലിസ്റ്റിൽ നിന്നും ഒഴിവാക്കി ഉത്തരവിറക്കിയത് ഇന്ത്യൻ എയർ കണ്ടിഷണർ ബ്രാൻഡുകൾക്ക് അടുത്ത വേനൽക്കാല വില്പനയിൽ മുന്നേറ്റം  നൽകും. വോൾട്ടാസ്,  ബ്ലൂ സ്റ്റാർ എന്നിവ വെള്ളിയാഴ്ച 4 %നു മുകളിൽ മുന്നേറ്റം .നേടിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രമുഖ എ സി നിർമ്മാണകമ്പനിയായ ആംബർ എന്റർപ്രൈസസ് 10 % മുന്നേറ്റമാണ് വെള്ളിയാഴ്ച കരസ്ഥമാക്കിയത്. ഓഹരിക്ക്  3500 രൂപ ദീർഘകാല ലക്‌ഷ്യം ഉറപ്പിക്കാവുന്നതാണ്.  ഇന്ത്യൻ ഇലക്ട്രോണിക് ഉല്പാദന മേഖല അടുത്ത രണ്ടു കൊല്ലത്തിനുള്ളിൽ അഭൂതപൂർവമായ മുന്നേറ്റം പ്രതീക്ഷിക്കുന്നു. അടുത്തതായി  കേബിൾ  മേഖല ശ്രദ്ധിക്കുക.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com