ADVERTISEMENT

ഉത്തേജക പാക്കേജ് ചർച്ചകൾ നീണ്ടുപോകുന്നതിലെ ആശങ്ക അമേരിക്കൻ സൂചികകളില്‍ ഇന്നലെയും പ്രകടമായി. മുന്നേറ്റത്തോടെ ആരംഭിച്ച ഡൗജോൺസ്‌ സൂചിക  0.35 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

യൂറോപ്യൻ വിപണികൾക്കും ഇന്നലെ വൻ വീഴ്ചയുടെ ദിനമായിരുന്നു. ഫ്രഞ്ച്സൂചികയായ കാക് ഇൻഡെക്സ് 1.53 ശതമാനം താഴ്ന്നു. ജർമനിയുടെ ഡാക്‌സ് സൂചികയും, ബ്രിട്ടന്റെ എഫ്ടിഎസ്ഇ സൂചികയും യഥാക്രമം 1.41 ശതമാനവും, 1.9 ശതമാനവും വീഴ്ച രേഖപ്പെടുത്തി. സിങ്കപ്പൂർ നിഫ്റ്റി ഒഴികെ മറ്റ് ഏഷ്യൻ വിപണികൾ എല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ സൂചികകൾക്കും ഇന്ന് ഒരു മങ്ങിയ തുടക്കം പ്രതീക്ഷിക്കുന്നു.

നിഫ്റ്റി

മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തോടെ ആരംഭിച്ച നിഫ്റ്റിക്ക് 12,000 പോയിന്റിൽ വീണ്ടും കാലിടറി. റിലയൻസിന് പിന്നാലെ വീണു തുടങ്ങിയ വിപണിക്ക് യൂറോപ്യൻ വിപണികളുടെ വീഴ്ച വലിയ തിരുത്തലാണ് നൽകിയത്. എന്നിട്ടും വിപണിയിൽ  നടന്ന ശക്തമായ വാങ്ങലിന്റെ പിൻബലത്തിൽ നിഫ്റ്റി തിരിച്ചു കയറി 0.34 ശതമാനം നേട്ടത്തോടെ 11,937 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചത് വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണിക്ക് നിർണായകമാകും. റിയാല്‍റ്റി മേഖലക്കൊപ്പം , ബാങ്കിങ്, മെറ്റൽ മേഖലകളിലെ തിരിച്ചുവരവാണ് വിപണിക്ക് നിർണായകമായത്. 11,860 , 11,750 പോയന്റുകളിലാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണ മേഖലകൾ. 12050 പോയിന്റ് നിഫ്റ്റിക്ക്  വളരെ പ്രധാനമാണ്. അടുത്ത ഊഴത്തിൽ വിപണി അത് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

മെറ്റൽ, ബാങ്കിങ്, ടെലികോം, റിയാലിറ്റി, സിമെൻറ്, ഇൻഫ്രാ മേഖലകളിലും ഇന്ന് മുന്നേറ്റം പ്രതീക്ഷിക്കുന്നു. അമേരിക്കൻ പാക്കേജിനൊപ്പം , ഇന്ത്യൻ സാമ്പത്തിക ഉത്തേജന നടപടികളും വിപണി പ്രതീക്ഷിക്കുന്നു. മികച്ച പാദഫലങ്ങളും, ഉത്സവ സീസണും ഇന്ത്യൻവിപണിയെ മുന്നോട്ട്  നയിക്കും. വ്യാവസായിക മേഖലയിലെ തിരിച്ചു വരവും, പുത്തൻ ഇറക്കുമതി നയങ്ങളും ഇന്ത്യൻവിപണിക്ക് അനുകൂലമാണ്.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ്

മുപ്പത് ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ്പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടി കമ്പോളത്തിൽ പണമെത്തിക്കുന്നത് എഫ്എംസിജി, ടെക്സ്റ്റൈൽ ഓഹരികൾക്ക് അനുകൂലമാണ്.

റിയൽ എസ്റ്റേറ്റ്

എസ്ബിഐ ഹൗസിങ് ലോണുകൾക്ക് പലിശകുറക്കുന്നത് റിയൽഎസ്റ്റേറ്റ് ഓഹരികളെ പിന്തുണക്കും. 25 ബേസിസ് പോയിന്റിന്റെ കുറവാണ് എസ്ബിഐ ഈ ഉത്സവസീസണിൽ ഹൗസിങ് ലോണുകൾക്ക് ഇളവ്പ്രഖ്യാപിച്ചത്. മറ്റ് ധനകാര്യസ്ഥാപനങ്ങളും നിരക്ക്  കുറയ്ക്കുന്നതും, ഐടി കമ്പനികളുടെയും ശമ്പള വർധനവും, കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങളും കൂടുതൽ ഭവന വില്പന സാധ്യമാക്കിയേക്കുമെന്നും വിപണി കരുതുന്നു. റിയാൽറ്റി മേഖല 4.4ശതമാനം മുന്നേറ്റം നേടി. ഒബ്‌റോയ് റിയാലിറ്റിയുടെ മികച്ച ഫലവും വിപണിക്ക് കരുത്ത് പകരുന്നു. ഡിഎൽഎഫ്, ഗോദ്‌റെജ്‌ പ്രോപ്പർട്ടീസ്, പ്രസ്റ്റീജ് മുതലായ ഓഹരികൾ പരിഗണിക്കാം. 

രണ്ടാം പാദഫല പ്രഖ്യാപനങ്ങൾ

ബജാജ് ഫിനാൻസ് കിട്ടാകട ഭീഷണി മറികടക്കുന്നതിനായി 1700 കോടിയുടെ കരുതൽധനം സ്വരൂപിച്ചതിനെ തുടർന്ന് കമ്പനിയുടെ അറ്റാദായം മുൻ രണ്ടാം പാദത്തിലെ1506 കോടിയിൽ നിന്നും 965 കൂടിയായി കുറഞ്ഞു. മുൻവർഷത്തെ കരുതൽധനം 594 കോടി രൂപ മാത്രമാണ്. വരുന്ന ഉത്സവകാലവും, ഷോപ്പിംഗ് സീസണും കമ്പനിക്ക് ഒരു മികച്ച മൂന്നാം പാദം സമ്മാനിക്കുമെന്നുറപ്പാണ്. ഓഹരി അടുത്ത ഇറക്കത്തിൽ തീർച്ചയായും പരിഗണിക്കാം.

113 ശതമാനം ലാഭവർധനയോടെ മിന്നുന്ന രണ്ടാം പാദഫലവുമായി കളം നിറഞ്ഞ അൾട്രാ ടെക് സിമെന്റ് ഈ മേഖലയ്ക്ക് വലിയ മുന്നേറ്റം നൽകി. എൽ& ടി ഇൻഫോടെക്, കെപിഐടി ടെക്നോളോജിസ്, ജിഎംഎം ഫോഡ്‌ലെർ, കോൾഗേറ്റ് പാമോലിവ്, ശാന്തി ഗിയേഴ്സ്, ഡിബി കോർപ്, ഐഇഎക്സ് മുതലായ  ഓഹരികളും ഇന്നലെ വിപണി പ്രതീക്ഷക്കൊത്ത രണ്ടാം പാദഫലപ്രഖ്യാപനങ്ങൾ നടത്തിയത് അനുകൂലമാണ്. 

ഇന്നത്തെ ഫലപ്രഖ്യാപനങ്ങൾ

ഏഷ്യൻ പെയിന്റ്, ബജാജ് ഓട്ടോ, എസ്ബിഐ കാർഡ്, ബജാജ് ഹോൾഡിങ്‌സ്, ബയോകോൺ, കൺഫോർജ്, ഇൻഫ്രാടെൽ, ഹെക്‌സാവെയർ, എൽ& ടി ഹൗസിങ് ഫിനാൻസ്, എംഫസിസ്, പ്രികോൾ, യൂക്കോ ബാങ്ക് മുതലായ ഓഹരികൾ ഇന്ന് രണ്ടാം പാദ ഫല പ്രഖ്യാപനങ്ങൾ നടത്തുന്നു.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com