ADVERTISEMENT

നവംബർ മൂന്നിന് മുൻപ് ഒരു ‘’സ്റ്റിമുലസ് പാക്കേജ് ‘’ സാധ്യമാണ് എന്ന നാൻസി പെലോസിയുടെ പ്രസ്താവനയിൽ വിശ്വസിച്ചാണ് അമേരിക്കൻ വിപണി വെള്ളിയാഴ്ച തിരികെ കയറിയത്. ഉത്തേജക പാക്കേജ് ആശങ്കയ്ക്കൊപ്പം ടെക്ഭീമന്മാരായ ആപ്പിൾ, ആമസോൺ, ആൽഫബെറ്റ്, ഫേസ്ബുക്ക് എന്നിവയുടെ ഫലപ്രഖ്യാപനങ്ങളും, അമേരിക്കൻ ജിഡിപി വിവരങ്ങളും ഈ ആഴ്ച പുറത്തു വരുന്നത് ലോക വിപണിക്ക് പ്രധാനമാണ്. ഏഷ്യൻ വിപണികള്‍ ഇന്നും നേരിയ നേട്ടത്തോടെ  വ്യാപാരം ആരംഭിച്ചത് ഇന്ത്യൻ വിപണിക്കും പ്രതീക്ഷയാണ്. നിഫ്റ്റി ഇന്നൊരു പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു.

നിഫ്റ്റി

കഴിഞ്ഞ ഒരു മാസം കൊണ്ട് 10800 പോയിന്റിൽ നിന്നും 12000 പോയിന്റിലേക്ക്  നടന്നു കയറിയ നിഫ്റ്റി  ഈയാഴ്ച 12000 എന്ന കടമ്പ കടന്ന്, 12150ന് മുകളിൽ വ്യാപാരമവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. 11600-11650 പോയിന്റാണ് നിഫ്റ്റിയുടെ ഏറ്റവും പ്രധാന പിന്തുണ മേഖല. നിഫ്റ്റിയുടെ ജനുവരിയിലെ ഉയർന്ന നിരക്കായ 12430 പോയിന്റ് വിപണിക്ക് ഇന്നത്തെ നിലയിൽ അപ്രാപ്യമല്ല. എഫ് & ഓ ക്ലോസിങും, മികച്ച റിസൾട്ടുകളും, ഉത്സവാന്തരീക്ഷവും  ഇന്ത്യൻ വിപണിക്ക് ഉണർവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കൻ തെരെഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ അടുത്ത രണ്ടാഴ്ച കാലത്തേക്ക് നിഫ്റ്റി 11680 പോയിന്റിനും 12150 പോയിന്റിനുമിടയിൽ ക്രമീകരിക്കപ്പെടുമെന്ന് കരുതുന്നു.  

നിഫ്റ്റി മിഡ് ക്യാപ് സൂചിക നിഫ്റ്റിയേക്കാൾ  വേഗത്തിൽ  മുന്നേറുന്നത് ശ്രദ്ധിക്കുക.  17400  പോയിന്റിലെ കടമ്പ കടന്നാൽ പിന്നെ ജനുവരിയിലെ  ഉയർന്ന  നിരക്കായ 18495 പോയിന്റാണ് ഇന്ത്യൻ മിഡ് ക്യാപ് സൂചികയുടെ ലക്‌ഷ്യം. ഇന്ത്യൻ വിപണിയിൽ ഇനി ഒരു മിഡ് ക്യാപ് റാലിയാണ്  പ്രതീക്ഷിക്കുന്നത്.   

വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കഴിഞ്ഞ ആഴ്ചയിലെ 7373  കോടി രൂപയുടെ അധിക നിക്ഷേപവും ഇന്ത്യൻ വിപണിക്ക് അനുകൂല സാഹചര്യമൊരുക്കി. ഈ ആഴ്ചയും വിദേശ ഫണ്ടുകളുടെ പിന്തുണ ഇന്ത്യൻ വിപണി പ്രതീക്ഷിക്കുമ്പോള്‍ ആഭ്യന്തര ഫണ്ടുകൾ വിപണിയിൽ വില്പന തുടരുന്നത് ആശങ്കയാണ്. ഈ ആഴ്ചയും റിയൽറ്റി , മെറ്റൽ , എനർജി , പവർ മേഖലകൾ മുന്നേറ്റം തുടരുമെന്ന് തന്നെ കരുതുന്നു. 

ഫ്യൂച്ചർ  ഗ്രൂപ്പ് - റിലയൻസ് ഡീൽ

 ഫ്യൂച്ചർ ഗ്രൂപ്പുമായുണ്ടായിരുന്ന മുൻ ധാരണകൾക്കെതിരായി ഫ്യൂച്ചർ  റീറ്റെയിലിന്റെ ആസ്തികൾ  റിലയൻസിന് വിറ്റതിനെതിരെ ആമസോൺ കൊടുത്ത പരാതിയിന്മേൽ നാളെ സിംഗപ്പൂരിൽ നടക്കുന്ന ആർബിട്രേഷന് മുന്നോടിയായി തൽക്കാലത്തേക്ക് ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്തി കൈമാറ്റം നിർത്തി വെക്കാൻ സിംഗപ്പൂർ ആസ്ഥാനമായ ആർബിട്രേറ്റർ ആവശ്യപ്പെട്ടു എന്ന വാർത്ത റിലയൻസ് , ഫ്യൂച്ചർ ഗ്രൂപ്പ് ഓഹരികൾക്ക് കെണിയാണ്. റിലയൻസിന്റെ റിസൾട്ട്  ഒക്ടോബർ മുപ്പതിന് പുറത്തു .വരും. ഇന്ന് റിലയൻസ് , ഫ്യുച്ചർ ഗ്രൂപ് ഓഹരികൾക്ക് സ്റ്റോപ്പ് ലോസ് ക്രമീകരിക്കാൻ  മറക്കാതിരിക്കുക.

ഇന്ത്യൻ ബാങ്കിങിലെ കുലപതി 

ആദിത്യ പുരി, തന്റെ എഴുപതാമത്തെ  വയസിൽ എച് ഡി എഫ് സി ബാങ്കിന്റെയും , ഇന്ത്യൻ ബാങ്കിങ്ങിന്റെയും ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതപെട്ട 25  വർഷത്തെ സേവനത്തിന്  ശേഷം ഇന്ന് വിരമിക്കുകയാണ്. മികച്ച രണ്ടാം പാദഫലപ്രഖ്യാപനത്തിലൂടെ ഇന്ത്യൻ ബാങ്കിങ് മേഖലക്ക് തന്നെ തിരിച്ചു വരവ് നൽകിയ ശേഷം തന്റെ തനതു ശൈലിയിൽ തന്നെയാണ് ഇന്ത്യൻ  ബാങ്കിങ്ങിന്റെ കുലപതി പടിയിറങ്ങുന്നത്. എച് ഡി എഫ് സി ബാങ്കിനെ  ലോകത്തിലെ  തന്നെ ഏറ്റവും മികച്ച ബാങ്കുകളിലൊന്നായി  ഉയർത്തിയ ശേഷമാണ് ആദിത്യ പുരി എന്ന അതികായൻ അടുത്ത ഉദ്യമത്തിനായി ഇറങ്ങുന്നത്.

ഇന്നത്തെ പ്രധാന റിസൾട്ടുകൾ 

കൊടക് മഹിന്ദ്ര ബാങ്ക് , എസ്ബിഐ ലൈഫ് , എം& എം ഫൈനാൻസ്,  ഫിനോലെക്സ് , ലക്ഷ്‌മി  മെഷീൻസ്, എയ്ഞ്ചൽ ബ്രോക്കിങ്, ടോറൻറ്  ഫാർമ, ടൈമെക്‌സ്‌ മുതലായ നാൽപതോളം കമ്പനികൾ ഇന്ന് രണ്ടാം പാദ ഫലപ്രഖ്യാപനം നടത്തുന്നു.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com