പെരുകുന്ന വൈറസ്, അകലുന്ന സ്റ്റിമുലസ് രണ്ടും വിപണിക്ക് വിനയാകും

HIGHLIGHTS
  • ഇന്ത്യയുടെ കോവിഡ് വാക്സിന്‍ പരീക്ഷണങ്ങൾ ഭുവനേശ്വറിൽ വെച്ച് നടക്കുന്നത് ലോക വിപണിക്ക് പ്രതീക്ഷയാണ്
mkt-down-2
SHARE

ലോകമാസകലം, പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും പെരുകുന്ന കോവിഡ് കേസുകൾക്ക് ഇന്നലെ ഓഹരി വിപണി പിഴയൊടുക്കി. യു എസ്സിൽ വെള്ളിയാഴ്ചയും , ശനിയാഴ്ചയും (80000 ന് മേൽ) റെക്കോർഡ് കോവിഡ് കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടതും, ഞായറാഴ്ച സ്പാനിഷ് സർക്കാർ നാഷണൽ എമർജൻസിയും, രാത്രികാല കർഫ്യുവും പ്രഖ്യാപിച്ചതും, ഇറ്റലിയിലെ ഭാഗിക ലോക് ഡൗൺ പ്രഖ്യാപനവും, ലോക വിപണിയുടെ ശ്രദ്ധ ഒരിക്കൽ കൂടി മുഴുവനായും കൊറോണ വ്യാപനത്തിലേക്ക് തിരിഞ്ഞത് വിപണിക്ക് വിനയായി.

നവംബർ മൂന്നിന് മുൻപായി സ്റ്റിമുലസ് ചർച്ച എങ്ങുമെത്തില്ല എന്ന വിപണിയുടെ ബോധ്യവും അമേരിക്കൻ വിപണിയിൽ ഇന്നലെ ജൂൺ മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ തിരുത്തൽ സമ്മാനിച്ചു. ഇലക്ഷന് മുന്നോടിയായി നടന്നില്ലെങ്കിലും അധികം താമസിയാതെ തന്നെ സാമ്പത്തിക ഉത്തേജന പാക്കേജ് പുതിയ പ്രസിഡന്റ് പ്രഖ്യാപിക്കുമെന്ന ധാരണ യുഎസ് വിപണിക്ക് തിരിച്ചു വരവ് നൽകിയേക്കാം. വ്യാഴാഴ്ച പ്രഖ്യാപിക്കുന്ന അമേരിക്കൻ ജിഡിപി സംഖ്യകളും, ഈയാഴ്ച പ്രഖ്യാപിക്കുന്ന ടെക് ഭീമന്മാരുടെ പാദഫലങ്ങളും അമേരിക്കൻ വിപണിയുടെ ഗതി നിർണയിക്കും. നഷ്ടത്തിൽ ആരംഭിച്ച ഏഷ്യൻ വിപണികളുടെ നഷ്‌ടം കുറഞ്ഞു വരുന്നത് ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ഇന്ത്യൻ വിപണികൾ ഇന്നും നേരിയ നഷ്ടത്തോടെ വ്യാപാരം ആരംഭിക്കുകയും, വിപണിയിൽ പതിയെ വാങ്ങൽ അനുഭവപ്പെടുകയും, സൂചികകൾ തിരിച്ചു വരികയും ചെയ്തേക്കാം.

നിഫ്റ്റി 

റിലയൻസിലെ വീഴ്ചയും, ജർമൻ സൂചിക വൻ നഷ്ടത്തിൽ തുടങ്ങിയതടക്കമുള്ള കാരണങ്ങളും ഇന്നലെ ഇന്ത്യൻ വിപണിക്ക് തിരുത്തൽ നൽകി.  നിഫ്റ്റിയുടെ ആഴ്ചയിലെ നേട്ടങ്ങളെല്ലാം ഒറ്റ ദിവസം കൊണ്ടില്ലതായി.

മെറ്റൽ, ഓട്ടോ, മീഡിയ മേഖലകൾക്കൊപ്പം ബാങ്കിങ്ങും, ഫാർമയും വലിയ നഷ്ടം നേരിട്ടതും, റിലയൻസിന്റെ വൻ വീഴ്ചയും ഇന്നലെ നിഫ്റ്റിയെ 11800 പോയിന്റിന് താഴെയെത്തിച്ചു. നിഫ്റ്റി 162 പോയിന്റ് കുറഞ്ഞു 11767  പോയിന്റിലും, സെൻസെക്‌സ് 540 പോയിന്റ് നഷ്ടത്തിൽ 40145 പോയിന്റിലും എത്തിച്ചു. എഫ്എംസിജി മേഖല മാത്രമാണ് പിടിച്ചുനിന്നത്. ബാങ്ക് നിഫ്റ്റി 403 പോയിന്റ് നഷ്ടം നേരിട്ടെങ്കിലും 24000 പോയിന്റിന് മുകളിൽ പിടിച്ചു നിന്നത് അനുകൂലമാണ്. കോട്ടക് മഹിന്ദ്ര ബാങ്ക് , ഇന്‍ഡസ് ഇൻഡ് ബാങ്ക് , ഐസിഐസി ഐ ബാങ്ക്, മാരുതി, ടാറ്റ മോട്ടോഴ്സ്, ലോറസ് ലാബ്സ്,  എച്ച്ഡി എഫ്സി ലൈഫ്, അമര രാജ ബാറ്ററിസ്  മുതലായ ഓഹരികൾ പരിഗണിക്കുക. എൻടിപിസി നവംബർ രണ്ടിന്  ഓഹരി തിരികെ വാങ്ങൽ പരിഗണിക്കുന്നത്  പൊതു മേഖല ഓഹരികൾക്ക്  നേട്ടമുണ്ടാക്കിയാക്കും. കണ്ടെയ്നർ കോർപറേഷൻ, പിഎഫ് സി, ബിപിസിഎൽ, ഐആർസിടിസി  മുതലായ ഓഹരികൾ പരിഗണിക്കാം. 

ഫ്യൂച്ചർ ഗ്രൂപ്- റിലയൻസ് ഡീൽ 

ആമസോണിന്റെ വാദഗതികൾ സിംഗപ്പൂരിലെ ആർബിട്രേറ്റർ അംഗീകരിച്ചു എന്നല്ല, തത്കാലത്തേക്ക് ഫ്യുച്ചർ ഗ്രൂപിന്റെ ആസ്തി വില്പന നിർത്തി വെക്കുക മാത്രമാണ് ഏറ്റെടുക്കൽ നടപടികൾ നിശ്ചിത സമയത്ത്  തന്നെ പൂർത്തിയാക്കുമെന്ന മുകേഷ് അംബാനിയുടെ പ്രസ്‌താവന വിപണി പൂർണമായും വിശ്വസിച്ചിട്ടില്ല എങ്കിലും ദീർഘ കാല നിക്ഷേപകർക്ക് ഇത് അവസരമാണ്. 

കോവാക്സിൻ & ഇന്ത്യൻ  സ്റ്റിമുലസ് 

ഇന്ത്യയുടെ കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട  പരീക്ഷണങ്ങൾ ഭുവനേശ്വറിൽ വെച്ച്  നടക്കുന്നത് ലോക വിപണിക്ക് തന്നെ പ്രതീക്ഷയാണ്. ഭാരത് ബയോ ടെക്കും , ഐസിഎംആറും സംയുക്തമായിട്ടാണ് കോവാക്സിൻ വികസിപ്പിച്ചത്. ഓക്സ്ഫോർഡ് വാക്‌സിന്  ക്രിസ്‌മസിന്‌ മുൻപായി എമർജൻസി അപ്പ്രൂവൽ ലഭ്യമാകുമെന്ന  വാർത്തയും വിപണിക്ക് അനുകൂലമാണ്.

ദീപാവലിക്ക് മുന്നോടിയായി മോഡി സർക്കാരും ഇന്ത്യൻ ഉത്തേജന പാക്കേദിന്റെ നാലാം ഘട്ടവുമായി വരുന്നു എന്ന സ്ഥിരീകരിക്കാത്ത വാർത്തകളും ഇന്ത്യൻ വിപണിയിലെ ഊഹക്കച്ചവട സാധ്യത ഉയർത്തുന്നു.

പാദ ഫലപ്രഖ്യാപനങ്ങൾ 

മുൻ വർഷത്തിൽ നിന്നും 26 % വർദ്ധനവോടെ കോട്ടക്  മഹിന്ദ്ര ബാങ്ക് 2185 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി. ഓഹരി മുന്നേറ്റം തുടർന്നേക്കും. ജെ എസ് ഡബ്ലിയു സ്റ്റീലിന്റെ അറ്റാദായം 37% ഇടിഞ്ഞത് ലോഹ ഓഹരികളിൽ വൻ വില്പനക്ക് വഴി വെച്ചു.

ടാറ്റ മോട്ടോഴ്‌സ് , അമര രാജ ബാറ്ററിസ്, എയർടെൽ, സിയറ്റ് , കാസ്ട്രോൾ , ഐസിഐസിഐ പ്രുഡൻഷ്യൽ , ജെ എം ഫിനാൻഷ്യൽ, ഓറിയന്റ് ബെൽ , ടി വി 18, സനോഫി  മുതലായ കമ്പനികൾ ഇന്ന് രണ്ടാം പാദ ഫല പ്രഖ്യാപനം നടത്തും.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA