ADVERTISEMENT

അമേരിക്കൻ ടെക്ഭീമന്മാരായ ആപ്പിളും , ആമസോണും, ഫേസ്ബുക്കും, ഗൂഗിളും മികച്ച ഫലപ്രഖ്യാപനങ്ങൾ നടത്തുമെന്ന നിക്ഷേപകപ്രതീക്ഷയിൽ ഇന്നലെ വിപണിയുടെ ആരംഭത്തിൽ ടെക് സൂചികയായ നാസ്‌ഡാക് മുന്നേറ്റം ആരംഭിച്ചു. അമേരിക്കൻ ജിഡിപി കണക്കുകൾ  വിപണി മുന്നേറ്റത്തിന്  ആക്കം കൂട്ടി. യൂറോപ്യൻ സൂചികകൾ ഇന്നലെ പിടിച്ചു നിന്നതും ആഗോള വിപണിക്ക് അനുകൂലമാണ്. ജർമനിയുടെ ഡാക്‌സ് സൂചിക 0.32 % നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ജൂണിലവസാനിച്ച രണ്ടാം പാദത്തിൽ 31 ശതമാനത്തിന് മേൽ ശോഷണം നേരിട്ട അമേരിക്കൻ ജിഡിപി ആ നഷ്ടം പൂർണമായും തിരികെ പിടിച്ചത് ലോക വിപണിയുടെ ആവേശം വർദ്ധിപ്പിക്കും. ആമസോൺ മുൻ വർഷത്തിൽ നിന്നും 37ശതമാനവും, ഫേസ്ബുക്ക് 22 ശതമാനവും, ആൽഫാബെറ്റ് ശതമാനവും വരുമാന വർധന പ്രഖ്യാപിച്ചു. ഏഷ്യൻ വിപണികൾക്ക് ഇന്ന് മോശം തുടക്കമാണ്. ഇന്ത്യൻ പതിഞ്ഞ  തുടക്കം പ്രതീക്ഷിക്കുന്നു.   

നിഫ്റ്റി 

എഫ്&ഓ ക്ലോസിങ് ദിനത്തിൽ നിഫ്റ്റിക്ക് 11700 പോയിന്റിന് മുകളിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ പോയത് വിപണിക്ക് അനുകൂലമല്ല. ഐടിയും, എനർജിയുമൊഴികെ മറ്റെല്ലാ മേഖലകളും നഷ്ടത്തിലാണ് അവസാനിച്ചത് എഫ്എംസിജി, ഫാർമ, മെറ്റൽ, ഓട്ടോ മേഖലകളിലെ തിരുത്തലിനൊപ്പം എൽ&ടിയുടെയും, ടൈറ്റന്റെയും, മാരുതിയുടെയും, ആക്സിസ് ബാങ്കിന്റെയും വീഴ്ചകളും വിപണിക്ക് വിനയായി. ആഭ്യന്തര നിക്ഷേപകർക്കൊപ്പം വിദേശ ഫണ്ടുകളും ഇന്നലെ വില്പനക്കാരായത് വിപണിക്ക് ക്ഷീണമായി, 11600- 11650, 11700  പോയിന്റുകളിൽ നിഫ്റ്റി ഇന്നും പിന്തുണ പ്രതീക്ഷിക്കുന്നു. 

ബാങ്കിങ് , ഓട്ടോ , മെറ്റൽ , ഫാർമ മേഖലകളും ഇന്ന് ഐടി , എനർജി മേഖലകൾക്കൊപ്പം മുന്നേറ്റം നേടുമെന്ന് കരുതുന്നു. റിലയൻസ്,ഏഷ്യൻ പെയിന്റ്സ്, ലോറസ് ലാബ്സ്, ഗ്രാന്യൂൾസ്, പിഡിലൈറ്റ്, ഹാവെൽസ്, ചോളമണ്ഡലം, ടാറ്റ മോട്ടോഴ്സ് , ഇൻഡിഗോ , എബിഎഫ്ആർഎൽ, കാനറാ ബാങ്ക്, ഐഡിയ മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

രണ്ടാം പാദ ഫലങ്ങൾ  

മാരുതി വീണ്ടും ലാഭകണക്കുകൾ പുറത്തു വിട്ടത് വാഹന മേഖലക്ക് തന്നെ ഗുണകരമാണ്.  മാരുതിയുടെ അറ്റാദായം മുൻ വർഷത്തിൽ നിന്നും  ഒരു ശതമാനം വളർച്ചയോടെ 1371 കോടിയായത് ഓഹരിയെ ആകർഷകമാക്കുന്നു. കമ്പനിയുടെ മൊത്തവരുമാനം 10% വർദ്ധിച്ച് 18744 കോടിയായി ഉയർന്നു. മാരുതിയുടെ ഈ മാസത്തെ വില്പന സംഖ്യ മികച്ചതാകുമെന്ന് കരുതുന്നു. നടപ്പു പാദത്തിൽ വൻവില്പന വർധന ലക്ഷ്യമിടുന്ന ഇന്ത്യയുടെ സ്വന്തം കാർ കമ്പനിയെ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

ലോറസ് ലാബ്സും, ഹാവെൽസും, മികച്ച രണ്ടാം പാദ ഫലങ്ങളാണ് പുറത്തു വിട്ടത് ഇരു ഓഹരികളും ദീർഘ കാല നിക്ഷേപത്തിനായി പരിഗണിക്കുക.  റിലയൻസ് , ഇൻഡസ് ഇൻഡ് ബാങ്ക് , യുപിഎൽ, ഐ ഓ സി , ജിൻഡാൽ സ്റ്റീൽ , ജസ്റ്റ് ഡയൽ , എൻഐഐടി ലിമിറ്റഡ്, മോത്തിലാൽ ഒാസ്വാൾ, ഐഎഫ്ബി , ഡിക്‌സൺ ടെക്നോളോജിസ്, ഡിഎൽഎഫ്,  ഇന്റലെൿറ്റ് ഡിസൈൻ എന്നിവയടക്കം നൂറോളം കമ്പനികൾ ഇന്ന് രണ്ടാം പാദ ഫല പ്രഖ്യാപനം നടത്തുന്നു.

റിലയൻസ്: രണ്ടാംപാദ വിപണി  പ്രതീക്ഷകൾ

റിലയൻസ് ഇന്ന്  രണ്ടാം പാദ ഫല പ്രഖ്യാപനത്തിനൊരുങ്ങുമ്പോൾ കമ്പനിയുടെ മൊത്ത വരുമാനത്തിലും, ലാഭത്തിലും വൻ വർധനവാണ് വിപണി പ്രതീക്ഷിക്കുന്നത്. മുൻ പാദത്തിൽ നിന്നും ഏഴു ശതമാനത്തിന് മുകളിൽ എബിറ്റും, 20 ശതമാനമെങ്കിലും മൊത്ത വരുമാനവും വളരുമെന്നും വിപണി പ്രത്യാശിക്കുന്നു.  ജിയോയിലും, പെട്രോകെമിക്കലിലും വൻ ലാഭം പ്രതീക്ഷിക്കുമ്പോൾ തന്നെ റീറ്റെയിലിൽ ലാഭ സ്ഥിരതയാണ് വിപണി പ്രതീക്ഷിക്കുന്നത്.    

ക്രൂഡ് ഓയിൽ 

കൊറോണ വ്യാപന ഭീതിയിൽ ബാരലിന് 35 ഡോളറിലേക്ക്  വീണ അമേരിക്കൻ ക്രൂഡ് വില അമേരിക്കൻ  ജിഡിപി സംഖ്യകളുടെ പിൻബലത്തിൽ തിരിച്ചു കയറി. ക്രൂഡ് വില 30 ഡോളറിലേക്ക് ഇറങ്ങിയേക്കാവുന്നത് ഇന്ത്യൻ വിപണിക്കനുകൂലമാണ്.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com