വൈറ്റ് ഹൗസിന്റെ പുതിയ അവകാശിയാര്? ലോകവിപണിയിൽ ആശങ്ക

HIGHLIGHTS
  • ഇന്ത്യൻ വിപണിക്കു നല്ല തുടക്കത്തിനു സാധ്യത
business-boom-donald-trump-joe-biden-us-presidential-elections
SHARE

അമേരിക്ക നാളെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമ്പോൾ  ലോക വിപണി ആകാംക്ഷയിലും, ആശങ്കയിലുമാണ്. ജോബൈഡൻ വൈറ്റ് ഹൗസിന് പുതിയ അവകാശിയാകുമോ അതോ ട്രംപ് തുടരുമോ എന്നതിനുമപ്പുറം അമേരിക്കൻ ഉത്തേജക പാക്കേജ് എന്ന് പാസാവുമെന്നതാണ് വിപണിയുടെ ചോദ്യം. അത് കൊണ്ട് തന്നെ തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്  പിന്നാലെ തന്നെ ഈ ചർച്ചകൾക്ക് ചൂട് പിടിക്കുമെന്നത് ലോക വിപണിക്ക് അനുകൂലമാണ്.  ഒക്ടോബർ  പന്ത്രണ്ടിന്  തുടങ്ങിയ അമേരിക്കൻ വിപണി വീഴ്ച ഇനിയും തുടർന്നേക്കില്ല. ഏഷ്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചത് ഇന്ത്യൻ വിപണിക്കും നല്ല തുടക്കം നൽകും. 

ഇന്ത്യൻ  വിപണി 

തുടർച്ചയായ മൂന്ന് നഷ്ടദിനങ്ങളുടെ ആഘാതത്തിൽ നിഫ്റ്റി  കഴിഞ്ഞയാഴ്ച രണ്ടര ശതമാനം നഷ്ടത്തോടെ 11642 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. പൊതു മേഖല ബാങ്ക് , ഓട്ടോ, മെറ്റൽ മേഖലകൾ  4 ശതമാനത്തിന് മേൽ നഷ്ടം നേരിട്ടപ്പോൾ,  ഐ ടി, ഫാർമ, എഫ്എംസിജി മേഖലകളും വിപണിയുടെ വീഴ്ചയുടെ ആഘാതം വർദ്ധിപ്പിച്ചു. വെള്ളിയാഴ്ച മാത്രം 213 പോയിന്റിന്റെ ചാഞ്ചാട്ടം രേഖപ്പെടുത്തിയ നിഫ്റ്റിയുടെ ഈ  ആഴ്ചയിലെ സഞ്ചാരവ്യാപ്തി വളരെ വലുതായിരിക്കുമെന്ന് കരുതുന്നു.  11530 ലും, 11450 പോയിന്റിലുമാണ്  നിഫ്റ്റിയുടെ പ്രധാന പിന്തുണ മേഖലകൾ.  

മികച്ച പാദഫലങ്ങളുടെയും, വില്പനവിവരങ്ങളുടെയും പിൻബലത്തിൽ ഓഹരികളും, മേഖലകളും നടത്തുന്ന മുന്നേറ്റം കരുത്താകും.  11600 പോയിന്റിന് താഴെ വിപണി കരടികളുടെ പിടിയിലായേക്കും. 11750 പോയിന്റിന്മേൽ മുന്നേറ്റ പ്രവണത കാണിക്കുമെങ്കിലും11900 കടമ്പയാണ്. 

ഒക്ടോബർ ‘’ബംപർ’’ വാഹന വില്പന.

ഒക്ടോബറിലെ റെക്കോർഡ് വാഹന വില്പന ഇന്ത്യൻ വാഹന വിപണിയുടെ യാത്ര സൂചികയാണ്. പ്രതീക്ഷിച്ചിരുന്നത് പോലെ റെക്കോർഡ് വിൽപ്പനയുമായി ഹീറോ മോട്ടോഴ്സ് കളം  നിറഞ്ഞു. 8.06 ലക്ഷം ബൈക്കുകളാണ് ഹീറോ കഴിഞ്ഞ മാസം വിറ്റത്. മുൻ വർഷത്തിൽ നിന്നും 35 % വളർച്ച. സെപ്റ്റംബറിൽ ഏഴു ലക്ഷത്തിൽ താഴെയായിരുന്നു ഹീറോയുടെ വില്പന. ടാറ്റ മോട്ടോഴ്സിന്റെ കാർ  വിൽപന മുൻ വർഷത്തിൽ നിന്നും 79% വർദ്ധനവോടെ 23,600 യൂണിറ്റിലെത്തിയത് വിപണി പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. കഴിഞ്ഞ മാസം ടാറ്റ 21200 കാറുകൾ വിറ്റിരുന്നു. മികച്ച മോഡലുകളുടെയും , കൃത്യമായ ഇടവേളകളിൽ പുതിയ വാഹനങ്ങൾ അവതരിപ്പിക്കുന്നതിന്റെയും പിൻബലത്തിൽ ടാറ്റ കാറുകളുടെ വില്പന നവംബറിലും, ഡിസംബറിലും മുന്നേറുക തന്നെ ചെയ്യുമെന്നതും ഓഹരിയെ ആകർഷകമാക്കുന്നു. മാരുതി, മഹിന്ദ്ര,ഐഷർ എന്നിവയെല്ലാം മുന്നേറിയതും വിപണിക്ക് പ്രതീക്ഷയാണ് 

പാദഫലങ്ങൾ 

ജിയോയുടെ ലാഭം 13% മുന്നേറിയെങ്കിലും കമ്പനിയുടെ എണ്ണയിൽ നിന്നുമുള്ള വരുമാനത്തിൽ  വന്ന കുറവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ പാദത്തിലെ അറ്റാദായം മുൻവർഷത്തിൽ നിന്നും  6.6% കുറഞ്ഞുവെങ്കിലും  വിപണി പ്രതീക്ഷിച്ചിരുന്ന 1 .11 ലക്ഷം കോടിക്ക് മേൽ  വരുമാനം വന്നത് ഓഹരിക്ക് അനുകൂലമാണ്.

ഐസിഐസിഐ ബാങ്കിന്റെ  കഴിഞ്ഞപാദത്തിലെ അറ്റാദായം കോവിഡ് കരുതൽധനം മാറ്റി വെച്ച  ശേഷവും  4251 കോടിയായി ഉയർന്നത് ബാങ്കിനെ ആകർഷകമാക്കുന്നു.ബാങ്കിന്റെ ഫീസിനത്തിലുള്ള വരുമാനം 49 ശതമാനവും,പലിശവരുമാനം 16% വും മുന്നേറ്റം നേടി. ഓഹരിക്ക് 550 രൂപ ദീർഘകാല ലക്‌ഷ്യം ഉറപ്പിക്കാം. ഐഓസിയുടെ കണ്ണഞ്ചിക്കുന്ന രണ്ടാംപാദ ഫലത്തിന്റെയും, ഹിന്ദ് പെട്രോയുടെ ഓഹരി തിരികെ വാങ്ങൽ വാർത്തയുടെയും പിൻബലത്തിൽ എനർജി സെക്ടർ മുന്നേറിയത് ശ്രദ്ധിക്കാം.

എച് ഡി എഫ് സി ലിമിറ്റഡ്,  ശ്രീ റാം സിറ്റി യൂണിയൻ, ബന്ധൻ  ബാങ്ക്, പിഎൻബി, സിറ്റി യൂണിയൻ ബാങ്ക് , സീ ലിമിറ്റഡ് , വണ്ടർലാ, കാഡില ഹെൽത്ത് കെയർ, ഫൈസർ ,വോക്കർട് ഫാർമ ,കൊറൊമാൻഡൽ , കെഇഐ, എൻടിപിസി ,  പിഎൻസി ഇൻഫ്രാ, രാംകോ സിമെന്റ്, എസ്കോര്ട്സ്,  ഓൺ മൊബൈൽ,ഓട്ടോമോട്ടീവ് ആക്സിൽസ്, മുതലായവയടക്കം അറുപതോളം  കമ്പനികൾ  ഇന്ന് ഫലപ്രഖ്യാപനം  നടത്തുന്നു.

ഇന്ത്യയുടെ ധനകമ്മിയും ജിഎസ് ടിയും 

രാജ്യത്തിൻറെ  വരവും ചെലവും തമ്മിലുള്ള അകലം വർദ്ധിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ഉല്പാദനരംഗം രക്ഷപെടാത്തത്  2020-2021 വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ ധനകമ്മി 115% ആയി ഉയർത്തി. രാഷ്ട്രത്തിന്റെ ചെലവുകൾ ബജറ്റ് അനുസരിച്ച് തന്നെ നീങ്ങുമ്പോൾ ബജറ്റ് വരുമാനത്തിന്റെ ലക്‌ഷ്യം തെറ്റുന്നത് വിനയാണ്. എങ്കിലും മാസങ്ങൾക്ക് ശേഷം വീണ്ടും ഒക്ടോബറിലെ  ജിഎസ് ടി സമാഹരണം  ഒരു ലക്ഷം കോടി കടന്നത് ശുഭ ലക്ഷണമാണ്.  

സ്വർണം 

രാജ്യാന്തര വിപണിയിൽ സ്വർണ വില ദീർഘകാല മുന്നേറ്റം നേടുമെങ്കിലും, തത്കാലത്തേക്ക് ഔൺസിന് 1770 ഡോളറിനും, 1970 ഡോളറിനുമിടയിൽ ക്രമീകരിക്കപ്പെടാനാണ് സാധ്യത. അടുത്ത ദിവസം നടക്കുന്ന അമേരിക്കൻ തെരെഞ്ഞെടുപ്പിൽ  ട്രംപ് പരാജയപ്പെട്ടാൽ സ്വർണ വില ഇടിഞ്ഞേക്കാമെന്നും കരുതുന്നു. ട്രംപിന്റെ രാജ്യാന്തര, വ്യാപാരനയങ്ങൾ രാജ്യാന്തര ബന്ധങ്ങളിലുണ്ടാക്കിയ ഉലച്ചിലുകളാണ് സ്വർണത്തിന് കോവിഡിന് മുൻപ് മുന്നേറ്റം നൽകിയിരുന്നത്. ട്രംപ് വിജയിച്ചാൽ തന്റെ പിടിച്ചടക്കൽ നയങ്ങളുമായി മുന്നോട്ട് പോകുന്നത് സ്വർണത്തിന് മുന്നേറ്റം നൽകും.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA