അമേരിക്കൻ വോട്ടെണ്ണൽ ആഘോഷമാക്കി വിപണി

HIGHLIGHTS
  • അമേരിക്കയിൽ ആര് ആശങ്ക പെരുകുന്നു
us%20election
SHARE

ജോ ബൈഡൻ ക്യാമ്പിലെ ശുഭാപ്തി വിശ്വാസം അമേരിക്കൻ വിപണിയിൽ ഇന്നലെ ഒരു ദീപാവലിയൊരുക്കി. ഏഷ്യൻ, യൂറോപ്യൻ  ഓഹരി വിപണികളും മുന്നേറ്റമാണ് കാഴ്ച വച്ചത്. ചില സംസ്ഥാനങ്ങളിലെ വോട്ടിങ് നിലയിൽ സംശയം പ്രകടിപ്പിച്ച് ട്രംപ് സുപ്രീം കോടതി കയറാനൊരുങ്ങുന്നു എന്ന വാർത്ത  യൂറോപ്യൻ വിപണികൾക്ക് മങ്ങിയ തുടക്കം നൽകിയെങ്കിലും പിന്നീട് ജർമൻ സൂചിക 1 .95%വും, ഫ്രഞ്ച് സൂചിക 2.44 % വും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  ടെക് ഭീമന്മാരുടെ അഭൂതപൂർവമായ മുന്നേറ്റം നാസ്ഡാകിന് 4%ന് മേൽ നേട്ടം നല്കിയപ്പോൾ ഡൗ ജോൺസ്‌ 2.21% നേട്ടം സ്വന്തമാക്കി.

ജോ ബൈഡൻ വളരെ വിശാലമായ ഒരു ഉത്തേജക പാക്കേജ് കൊണ്ട് വരുമെന്ന വിപണിയുടെ ഉറപ്പും, ട്രംപ് വിജയിച്ചാൽ അത് അനന്തമായി നീളുമെന്ന സംശയവുമാണ് ജോ ബൈഡന്റെ മുന്നേറ്റം വിപണിക്ക് അനുകൂലമാക്കുന്നത്. പെൻസിൽവാനിയ പോലുള്ള സംസ്ഥാനങ്ങളിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയിട്ടെയുള്ളുവെന്നത്  അവസാന ഫലപ്രഖ്യാപനം വൈകിക്കുമെന്ന  സൂചനയാണ് തരുന്നത്. കൂടാതെ ട്രംപ് തെരെഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി നിയമയുദ്ധത്തിനൊരുങ്ങുന്നത് വിപണിക്ക് ആശങ്കയാണ്.  

ഡൗ ജോൺസ്‌ ഫ്യൂച്ചറും , നാസ്ഡാക് ഫ്യൂച്ചറും  മുന്നേറിയതും, ഏഷ്യൻ വിപണികളുടെ വൻ മുന്നേറ്റത്തോടെയുള്ള  തുടക്കവും ഇന്ത്യൻ വിപണിയിലും പ്രതീക്ഷ നൽകുന്നു. 

ഇംഗ്ലീഷ്  ലോക്ക്ഡൗൺ

ഇന്ന് മുതൽ ഡിസംബർ രണ്ടു വരെ നീളുന്ന ലോക്ക് ഡൗൺ ഇംഗണ്ടിൽ ആരംഭിക്കുന്നത് വിപണിക്ക് നല്ല സൂചനയല്ല. ഇംഗ്ലണ്ടിൽ മരണ നിരക്കും ഉയരുകയാണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ പലതും ഭാഗികമായ ലോക്ക് ഡൗണിൽ തന്നെയാണ്. 

നിഫ്റ്റി 

സെൻസെക്‌സ് 355 പോയിന്റ് നേട്ടത്തോടെ 40616 ലും , നിഫ്റ്റി 95 പോയിന്റ് നേട്ടത്തോടെ 11908 പോയിന്റിലും വ്യാപരാമവസാനിപ്പിച്ച ഇന്നലെ ഐ ടി , ഓട്ടോ , ഫാർമ സെക്ടറുകൾക്കൊപ്പം റിലയൻസും, സൺ  ഫാർമയും ഇന്ത്യൻ വിപണിക്ക് താങ്ങായി. മുൻ ദിവസത്തെ നേട്ടക്കാരായ ബാങ്കിങ് , ഫിനാൻഷ്യൽ, മെറ്റൽ സെക്ടറുകൾ ഇന്നലെ നഷ്ടം നേരിട്ടു.  നിഫ്റ്റിക്ക് 12000 പോയിന്റിന്റെ കടമ്പ കടക്കാനാകുമോ എന്നും വിപണി ഉറ്റു നോക്കുന്നു. 11830 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത ശക്തമായ പിന്തുണ മേഖല. 

ബാങ്ക് നിഫ്റ്റി ഇന്നലത്തെ ആദ്യ സെഷനിൽ വലിയ നഷ്ടമുണ്ടാക്കിയെങ്കിലും എസ്ബിഐയുടെയും, കൊടക് മഹിന്ദ്ര ബാങ്കിന്റെയും, ഇൻഡസ് ഇൻഡ് ബാങ്കിന്റെയും പിന്തുണയിൽ അവസാന മണിക്കൂറിൽ നേട്ടം കുറിച്ചു. 23900 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത പിന്തുണ.     

പാദഫലങ്ങൾ 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ വർഷത്തിൽ നിന്നും 52% ലാഭ വളർച്ചയോടെ  4574 കോടി രൂപ നേടിയെങ്കിലും   മുൻ വർഷത്തെ മൂന്നാം പാദത്തിലെ 5583 കോടി രൂപയിൽ  നിന്നും ആയിരം കോടി രൂപ കുറവാണ് ഇത്തവണത്തെ അറ്റാദായമെന്നത് വിപണിയുടെ ആശങ്കയാണ്.  4189 കോടി രൂപയാണ് കഴിഞ്ഞ പാദത്തിലെ ബാങ്കിന്റെ അറ്റാദായം. കരുതൽ ധനം കുറച്ചതും, പലിശ വരുമാനം വർധിച്ചതുമാണ് ഭേദപ്പെട്ട പാദഫല  പ്രഖ്യാപനത്തിന് ബാങ്കിനെ പ്രാപ്തമാക്കിയത്. അദാനി പോർട്സ്, അദാനി എന്റർപ്രൈസസ്, ജ്യോതിലാബ്‌സ് മുതലായ മികച്ച ഫലപ്രഖ്യാപനങ്ങൾ വിപണിക്ക് കരുത്തായി

കണ്ടെയ്നർ കോർപറേഷൻ , എ ബി ബി , ആദിത്യ ബിർള ക്യാപിറ്റൽ , അദാനി പവർ , ബജാജ് ഇലക്ട്രിക്ക് ,ഗോദ്‌റെജ്‌ കൺസ്യൂമർ ,  ബെർജർ പെയിന്റ് , സോമെനി സെറാമിക്സ് , ഡാൽമിയ ഭാരത് അരബിന്ദോ ലാബ്സ്, ബിർള സോഫ്റ്റ് ,ടോറന്റ്  പവർ, ഗുജറാത്ത്  ഗ്യാസ് , ജംനാ ഓട്ടോ, ഐനോക്‌സ് ലെഷർ, ട്രെന്റ് , സ്‌പെൻസർ മുതലായ ഓഹരികളടക്കം നൂറിൽപരം കമ്പനികൾ  ഇന്ന് പാദഫലപ്രഖ്യാപനം  നടത്തുന്നു.  

സ്വർണം 

ഡെമോക്രാറ്റുകളുടെ കാലഘട്ടത്തിൽ സ്വർണം സാധാരണ നിലയിൽ ശക്തിപ്രാപിക്കാറില്ല. 2012 മുതൽ നാലുകൊല്ലം കൊണ്ട് രാജ്യാന്തര വിപണിയിൽ ഔൺസിന് 1700 ഡോളറിന്  മുകളിൽ നിന്നും  സ്വർണവില 1100 ഡോളറിൽ താഴെ വിലയിലെത്തി. എന്നാൽ ട്രംപ് അധികാരത്തിലിരുന്ന 2016 മുതലുള്ള നാലു കൊല്ലം കൊണ്ട് രാജ്യാന്തര വിപണിയിൽ സ്വർണ വില 1100 ഡോളറിൽ നിന്നും 2100 ഡോളറിലേക്കെത്തി. നോർത്ത് കൊറിയയുമായുള്ള ട്രംപിന്റെ വടംവലികളും, ചൈനയുമായുള്ള വ്യാപാര യുദ്ധവും അവസാനം കൊറോണയും സ്വർണത്തെ റെക്കോർഡ് ഉയരത്തിൽ എത്തിച്ചു. ട്രംപ് വന്നാൽ ലോക ക്രമം വീണ്ടും അസ്ഥിരപ്പെടുമെന്നും സ്വർണം കയറുമെന്നും വിലയിരുത്തപ്പെടുന്നു.  ജോ ബൈഡൻ എന്ന ‘’ഡെമോക്രാറ്റ്’’ സ്വർണത്തിന് അത്ര അഭിമതനല്ല.

English Summary : U S Election and Indian Share Market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA