വിജയം ബൈഡന്റെ കൈയെത്തും ദൂരത്ത് , ഇന്ത്യൻ വിപണിയിലും ഉൽസാഹത്തിമിർപ്പ്

HIGHLIGHTS
  • 200 ലേറെ കമ്പനികളുടെ പ്രവർത്തന ഫലം ഇന്ന്
Joe Biden | Donald Trump | (Photos by ANGELA  WEISS and MANDEL NGAN / AFP)
SHARE

ജോ ബൈഡൻ അധികാരത്തിലേറിയാലും സെനറ്റിൽ റിപ്പബ്ലിക്കന്മാക്കായിരിക്കും മുൻതൂക്കമെന്നത് വലിയ കോർപ്പറേറ്റ് നിയമ നിർമാണങ്ങൾക്കും, പുത്തൻ നികുതികൾക്കും സാധ്യത കുറയുമെന്നത് അമേരിക്കൻ കോർപ്പറേറ്റ് ലോകത്തിന് നൽകുന്ന ആശ്വാസം വലുതാണ്. അതി ശക്തനല്ലാത്ത സോഷ്യലിസ്റ്റ് പ്രസിഡന്റ് വിപണിക്ക് ഭീഷണിയല്ലെന്നതാണ് ഇന്നലെ ട്രംപ് കോടതിയെ ശരണം പ്രാപിച്ചു കഴിഞ്ഞിട്ടും അമേരിക്കൻ വിപണി മുന്നേറാൻ കാരണം. ടെക് ഓഹരികളുടെ വൻ മുന്നേറ്റത്തിന്റെ പിൻ ബലത്തിൽ നാസ്ഡാക് 2.45 %വും, ഡൗ ജോൺസ്‌ സൂചിക 1.78 %വും മുന്നേറി.  

അത്ഭുതങ്ങൾക്ക് ഇനിയും സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കൻ ക്യാമ്പ്. തെരെഞ്ഞെടുപ്പ് തിരുത്തലിലെ അവസരം മുതലെടുക്കാനായി വിപണിയിൽ നിന്നും മാറ്റിയ പണവും ഫണ്ടുകളും ഒരുമിച്ച് വിപണിയിലേക്ക് തിരികെയിറക്കിയതും മുന്നേറ്റത്തിന് കാരണമായി.   

നിഫ്റ്റി 

സെൻസെക്‌സ് 2020 ലെ നഷ്ടകണക്കുകൾ പഴങ്കഥയാക്കി കൊണ്ട് 724 പോയിന്റുകൾ കയറി 41340 പോയിന്റിൽ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ക്രമാനുഗതമായ മുന്നേറ്റം നേടി 12120 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചത് വിപണിക്ക് അനുകൂലമാണ്.വിദേശ നിക്ഷേപകരുടെ ഇന്നലത്തെ 5000 കോടിയുടെ അധികനിക്ഷേപവും വിപണിക്ക് മുന്നേറ്റം നൽകുന്നതിൽ പ്രധാന പങ്കു വഹിച്ചു. രാജ്യാന്തര ഘടകങ്ങൾക്കൊപ്പം വിദേശ ഫണ്ടുകളുടെ  പിന്തുണ കൂടിയുണ്ടെങ്കിൽ നിഫ്റ്റി ഇന്ന് റെക്കോർഡ് ഉയരങ്ങൾ താണ്ടിയേക്കാമെന്നും വിപണി കരുതുന്നു.മെറ്റൽ, ഓട്ടോ, എഫ് എം സി ജി സെക്ടറുകൾക്കൊപ്പം ഐടിയും, ഫാർമയും ഇന്നും മുന്നേറിയേക്കാം. 

രാജ്യാന്തര വിപണി മികച്ച പ്രകടനം തുടർന്നാൽ നിഫ്റ്റിയുടെ സാദ്ധ്യതകൾ 12500 പോയിന്റിനുമപ്പുറമാണെന്നും കരുതുന്നു. പുതിയ വാക്സിൻ വിജയ കഥകളും വിപണിക്ക് അനുകൂല തരംഗം സൃഷ്ടിക്കും. അമേരിക്കൻ തെരെഞ്ഞെടുപ്പ് വാർത്തകളും, യൂറോപ്യൻ വിപണിയുടെ ആരംഭവും, ലാഭമെടുക്കൽ സാധ്യതകളും ഇന്ത്യൻ വിപണിക്ക് ഇന്ന് നിർണായകമാകും.  

പാദഫലങ്ങൾ 

ഇന്ത്യൻ വിപണിയുടെ മുന്നേറ്റം രാജ്യാന്തര ഘടകങ്ങൾക്കപ്പുറം മികച്ച പാദഫലങ്ങളിൽ അധിഷ്ഠിതമാണെന്നതും വിപണിക്ക്  അനുകൂലമാണ്. ഇന്ന് വിപണിയിൽ ഇരുന്നൂറിൽപരം കമ്പനികളുടെ പാദഫലങ്ങൾ വരും. സിപ്ല , ഗ്ലെൻമാർക്, ഫോർട്ടിസ്, ലാപ്പത് ലാബ്സ് ,  കെംകോൺ, ഐടിസി, ടാറ്റ കോൺസുമെർ,  ആദിത്യ ബിർള ഫാഷൻ, അശോക് ലെയ്‌ലാൻഡ്, എംആർഎഫ്, ബാലകൃഷ്‌ണ ഇൻഡസ്ട്രീസ്, ഗുഡ് ഇയർ, ബിഇഎൽ, ബിഇഎംഎൽ, ഭെൽ, സെയിൽ,സെസ്‌ക്, ഇന്ത്യ സിമന്റ്, വേദാന്ത മുതലായ കമ്പനികൾ ഇന്ന് മികച്ച പ്രവർത്തനഫലം അവതരിപ്പിച്ചേക്കുമെന്ന്  കരുതുന്നു.

ഇൻഫ്രാസ്ട്രക്ച്ചർ പൈപ്പ് ലൈൻ 

ഇന്നലെ  നടന്ന വെർച്വൽ ഗ്ലോബൽ ഇൻവെസ്റ്റർ റൗണ്ട്ടേബിളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രൊഡക്ഷൻ ഇൻസെൻറ്റിവ്സ്  സ്‌കീമിന് നൽകുന്ന പ്രാധാന്യം ഇന്ത്യൻ ഉത്പാദക കമ്പനികൾക്ക് പുതിയ അവസരമാണ്  സൃഷ്ടിക്കുന്നത്. ഹാവെൽസ്, ആംബർ എന്റർപ്രൈസസ്, ഡിക്‌സൺ ടെക്നോളോജിസ്, പോളിക്യാബ്‌സ്  പോലുള്ള കമ്പനികൾക്ക് പുതിയ അവസരങ്ങൾ കൈവരുന്നു. ഇന്ത്യൻ ഉല്പാദന മേഖല പുതിയ മാനങ്ങൾ കയ്യടക്കും. രാജ്യാന്തര ഉല്പാദന കമ്പനികളുടെ കടന്നു വരവ് ബിഇഎൽ, ഭെൽ, ബിഇഎംഎൽ പോലുള്ള കമ്പനികൾക്ക് പുത്തൻ സംയുക്ത സംരംഭ സാധ്യതകളും ഒരുക്കുന്നു. 1.5 ട്രില്യൺ ഡോളറിന്റെ ഇൻഫ്രാസ്ട്രക്ച്ചർ  പൈപ്പ് ലൈനും വിപണിക്ക് സാധ്യത നൽകുന്ന പ്രഖ്യാപനമാണ്.

റിലയൻസ് 

ജിയോക്ക് പിന്നാലെ റിലയൻസ് റീടെയിലിലും സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഓഹരി പങ്കാളിത്തം നേടുന്നത് റിലയൻസിന് വിപണിയിൽ തിരിച്ചു വരവ് നൽകും. ജിയോയിൽ 2.32% ഓഹരി പങ്കാളിത്തമുള്ള സൗദി ഫണ്ട് 9555 കോടി രൂപക്ക് റിലയൻസ് റീടൈലിന്റെ 2.04% ഓഹരികളാണ് സ്വന്തമാക്കുക.

ഗോൾഡ് 

അമേരിക്കൻ തെരെഞ്ഞെടുപ്പ് ഫലം വൈകുന്നത് രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വലിയ അവസരമാണ് നൽകുന്നത്. ഇന്നലെ മാത്രം രണ്ടര ശതമാനം മുന്നേറിയ സ്വർണ വില ഔൺസിന് 1950 ഡോളർ നിരക്ക് കടന്നത് സ്വർണ നിക്ഷേപകരുടെ ആവേശം വർധിപ്പിക്കും. ട്രംപ് കോടതി കയറുന്നതും, ബൈഡന് സെനറ്റിൽ അതി ശക്തമായ ഭൂരിപക്ഷസാധ്യത  ഇല്ലാതെ പോകുന്നതും  സ്വർണത്തിന് മുന്നേറ്റം നൽകും.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA