ADVERTISEMENT

തെരെഞ്ഞെടുപ്പ് ഫലത്തേക്കാൾ ഉദ്വേഗത്തോടെ അമേരിക്കൻ വിപണി കാത്തിരിക്കുന്നത് പുതിയ പ്രസിഡന്റിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപനത്തിനായിട്ടാണ്. അമേരിക്കൻ ജനതയ്ക്കൊപ്പം ലോകം ഇരു സ്ഥാനാർത്ഥികൾക്കുമായി ആവേശം കൊണ്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തിനപ്പുറം പാക്കേജ് താല്പര്യങ്ങൾ വേരൂന്നിയിരുന്നതാണ് വിപണിക്ക് താങ്ങായത്. ജോ ബൈഡന്റെ വിശാലമായ ഉത്തേജക പാക്കേജ് ജനുവരിയിൽ പ്രഖ്യാപിക്കപ്പെടുമെന്നും കരുതുന്നു.അമേരിക്കൻ വിപണി ഇന്നും  മുന്നേറ്റം തുടരുമെന്ന് കരുതുന്നു. 

ബൈഡൻ ഇഫക്ടും ഏഷ്യൽ വിപണിയുടെ തുടക്കവും ഇന്ത്യൻ വിപണിക്കും അനുകൂലമാകും. എസ്സ്ജിഎക്സ് നിഫ്റ്റി 1.65 % നേട്ടത്തോടെയും, ജപ്പാന്റെ നിക്കി ഇൻഡക്‌സ്  1.88 ശതമാനം നേട്ടത്തിലുമാണ് വ്യാപാരം തുടരുന്നത്.നിഫ്റ്റിയിലും ഗ്യാപ് അപ്പ് തുടക്കവും മുന്നേറ്റവും പ്രതീക്ഷിക്കാം. 

ജോ ബൈഡനും കമല ഹാരിസും 

അമേരിക്കൻ നിക്ഷേപക സാമ്രാട്ടായ മാർക്ക് മോബിയൂസ് ജോ ബൈഡന്റെ വൈറ്റ് ഹൗസ് പ്രവേശം അമേരിക്കൻ വിപണിയുടെ മുന്നേറ്റം തടസപ്പെടുത്തുമെന്നും, അതേ സമയം അമേരിക്കയിൽ നിന്നും പുറത്തേക്കൊഴുകുന്ന ധനം ഇന്ത്യയടക്കമുള്ള വളരുന്ന വിപണികൾക്കനുകൂലമാകുമെന്നും വിലയിരുത്തുന്നു. കോർപറേറ്റ് നികുതി ഉയർത്തുന്നതടക്കമുള്ള ബൈഡന്റെ പദ്ധതികൾ അമേരിക്കൻ വിപണിക്ക് ഭാവിയിൽ കെണിയായേക്കാം. 

എന്നാൽ, ബിഗ്  കോർപറേറ്റുകളെ  വിഭജിക്കുന്നതടക്കമുള്ള  ഡെമോക്രാറ്റ് പദ്ധതികൾക്ക് കമല  ഹാരിസ് പിന്തുണ നൽകിയേക്കില്ല എന്ന് വിപണി പ്രത്യാശിക്കുന്നു. കൂടാതെ  ഇന്ത്യൻ  ഐടി മേഖലക്കും കമല ഹാരിസിന്റെ  സ്ഥാനലബ്ധി  ഗുണകരമാകുമെന്ന പ്രതീക്ഷയുണ്ട്. ഇന്ത്യൻ ഐടി പ്രൊഫെഷനലുകൾക്ക് വിസ ഇനി തടസ്സമായേക്കില്ല. 

നിഫ്റ്റി @ 12,430

കഴിഞ്ഞ ആഴ്ച അഞ്ചര ശതമാനത്തിന്റെ നേട്ടമാണ് നിഫ്റ്റി നേടിയത്. ബാങ്ക് നിഫ്റ്റി 12%വും, മെറ്റൽ 6.7%വും നേട്ടത്തോടെ വിപണിയെ നയിച്ചപ്പോൾ, ഫാർമ, ഓട്ടോ, മീഡിയ മുതലായ മേഖലകൾ മൂന്നു ശതമാനത്തിനടുത്തു നേട്ടം കഴിഞ്ഞ ആഴ്ചയിൽ സ്വന്തമാക്കി. നിഫ്റ്റി മിഡ് ക്യാപ് ഇൻഡക്സ് 4% മുന്നേറിയപ്പോൾ നിഫ്റ്റി  സ്‌മോൾ ക്യാപ് സൂചിക അര ശതമാനം മാത്രമാണ് കഴിഞ്ഞ ആഴ്ച മുന്നേറിയത്.

അടുത്ത തിരുത്തലിൽ 12000 പോയിന്റിന് താഴെയാകാതിരുന്നാൽ നിഫ്റ്റി 12430 എന്ന റെക്കോർഡ്  അനായാസമായി മറികടന്നേക്കാം.12500 പോയിന്റിലെ അതിശക്തമായ പ്രതിരോധം മറികടന്നത് നിഫ്റ്റിക്ക് 12700 പോയിന്റാണ് അടുത്ത ലക്‌ഷ്യം. 11930 പോയിന്റും, പിന്നീട്  11800-11850 പോയിന്റുമാണ് നിഫ്റ്റിയുടെ പ്രധാന പിന്തുണ മേഖല. ബാങ്കിങ്, ഫിനാൻഷ്യൽ, ഐടി, മെറ്റൽ, ഫാർമ, ഇൻഫ്രാ മേഖലകൾ ഈ വാരം ശ്രദ്ധിക്കുക.

ഉത്സവ സീസൺ മുന്നിൽ കണ്ട് എത്തിച്ച വാഹനങ്ങളുടെ  വിൽപന അത്ര ആശാവഹമായിരുന്നില്ല എന്ന റിപ്പോർട്ട് വാഹന ഓഹരികൾക്ക് ഈ ആഴ്ച തിരിച്ചടിയായേക്കും. ഓഹരികൾ അടുത്ത ഇറക്കത്തിൽ പരിഗണിക്കുക.

കോവിഡ്@50മില്യൺ

ലോകത്താകമാനമുള്ള കോവിഡ് ബാധിതരുടെ എണ്ണം ഇന്നലെ 50 ദശലക്ഷം കവിഞ്ഞു. മുപ്പത് ദശലക്ഷത്തിൽനിന്നും നാല്പത് ദശലക്ഷത്തിലെത്താൻ 32 ദിവസമെടുത്തെങ്കിൽ നാൽപ്പതിൽനിന്നും അൻപതിലെത്താൻ 21 ദിവസം മാത്രമേ എടുത്തുള്ളൂ എന്നത് വിപണി ആശങ്കയോടെയാണ് കാണുന്നത്. ഇതുവരെ 12.5 ലക്ഷത്തോളം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചു. 

പാദഫലങ്ങൾ 

കഴിഞ്ഞ വാരത്തിൽ മികച്ച പാദഫലപ്രഖ്യാപനങ്ങൾ  നടത്തിയ എസ്ബിഐ, ബന്ധൻ ബാങ്ക്, ചോളമണ്ഡലം ഫിനാൻസ്, ബിഎഎസ്എഫ്, സൺ ഫാർമ, ഹിന്ദ് പെട്രോ, സെയിൽ , എസ്ആർഎഫ് മുതലായ ഓഹരികൾ ഈ  ആഴ്ചയിലും മുന്നേറ്റം തുടർന്നേക്കാം. ഓഹരികൾ നിക്ഷേപത്തിന് അടുത്ത ഇറക്കത്തിൽ പരിഗണിക്കാം. 

ഓയിൽ ഇന്ത്യ, ഡെൽറ്റ കോർപ്, ഹണിവെൽ ഓട്ടോമേഷൻ, ജെകെ സിമെൻറ്, മതേഴ്സൺ സുമി , വെങ്കിസ്, പോളിപ്ലെക്സ്, ബയേർ ക്രോപ്സയൻസ്, ഡ്രെഡ്ജിങ് കോർപറേഷൻ, ഇൻസെക്ടിസൈഡ്സ് ഇന്ത്യ, നോസിൽ, ഇഐഡി പ്യാരി, ശ്രീരേണുക ഷുഗേഴ്‌സ് മുതലായ കമ്പനികൾ ഇന്ന് രണ്ടാം പദ്ധ ഫലപ്രഖ്യാപനം  നടത്തുന്നു.

പൊതുമേഖല ഓഹരി തിരികെ വാങ്ങൽ  

എൻഎംഡിസി നാളെയും, കോൾ ഇന്ത്യ ബുധനാഴ്ചയും ഓഹരി  പരിഗണിക്കുന്നത് ഓഹരികൾക്ക് അനുകൂലമാണ്. കൂടുതൽ പൊതുമേഖല കമ്പനികൾ ഓഹരി തിരികെ വാങ്ങൽ വിഭാവനം ചെയ്യുന്നതും, ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചേക്കാവുന്നതും  പൊതു മേഖല ഓഹരികൾക്ക് അനുകൂലമാണ്.

ഐപിഓ 

ചൈനീസ് നിയന്ത്രിത ഫാർമ കമ്പനിയായ ഗ്ലാൻഡ് ഫാർമയുടെ ഐപിഓ ഇന്നാരംഭിക്കുന്നു. ഒരു രൂപ മുഖ വിലയുള്ള ഓഹരിക്ക് 1490 -1500 രൂപ നിരക്കിൽ 6480 കോടി രൂപ കമ്പനി പൊതു വിപണിയിൽ നിന്നും സമാഹരിക്കുന്നു. വിവിധ രോഗങ്ങൾക്കായുള്ള ഇഞ്ചക്ഷനുകൾ ഉല്പാദിപ്പിക്കുന്ന കമ്പനിയുടെ പ്രധാന വിപണി അമേരിക്കയാണ്. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com