വിദേശ നിക്ഷേപകസ്ഥാപനങ്ങൾ ഇക്കുറി വിപണിയെ പിന്തുണയ്ക്കുമോ?

HIGHLIGHTS
  • ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി മേഖലകൾ മുന്നേറ്റം തുടരും
BsE
SHARE

കോവിഡ് വാക്സിൻ വാർത്തകളുടെ ആകർഷണീയത അമേരിക്കൻ വിപണിയിൽ നഷ്ടപ്പെട്ടു. ഡൗജോൺസ് ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് അവസാനിച്ചത്. മാത്രമല്ല, വാഷിംഗ്‌ടൺ  ഡിസിയിലെ  അധികാരക്കൈമാറ്റ നാടകങ്ങളും, കോവിഡ് പടരുന്നതും അമേരിക്കൻ വിപണിക്ക്  വരും ദിനങ്ങളിൽ  തിരുത്തൽ നൽകിയേക്കാം.

യൂറോപ്യൻ റിക്കവറി പാക്കേജിനെ കുറിച്ചുള്ള പ്രതീക്ഷകൾ സജീവമായത് യൂറോപ്യൻ സൂചികകൾക്ക് ഇന്നലെയും നേട്ടം തുടരുന്നതിന് സഹായകമായി. പാൻയൂറോപ്യൻ സൂചികയായ സ്റ്റോക്സ് ഇന്നലെ1.02% മുന്നേറി. കോവിഡ് ബാധിതരുടെ  എണ്ണം യൂറോപ്പിൽ  ക്രമാതീതമായി വർദ്ധിക്കുന്നത്  ആശങ്കയാണ്.   

ഏഷ്യൻ സൂചികകളിൽ സിങ്കപ്പൂർ നിഫ്റ്റിയും, കൊറിയൻ  സൂചികയും ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചത് നിഫ്റ്റിക്ക് അനുകൂലമാണ്. നിഫ്റ്റി ഇന്ന് ഒരു പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു. വിപണിയിലേക്ക് വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്  തുടരുന്നത് ഇന്നും വിപണിക്ക് സ്ഥിരത നൽകിയേക്കാം.

നിഫ്റ്റി

കോവിഡ് വാക്സിൻ വിജയത്തിൽ  ഇന്നലെയും ഇന്ത്യൻ സൂചികകൾ പുത്തൻ ഉയരങ്ങൾ കുറിച്ചു. സെൻസെക്സ് 43000 പോയിന്റിലെ വൻകടമ്പ കടന്ന് 43277 ൽ വ്യാപാരം അവസാനിപ്പിച്ചതും നിഫ്റ്റി 12500 പോയിന്റിന് മുകളിൽ രണ്ടാം ദിനവും വ്യാപാരം അവസാനിപ്പിച്ചതും ഇന്ത്യൻ വിപണിക്ക് മുന്നേറ്റ സാധ്യത നൽകുന്നു. 12700 പോയിന്റിലെ കടമ്പ കടന്നാൽ പിന്നെ 12900 വരെ നിഫ്റ്റിക്ക് സഞ്ചാര സ്വാതന്ത്ര്യമുണ്ട്. ഇന്ന് നിഫ്റ്റിക്ക് 12550-12580 മേഖലയിൽ ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നു, അതിനും താഴെ 12400 പോയിന്റിന് ചുറ്റുവട്ടത്തും വാങ്ങൽ പരിഗണിക്കാം. 12750 പോയിന്റ്മേഖലയിൽ വിപണിയിൽ  ലാഭമെടുക്കൽ പരിഗണിക്കാം. ഇന്നലെയും വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻവിപണിയിൽ 5627 കോടി രൂപയുടെ നിക്ഷേപം നടത്തിയതാണ് വിപണിക്ക് സ്ഥിരത നൽകിയത്. ഇന്നും വിദേശ നിക്ഷേപകരുടെ പിന്തുണ വിപണി പ്രതീക്ഷിക്കുന്നു.

ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾക്കൊപ്പം എനർജി, റിയൽറ്റി, ഇൻഫ്രാ മേഖലകളും ഇന്ത്യൻ വിപണിയെ മുന്നേറ്റത്തിന് സഹായിച്ചപ്പോൾ ഐടി, ഫാർമ സെക്ടറുകൾ യഥാക്രമം 3.9%, 4.3% വീതം വീണത് നിഫ്റ്റിക്ക് വൻ മുന്നേറ്റം നിഷേധിച്ചു. ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി മേഖലകൾ മുന്നേറ്റം തുടരുമെന്ന് തന്നെ കരുതുന്നു.

ബാങ്ക് നിഫ്റ്റി

ബാങ്ക്നിഫ്റ്റി  ഇന്നലെ 1000 പോയിന്റിന് മേൽ മുന്നേറ്റത്തോടെ 30000 പോയിന്റിലേക്കുള്ള അകലം വീണ്ടും  കുറച്ചു. 20000 പോയിന്റിൽ നിന്നും 25000 പോയിന്റിലേക്കെത്താൻ നാലു മാസമെടുത്ത ബാങ്ക്നിഫ്റ്റിക്ക് അടുത്ത 3600പോയിന്റ് നേട്ടത്തിന് ആഴ്ചകളെ എടുത്തുള്ളൂ. ഇന്ത്യൻ  ബാങ്കിങ്,ഫിനാൻഷ്യൽ മേഖല മുന്നേറ്റ സാധ്യതയാണ് കാണിക്കുന്നത്. ഇന്ത്യൻ വിപണിയിലേക്കൊഴുകുന്ന അമേരിക്കൻ ഫണ്ടുകൾ ബാങ്കിങ്, ഫിനാൻഷ്യൽ  ഓഹരികളിലേക്കാണ്. അടുത്ത തിരുത്തൽ അവസരമാക്കുക.   

പാദഫലങ്ങൾ

ഗെയ്‌ലിന്റെ വരുമാനം 24% കുറഞ്ഞപ്പോഴും  കമ്പനിയുടെ അറ്റാദായം 16% മുന്നേറ്റത്തോടെ 1240 കോടിരൂപയായത് ഓഹരിക്ക് അനുകൂലമാണ്. മതേഴ്സൺ സുമിയും മികച്ച പാദഫലമാണ് പുറത്തുവിട്ടത് ഓഹരിക്ക് 150 രൂപ ലക്‌ഷ്യം ഉറപ്പിക്കാം. മഹിന്ദ്ര & മഹിന്ദ്ര കഴിഞ്ഞപാദത്തിൽ വരുമാന വർദ്ധന നേടിയെങ്കിലും അറ്റാദായത്തിൽ മുൻവർഷത്തിൽ നിന്നും വൻകുറവ് നേരിട്ടത് ഓഹരിക്ക് വിനയാണ്. ഓഹരി അതിദീർഘകാല  നിക്ഷേപത്തിന്ന് പരിഗണിക്കാം. ഹിൻഡാൽകോയുടെ ലാഭഅനുമാനം മികച്ചതാണെങ്കിലും ആസ്തി വില്പനയിൽ നേട്ടമുറപ്പിക്കാനാവാതെ പോയത് വിനയായി.

കോൾ ഇന്ത്യ, അബ്ബോട്ട് ഇന്ത്യ, അപ്പോളോ ഹോസ്പിറ്റൽ, ഔറോ ഫാർമ, ഇന്ത്യ ബുൾ ഹൗസിങ്, എൽഐസി  ഹൗസിങ് ഫൈനാൻസ് , ഐജിഎൽ, ഇൻഡിഗോ, പ്രസ്റ്റീജ്, സ്‌പൈസ് ജെറ്റ്, ഉജ്ജീവൻ മുതലായ കമ്പനികൾ ഇന്ന് രണ്ടാംപാദഫലപ്രഖ്യാപനം നടത്തുന്നു. 

സ്വർണം

രാജ്യാന്തര വിപണിയിൽ സ്വർണ വില കോവിഡ് വാർത്തയെ തുടർന്ന് വൻ തിരുത്തൽ നടത്തിയ ശേഷം ക്രമപ്പെട്ടത് അനുകൂലമാണ്. സ്വർണത്തിന്റെ ദീർഘകാല നിക്ഷേപ സാധ്യത ശക്തമാണ്. അടുത്ത തിരുത്തലിൽ ദീർഘകാല നിക്ഷേപകർ സോവറിൻ ഗോൾഡ് ബോണ്ട് പരിഗണിക്കാം.    

കോവിഡ് വാക്സിൻ ആവേശത്തിൽ ക്രൂഡ്ഓയിൽവില കുതിപ്പ് തുടരുകയാണ്. ബാരലിന് 50 ഡോളർ നിരക്ക് ഈ മാസം തന്നെ എത്തിയേക്കാം. ബേസ് മെറ്റലുകളും ആഗോള സാമ്പത്തിക മുന്നേറ്റത്തിൽ പ്രതീക്ഷയർപ്പിച്ച് മുന്നേറ്റം നേടുമെന്ന് കരുതുന്നു.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA