ADVERTISEMENT

കോവിഡ് വാക്സിൻ പ്രതീക്ഷയിൽ ഇന്നലെയും യൂറോപ്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ അമേരിക്കയുടെ  ഡൗ ജോൺസ്‌ സൂചിക നേരിയ നഷ്ടം രേഖപ്പെടുത്തി. ചൊവ്വാഴ്ച ടെക് ഓഹരികൾ വിറ്റഴിച്ച അമേരിക്കൻ നിക്ഷേപകൻ ഇന്നലെ അവ തിരികെ വാങ്ങിയപ്പോൾ നാസ്ഡാക് സൂചിക 2 .01 ശതമാനം മുന്നേറ്റം നേടി. എസ്&പി സൂചിക 0 .77ശതമാനം മുന്നേറി. ഫൈസറിന്റെ കോവിഡ് വാക്സിൻ വിജയത്തിന് പിന്നാലെ റഷ്യൻ വാക്സിന്റെ 92% വിജയ പ്രഖ്യാപനവും വിപണിക്കനുകൂലമാണ്. 

ഏഷ്യൻ സൂചികകളിൽ സിങ്കപ്പൂർ നിഫ്റ്റിയും, കോസ്‌പിയും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും, തിരിച്ചു വരവ് സാധ്യമാണ്. ഇന്ത്യൻ സൂചികകൾ ഇന്നും ലാഭത്തിൽ തന്നെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

നിഫ്റ്റി

തുടർച്ചയായ  എട്ടാം ദിവസവും മുന്നേറ്റം നേടിയ ഇന്ത്യൻ സൂചികകൾ കഴിഞ്ഞ മൂന്ന് ദിനങ്ങളിലും റെക്കോർഡ് തിരുത്തിയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ എട്ട് ദിവസങ്ങളിലായി സെൻസെക്സ് 4000 പോയിന്റ് മുന്നേറി 43708 എന്ന പുതിയ റെക്കോർഡ് നേട്ടം കുറിച്ചപ്പോൾ  12769 പോയിന്റെന്ന പുതിയ റെക്കോർഡ് കുറിച്ചു നിഫ്റ്റി. നവംബറിലിതു വരെ 9% നേട്ടമാണ് ഇന്ത്യൻ സൂചികകൾ നേടിയത്. മെറ്റൽ, ഫാർമ, ഐടി, ഓട്ടോ  മേഖലകളാണ്ഇന്ത്യൻ വിപണിയെ ചലിപ്പിച്ചത്. എസ്ബിഐ മുന്നേറിയിട്ടും പൊതു മേഖല ബാങ്കിങ് സൂചികയും, മീഡിയയും മാത്രം ഇന്നലെ നഷ്ടം രേഖപ്പെടുത്തി. വിദേശ ധനകാര്യ സ്ഥാപനങ്ങൾ 6202 കോടി രൂപയാണ് ഇന്നലെ അധികമായി ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചത്.

ഒരു തിരുത്തൽ മുഖാമുഖം കണ്ട  ഇന്ത്യൻ വിപണിക്ക് കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിന്റെ വിജ്ഞാപനം രക്ഷയായി. ഓട്ടോ, ഫാർമ, മെറ്റൽ, മാനുഫാക്ച്ചറിങ്, ഇലക്ട്രോണിക്സ്, ഏസി,  ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, എഫ്എംസിജി, ടെലികോം മേഖലകൾ ഇന്ന് ശ്രദ്ധിക്കുക. 12450 പോയിന്റിൽ നിഫ്റ്റിക്ക് ശക്തമായ പിന്തുണയുണ്ട്. 

പിഎൽഐ സ്‌കീം 

ആഭ്യന്തര, രാജ്യാന്തര വിപണിക്കായി ചൈനക്ക് ബദലാകുവാനുള്ള തയാറെടുപ്പിന്റെ ആദ്യ പടിയായി തെരെഞ്ഞെടുത്ത പത്തു മേഖലകളിലേക്ക് അഞ്ചു കൊല്ലം കൊണ്ട് 2 ലക്ഷം കോടി രൂപയുടെ ഇൻസെന്റീവ് സ്‌കീം പ്രഖ്യാപിച്ചത് ഇന്ത്യൻ ഉല്പാദന മേഖലക്ക് പുത്തൻ ദിശ ബോധം നൽകും. അതി നൂതന ബാറ്ററികൾ, ഇലക്ട്രോണിക്സ്, വാഹന-വാഹന അനുബന്ധ മേഖലകൾ, ഫാർമ, ടെലികോം ഉത്പന്ന നിർമാണം, ടെക്സ്റ്റൈൽ, ഭക്ഷ്യ സംസ്‌കരണം , സോളാർ ഫോട്ടോ വോൾട്ടൈക്‌ മൊഡ്യൂൾ, എ സി, എൽഇഡി & സ്പെഷ്യലിറ്റി സ്റ്റീൽ എന്നിവയുടെ ഉല്പാദനത്തിനാണ് ആദ്യഘട്ടത്തിൽ പ്രോത്സാഹനം നൽകുക. ഡിക്‌സൺ ടെക്നോളജീസ്, ആംബർ  എന്റർപ്രൈസസ്, ഹാവെൽസ്, അഫ്‌ലെ, എജിസി, എന്നിവ ഓട്ടോ, ഫാർമ, സ്റ്റീൽ ഓഹരികൾക്കൊപ്പം പരിഗണിക്കാം. 

ഒന്നര ലക്ഷം കോടിയുടെ അടുത്ത ഘട്ട പ്രഖ്യാപനങ്ങൾ ഈ ആഴ്ച വീണ്ടുമുണ്ടാകുമെന്ന സർക്കാറിന്റെ സൂചന വിപണിക്ക് അനുകൂലമാണ്.

ഇന്ത്യൻ  ജിഡിപി വളർച്ച 

2021ൽ ഇന്ത്യയുടെ മൊത്ത അഭ്യന്തര ഉല്പാദന വളർച്ച 9.9 ശതമാനമായും, 2021 -2022 സാമ്പത്തിക വർഷത്തിലെ വളർച്ച 15 ശതമാനമായും ഉയരുമെന്ന് ഗോൾഡ്മാൻ സാക്‌സ് അനുമാനിക്കുന്നു. മെയ്ക് ഇൻ ഇന്ത്യയും, ഇറക്കുമതി നിരോധനവും ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളർച്ച ത്വരിതപ്പെടുത്തുന്നതാണ് അമേരിക്കൻ ബാങ്ക് പരിഗണിച്ചത് 

മോർഗൻ സ്റ്റാൻലി ഗ്ലോബൽ ഇൻഡക്സ് 

മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിന്റെ (എംഎസ് സിഐ) ആഗോള സൂചികയിലെ ഏഷ്യൻ പ്രതിനിധികളായി 12 ഇന്ത്യൻ കമ്പനികൾ കൂടി ഇടം പിടിച്ചത് ഇന്ത്യൻ സൂചികയുടെ മുന്നേറ്റത്തിൽ പ്രധാന പങ്കു വഹിച്ചു. എൽഐസി ഹൗസിങ്, ബോഷ് എന്നിവയെ ഗ്ലോബൽ ഇൻഡക്സിൽ നിന്നും ഒഴിവാക്കിയ മോർഗൻ സ്റ്റാൻലി എസിസി, അദാനി ഗ്രീൻ, അപ്പോളോ ഹോസ്പിറ്റൽ, ബാലകൃഷ്‌ണ ഇൻഡസ്ട്രീസ്, ഐപിസിഎ ലാബ്, കൊട്ടക് മഹിന്ദ്ര ബാങ്ക്, എൽ & ടി ഇൻഫോ, എം ആർഎഫ്, മുത്തൂറ്റ്, പിഐ ഇൻഡസ്ട്രീസ്, ട്രെൻഡ്, യെസ് ബാങ്ക് എന്നീ 12 ഓഹരികൾ പുതിയതായി ഉൾപ്പെടുത്തിയതിലൂടെ 4 ബില്യൺ ഡോളർ ഇന്ത്യൻ വിപണിയിലേക്കൊഴുകും. കൂടാതെ മുപ്പത് ഇന്ത്യൻ ഓഹരികൾ കൂടി മോർഗൻ സ്റാൻലിയുടെ സ്മാൾ ക്യാപ് ഇന്ഡക്സിൽ ഉൾപെടുത്തിയതും ഇന്ത്യൻ വിപണിയുടെ വ്യാപ്‌തിയെ സൂചിപ്പിക്കുന്നു. 

പാദഫലങ്ങൾ 

കോൾ ഇന്ത്യ 16% നഷ്ടം രേഖപെടുത്തിയെങ്കിലും ഓഹരി ഒന്നിന് 7 50 രൂപ ലാഭ വിഹിതം പ്രഖ്യാപിച്ചത് ഓഹരിക്ക് അനുകൂലമാണ്.  ശ്രീ സിമെന്റിന്റെ അറ്റാദായം മുൻ വർഷത്തിൽ നിന്നും 77.1% മുന്നേറിയത്  ഓഹരിയെ ആകർഷകമാക്കുന്നു.

കൊച്ചിൻ ഷിപ്യാർഡ് ,ഐആർസിടിസി, ഐഷർ മോട്ടോഴ്‌സ്, ആൽകെം  ലാബ്സ് , ജൂബിലന്റ് ഫുഡ്, എംജിഎൽ , എഞ്ചിനിയേഴ്‌സ്  ഇന്ത്യ, ഫോർട്ടിസ്, പേജ് ഇൻഡസ്ട്രീസ്, സൺ ടിവി, എൻഡിടിവി, ഗബ്രിയേൽ ഇന്ത്യ, ഗ്രാസിം, എബിക്സ്  ക്യാഷ്, മുതലായ കമ്പനികളും ഇന്ന് രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിക്കുന്നു.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

English Summary : Share Market Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com