ADVERTISEMENT

ഉല്‍സവ കാലത്തെ ഡിമാന്റ് തുടര്‍ന്നും നിലനിര്‍ത്താനാവുമോ എന്നതാണ് ഇപ്പോഴുയരുന്ന വലിയൊരു ചോദ്യം. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 23.9 ശതമാനം ചുരുങ്ങിയ ജിഡിപി ഇപ്പോള്‍ തിരിച്ചു വരവിന്റെ സൂചനകളാണു നല്‍കുന്നത്. 

മുന്നേറ്റ  സൂചനകൾ

വൈദ്യുതി ഉപഭോഗം, ചരക്കു നീക്കം, ജിഎസ്ടി പിരിവ്, വാഹന വില്‍പന തുടങ്ങിയവയെല്ലാം ഇതേ സൂചന തന്നെയാണു നല്‍കുന്നത്. ചരക്കു സേവന നികുതി എട്ടു മാസത്തെ ഇടിവിനു ശേഷം ഒക്ടോബറില്‍ 1.05 ലക്ഷം കോടിയില്‍ എത്തി. റെയില്‍വേ ചരക്കു നീക്കവും വൈദ്യുതി ഉപഭോഗവും 2019 ഒക്ടോബറിനെ അപേക്ഷിച്ച് 20 ശതമാനമാണു വര്‍ധിച്ചിട്ടുളളത്. വാഹന മേഖല, പ്രത്യേകിച്ച് കാര്‍, ഇരുചക്ര രംഗത്ത് മികച്ച സൂചനകളാണ്. 50 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഹന, ഭവന മേഖലകള്‍ക്ക് സഹായകമാകുന്നുമുണ്ട്. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ വളര്‍ച്ചാ നിരക്കിലുണ്ടാകുന്ന ചുരുക്കം നേരത്തെ കണക്കാക്കിയിരുന്ന പത്തു ശതമാനത്തിലും കുറവായിരിക്കും എന്ന സൂചനയാണിപ്പോഴുള്ളത്.

കൂടുതല്‍ ആശ്വാസം

ഈയൊരു സാഹചര്യത്തില്‍ സമ്പദ്ഘടനയ്ക്ക് കൂടുതല്‍ ആശ്വാസം നല്‍കാനായാണ് ധനമന്ത്രി നവംബര്‍ 12-ന് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.  മെയ് മാസത്തില്‍ പ്രഖ്യാപിച്ച അടിയന്തര വായ്പാ ഗ്യാരണ്ടി പദ്ധതി 2021 മാര്‍ച്ച് വരെ ദീര്‍ഘിപ്പിച്ചത് 26 മേഖലകളിലെ പദ്ധതികള്‍ക്കു നേട്ടമാവും. തൊഴില്‍ സൃഷ്ടിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജനയാണ് മറ്റൊരു നീക്കം. 

∙മാര്‍ച്ച് ഒന്നിനും സെപ്റ്റംബര്‍ 30-നും ഇടയില്‍ ജോലി നഷ്ടപ്പെട്ടവരേയോ ഇപിഎഫ്ഒയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരേയോ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. 

∙പിഎം ആവാസ് യോജനയില്‍ 18000 കോടി രൂപയുടെ അധിക വകയിരുത്തല്‍ നടത്തിയത് പുതിയ വീടുകള്‍ വാങ്ങുന്നവര്‍ക്കും ഡെവലപര്‍മാര്‍ക്കും നിര്‍മാതാക്കള്‍ക്കും നേട്ടമാകും. ഇത് നിര്‍മാണ മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും ആവേശം പകരുന്ന ഒന്നാണ്.  

∙ദേശീയ അടിസ്ഥാന സൗകര്യ പദ്ധതിക്കായുള്ള ആറായിരം കോടി രൂപയുടെ  അധിക ഓഹരി പദ്ധതി, 60,000 കോടി രൂപയുടെ അധിക രാസവള സബ്‌സിഡി,  പ്രതിരോധ അനുബന്ധ വ്യവസായ മേഖലയ്ക്കായുള്ള 10,200 കോടി രൂപയുടെ പദ്ധതി, കോവിഡ് വാക്‌സിന്‍ ഗവേഷണത്തിനായുള്ള 900 കോടി രൂപ തുടങ്ങിയ നടപടികളും ശ്രദ്ധേയമാണ്.

പണലഭ്യതാ നടപടികള്‍

ശീതകാലത്ത് കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അണ്‍ലോക്കിങ് നടപടികള്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. സമ്പദ്ഘടനയും ഓഹരിവിപണിയും പരസ്പര ബന്ധമില്ലാതെ നീങ്ങുന്നത് ആഗോള മാന്ദ്യത്തിന്റെ സവിശേഷതയായി പരക്കെ ചര്‍ച്ച ചെയ്യുന്നുണ്ട്. മാന്ദ്യം രൂക്ഷമാകുമ്പോഴും ആഗോള ഓഹരി വിപണികള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്. ആഗോള സാമ്പത്തിക സംവിധാനങ്ങള്‍ വന്‍ തോതില്‍ പണലഭ്യതാ നടപടികള്‍ കൈക്കൊള്ളുന്നതാണ് ഇതിന്റെ പ്രാഥമികമായ കാരണം. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കും മറ്റൊരു കാരണമാണ്. മാര്‍ച്ചിലെ ഇടിവിനേക്കാള്‍ 50 ശതമാനത്തിലേറെ വളര്‍ച്ചയാണ് മിക്കവാറും ഓഹരി വിപണികളിലുളളത്. 

നിക്ഷേപകര്‍ ജാഗ്രതയിൽ

മാര്‍ച്ച് അവസാനത്തോടെ 7511-ലേക്ക് ഇടിഞ്ഞ നിഫ്റ്റി ഇപ്പോള്‍ 12700-ന് സമീപമാണ്.  ഐടി, ടെലികോം, ഫാര്‍മ, വാഹന മേഖല, ടയര്‍, ലോഹം, എഫ്എംസിജി, സ്വകാര്യ ബാങ്കിങ് മേഖല തുടങ്ങിയവ വന്‍ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇവ വന്‍ തോതില്‍ വിദേശ സ്ഥാപന നിക്ഷേപ മൂലധനം ആകര്‍ഷിക്കുന്നുമുണ്ട്. പക്ഷേ, ഉയര്‍ന്ന വാല്യൂവേഷനും കുത്തനെയുള്ള തിരുത്തലിന്റെ സാധ്യതയും മൂലം നിക്ഷേപകര്‍ ജാഗ്രതയിലാണ്. മുകളില്‍ സൂചിപ്പിച്ച മേഖലകളിലെ ഉയര്‍ന്ന ഗുണമേന്‍മയുള്ള ലാര്‍ജ് കാപ് ഓഹരികളില്‍ നിക്ഷേപിച്ചു തുടരുകയെന്നത് അനുയോജ്യമായ തന്ത്രമാണ്. വിപണിയിലെ സമയം പ്രവചിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ മ്യൂചല്‍ ഫണ്ട് നിക്ഷേപകര്‍ എസ്‌ഐപി തുടരുന്നതായിരിക്കും മികച്ചത്.

English Summary: Country is Facing Economic Crisis 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com