ADVERTISEMENT

ഉയരുന്ന കോവിഡ് കണക്കുകളും, വാഷിങ്ങ്ടണിലെ അധികാരക്കൈമാറ്റ തർക്കങ്ങളും,കോവിഡ് വാക്സിന്റെ ഫലപ്രദമായ ഉപയോഗത്തിനുള്ള കാലതാമസവും അമേരിക്കൻ വിപണിക്ക് അടുത്ത ആഴ്ചകളില്‍ തിരുത്തൽ നൽകിയേക്കാം. അവിടെ നിന്നും പണം പുറത്തേക്കൊഴുകുന്നത് ലോക വിപണിയുടെ സമവാക്യങ്ങൾ തിരുത്തുമെന്ന് കരുതുന്നു. ഇന്ത്യയും കൊറിയയുമാണ് തെരെഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം ഏറ്റവും കൂടുതൽ അമേരിക്കൻ പണം വന്നു കയറിയ രണ്ടു വിപണികൾ. 

യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ സൂചികകളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഒരു ശതമാനത്തിന് മേലാണ് ജപ്പാന്റെ നിക്കി സൂചികയുടെ നഷ്ടം. ഇന്ത്യൻ സൂചികകൾക്ക്  ഇന്നും ഒരു പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു. വിദേശ നിക്ഷേപകർ വാങ്ങൽ തുടർന്നാൽ നിഫ്റ്റി ഇന്നും ലാഭത്തിൽ അവസാനിച്ചേക്കും.

2021 നിഫ്റ്റി @ 14100 

എട്ടു ദിവസം നീണ്ട ജൈത്രയാത്രയും, മൂന്ന് ദിവസം നീണ്ട റെക്കോർഡ് തിരുത്തലും അവസാനിപ്പിച്ച നിഫ്റ്റിയുടെ നവംബറിലെ ആദ്യ നഷ്ടദിനം ഇന്നലെയായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ദിവസേന അയ്യായിരം കോടി രൂപ നിരക്കിൽ 26619 കോടി രൂപയുടെ വിദേശ നിക്ഷേപം നേടിയ വിപണിയിൽ ഇന്നലത്തെ അധിക വിദേശ നിക്ഷേപം 1500 കോടിയിലൊതുങ്ങിയതും, ബാങ്കിങിലും, റിലയൻസിലും തിരുത്തൽ വന്നതും ഇന്ത്യൻ വിപണിക്ക് ദീപാവലിക്ക് മുൻപ് ആഗ്രഹിച്ച തിരുത്തൽ നൽകി. 

ഇന്നലെ 12700 പോയിന്റിന് താഴെ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റിക്ക് 12600-12620 പോയിന്റിൽ ശക്തമായ പിന്തുണ ലഭ്യമാകുമെന്ന് കരുതുന്നു. 12500 പോയിന്റിലും 12440 പോയിന്റിലുമാണ് സൂചികയുടെ അടുത്ത പിന്തുണ മേഖലകൾ. 2021 അവസാനത്തോടെ നിഫ്റ്റിക്ക് 14100 പോയിന്റാണ് ഗോൾഡ് മാൻ സാക്‌സ് നിഫ്റ്റിയിൽ കാണുന്ന ലക്‌ഷ്യം. 

ആത്മനിർഭർ 

ഇന്നലെ കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ആത്മനിർഭർ ഭാരത്, മൂന്നാം ഘട്ടം  ഇന്ത്യയിലെ തൊഴിൽ ലഭ്യത ഉയർത്തുന്നതിനും, ഗ്രാമീണ മേഖലയുടെ ഉന്നമനത്തിനും പുറമെ റിയാൽറ്റി മേഖലയുടെയും ഉല്പാദന മേഖലയുടെയും മുന്നേറ്റവും വിഭാവനം ചെയ്യുന്നു. ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഗ്രാമീണ മേഖല ഓഹരികൾക്കും, റിയൽ എസ്റ്റേറ്റ്, ഇൻഫ്രാ, ഹൗസിങ് ഫൈനാൻസ് , മാനുഫാക്ച്ചറിങ് ഓഹരികൾക്കും അനുകൂലമാണ്. കാമത്ത് കമ്മിറ്റിയുടെ ശുപാർശ പ്രകാരം 26 സമ്മർദ മേഖലകൾക്ക് വായ്പ സഹായം ദീർഘിപ്പിച്ചു നൽകുന്നത് അനുകൂലമാണ്. ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കര കയറുകയാണെന്നും ധനമന്ത്രി പ്രസ്താവിച്ചു.

പണപ്പെരുപ്പവും വ്യവസായികോല്പാദനവും 

ഭക്ഷ്യ വിലവർധന ഒക്ടോബറിലെ ഇന്ത്യയുടെ പണപ്പെരുപ്പത്തോത്  7.61% ആയി ഉയർത്തി. നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തു വിട്ട കണക്ക്  പ്രകാരം ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സി എഫ് പി ഐ) 11.07 ശതമാനമാണ് കഴിഞ്ഞ മാസം ഉയർച്ച നേടിയത്. അടുത്ത പോളിസി മീറ്റിംഗിന് മുൻപായി കേന്ദ്ര സർക്കാറിന്റെ ലക്ഷ്യമായ 4 % ലേക്ക് പണപ്പെരുപ്പത്തോത് താഴ്ത്തുക എന്നതാണ് ആർബിഐ യുടെ ശ്രമം.

പാദഫലങ്ങൾ 

അശോക ബിൽഡ്‌കോൺ ലാഭത്തിൽ ആറിരട്ടി വളർച്ച നേടിയത് ഓഹരിക്ക് 6% മുന്നേറ്റം നൽകി. ഐആർസിടിസി കഴിഞ്ഞ പാദത്തിൽ 32 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കിയത് ഓഹരിക്ക് അനുകൂലമാണ്. ഓഹരി അടുത്ത ഇറക്കത്തിൽ നിക്ഷേപത്തിന്  പരിഗണിക്കാം. കൊച്ചിൻ ഷിപ്‌യാർഡ് കഴിഞ്ഞ പാദത്തിൽ 108 കോടിയുടെ അറ്റാദായം സ്വന്തമാക്കി.മുൻ  പാദത്തിൽ കമ്പനിയുടെ അറ്റാദായം 42 കോടി രൂപയായിരുന്നു. ഓഹരി അടുത്ത തിരുത്തലിൽ ദീർഘ കാല നിക്ഷേപത്തിന്  പരിഗണിക്കാം. മുൻ പാദത്തിൽ നഷ്ടം രേഖപ്പെടുത്തിയ ജൂബിലന്റ് ഫുഡ് 76 കോടിയുടെ അറ്റാദായം നേടി. ഓഹരി ഇനിയും മുന്നേറിയേക്കാം.

ടാറ്റ സ്റ്റീൽ, കിറ്റെക്സ്, ഒഎൻജിസി, ഫ്യൂച്ചർ റീറ്റെയ്ൽ , ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ്, സദ്ഭാവ്, സാറ്റിൻ ക്രെഡിറ്റ് മുതലായ കമ്പനികളും ഇന്ന് രണ്ടാം പാദ ഫലപ്രഖ്യാപനം നടത്തുന്നു.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com