ഇന്ന് മുഹൂർത്ത വ്യാപാരവേളയിൽ പരിഗണിക്കാം, ഈ ഓഹരികൾ

HIGHLIGHTS
  • അടുത്ത ഒരു വര്‍ഷത്തേക്കു നിക്ഷേപിക്കാന്‍ അനുയോജ്യമായ ഓഹരികള്‍
Prince-DBFS
SHARE

"മാര്‍ച്ച് മാസത്തിലെ കോവിഡ് ഭീതിയില്‍ നിന്ന് ആഗോള തലത്തില്‍ വിപണികള്‍ വേഗത്തില്‍ തിരിച്ചു കയറf. പണപ്പെരുപ്പമോ പലിശ നിരക്കോ മുകളിലേക്കു പോകും വരെ വിപണിയുടെ മുന്നേറ്റം തുടരാം. കോവിഡ് പശ്ചാത്തലത്തില്‍ ബിസിനസ് മാതൃകകള്‍ പുനസംഘടിപ്പിക്കുവാനും ഡിജിറ്റലൈസേഷനിലൂടെ കാര്യക്ഷമത വര്‍ധിപ്പിക്കുവാനും കമ്പനികള്‍ നിര്‍ബന്ധിതരായി. രണ്ടാം ത്രൈമാസത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ അടുത്ത വര്‍ഷവും ഈ പ്രവണതയില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്" ദോഹ ബ്രോക്കറേജ് ആൻഡ് ഫിനാന്‍ഷ്യൽ സർവീസസ് ലിമിറ്റഡ് (ഡിബിഎഫ്എസ്) മാനേജിങ് ഡയറക്ടർ പ്രിൻസ് ജോർജ് പറയുന്നു. 2021 മാര്‍ച്ച് 31നു മുന്‍പ് സെന്‍സെക്‌സ് 47500ലും നിഫ്റ്റി 13600ലും എത്തുമെന്നാണു അദ്ദേഹത്തിന്റെ പ്രതീക്ഷ. അടുത്ത ഒരു വര്‍ഷത്തേക്കു നിക്ഷേപിക്കാനായി താഴെ പറയുന്ന അഞ്ച് ഓഹരികളാണ് അദ്ദേഹം ശുപാര്‍ശ ചെയ്യുന്നത്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

ഗള്‍ഫിലെ പ്രവര്‍ത്തനങ്ങള്‍ ദുബായ് കേന്ദ്രമായും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൊച്ചി കേന്ദ്രമായും നടത്തുന്ന ആസ്റ്റര്‍ ആശുപത്രികള്‍ അടക്കം ആരോഗ്യ സേവന രംഗത്തെ വിവിധ മേഖലകളില്‍ സജീവമാണ്. ആരോഗ്യ സേവന സൗകര്യങ്ങള്‍ നല്‍കുന്ന വൈവിധ്യവല്‍കൃതമായ സംവിധാനമാണ് കമ്പനിക്കുളളത്. ഈ രംഗത്തെ വന്‍ സാധ്യതകളുടെ പശ്ചാത്തലത്തില്‍ ന്യായമായ മൂല്യമാണ് ഉള്ളതെന്നു തങ്ങള്‍ വിശ്വസിക്കുന്നു. 150 നിലവാരത്തില്‍ 200 എന്ന് ലക്ഷ്യമിട്ടു വാങ്ങുന്നത് പരിഗണിക്കാം. 

ഡാബര്‍

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായതും ലോകത്തിലെ ഏറ്റവും വലുതുമായ ആയുര്‍വേദ നാച്ചുറല്‍ ഹെല്‍ത്ത് കമ്പനിയാണ് ഡാബര്‍. 135 വര്‍ഷത്തെ പാരമ്പര്യത്തില്‍ അധിഷ്ഠിതമായി 250 ആയുര്‍വേദ, ഹെര്‍ബല്‍ ഉല്‍പന്നങ്ങളാണ് ആയുര്‍വേദത്തിലെ ആഗോള മുന്‍നിരക്കാരായ കമ്പനി അവതരിപ്പിക്കുന്നത്. ആരോഗ്യ സേവനവും എഫ്എംസിജിയും ശക്തമായ വളര്‍ച്ചയുമായാണ് തുടരുന്നത്. 500 നിലവാരത്തില്‍ 650 ലക്ഷ്യവുമായി ഈ ഓഹരി പരിഗണിക്കാവുന്നതാണ്. 

സിഡിഎസ്എല്‍

1999-ല്‍ സ്ഥാപിക്കപ്പെട്ട സിഡിഎസ്എല്‍ ഇലക്ടോണിക് രൂപത്തില്‍ സെക്യൂരിറ്റികള്‍ സൂക്ഷിക്കുകയും കൈമാറ്റം സാധ്യമാക്കുകയും ചെയ്യുന്നു. സൗകര്യപ്രദമായി വിശ്വസനീയമായി താങ്ങാവുന്ന ചെലവില്‍ ഇതു സാധ്യമാക്കുകയായിരുന്നു സ്ഥാപിച്ചപ്പോള്‍ ഉണ്ടായിരുന്ന ലക്ഷ്യം. വെല്ലുവിളികള്‍ നിറഞ്ഞ അന്തരീക്ഷത്തിലും സിഡിഎസ്എല്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം ത്രൈമാസത്തിലും ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ വര്‍ധിപ്പിക്കുകയും കെവൈസി വരുമാനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ആധാര്‍ അധിഷ്ഠിത ഇ-കെവൈസിക്ക് സെബി അടുത്തിടെ അനുമതി നല്‍കിയത് കൂടുതല്‍ ഗുണമാകും. 460-480 നിരക്കില്‍ 640 ലക്ഷ്യമായി വാങ്ങുന്നത് പരിഗണിക്കാം. 

ബയോകോണ്‍

ബെംഗലൂരു ആസ്ഥാനമായുള്ള ഇന്ത്യന്‍ ബയോഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണ്‍ ജനറിക് ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ നിര്‍മാണ രംഗത്താണുള്ളത്. 120 രാജ്യങ്ങളിലാണ് ഇതു വില്‍ക്കുന്നത്. കമ്പനിയുടെ ഗവേഷണ സേവനങ്ങള്‍ വളര്‍ച്ചാ മുന്നേറ്റങ്ങളെ നിലനിര്‍ത്തുന്നുമുണ്ട്. ജനറിക് വളര്‍ച്ചയും സ്ഥായിയായ നിലയിലാണ്. മൊത്തത്തിലുള്ള വരുമാന വളര്‍ച്ച ഇരട്ട അക്കത്തിലുമാണ്. ബ്രസീല്‍, മലേഷ്യ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ഓഫീസുകള്‍ സ്ഥാപിച്ച് ആഗോള തലത്തില്‍ മുന്നേറുന്നുമുണ്ട്. 420-ല്‍ 540 ലക്ഷ്യത്തോടെ വാങ്ങുന്നത് പരിഗണിക്കാം.

ഭാരതി എയര്‍ടെല്‍

ഏഷ്യയിലും ആഫ്രിക്കയിലുമായി 18 രാജ്യങ്ങളിലാണ് ഇന്ത്യന്‍ മൊബൈല്‍ ടെലഫോണി രംഗത്തെ മുന്‍നിരക്കാരിലൊന്നായ ഭാരതി എയര്‍ടെല്ലിന് പ്രവര്‍ത്തനങ്ങളുള്ളത്. ഡിജിറ്റല്‍ ശേഷി കമ്പനിയ്ക്ക് ഗുണമേന്‍മയുള്ള കൂടുതല്‍ ഉപഭോക്താക്കളെ നേടാന്‍ സഹായിക്കുന്നുണ്ട്. 4ജി എണ്ണത്തിലെ തുടര്‍ച്ചയായ വര്‍ധനവുമുണ്ട്. എയര്‍ടെല്‍ വര്‍ക്ക് അറ്റ് ഹോം, എയര്‍ടെല്‍ ബ്ലൂ ജീന്‍സ്, എയര്‍ടെല്‍ ഓഫിസ് ഇന്‍ എ ബോക്‌സ്, എയര്‍ടെല്‍ ക്ലൗഡ് തുടങ്ങിയ നിരവധി സേവനങ്ങള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സമഗ്രമായ സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുന്ന എയര്‍ടെല്‍ സെക്യൂറും കമ്പനി അവതരിപ്പിച്ചിരുന്നു. 450 നിലയില്‍ 600 ലക്ഷ്യമിട്ട് വാങ്ങുന്നത് പരിഗണിക്കാവുന്നതാണ്.

English Summary : BuyThese Shares for One Year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA