ADVERTISEMENT

737 മാക്സ് വിമാനങ്ങൾക്ക്  20 മാസങ്ങൾക്ക്  ശേഷം വീണ്ടും പറക്കാനനുമതി  ലഭിച്ചതിനെ തുടർന്ന് ബോയിങ്ങും, എയർലൈൻ ഓഹരികളും  മുന്നേറിയത് ഡൗ ജോൺസിന് ഇന്നലെ മികച്ച തുടക്കം നൽകി. എന്നാൽ പിന്നീട് ഫൈസറും ബോയിങ്ങും അടക്കമുള്ള പ്രമുഖ ഓഹരികൾ വീണത് സൂചികയ്ക്ക് വിനയായി. 95 % വിജയം നേടിയ ഫൈസറിന്റെ കോവിഡ് വാക്‌സിന്  അടിയന്തിരമായി ചികിത്സക്കുപയോഗിക്കാനുള്ള അനുമതി വൈകിയേക്കാമെന്നതും, കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്കയിലുണ്ടാകുന്ന വൻ വർദ്ധനവും വിപണിക്ക് വിനയാണ്. കോവിഡ് വാക്സിന്റെ വിജയ വാർത്തകളും, കോവിഡ് വ്യാപനവും തമ്മിലുള്ള വടംവലിയാണ് ആഗോള വിപണിയുടെ സമീപകാല വർത്തമാനം. ഇത് വരും ആഴ്ചകളിലും  തുടർന്നേക്കും.

കോവിഡ് സംഖ്യകൾ ഉയരുന്നതിനിടയിലും യൂറോപ്യൻ വിപണികൾ ഇന്നലെ  മുന്നേറ്റം ആഘോഷിച്ചത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. ഏഷ്യൻ സൂചികകൾ  ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത് എങ്കിലും  സൂചികകകൾ  മുന്നേറ്റ ലക്ഷണം കാണിക്കുന്നത് ഇന്ത്യൻ വിപണിക്കനുകൂലമാണ്. സിങ്കപ്പൂർ വിപണിയിൽ നിഫ്റ്റി ഫ്യൂച്ചർ അര ശതമാനം നഷ്ടത്തിലാണ് വ്യാപാരംചെയ്യുന്നത്. ഇന്ത്യൻ വിപണിയിൽ ഇന്ന് ഒരു പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു.

നിഫ്റ്റി 

അവസാന മണിക്കൂറിലെ മുന്നേറ്റത്തിലൂടെ 12938 പോയിന്റിന്റെ റെക്കോർഡ് ക്ലോസിങ് നേടി   വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി മുന്നേറ്റം തുടരുകയാണെന്ന സൂചനയാണ് തരുന്നത്. ഇന്ത്യൻ വിപണിയിൽ പൂർവാധികം ശക്തമായി തുടരുന്ന വിദേശ ധനകാര്യസ്ഥാപനങ്ങളുടെ  നിക്ഷേപം നിഫ്റ്റിയെ 13100 , 13350 എന്ന അടുത്ത കടമ്പകളും കടക്കാൻ സഹായിച്ചേക്കും. 12820 പോയിന്റിലും, 12680-12730  മേഖലയിലും  നിഫ്റ്റിക്ക് ശക്തമായ  പിന്തുണ ലഭ്യമായേക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

പതിവ് പോലെ ബാങ്കിങ് , ഓട്ടോ , റിയൽറ്റി സെക്ടറുകളാണ് ഇന്നലെയും വിപണി മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. മിഡ് ക്യാപ്, ഇൻഫ്രാ, മെറ്റൽ സെക്ടറുകളും മുന്നേറിയപ്പോൾ   ഐടി, എഫ്എംസിജി, ഫാർമ സെക്ടറുകൾ ഇന്നലെയും നിരാശപ്പെടുത്തി. ഫാർമ, ഐടി ഓഹരികൾ അടുത്ത പാദഫലപ്രഖ്യാപനം മുന്നിൽ കണ്ട് മികച്ച വിലകളിൽ നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.  

വാഹന,അനുബന്ധ മേഖലകൾ 

ചെറുകാറുകളുടെയും ബൈക്കുകളുടെയും, ട്രാക്ടറുകളുടെയും വില്പനമാത്സര്യത്തിലേക്ക് വാണിജ്യ വാഹനങ്ങളും കൂടി ചേരുന്നതോടെ ഇന്ത്യൻ വാഹന വ്യവസായത്തിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് കരുതുന്നു. ടാറ്റ മോട്ടോഴ്സും, മഹീന്ദ്രയും ഒരുമിച്ചു മുന്നേറുന്നത്  രാജ്യാന്തര വിപണിയിലേക്ക് കൂടിയാണ്. ഇരു കമ്പനികളുടെയും മുന്നേറ്റം ആരംഭിച്ചിട്ടേയുള്ളു. അടിത്തറ ശക്തമാക്കിയാണ് ടാറ്റായുടെ മുന്നേറ്റം. അശോക് ലെയ്‌ലാൻഡ് പുതിയ ഉയരങ്ങൾ പ്രതീക്ഷിക്കുന്നു. ഹീറോ മോട്ടോഴ്സിന്റെ ഈ മാസത്തെ വില്പന സംഖ്യ വീണ്ടും ഉയർന്നേക്കും.

ഓട്ടോ അനുബന്ധ മേഖലയും മുന്നേറ്റം ആരംഭിച്ചിട്ടേയുള്ളൂ. മതേഴ്സൺ സുമി, സ്റ്റീൽ സ്ട്രിപ്പ് വീൽസ്, സുന്ദരം ക്ലെയ്ടൺ ലുമാക്സ് ഓട്ടോ, ജംനാ ഓട്ടോ, ജെബിഎം ഓട്ടോ മുതലായ ഓഹരികൾ അതിദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം. 

കാർ  ക്രാഷ്  ടെസ്റ്റ് 

ഏറ്റവും പുതിയ ഗ്ലോബൽ എൻസിഎപി(ന്യൂ കാർ അസ്സസ്മെൻറ് പ്രോഗ്രാം )  ക്രാഷ് ടെസ്റ്റ്  പ്രകാരം ടാറ്റ കാറുകൾ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളായി പ്രഖ്യാപിക്കപ്പെട്ടത് ടാറ്റ മോട്ടോഴ്സിന് അനുകൂലമാണ്. കമ്പനിയുടെ കാർ വില്പനയിൽ മുന്നേറും. ഓഹരി പുത്തൻ  ഉയരങ്ങൾ തേടുകയാണ്. 220 രൂപയാണ്  ഓഹരിയുടെ അടുത്ത ലക്ഷ്യം. 280 രൂപ വരെ അടുത്ത  ഒരു വർഷത്തിനുള്ളിൽ ഓഹരി മുന്നേറിയേക്കാം

ബോയിങ് 737 മാക്സ് 

ഇരുപത് മാസത്തെ പണിപ്പുര വാസത്തിന് ശേഷം ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങൾ  വീണ്ടും പറന്നു തുടങ്ങുന്നത് വിമാനകമ്പനികൾക്ക് അനുകൂലമാണ്. സ്‌പൈസ് ജെറ്റിന് 80 രൂപ ലക്‌ഷ്യം ഉറപ്പിക്കാവുന്നതാണ്.

വേദാന്ത-ബിപിസിഎൽ 

ബിപിസിഎല്ലിന്റെ സർക്കാർ ഓഹരികൾ സ്വന്തമാക്കാനായി വേദാന്ത മുന്നോട്ട് വരുന്നത് ഇരു ഓഹരികൾക്കും അനുകൂലമാണ്. ഓഹരി വില്പനയിൽ വഴിത്തിരിവുകൾ പ്രതീക്ഷിക്കുന്നു. . 

ഡിഎൽഎഫ് 

ഡിഎൽഎഫിനെ ഡൗ ജോൺസ്‌ സസ്‌റ്റെയ്നബിലിറ്റി ഇൻഡക്സിൽ ഉൾപ്പെടുത്തിയത് ഓഹരിക്ക് അനുകൂലമാണ്. ഓഹരി  റിയൽ എസ്റ്റേറ്റ് മേഖലയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുമെന്ന് കരുതുന്നു. 200 രൂപക്ക് മുകളിൽ ഓഹരിയിൽ വൻ മുന്നേറ്റം പ്രതീക്ഷിക്കാം. ഒബ്‌റോയ് റിയാലിറ്റി, ഗോദ്‌റെജ്‌ പ്രോപ്പർട്ടീസ്, ശോഭ എന്നിവയും നിക്ഷേപത്തിന് പരിഗണിക്കാം.

സ്വർണം വീഴുന്നു

സ്വർണം വീഴുകയാണ്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1830 ഡോളറിൽ സ്വർണത്തിന് ശക്തമായ പിന്തുണയുണ്ടാകുമെന്ന് കരുതുന്നു. 1867 ഡോളറിൽ ഇത്തവണയും ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുകയാണ്. 12 ഡോളറാണ് സ്വർണത്തിലെ ഇന്നലത്തെ നഷ്ടം.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com