ആത്മവിശ്വാസത്തിൽ വിള്ളൽ വീഴുന്നുവോ?

HIGHLIGHTS
  • ഇന്ന് വിപണി നേരിയ നേട്ടത്തോടെ തുടക്കമിട്ടേക്കും
mkt-up-2
SHARE

വാക്സിൻ പ്രതീക്ഷകൾക്കും മുകളിൽ ലോക്ക്ഡൗൺ ആശങ്കകൾ ചിറകുപടർത്തിയതിനൊപ്പം, തൊഴിലില്ലായ്മ വേതനത്തിനുള്ള അമേരിക്കൻ പൗരന്മാരുടെ അപേക്ഷകളുടെ എണ്ണം വർദ്ധിച്ചതും യുഎസ് വിപണിക്ക് തിരുത്തൽ നൽകി. കഴിഞ്ഞ മാസങ്ങളിൽ കുറഞ്ഞു വന്ന ജോബ്‌ലെസ് ക്ലെയിമുകളുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർദ്ധന അമേരിക്കയുടെ സാമ്പത്തിക നില ഭദ്രമായിത്തുടങ്ങിയിട്ടില്ല എന്ന സൂചനയും തരുന്നു. സ്റ്റിമുലസ് പാക്കേജ് നീണ്ടു പോകുന്നത് അമേരിക്കൻ വിപണിക്കും സമ്പദ് വ്യവസ്ഥക്കും പ്രതികൂലമാണ്. ഇന്നലെ യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാനൊഴികെയുള്ള ഏഷ്യൻ സൂചികകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം  ആരംഭിച്ചിരിക്കുന്നത്. നിഫ്റ്റിയും  ഇന്ന്  നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചേക്കും. 

നിഫ്റ്റി 

രാജ്യാന്തര ഘടകങ്ങൾക്കൊപ്പം ഇന്നലത്തെ വാരാന്ത്യ ഇൻഡക്സ് ഓപ്‌ഷൻസ് എക്സ്പയറി സെഷനും, വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വിപണി പങ്കാളിത്തം കുറഞ്ഞതും, മോറട്ടോറിയം പലിശ കേസിൽ സുപ്രീം കോടതി ഇന്നലെ മുതൽ വാദം  കേട്ടു തുടങ്ങിയതും ഇന്ത്യൻ വിപണിയുടെ നാല്  ദിവസം നീണ്ട റെക്കോർഡ് റാലിക്ക് വിരാമമിട്ടു.  നിഫ്റ്റി 1.29% നഷ്ടത്തിൽ 12771 പോയിന്റിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 12,800 പോയിന്റിന് താഴെ വ്യാപാരം അവസാനിപ്പിച്ചത് വിപണിയുടെ  ആത്മവിശ്വാസത്തിൽ വിള്ളലുണ്ടാക്കി. 12700 പോയിന്റിലാണ് നിഫ്റ്റിക്ക് അടുത്ത ശക്തമായ പിന്തുണ ലഭ്യമാകുക. 12420 പോയിന്റും, 12100 പോയിന്റും  നിഫ്റ്റിക്ക് ആശ്വാസകേന്ദ്രങ്ങളാണ്. 12900 പോയിന്റിലെ റെസിസ്റ്റൻസ് ഇനി കൂടുതൽ ശക്തമായേക്കാം.

എഫ്എംസിജി, എനർജി, മീഡിയ ഓഹരികൾ മാത്രമാണ് ഇന്നലെ പിടിച്ചു നിന്നത്. ബാങ്ക് നിഫ്റ്റി 2.9% ത്തിന്റെ തിരുത്തൽ നേരിട്ടപ്പോൾ റിയൽറ്റി മേഖല 1.4%വും, ഐടി 0.9%വും നഷ്ടം നേരിട്ടു. ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറിൽ വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് പണമൊഴുക്ക് തുടരുന്ന കാലത്തോളം മുന്നേറ്റ സാധ്യതയുണ്ട്.  ഐഡിയ, ഹീറോ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, റിലയൻസ്, ഡിഎൽഎഫ് എന്നീ ഓഹരികൾ ശ്രദ്ധിക്കുക. 

ഐഎംഎഫ്

ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാൻ ലോക രാഷ്ട്രങ്ങൾക്ക് കൂടുതൽ സമയം ആവശ്യമായി വരും എന്ന രാജ്യാന്തര നാണ്യനിധിയുടെയും, ജി-20 കൂട്ടായ്മയുടെയും മുന്നറിയിപ്പ് വിപണികൾക്കു ദോഷകരമായേക്കാം. ഓഹരികളടക്കമുള്ള നിക്ഷേപ-ആസ്തികളുടെ വിലമുന്നേറ്റത്തിന് യഥാർത്ഥ സാമ്പത്തിക അവസ്ഥയുമായി ബന്ധമില്ലെന്ന ഐഎംഎഫിന്റെ വിലയിരുത്തലും വിപണിക്ക് ബാധകമാണ്. 

മോറട്ടോറിയം പലിശ 

മോറട്ടോറിയം കാലഘട്ടത്തിലെ പിഴപലിശ വിഷയം ഒരു ഇടവേളക്ക് ശേഷം വീണ്ടും ചർച്ചയാകുന്നത് ബാങ്കിങ്, ഫിനാൻഷ്യൽ മേഖലകളുടെ റാലിക്ക് താത്കാലിക തടസ്സമാകുമെന്നും വിപണി ഭയക്കുന്നു. എന്നാൽ ബാങ്കിങ് , ഫിനാൻഷ്യൽ ഓഹരികൾ മികച്ച ഫലപ്രഖ്യാപനങ്ങളെ തുടർന്ന് മികച്ച ഉയരങ്ങൾ തേടിയതിനാൽ , സെക്ടറിൽ ഇനിയൊരു തിരുത്തൽ മികച്ച അവസരമായിരിക്കും.  ബാങ്കിങ് ഓഹരികളിൽ ഇന്ന് വാങ്ങൽപ്രതീക്ഷിക്കുന്നു എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവ പരിഗണിക്കാം.

എയർലൈൻസ്

പ്രതീക്ഷക്കപ്പുറമുള്ള മുന്നേറ്റമാണ് എയർലൈൻ ഓഹരികൾ നവംബറിൽ സ്വന്തമാക്കിയത്. ഇവിടെ മുൻപ് പ്രതിപാദിച്ചിരുന്നത് പോലെ സ്‌പൈസ്ജെറ്റ് 50% റെക്കോർഡ് നേട്ടം ഈ മാസം സ്വന്തമാക്കിയപ്പോൾ, ഇൻഡിഗോ 29% നേട്ടം സ്വന്തമാക്കി.  ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണം സെപ്തംബര്‍ മാസത്തിലെ 3.94 ദശലക്ഷത്തിൽ നിന്നും ഒക്ടോബറിൽ 5.27 ദശലക്ഷത്തിലേക്കുയർന്നതും, ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് വീണ്ടും പറക്കാനനുമതി ലഭിച്ചതുമാണ് വ്യോമയാന മേഖലക്ക് അനുകൂലമായത്. ജെറ്റ് എയർവെയ്‌സും മുന്നേറുകയാണ്.

സ്വർണം

സ്വർണം രാജ്യാന്തര വിപണിയിൽ വീഴ്ച തുടരുകയാണ്. താരതമ്യേന വിലകുറവാണ് എന്നത് സ്വർണത്തിൽ നിക്ഷേപം പരിഗണിക്കുന്നതിന് ഇപ്പോൾ മതിയായ കാരണമല്ല. സ്വർണ വിലയിൽ ഇനിയും കാര്യമായ തിരുത്തലിന് സാധ്യതയുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ  സ്വർണം ഇനിയും മുന്നേറും.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA