ADVERTISEMENT

.കോവിഡ്  വാക്സിനുകൾക്ക്  അടിയന്തര അനുമതി ലഭ്യമാകുന്ന വാർത്തകൾക്ക് പിന്നാലെ ജോ ബൈഡന്റെ വൈറ്റ് ഹൗസ് പ്രവേശനം കുഴപ്പങ്ങളില്ലാതെ നടക്കുമെന്ന സൂചനയും ഡൗ ജോൺസ്‌ സൂചികയെ ചരിത്രത്തിലാദ്യമായി 30000 പോയിന്റ് കടത്തി വിട്ടു. നാസ്ഡാക് വീണ്ടും 12000 പോയിന്റ് കടന്നതും ലോക വിപണിക്ക് ആവേശം നൽകുന്നു. മുൻ ഫെഡ് ചെയർ പേഴ്‌സൺ  ജാനെറ്റ് യെലനെ  ട്രഷറി സെക്രട്ടറിയായി ബൈഡൻ  നാമനിർദേശം നൽകിയത് ഇക്കണോമിക് സെൻസിറ്റീവ് ഓഹരികൾക്ക് മുന്നേറ്റം നൽകി. 

എന്നാൽ അനുകൂല തരംഗത്തിൽ വിപണി മുന്നേറുകയാണെങ്കിലും, അമേരിക്കയിൽ ദിനം പ്രതി ഉയരുന്ന കോവിഡ് കണക്കുകളും, തൊഴിൽ രഹിതരുടെ എണ്ണവും, അമേരിക്കയുടെ പുതിയ പ്രസിഡന്റിന്റെ പുതിയ കോർപ്പറേറ്റ്, രാജ്യാന്തര നയങ്ങളുമെല്ലാം വിപണിയെ  ആശങ്കപ്പെടുത്തുന്നു. സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപനം വൈകുമെന്നതിനാൽ വരും ആഴ്ചകളിൽ തിരുത്തലിനും സാധ്യത ഏറെയാണ്.      

ഏഷ്യൻ  വിപണികളെല്ലാം ആവേശം പ്രകടമാണ്. സിങ്കപ്പൂർ നിഫ്റ്റി  0 .33% നേട്ടത്തിൽ  വ്യാപാരം  ആരംഭിച്ചപ്പോൾ, ജപ്പാന്റെ  നിക്കി സൂചിക 2 % നേട്ടമാണ്  തുടക്കത്തിൽ തന്നെ സ്വന്തമാക്കിയത്. ഇന്ത്യൻ സൂചികകളും നേട്ടത്തിൽ തുടങ്ങിയേക്കാം.

നിഫ്റ്റി 

13000 പോയിന്റിലേക്ക് നിഫ്റ്റി പതുക്കെ നടന്നു കയറുകയായിരുന്നു. ഇന്നലെ 13002 പോയിന്റിൽ ആരംഭിച്ച നിഫ്റ്റി പതിയെ മുന്നേറിയ ശേഷം 13000 പോയിന്റിന്  താഴേക്ക് പോന്നെങ്കിലും പിന്നീട് ക്രമപ്പെട്ട്  13055 പോയിന്റിൽ അവസാനിച്ചു. ഇന്നലെ 4563 കോടി രൂപയുടെ അധിക നിക്ഷേപം നടത്തിയ വിദേശനിക്ഷേപകരുടെ മണിപവറിൽ തന്നെയാണ് ഇന്ത്യൻവിപണിയുടെ പ്രതീക്ഷ. അദാനിപോർട്സ്, ഐഷർ മോട്ടോഴ്‌സ്, ആക്സിസ് ബാങ്ക്, എം & എം, ഹിൻഡാൽകോ ഓഹരികൾ ഇന്നലെ മുന്നിൽനിന്നും നയിച്ച ഇന്ത്യൻ വിപണിക്ക് ബാങ്കിങിൽ വാങ്ങലുകാർ ഏറിയതാണ് തുണയായത്.   

നിഫ്റ്റിക്ക് ഇന്നും നാളെയും 12800 മുതൽ 13150 വരെസഞ്ചാരസ്വാതന്ത്ര്യം ലഭിച്ചേക്കാം.12800 പോയിന്റിലാകും ശക്തമായ പിന്തുണ.13100 പോയിന്റ് പിന്നിട്ടാൽ 13250 മേഖലയിലാകും വിപണിയിൽ വിൽപ്പന സമ്മർദം. 44500 പോയിന്റ് മറികടന്ന സെൻസെക്സ് ഈ ആഴ്ച തന്നെ 45000 പോയിന്റ് മറികടന്നേക്കാം. രാജ്യാന്തര ഘടകങ്ങൾ കൂടി അനുകൂലമായാൽ സെൻസെക്സ്  2020 ൽ തന്നെ  50000 കടന്നേക്കാം. 

എഫ്&ഓ ക്ലോസിങ്ങും ചാഞ്ചാട്ട സാധ്യതകളും 

നാളത്തെ ഫ്യൂച്ചർ, ഓപ്ഷൻ ക്ലോസിങ്ങുകൾ ഇന്ന് തന്നെ വിപണിയിൽ ഓളങ്ങൾ സൃഷ്ടിച്ചേക്കാം. അമേരിക്കൻ ഫണ്ടുകളുടെ കുത്തൊഴുക്ക് തുടരുന്നത് വിപണിയിൽ കരടികളുടെ കൂട്ടപലായനത്തിന് സാധ്യതയൊരുക്കുന്നു. ബാങ്കിങ്, ഓട്ടോ, ഐടി, റിയൽറ്റി  മേഖലകളിൽ തുടരുന്ന വാങ്ങൽ ഇന്നും, നാളെയും തുടർന്നാൽ വിപണി പുതിയ ഉയരങ്ങൾ തേടും. എങ്കിലും  വിപണിയിലെ അധിക വാങ്ങലും, ലാഭമെടുക്കൽ സാധ്യതയും  ഭീഷണിയാണ്. നിക്ഷേപകർ  അടുത്ത തിരുത്തലിനായി  കാത്തിരിക്കുകയും, ലാഭമെടുക്കൽ  ആരംഭിക്കുകയും  ചെയ്യാവുന്നതാണ്. 

വാഹന ഉത്സവം

ഇന്ത്യൻ വാഹനവിപണിയിലെ ഉൽസവകാല വിൽപ്പനകണക്കുകൾ അമ്പരപ്പിക്കുന്നതാണെന്ന കമ്പനികളുടെ ആദ്യപ്രതികരണത്തിൽ വിശ്വാസമർപ്പിക്കുകയാണ് വിപണി. ഹീറോ, മാരുതി, മഹിന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നീ മുൻ നിര കമ്പനികളുടെ നടപ്പ് മാസത്തിലെ വിൽപ്പന കണക്കുകൾ അടുത്ത ചൊവ്വാഴ്ച പുറത്തുവരുന്നതിന് മുൻപ് സ്വന്തമാക്കാനാവുന്ന അവസരമാണിപ്പോൾ. മാരുതിക്ക് 7800 രൂപയും മഹീന്ദ്രക്ക് 850 രൂപയും, ഹീറോ മോട്ടോഴ്സിന് 3,500 രൂപയും ടാറ്റ മോട്ടോഴ്സിന് 230 രൂപയും സമീപ കാല ലക്‌ഷ്യം ഉറപ്പിക്കാവുന്നതാണ്.  

സ്വർണം

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 1800 ഡോളറിന് മുകളിൽ ക്രമപ്പെടുന്നത് അനുകൂലമാണ്. വിപണിയുടെ വരുംകാല അനിശ്ചിതത്വങ്ങൾ സ്വർണത്തിന് തിരിച്ചുവരവ് നൽകിയേക്കാം. ഇന്ത്യൻ വിപണിയിൽ സ്വർണം പത്തു ഗ്രാമിന് മാസങ്ങൾക്ക് ശേഷം ആദ്യമായി വില 49000 രൂപയിൽ താഴെ പോയി.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com