കൈയ്യില്‍ ബാക്കിയാവുന്ന ചില്ലറ കാശ് കൊണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കാനാകുമോ? എത്ര പണം കൈയ്യിലുണ്ടെങ്കില്‍ ഓഹരി വിപണിയില്‍ നിക്ഷേപം തുടങ്ങാനാകും? ഇവിടെ നിക്ഷേപത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണ്... ഇങ്ങനെ നിരവധി സംശയങ്ങളും ഭയവും മൂലം ഓഹരി മാര്‍ക്കറ്റില്‍ നിന്ന് സ്വയം മാറി നില്‍ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വിപണിയുടെ കുതിപ്പിന്റെ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് സൗജന്യ നിക്ഷേപക വിദ്യാഭ്യാസ ബോധവത്കരണ പരിപാടിയില്‍ പങ്കാളിയാകാം. ഓഹരി വിപണിയെ കുറിച്ചും നിക്ഷേപരീതികളെ കുറിച്ചും താത്പര്യമുള്ളവരെ പ്രോത്സാഹിക്കാനുള്ള സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ട്രെയ്നേഴ്സ് (സ്മാര്‍ട്ട് ) പ്രോഗ്രാമിന് സെബി തുടക്കം കുറിച്ചു. നിലവിലെ വിപണിയുടെ കുതിപ്പന്റെ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമാകുമെന്നതിനാലാണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്ന് സെബി ചെയര്മാന് അജയ് ത്യാഗി വ്യക്തമാക്കി. രാജ്യമാകെ ലോക നിക്ഷേപ വാരമായി അഘോഷിക്കുമ്പോഴാണ് പുതിയ നിക്ഷേപകര്‍ക്ക് വിപണിപ്രവേശത്തിന് ആത്മവിശ്വാസം നല്കുന്ന പദ്ധതി സെബി അവതരിപ്പിക്കുന്നത്. സ്്മാര്‍ട്ട് പദ്ധതിയുടെ ഭാഗമായി സെബി നേരിട്ട് പരിശീലിപ്പിച്ച ആദ്യ ബാച്ച് ട്രെയിനര്‍മാര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ദേശീയ തലത്തില്‍ പരിശീലിപ്പിച്ചെടുത്ത സെബിയുടെ എംപാനല്‍ഡ് ട്രെയിനര്‍മാര്‍ ആയിരിക്കും വിദ്യാഭ്യാസ ബോധവത്കരണ പരിപാടിയുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നയിക്കുക.
രാജ്യത്ത് 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള 31 ജില്ലകള്‍ ഇങ്ങനെ സ്മാര്‍ട്ട് ക്ലാസിന് ഇപ്പോള്‍ തയ്യാറായിട്ടുണ്ട്.
സൗജന്യം
സെബിയുടെ എംപാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട പരിശീലകര്‍ എടുക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണമായും സൗജന്യമാണ്.പ്രാദേശിക ഭാഷകളിലായിരിക്കും ക്ലാസുകള്‍ എടുക്കുക. സെബിയുടെ നിക്ഷേപ പരിരക്ഷാ ബോധവത്കരണ നിധിയില്‍ നിന്നാകും ഇതിനുള്ള ചെലവ് കണ്ടെത്തുക.
ആര്‍ക്കെല്ലാം പങ്കെടുക്കാം
ഓഹരി വിപണയെ കുറിച്ചും നിക്ഷേപ രീതികളെ കുറിച്ചും അറിയാന്‍ താത്പര്യമുള്ള പ്രൊഫഷണലുകള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതു-സ്വകാര്യമേഖലയിലെ ജീവനക്കാര്‍, കുടുംബിനികള്‍ അടക്കമുള്ളവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം. സെബിയുടെ ട്രെയിനര്‍മാര്‍ നിങ്ങളെ ബന്ധപെട്ട് അനുയോജ്യമായ സമയം അനുവദിക്കും. വിവരങ്ങൾക്ക്: 9847436385 https://investor.sebi.gov.in/