ADVERTISEMENT

നവംബറിലെ അവസാന ദിനമായ ഇന്നലെ പോർട്ഫോളിയോകളുടെ റീബാലൻസിങ് നടപടികളുടെ പശ്ചാത്തലത്തിലും, ഈ ആഴ്ച പുറത്തു വരാനിരിക്കുന്ന സാമ്പത്തിക വിവരകണക്കുകളെക്കുറിച്ചുള്ള ആശങ്കയിലും  അമേരിക്കൻ വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഡിസംബർ 25 എങ്കിലുമാകാതെ കോവിഡ് വാക്സിൻ ഉപയോഗിച്ച്തുടങ്ങില്ല എന്ന അമേരിക്കൻ ഹെൽത്ത് സെക്രട്ടറിയുടെ  സൂചനയും,  ഡിസംബർ അമേരിക്കൻ വിപണിക്ക് അത്ര മികച്ചതായേക്കില്ല എന്ന ചിന്തയും ലോക വിപണിക്ക് തന്നെ  ഒരു തിരുത്തൽ നൽകിയേക്കുമെങ്കിലും ഡിസംബർ നേട്ടത്തോടെയവസാനിപ്പിച്ചുകൊണ്ട്  ജനുവരി മുതൽ ലോക വിപണി പുത്തൻ ഉയരങ്ങൾ തേടും. ഇന്ത്യൻ വംശജയായ നീര ടണ്ടൻ അമേരിക്കയുടെ ബഡ്ജറ്റ് ചീഫാകുന്നതും ഇന്ത്യക്ക് അനുകൂലമാകും. ഏഷ്യൻ  വിപണികളെല്ലാം മികച്ച നിലയിലാണ് വ്യാപാരം തുടരുന്നത്. ജപ്പാന്റെ നിക്കി സൂചിക 1.35% നേട്ടത്തോടെ ഏഷ്യൻ വിപണികളിൽ മുന്നിൽ നിൽക്കുന്നു.

നിഫ്റ്റി 

സെപ്റ്റംബറിൽ  അവസാനിച്ച  രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിലും ഉയരത്തിൽ വളർന്ന ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനവും, പിടി തരാതെ കുതിക്കുന്ന ഓഹരി വിപണിയും ഇന്ത്യൻ സമ്പദ്ഘടനയുടെ കരുത്തിനെ സൂചിപ്പിക്കുന്നെങ്കിലും  പണപ്പെരുപ്പവും, അകലം കൂടുന്ന ബഡ്ജറ്റ് കണക്കുകളും ആശങ്കയാണ്.  12900 പോയിന്റിലും, 12800 പോയിന്റിലും  പിന്തുണ  ലഭ്യമാകുന്ന  നിഫ്റ്റി ഇന്നും അമേരിക്കൻ ഫണ്ടുകളുടെ  പിൻബലത്തിലും, നവംബറിലെ മികച്ച വാഹന  വില്പനകണക്കുകളുടെ പിന്തുണയിലും മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ഓട്ടോ, ഇൻഫ്രാ, മാനുഫാക്ച്ചറിങ്, ഏവിയേഷൻ, സിമന്റ്, മെറ്റൽ, റിയൽറ്റി മേഖലകൾക്ക് മുന്നേറ്റ സാധ്യത കൂടുതലാണ്. എയർകണ്ടിഷൻ , കേബിൾ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ഓഹരികളും ശ്രദ്ധിക്കുക. പൊതു മേഖല  ബാങ്കുകളും, പൊതു മേഖല ഓഹരികളും  ഓഹരി വിറ്റഴിക്കലിന്റെ പശ്ചാത്തലത്തിൽ ദീർഘകാല നിക്ഷേപത്തിന്  പരിഗണിക്കാം.

ആഭ്യന്തര ഉല്‍പ്പാദനക്കണക്കുകൾ  

ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനം സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 7.5% മാത്രം കുറഞ്ഞത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കും വിപണിക്കും അനുകൂലമാണ്. ജൂണിലവസാനിച്ച ഒന്നാം  പാദത്തിൽ  23.92%ത്തിന്റെ റെക്കോർഡ് ചുരുങ്ങൽ നേരിട്ട ഇന്ത്യൻ ജിഡിപി ഉല്പാദന രംഗത്തിന്റെ തിരിച്ചു വരവോടെ സാധാരണഗതിയിലേക്കെത്തി തുടങ്ങി. പുത്തൻ ഇറക്കുമതി നയങ്ങളും, പ്രോത്സാഹന നടപടികളും നടപ്പു പാദത്തിലും, വരും പാദങ്ങളിലും ഇന്ത്യക്ക്  ആഭ്യന്തര ഉല്‍പ്പാദന വളർച്ച സമ്മാനിക്കും. 

കഴിഞ്ഞ പാദത്തിൽ  മൈനിങ് 9.1%വും, നിർമാണ മേഖല 8.6 %വും , റിയൽറ്റി മേഖല 8.1 %വും ചുരുങ്ങിയിരുന്നു. ഹോട്ടൽ, ട്രേഡ്, ഗതാഗത, മേഖലകൾ 15 .6 % തകർച്ച നേരിട്ട സ്ഥാനത്ത് നടപ്പു പാദത്തിൽ ഉറപ്പായ വളർച്ച നേടുന്നത് ഇന്ത്യയുടെ അഭ്യന്തര ഉല്പാദനത്തിന് വളർച്ച സമ്മാനിക്കുമെന്ന് തന്നെ കരുതുന്നു. 

ആർബിഐ 

നാളെ  മുതൽ നടക്കുന്ന ആർബിഐയുടെ നയാവലോകന യോഗവും ഈ  ആഴ്ച ഇന്ത്യൻ വിപണിക്ക് വളരെ പ്രധാനമാണ്. പണപ്പെരുപ്പ നിരക്ക്  ഉയരുന്നതിനിടയിലും, വളർച്ചാ ശോഷണം നേരിടുന്ന ആഭ്യന്തര ഉല്പാദനകണക്കുകൾ കണക്കിലെടുത്ത് അടിസ്ഥാന വായ്പ നിരക്കുകൾ  കേന്ദ്ര ബാങ്ക് ഉയർത്തിയേക്കില്ല എന്നും വിപണി പ്രത്യാശിക്കുന്നു. ബാങ്കിങ്, ഫിനാൻസ്, ഹോസ്പിറ്റാലിറ്റി, റിയൽറ്റി മേഖലകൾ ചില അനുകൂല പ്രഖാപനങ്ങളും നാലാം തീയതിയിലെ കേന്ദ്ര ബാങ്ക് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിൽ പ്രതീക്ഷിക്കുന്നു. 

ഓട്ടോ ഡേറ്റ 

വാഹന വിപണിയുടെ സ്വപ്നസമാനയായ വില്പന കണക്കുകളാണ് വിപണി ഇന്ന് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഉത്സവ സീസണിൽ വില്പന മേളം നടത്തിയ  ഇന്ത്യൻ കമ്പനികളുടെ വിജയസൂചനകളും ഇന്ത്യൻ വാഹന ഓഹരികൾക്ക് കഴിഞ്ഞ  വാരം വൻ മുന്നേറ്റം നൽകിക്കഴിഞ്ഞു. വാഹന ഓഹരികളിലെ ലാഭങ്ങൾക്ക്  സ്റ്റോപ്പ് ലോസ് പരിരക്ഷയും ഇന്ന് പരിഗണിക്കുക. മാരുതി, ഹീറോ , മഹിന്ദ്ര , ടാറ്റ മോട്ടോഴ്‌സ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

തായ്‌ലൻഡ് ടയർ നിരോധനം

ചൈനീസ്  ഉടമസ്ഥരാൽ നിയന്ത്രിക്കപ്പെടുന്ന തായ്‌ലൻഡ് ടയർ കമ്പനികളുടെ ടയറുകൾക്ക് മേലും ആന്റി ഡംപിങ് ഡ്യൂട്ടി ഏർപ്പെടുത്താൻ വാണിജ്യ മന്ത്രാലയം നിർദ്ദേശം സമർപ്പിച്ചത് ഇന്ത്യൻ ടയർ കമ്പനികൾക്ക് അനുകൂലമാണ്. സിയറ്റ് ,ജെകെ, അപ്പോളോ ടയർ എന്നിവ ശ്രദ്ധിക്കാം. 

സ്വർണം 

കഴിഞ്ഞ മുപ്പത് ദിവസം കൊണ്ട് അഞ്ചര ശതമാനത്തിന് മേൽ തിരുത്തൽ നേരിട്ട സ്വർണം രാജ്യാന്തര  വിപണിയിൽ 1770 ഡോളറിൽ മികച്ച പിന്തുണയാണ് നേടുന്നത്. സ്വർണം ഔൺസിന് 1800 ഡോളറിന് മുകളിലേക്ക് ഒരു താത്കാലിക  മുന്നേറ്റം നടത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com