ADVERTISEMENT

അമേരിക്കൻ വിപണിക്ക് വീഴാനൊരു കാരണമില്ലാത്ത നിലയാണ് വന്നിരിക്കുന്നത് എന്നു പറയാവുന്ന സ്ഥിതിയാണിപ്പോൾ. വാക്സിൻ വിജയകഥകൾ കോവിഡ് വാർത്തകൾക്ക് മുകളിൽ സ്ഥാനം നേടിയിരിക്കുന്നത് നവംബറിലെ മുന്നേറ്റം ഈ മാസവും ആവർത്തിക്കുന്നതിന് വിപണിയെ സഹായിച്ചേക്കാം. ഡൗ ജോൺസ്‌ ഇന്നലെ വീണ്ടും റെക്കോർഡ് മുന്നേറ്റം നേടി. നാസ്ഡാക്  1.28% വും, എസ്&പി 500 1.13%വും മുന്നേറ്റം നേടി.  കൊറിയൻ വിപണിയൊഴികെയുള്ള ഏഷ്യൻ വിപണികൾ ഇന്ന് നേരിയ നഷ്ടത്തിലാണ്  വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഇന്ന് നിഫ്റ്റിയിൽ പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു.

നിഫ്റ്റി 

ഒരു ശതമാനം നേട്ടത്തോടെ 13,100 പോയിന്റിന് മുകളിൽ ഇന്നലെ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റിയുടെ അടുത്ത പ്രതിരോധം 13,250 പോയിന്റിലാണ്. 13,000 പോയിന്റിലും, 12,800 പോയിന്റിലും നിഫ്റ്റി ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നു. റിയൽ എസ്റ്റേറ്റ്, പൊതുമേഖല ബാങ്കുകൾ എന്നിവക്ക് പിന്നാലെ ഐടി, ഫാർമ, മെറ്റൽ, ഓട്ടോ മേഖലകളിലും മികച്ച വാങ്ങൽ നടന്നത് ഇന്നലെ വിപണിയെ ചൂടുപിടിപ്പിച്ചു. ഓട്ടോ, മെറ്റൽ, ഐടി മേഖലകൾക്ക്  ഇന്നും മുന്നേറ്റ സാധ്യതയുണ്ട്. വിദേശ നിക്ഷേപകർ ഇന്നലെയും ഇന്ത്യൻ വിപണിയിൽ 3242 കോടി രൂപയുടെ വാങ്ങൽ നടത്തിയതും വിപണിക്ക് പ്രതീക്ഷയാണ്.

വ്യവസായ മേഖലകളിലെ കോവിഡ് വ്യാപനത്തോടെ വ്യവസായ വേഗതയെകുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ട് തുടങ്ങുന്നത് വിപണിക്ക് ആശങ്കയാണ്. ഡിസംബർ നാലിലെ ആർബിഐയുടെ  നയപ്രഖ്യാപനത്തിൽ വിപണി വായ്പാ നിരക്കിളവുകൾ പ്രതീക്ഷിക്കുന്നെങ്കിലും അതുണ്ടായേക്കില്ല എന്ന സന്ദേശം കേന്ദ്ര ബാങ്കിന്റെ ഭാഗത്ത്  നിന്നുണ്ടായത് ബാങ്കിങ് മേഖലക്ക് നിരാശയാണ്. ടാറ്റ മോട്ടോഴ്സ്, ടിവിഎസ്, മഹീന്ദ്ര, ഹീറോ, കോൾ ഇന്ത്യ, ഒബ്‌റോയ് റിയാലിറ്റി, ഡി എൽ എഫ്, റെഡ്‌ഡിസ്‌, കെ ഇ സി, ഐഡിയ, കന്‍സായി നെരോലാക്  മുതലായ ഓഹരികൾ പരിഗണിക്കാം.

നവംബർ വാഹന വില്പന 

ടാറ്റ മോട്ടോഴ്‌സ് മുൻ വർഷത്തിൽ നിന്നും 26% മുന്നേറ്റത്തോടെ 47859 വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചു. കാറുകളുടെ വില്പന 21641 യൂണിറ്റിലൊതുങ്ങിയപ്പോൾ വാണിജ്യ  വാഹനങ്ങളുടെ വില്പന മുന്നേറിയത് ടാറ്റയ്ക്ക് അനുകൂലമാണ്. ഓഹരിക്ക് 220 രൂപയാണ് അടുത്ത ലക്‌ഷ്യം. കടുത്തമത്സരത്തിനിടയിൽ 1.35 ലക്ഷം കാറുകളുടെ വില്പന സ്വന്തമാക്കാനേ മാരുതിക്ക് കഴിഞ്ഞുള്ളു.   

മഹീന്ദ്രയുടെ ട്രാക്ടർ വില്പന 55% ആണ് മുൻ വർഷത്തിൽ നിന്നും മുന്നേറിയത്. എസ്കോർട്സും മികച്ച വില്പന സ്വന്തമാക്കി.താറിന്റെ വില്പനയും മുന്നേറുന്നത് ഓഹരിക്ക് അനുകൂലമാണ്. മഹീന്ദ്രക്ക് മൂന്ന് മാസങ്ങൾക്കുള്ളിൽ 1000 രൂപ ഓഹരി വില പ്രതീക്ഷിക്കാം.

ടി വി എസ് മുൻവർഷത്തിൽ നിന്നും 21% വില്പന വർദ്ധനവ് നേടിയത് ഓഹരിക്ക് മുന്നേറ്റം നൽകും. ഹീറോ 14% വർദ്ധനവോടെ 591091 ബൈക്കുകളുടെ വില്പനനടത്തി. ബജാജ് ഓട്ടോക്ക് ബൈക്ക് വില്പനയിൽ 7% മുന്നേറ്റം മാത്രമേ കഴിഞ്ഞ മാസത്തിൽ സാധ്യമായുള്ളൂ. ബൈക്ക് കയറ്റുമതി 18 % വർദ്ധിച്ചത് അനുകൂലമാണ്. റോയൽ എൻഫീൽഡിന് മുൻ വർഷത്തിൽ നിന്നും 1% മാത്രം വില്പന വർധനയുണ്ടായത്  250 സിസി വിപണിയുടെ 95% കയ്യാളുന്ന ഐഷർ മോട്ടോഴ്സിന് അനുകൂലമാണ്. 59804 ബുള്ളറ്റുകൾ വിറ്റ കമ്പനി മുൻ വർഷത്തിൽ നിന്നും 122% മുന്നേറ്റത്തോടെ 4698 ബൈക്കുകൾ കയറ്റുമതി ചെയ്തു.   

ജി എസ് ടി

തുടർച്ചയായ രണ്ടാമത്തെ മാസവും ഉത്സവ വില്പനയുടെ പിൻബലത്തിൽ ജി എസ് ടി കളക്ഷൻ ഒരു ലക്ഷം കോടി കടന്നത് വിപണിക്ക് അനുകൂലമാണ്. വരും മാസങ്ങളിലെ നികുതി പിരിവിൽ റെക്കോർഡ് മുന്നേറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ബജറ്റ് കമ്മിയുടെ ആഘാതം കുറക്കുവാൻ ഇതൊന്നും പര്യാപ്തമല്ല.

ഐപിഓ 

ബെർജർ കിംഗ് എന്ന ‘’ക്വിക് സർവീസ്’’ റെസ്റ്റോറന്റ് ശ്രംഖലയുടെ  ഐപിഓ ഇന്ന് മുതൽ ആരംഭിക്കുകയാണ്. 59-60 രൂപയാണ് ഓഹരിയുടെ വില. ഓഹരി നിക്ഷേപത്തിന് അനുകൂലമാണ്. ഇക്കൊല്ലം നടക്കുന്ന പതിനാലാമത്തെ ഐപിഓ വിപണിയിൽ വൻ ചലനം തന്നെ സൃഷ്ടിക്കുന്നത് കൂടുതൽ ‘’ഫുഡി’’ കമ്പനികളെ പണത്തിനായി പൊതുവിപണിയെ സമീപിക്കാൻ പ്രേരിപ്പിക്കും. 

സ്വർണം കയറുന്നു 

ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണം 35 ഡോളറിന്റെ മുന്നേറ്റം നേടിയത് പ്രതീക്ഷിച്ചത് തന്നെയായിരുന്നു. സ്വർണ വില ഔൺസിന്  1800 ഡോളർ നിരക്കിൽ ക്രമപ്പെട്ട  ശേഷമായിരിക്കും അടുത്ത മുന്നേറ്റം നടത്തുക. 1860 നിരക്കിൽ അടുത്ത റെസിസ്റ്റൻസ് പ്രതീക്ഷിക്കാം.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com