ADVERTISEMENT

വാക്സിൻ പ്രതീക്ഷകളുടെ പിൻബലത്തിലും, സ്റ്റിമുലസ് പാക്കേജ് പ്രത്യാശയിലും ഇന്നലെ റെക്കോർഡ് ഉയരം താണ്ടിയ എസ്&പിയും, നാസ്ഡാക്കും ആദ്യമായിട്ട് തൊഴിലില്ലായ്മ വേതനത്തിനപേക്ഷിക്കുന്നവരുടെ എണ്ണം അമേരിക്കയിൽ ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് തിരുത്തൽ നേരിട്ടു. വിമാനനിർമാതാക്കളായ ബോയിങ്ങും, ഹൈബ്രിഡ് വാഹന നിർമാതാക്കളായ ടെസ്‌ലയും ഇന്നലെ അമേരിക്കൻ വിപണിയെ മുന്നിൽനിന്നും നയിച്ചു. ഏഷ്യൻ വിപണികളിൽ കോസ്‌പി സൂചിക ഒന്നേകാൽ ശതമാനത്തിന്റെയും, സിങ്കപ്പൂർ നിഫ്റ്റി 0.66 ശതമാനത്തിന്റെയും മുന്നേറ്റം  ഇന്ന് നേടിക്കഴിഞ്ഞത് ഇൻഡ്യൻ വിപണിക്കനുകൂലമാണ്. നിഫ്റ്റി  ഇന്നും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചേക്കും.     

നിഫ്റ്റി 

3,216 പോയിന്റ് എന്ന പുത്തൻ ഉയരം താണ്ടിയ ശേഷം നടന്ന ലാഭമെടുക്കലിനെ തുടർന്ന് ഇറങ്ങിയെങ്കിലും നിഫ്റ്റി ഇന്നലെ  13100 പോയിന്റിന് താഴെ പോവാതിരുന്നത് വിപണിയുടെ വ്യാപ്തി വെളിവാക്കുന്നു. ഇന്നും നിഫ്റ്റിക്ക് 13100 പോയിന്റിൽ മികച്ച പിന്തുണ ലഭ്യമായേക്കും. 13250 പോയിന്റ് പിന്നിട്ട്, രണ്ട്  സെഷനുകളിൽ 13200  പോയിന്റിന്  മേൽ വ്യാപാരം അവസാനിപ്പിച്ചാൽ നിഫ്റ്റിയുടെ  അടുത്ത  ലക്‌ഷ്യം 13500 പോയിന്റാണ്. വിദേശ ഫണ്ടുകളുടെ 3637 കോടി രൂപയുടെ അധിക നിക്ഷേപമാണ്  ഇന്ത്യൻ വിപണിക്ക് ഇന്നലെ താങ്ങായത്.1,439 കോടി രൂപയുടെ അധിക വിൽപ്പനയാണ്  ഇന്നലെ  ഇന്ത്യൻ ധനകാര്യ  സ്ഥാപനങ്ങൾ  നടത്തിയത്.

പൊതു മേഖല  ബാങ്കുകളും , മീഡിയ, മെറ്റൽ, ഓട്ടോ, ഫാർമ മേഖലകളും ഇന്നലെ ഇന്ത്യൻ വിപണിയെ മുന്നോട്ട് നയിച്ചപ്പോൾ റിലയൻസിന്റെ അവസാന മണിക്കൂറിലെ വീഴ്ചയും സ്വകാര്യ ബാങ്കുകളിലെയും, ഐടിയിലെയും തിരുത്തലുമാണ് നിഫ്റ്റിക്ക് ഇന്നലെ മുന്നേറ്റം നിഷേധിച്ചത്. മാരുതിയുടെ മുന്നേറ്റം വിപണിയെ തന്നെ അമ്പരപ്പിച്ചു. വാഹന മേഖലയും, റിയൽറ്റിയും, ഇൻഫ്രയും, മെറ്റലും, സിമെന്റും ഇന്നും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ടാറ്റ മോട്ടോർസ്, മുത്തൂറ്റ്, ഐസിഐസിഐ ബാങ്ക്, കണ്ടെയ്നർ കോർപ്പറേഷൻ, പിഎൻബി ഹൗസിങ്, എസ്ബിഐ, യൂണിയൻ ബാങ്ക്  മുതലായ ഓഹരികൾ പരിഗണിക്കാം.

രാഷ്ട്ര നിർമാണത്തിനായി സർക്കാർ ഫെബ്രുവരി മുതൽ കൂടുതൽ ചെലവഴിച്ചു തുടങ്ങുമെന്ന  കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന ഇൻഫ്രാ, സിമന്റ്, മെറ്റൽ, റിയൽ എസ്റ്റേറ്റ്, ഭവൻവായ്പ ഓഹരികൾക്ക് അനുകൂലമാണ്.

ആർബിഐ പോളിസി മീറ്റിംഗ്

രണ്ട് ദിവസത്തെ നയാവലോകന സമ്മേളനത്തിന് ശേഷം ഇന്ന് നടക്കുന്ന ആർബിഐയുടെ നയപ്രഖ്യാപനത്തിലാണ് വിപണിയുടെ കണ്ണ്. ബാങ്കിങ്, ഫിനാൻഷ്യൽ, റിയാൽറ്റി, മാനുഫാക്ച്ചറിങ്, ഇൻഫ്രാ, ഹോസ്പിറ്റാലിറ്റി മേഖലകൾക്കനുകൂലമാകുന്ന പ്രഖ്യാപനങ്ങളും വിപണി കേന്ദ്ര ബാങ്കിന്റെ പക്കൽ നിന്നും പ്രതീക്ഷിക്കുന്നു. അടിസ്ഥാന ബാങ്കിങ്നിരക്കുകളിൽ കേന്ദ്രബാങ്ക് മാറ്റം കൊണ്ടുവരില്ല എന്ന പ്രതീക്ഷയാണ് വിപണിയിൽ പൊതുവെ. എന്നാൽ വീഴുന്ന ജിഡിപിയുടെ പശ്ചാത്തലത്തിൽ പണപ്പെരുപ്പത്തോത് കണക്കിലെടുക്കാതെ റിപ്പോ നിരക്ക് കുറയ്ക്കുന്നത് സമ്പദ് വ്യവസ്ഥക്ക് അനുകൂലമാകുമെന്ന്  വിപണി കരുതുന്നു.    

കോവിഡ്

കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറന്ന ഉത്സവ സീസണ് ശേഷം രാജസ്ഥാനിലും, മധ്യപ്രദേശിലും രണ്ടാം കോവിഡ് വ്യാപനം നടക്കുന്നത് രാഷ്ട്രത്തിന് തന്നെ ആശങ്കക്ക് വക നൽകുന്നു. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ ഹിമാചലിൽ 27%വും, മധ്യപ്രദേശിൽ 24%വും, രാജസ്ഥാനത്തിൽ 21%വും കൂടുതൽ  രോഗ വ്യാപനമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തിന്റെ വ്യാവസായിക കേന്ദ്രങ്ങളിൽ പലതും കർഫ്യു ഭീതിയിലുമാണ്.  

എച്ച്ഡിഎഫ് സി ബാങ്കിന്റെ സാങ്കേതിക പരാജയം

ക്രെഡിറ്റ് കാർഡ് അടക്കമുള്ള ഡിജിറ്റൽ ഉത്പന്നങ്ങളിലെ അമിതഭാരം എച്ച്ഡിഎഫ് സി ബാങ്കിന്റെ ഡിജിറ്റൽ സംവിധാനത്തെ  തകരാറിലാക്കിയത്  ഓഹരിക്ക്  ക്ഷീണമായി. അവശ്യ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയ ശേഷം മാത്രം ഇനി പുതിയ ക്രെഡിറ്റ് കാർഡുകൾ വിപണനം നടത്തിയാൽ മതി എന്ന ആർബിഐ നിർദ്ദേശം ബാങ്കിന് തിരിച്ചടിയായേക്കും. എസ്ബിഐ കാർഡ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവക്ക് ഇതനുകൂല സമയമാണ്. എസ്ബിഐയുടെ പേയ്മെന്റ് ഉപകരണമായ യോനോയും സാങ്കേതിക പ്രശ്നത്തിലകപ്പെട്ടിരുന്നു. 

വ്യോമയാന മേഖല

ആഭ്യന്തര യാത്രകളിൽ 80% സീറ്റുകളും വിൽക്കാനാവുന്നത് വിമാനകമ്പനികൾക്ക് അനുകൂലമാണ്. കൂടാതെ കോവിഡ് വാക്സിൻ എത്തിക്കുന്നതിനായി വേണ്ടിവരുന്ന അധിക യാത്രകളും വിമാനകമ്പനികൾക്ക് ഈ മാസവും വരും മാസങ്ങളിലും വരുമാന വർദ്ധനവ് ഉറപ്പ് വരുത്തുന്നു. സ്‌പൈസ്ജെറ്റ് ഈ നിരക്കിലും ആകർഷകമാണ്. 

സ്വർണം, ക്രൂഡ്

സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 1850 ഡോളർ നിലയിലേക്ക് ക്രമപ്പെടുകയാണ്.  അമേരിക്കൻ സ്റ്റിമുലസ് പാക്കേജ് വൈകുന്നത് ഓഹരി വിപണിക്ക് അനുകൂലമല്ലെങ്കിലും സ്വർണത്തിന് മുന്നേറ്റം നൽകിയേക്കും. പ്രഖ്യാപനത്തിന് മുൻപ് സ്വർണത്തിൽ നിന്നും ലാഭമെടുത്ത് മാറുക. 

ജനുവരി മുതൽ ഒപെകിന്റെ ഉൽപ്പാദന നിയന്ത്രണം ദിവസേന 7.7 ദശലക്ഷം ബാരലിൽ നിന്നും 7.2 ദശലക്ഷം ഡോളറിലേക്ക് കുറയ്ക്കുന്നത് രാജ്യാന്തര എണ്ണ വിപണിയിൽ  ദിവസേന 50000 ബാരൽ ക്രൂഡിന്റെ അധികലഭ്യത ഉറപ്പു വരുത്തുന്നത് ക്രൂഡ് വില 46 ഡോളർ നിരക്കിൽ ക്രമപ്പെടുന്നതിന് കാരണമായേക്കും.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com