ഇന്ത്യയുടെ കോവിഡ് വാക്സിൻ മുന്നേറ്റം വിപണിക്കും കരുത്തേകുമോ?

HIGHLIGHTS
  • റിലയൻസ്, സൺ ഫാർമ, മുത്തൂറ്റ് , കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, യെസ് ബാങ്ക്, അൾട്രാ ടെക്, ടൈറ്റാൻ ഓഹരികള്‍ പരിഗണിക്കാം
Covid-Share-Market
SHARE

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടത്തോടെ ആരംഭിച്ച അമേരിക്കൻ സൂചികകൾ വാക്സിൻ വാർത്തകളിൽ മുന്നേറി. അടിയന്തര  ഉപയോഗത്തിനുള്ള  മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നതിനാൽ ‘’ഫേവറേബിൾ സേഫ്റ്റി പ്രൊഫൈൽ’’ ഫൈസർ-ബയോ എൻടെക്ക്  കോവിഡ്  വാക്സിന്  നൽകിയ അമേരിക്കൻ എഫ് ഡി എ നടപടി വിപണിക്ക് അനുകൂല തരംഗമൊരുക്കി. ഡൗ ജോൺസ്‌ 104 പോയിന്റ് നേട്ടത്തോടെയാണിന്നലെ വ്യാപാരം അവസാനിപ്പിച്ചത്. നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ടെക് ഓഹരികളും തിരിച്ചു വരവ് നടത്തി.ഏഷ്യൻ വിപണികളുടെ ലാഭത്തോടെയുള്ള ആരംഭം ഇന്ത്യൻ വിപണിക്ക് ഇന്ന് അനുകൂലമാണ്. നിഫ്റ്റി ഇന്നും നേട്ടത്തോടെ തന്നെ വ്യാപാരം ആരംഭിക്കും. 

നിഫ്റ്റി 

ഇന്നലെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ  2909 കോടി രൂപയുടെ  അധിക നിക്ഷേപം നടത്തിയപ്പോൾ ആഭ്യന്തര ഫണ്ടുകൾ 2640 കോടി രൂപയുടെ വില്പന നടത്തിക്കൊണ്ട് ഇന്ത്യൻ സൂചികകളെ വൻമുന്നേറ്റത്തിൽ നിന്നും തടഞ്ഞു. ഇന്ത്യൻ സൂചികകളുടെ  റെക്കോർഡ് മുന്നേറ്റം  അവസാനിക്കും മുൻപ്  ലാഭമുറപ്പിക്കാനുള്ള നിക്ഷേപക പരിഭ്രാന്തിയും വിപണിയിൽ പ്രകടമാണ്. എങ്കിലും 13400 കടന്ന് പുത്തൻ റെക്കോർഡിട്ട നിഫ്റ്റി 13350 പോയിന്റിന് മുകളിൽ  വ്യാപാരം അവസാനിപ്പിച്ചത് ഇന്ന് 13500 എന്ന വൻ കടമ്പ സ്വപ്നം കാണാൻ സഹായിക്കും.14000 പോയിന്റാണ്  നിഫ്റ്റിയുടെ അടുത്ത ലക്‌ഷ്യം. 13300 ൽ നിഫ്റ്റിയുടെ പിന്തുണ ശക്തമാണ്. ഇന്നലെ  മോറട്ടോറിയം  കേസിന്റെ നിഴലിലായ സ്വകാര്യ ബാങ്കുകൾ ഇന്ന് തിരിച്ചു വന്നേക്കാം.

ഇന്നലെ  7.1% മുന്നേറ്റം നേടിയ പൊതുമേഖല ബാങ്കുകൾക്കൊപ്പം  ഇൻഫ്രാ, സിമന്റ്, എഫ്എംസിജി ഓഹരികളും ഇന്ന്  ശ്രദ്ധിക്കുക. റിലയൻസ്, ഗോവ കാർബൺ, സൺ ഫാർമ, മുത്തൂറ്റ്, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, യെസ് ബാങ്ക്, അൾട്രാ ടെക്, ബിർള കോര്പറേഷൻ, ടൈറ്റാൻ  മുതലായ ഓഹരികളും പരിഗണിക്കുക. 

ഇന്ത്യൻ ജിഡിപി & ഫിച്ച് റേറ്റിംഗ്

ഫിച്ച്  റേറ്റിംഗ് ഇന്ത്യയുടെ നടപ്പു വർഷ ജിഡിപി വീഴ്ച -10.5 %ൽ നിന്നും -9.5%ലേക്ക്  ഉയർത്തിയത്  ആർബിഐയുടെ കഴിഞ്ഞ വാരത്തിലെ  ജിഡിപി ‘’റിക്കവറി’’ വാദങ്ങൾക്ക് പിൻബലമേകുന്നു.

കോവിഡും ഇന്ത്യയും 

അമേരിക്ക  ഒരു ദിവസം  പുതിയ  2  ലക്ഷം കോവിഡ്  കേസുകളുമായി ബുദ്ധിമുട്ടുമ്പോൾ കഴിഞ്ഞ അഞ്ചു മാസത്തിലെ  ഏറ്റവും  മികച്ച  കണക്കുകളുമായി  ഇന്ത്യ  സേഫ്  സോണിലേക്ക്  മാറുകയാണ്. കഴിഞ്ഞ  ദിവസം പുതിയ 27000 കേസുകൾ മാത്രമാണ്  ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിലെ  97 ലക്ഷം കോവിഡ് ബാധിതർക്കായി ഇന്ത്യയിൽ തന്നെ  വൻ തോതിൽ  കോവിഡ് വാക്സിൻ  ഉൽപ്പാദിപ്പിക്കുമെന്ന കേന്ദ്ര സർക്കാർ  പ്രഖ്യാപനവും  വിപണിക്ക് അനുകൂലമാണ്.

ജിയോ 5ജി 

2021 ന്റെ രണ്ടാം പാദത്തിൽ ജിയോ ഇന്ത്യയിൽ  5ജി അവതരിപ്പിക്കുമെന്ന മുകേഷ്  അംബാനിയുടെ  പ്രഖ്യാപനം  റിലയൻസിന്  മുന്നേറ്റം ഉറപ്പ് നൽകുന്നു. 5 ജി അവതരണത്തിനായി പുതിയ സാങ്കേതിക വിദ്യയും കണ്ടുപിടിച്ചു എന്ന് അംബാനി പ്രഖ്യാപിക്കുമ്പോൾ  ഇന്ത്യയുടെ സംവിധാനങ്ങൾ  5ജി അവതരിപ്പിക്കപ്പെടാനുള്ള  നിലവാരത്തിലേക്ക്  വളർന്നിട്ടില്ല  എന്ന എയർടെൽ മേധാവി സുനിൽ മിത്തലിൻറെ അഭിപ്രായ പ്രകടനം  എയർടെൽ  ഈ മേഖലയിൽ  പിന്തള്ളപ്പെടുമെന്ന  സൂചനയും നൽകുന്നു.

ടാറ്റ-മിസ്ത്രി 

ഷാപ്പോൺജി പല്ലോൺജി ഗ്രൂപ്പിന് ടാറ്റയിലുള്ള ഓഹരി അവകാശത്തിന് ഇരു പക്ഷവും ഇട്ട വിലകൾ തമ്മിൽ ഒരു ലക്ഷം  കോടി രൂപയുടെ  വ്യത്യാസമുള്ളത്  കോടതി വ്യവഹാരം നീണ്ടു പോകുന്നതിനുള്ള സാഹചര്യമൊരുക്കുന്നത് ടാറ്റ ഓഹരികൾക്ക് അനുകൂലമല്ല. കേസ് വ്യാഴാഴ്ച  മുതൽ കോടതി കേട്ട്  തുടങ്ങും.

ആംബർ, ഡിക്‌സൺ 

കൺസ്യൂമർ  ഡ്യൂറബിൾസ് കരാർ ഉൽപ്പാദകരായ  ആംബർ എന്റർപ്രൈസസിനും, ഡിക്‌സൺ  ടെക്നോളജീസിനും  ക്രെഡിറ്റ് സ്വിസ് ‘’ഔട്ട്പെർഫോം’’ റേറ്റിംഗ് നൽകിക്കൊണ്ട് യഥാക്രമം 3000 രൂപയും,14000 രൂപയും  ലക്‌ഷ്യമുറപ്പിച്ചത് ഇരു ഓഹരികളുടെയും  മുന്നേറ്റ സാധ്യത വർദ്ധിപ്പിക്കുന്നു. ഇക്കൊല്ലം മിഡ് ക്യാപ് പദവിയിലേക്കുയർന്ന  ഇരു ഓഹരികളും അടുത്ത ഒരു വര്‍ഷം കൊണ്ട് ലാർജ്  ക്യാപ് പദവി കരസ്ഥമാക്കും. ദീർഘ കാല നിക്ഷേപകർ ഇരു ഓഹരികളും പരിഗണിക്കുക.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA