മ്യൂച്വല്‍ ഫണ്ട് ആസ്‌തി റെക്കോഡ് ഉയരത്തില്‍
Mail This Article
നവംബറില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി (എയുഎം) റെക്കോഡ് ഉയരത്തില്‍ എത്തി. ഇതാദ്യമായാണ് മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്‌തി 30 ലക്ഷം കോടി രൂപ മറികടക്കുന്നത്. ഇക്വിറ്റി ഫണ്ടുകളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കല്‍ ശക്തമായെങ്കിലും ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം ഉയര്‍ന്നത് മ്യൂച്വല്‍ ഫണ്ട് ആസ്‌തി ഉയരാന്‍ പിന്തുണ നല്‍കി.
ഓവര്‍നൈറ്റ് ഫണ്ട്, ലിക്വിഡ് ഫണ്ട്, ക്രഡിറ്റ് റിസ്‌ക് ഫണ്ട് ഉള്‍പ്പടെ വിവിധ വിഭാഗങ്ങളിലെ ഡെറ്റ് ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവ് ഉയര്‍ന്നു. നവംബറില്‍ 44,983.84 കോടിരൂപയുടെ നിക്ഷേപം ഡെറ്റ് അധിഷ്‌ഠിത ഫണ്ടുകളിലേക്ക് എത്തി.എസ്‌ഐപി എയുഎം 3.78 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. നവംബറില്‍ 3.39 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ് പുതിയതായി കൂട്ടിച്ചേര്‍ത്തത്.
അതേസമയം കഴിഞ്ഞ അഞ്ച് മാസങ്ങളായി ഇക്വിറ്റി ഫണ്ടുകളില്‍ നിന്നും നിക്ഷേപം പുറത്തേക്ക് ഒഴുകുകയാണ്. ഇക്വിറ്റി ഫണ്ടുകളില്‍ നിന്നും നവംബറില്‍ 12,917 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടു. മുന്‍ മാസത്തെ അപേക്ഷിച്ച് 374 ശതമാനം കൂടുതലാണിത്. വിപണി ഉയര്‍ന്നപ്പോള്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് പ്രാധാന്യം നല്‍കിയതാണ് ഇക്വിറ്റി ഫണ്ടുകളില്‍ നിന്നുള്ള പിന്‍വലിക്കല്‍ ഉയരാന്‍ പ്രധാന കാരണം. ജൂലൈ മുതല്‍ ഇതുവരെ ഓഹരി അധിഷ്‌ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും 22,500 കോടിയോളം രൂപയുടെ നിക്ഷേപം പുറത്തേക്ക് പോയി.
English Summary : Mutual Fund Asset Increased in a Record High