വിപണിയിലെ അടുത്ത തിരുത്തൽ ഇനി എപ്പോഴാകും?

HIGHLIGHTS
  • കൊട്ടക് മഹിന്ദ്ര ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, ബർഗർ കിങ്, സ്‌പൈസ് ജെറ്റ്, ടാറ്റ മോട്ടോഴ്‌സ്, എൽ&ടി, സൺ ഫാർമ, ഐആർസിടിസി, ഭാരതി എയർടെൽ മുതലായവ പരിഗണിക്കാം
Mkt
SHARE

കോവിഡ് വാക്സിൻ വിജയ കഥകൾക്ക് ഇനി അമേരിക്കൻ വിപണിയെ ചലിപ്പിക്കാനാവില്ല. വിപണിയുടെ ശ്രദ്ധ ഇനി സ്റ്റിമുലസ് പാക്കേജിലും പുതിയ പ്രസിഡന്റിന്റെ പുത്തൻ നയ പ്രഖ്യാപനങ്ങളിലുമാണ്. സ്റ്റിമുലസ് ചർച്ചകൾ ഒരാഴ്ച കൂടി തുടരാനും, സർക്കാരിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലാവാതിരിക്കാൻ വേണ്ടി ഫെഡറൽ ഫണ്ടിംഗ് തുടരാനും സെനറ്റ് കഴിഞ്ഞ ആഴ്ച തീരുമാനിച്ചത് സ്റ്റിമുലസ് പ്രഖ്യാപനങ്ങൾക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ്  നൽകുന്നത്. അമേരിക്കൻ വിപണിയിൽ തിരുത്തലുകൾ പ്രതീക്ഷിക്കുന്നു. 

ഏഷ്യൻ വിപണികളെല്ലാം അമേരിക്കൻ വിപണിക്ക് പിന്നാലെ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ജാപ്പനീസ്, കൊറിയൻ വിപണികൾ തിരിച്ചു വരവിന്റെ  ലക്ഷണങ്ങൾ കാണിക്കുന്നതും ഡൗ ജോൺസ്‌ ഫ്യൂച്ചർ 0.20% ലാഭത്തിൽ  വ്യാപാരം ചെയ്യുന്നതും  ഇന്ത്യൻ സൂചികകൾക്ക് അനുകൂലമാണ്. നിഫ്റ്റി ഇന്ന് ഒരു പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു. ശേഷം ഇന്ത്യൻ വിപണി മുന്നേറ്റം നേടിയേക്കാം.

നിഫ്റ്റി 

വാഹന മേഖല ഒഴികെ മറ്റെല്ലാ മേഖലകളും മുന്നേറ്റം നേടിയ ഇന്നലെ നിഫ്റ്റി 13550 പോയിന്റിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചത് കഴിഞ്ഞ ആറാഴ്ചകളിലായി ഇന്ത്യൻ വിപണിയിൽ തുടരുന്ന മുന്നേറ്റം ഈ ആഴ്ചയിലും തുടരുമെന്ന സൂചന നൽകുന്നു. ബാങ്കിങ്, മെറ്റൽ, ഫാർമ, എഫ്എംസിജി മുതലായവ ഇന്നലെയും  ഇന്ത്യൻ വിപണിയുടെ നട്ടെല്ലായി മാറി. വിദേശ നിക്ഷേപകർ 2264 കോടി രൂപയുടെ അധിക നിക്ഷേപം നടത്തിയ ഇന്നലെ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് മേഖലകളും അര ശതമാനം വീതം മുന്നേറ്റം നേടി. 

13597 പോയിന്റ് എന്ന റെക്കോർഡ് മുന്നേറ്റം നേടിയ ശേഷം 13600 എന്ന കടമ്പ കടക്കാനാകാതെ പിൻതിരിഞ്ഞ നിഫ്റ്റി ഇന്ന് 13600 പോയിന്റിന് മുകളിൽ വ്യാപാരം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 13400 പോയിന്റാണ് നിഫ്റ്റിയുടെ പ്രധാന പിന്തുണ മേഖല. 13700 പോയിന്റിലാണ്  നിഫ്റ്റിയുടെ അടുത്ത പ്രധാന റെസിസ്റ്റൻസ് മേഖല. 13700 -13750 പോയിന്റ് മേഖലയിൽ നിഫ്റ്റി കടുത്ത വില്പന സമ്മർദ്ദം നേരിടും  13400 പോയിന്റ് വരെയുള്ള തിരുത്തൽ വിപണിയിലെ അവസരമാണ്.  

ഐടി, എനർജി, ഹോസ്പിറ്റാലിറ്റി, മെറ്റൽ, ബാങ്കിങ്, ഫിനാൻസ്  മേഖലകളിൽ ഇന്നും പ്രകടമായ വാങ്ങൽ നടന്നേക്കാം. കൊട്ടക് മഹിന്ദ്ര ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, ബർഗർ കിംഗ്, സ്‌പൈസ് ജെറ്റ്, ടാറ്റ മോട്ടോഴ്‌സ്, ടിവിഎസ് മോട്ടോഴ്‌സ്, എൽ&ടി, സൺ ഫാർമ, ഐആർസിടിസി, ഭാരതി എയർടെൽ, ഡിഎച്എഫ്എൽ  മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

കുറയുന്ന പണപ്പെരുപ്പം

ഉപഭോക്തൃ, വില സൂചികകളിലുണ്ടായ പ്രകടമായ കുറവിന് കാരണം ഇന്ത്യയിലെ കുറയുന്ന ഭക്ഷ്യ വിലയാണ്. സിപിഐ ഒക്ടോബറിലെ 7.61%ൽ നിന്നും നവംബറിൽ 6.92%ലേക്ക് കുറഞ്ഞത് റിസർവ് ബാങ്കിന്റെ അടുത്ത പോളിസി മീറ്റിംഗിൽ വളരെ നിർണായകമാകും. കുറയുന്ന പണപ്പെരുപ്പത്തിന്റെ പിന്തുണയിൽ ആർബിഐയുടെ അടിസ്ഥാന നിരക്കുകൾ കുറയുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.  

ടാറ്റ എയർലൈൻസ് 

അറുപത്തിയേഴ്‌ വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ സർക്കാർ പിടിച്ചെടുത്ത ജെആർഡി ടാറ്റായുടെ സ്വപ്‌നങ്ങൾ കാലം തിരിച്ചു കൊടുക്കുന്നു എന്നതാണ് എയർ ഇന്ത്യ  വില്പനയുടെ സാരാംശം. ടാറ്റ എയർ ഇന്ത്യക്കായി രംഗത്തുള്ളത് എയർലൈൻ സെക്ടറിനും, പൊതു മേഖല ഓഹരികൾക്കും അനുകൂലമാണ്. ഭെൽ , ബിഇഎൽ, ബിഇഎംഎൽ, പൊതു മേഖല ബാങ്കുകൾ, ഷിപ്പിങ് കോർപറേഷൻ, കണ്ടെയ്നർ കോർപറേഷൻ മുതലായവ പരിഗണിക്കാം.

ഐപിഓ 

ഇന്നാരംഭിക്കുന്ന ഐപിഓയിലൂടെ 286-288 രൂപ വില നിലവാരത്തിൽ 540 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്ന ബെക്ടേഴ്‌സ്  ഫുഡ് സ്പെഷ്യലിറ്റി ലിമിറ്റഡ് നിക്ഷേപത്തിന് പരിഗണിക്കാം.  ബിസ്‌കറ്റ് ബ്രാൻഡായ ക്രെമിക്കയും, ബേക്കറി ബ്രാൻഡായ ഇംഗ്ലീഷ് ഓവനും പിന്നാലെ ഇന്ത്യയിലെ പ്രമുഖ ക്വിക് സർവീസ് റെസ്റ്റോറന്റുകൾക്ക് ബണ്ണുകൾ വിതരണം ചെയ്യുന്ന കമ്പനി ഇന്നലെ ലിസ്റ്റ് ചെയ്ത ബർഗർ കിങ്ങിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ നിക്ഷേപത്തിന് അനുകൂലമാണ്.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.