ADVERTISEMENT

ഇംഗ്ലണ്ടിനെ ലോകത്തിൽ നിന്നും ഒറ്റപ്പെടുത്തിക്കളഞ്ഞ അതിവേഗവൈറസ് ഒറ്റദിവസം കൊണ്ട് ലോകവിപണിയുടെ ഗതി മാറ്റിക്കളഞ്ഞു. യൂറോപ്പ് മൊത്തത്തിൽ ലോക്ഡൗണിലേക്ക് നീങ്ങുന്നതിനൊപ്പം ജനിതകമാറ്റം സംഭവിച്ച് ശക്തിയാർജിച്ച പുതിയ കോവിഡ് ഭീഷണി ഇതുവരെയുള്ള വാക്സിൻ നേട്ടങ്ങളെ അപ്പാടെ ഇല്ലാതാക്കുമോന്ന് വിപണി ഭയപ്പെടുന്നു. ബ്രിട്ടീഷ് സൂചികയായ എഫ്ടിഎസ്ഇ ഇൻഡക്സ് ഇന്നലെ 1.73% നഷ്ടം നേരിട്ട ഇന്നലെ ജർമനിയുടെ ഡാക്‌സ് സൂചിക 2.82%വും, ഫ്രാൻസിലെ കാക് സൂചിക 2.43%വും നഷ്ടം നേരിട്ടപ്പോൾ  ഇന്ത്യൻ സൂചികകൾ 3.14%വും, 3%വും തകർച്ചയോടെ യൂറോപ്യൻ വിധേയത്വം അരക്കിട്ടുറപ്പിച്ചു. യൂറോപ്യൻ വിപണി തുടങ്ങും മുൻപ് വ്യാപാരമാസമവനിപ്പിച്ച ഏഷ്യൻ സൂചികകൾ ഇന്നലെ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 

അമേരിക്കൻ സൂചികകളുടെ തിരിച്ചുവരവ്

തിരുത്തലോടെ തുടങ്ങിയ അമേരിക്കൻ വിപണി ഇന്നലെ നടത്തിയ തിരിച്ചു വരവ് ലോകവിപണിക്ക് ഇന്ന് പുത്തൻ ദിശാബോധം നൽകിയേക്കും. അടുത്ത ആഴ്ച മുതൽ നാലുപേരുള്ള ഒരു അമേരിക്കൻ കുടുംബത്തിന് 2400 ഡോളർ ലഭ്യമായിത്തുടങ്ങുമെന്ന ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യൂണിക്കന്റെ പ്രസ്താവനയാണ് അമേരിക്കൻ സൂചികകളെ വീഴാതെകാത്തത്.

ഏഷ്യൻ വിപണികളിൽ സിങ്കപ്പൂർ നിഫ്റ്റി ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സിങ്കപ്പൂർ വിപണിയിൽ നിഫ്റ്റി ഫ്യൂച്ചർ 0.20% നേട്ടത്തിൽ വ്യാപാരം നടക്കുന്നത് ഇന്ത്യൻ സൂചികക്ക് അനുകൂലമാണ്. നിഫ്റ്റി ഇന്ന് നേരിയ ലാഭത്തിൽ വ്യാപാരം തുടങ്ങിയേക്കുമെന്ന് പ്രത്യാശിക്കുന്നു.    

നിഫ്റ്റി

മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണ് ഇന്നലെ ഇന്ത്യൻ സൂചികകൾ നേരിട്ടത്. യൂറോപ്യൻ വിപണികളുടെ ഗ്യാപ് ഡൗൺ ഓപ്പണിങ്ങിനെ മൊത്തത്തിൽ ആവാഹിച്ച നിഫ്റ്റി കഴിഞ്ഞ രണ്ടാഴ്ചത്തെ നേട്ടമായ 400 പോയിന്റുകൾ ഇന്നലെ ഒറ്റ ദിവസം കൊണ്ട് നഷ്ടപെടുത്തിയപ്പോൾ 1400 പോയിന്റാണ് സെൻസെക്‌സിന്റെ നഷ്ടം. ഏഴു ലക്ഷം കോടി രൂപയാണ് ഇന്നലെ ഒറ്റ ദിനം കൊണ്ട് ഇന്ത്യൻ നിക്ഷേപകർക്ക് വിപണിയിൽ നഷ്ടമായത്. ഇന്ന് വിപണി തിരിച്ചു വരവ് കൊതിക്കുന്നു.

ഇന്നലെ 13400 പോയിന്റിന്റെ പിന്തുണ നഷ്ടപെട്ട നിഫ്റ്റി ഇന്ന് വീണ്ടും ആ നിരക്കിന് മുകളിൽ പോയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. 13100 പോയിന്റാണ് ഏറ്റവും അടുത്ത പിന്തുണ മേഖല. 13800 പോയിന്റ് വരെ നിഫ്റ്റിക്ക് വലിയ തടസങ്ങളില്ല.

ഡി-മാർട്ട്, എയർടെൽ, എസ്കെഎഫ് , ടാറ്റ മോട്ടോഴ്‌സ്, മഹിന്ദ്ര, ജെഎസ്ഡബ്ലിയു സ്റ്റീൽ, എൻഐഐടി, ലുപിൻ, യുണൈറ്റഡ് സ്പിരിറ്റ്സ്, റിലയൻസ്, എൽ& ടി മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

വിദേശ നിക്ഷേപം

അമേരിക്കൻ തെരെഞ്ഞെടുപ്പ് ഫലം വന്നശേഷം ഇന്നലെ ആദ്യമായി വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വില്പനക്കാരായി. കഴിഞ്ഞ ആഴ്ചയിൽ 11804 കോടി രൂപ ഇന്ത്യൻ വിപണിയിൽ അധികമായി നിക്ഷേപിച്ച വിദേശ ഫണ്ടുകൾ ഈ മാസമിത് വരെ 38734 കോടി രൂപയും നിക്ഷേപിച്ചു കഴിഞ്ഞിരുന്നു. 65317 കോടി രൂപയാണ് നവംബറിൽ എഫ്ഐഐകളുടെ ഇന്ത്യൻ വിപണി നിക്ഷേപം.   

കോവിഡ് കാല സുരക്ഷിത നിക്ഷേപം

ഏവിയേഷൻ, ട്രാവൽ, മൾട്ടി പ്ലെക്സ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകൾ ഇനിയും തിരുത്തപ്പെട്ടേക്കാം. ഫാർമ, ഐടി, ഫാർമ റിസർച്ച് , എഫ്എംസിജി, ഓൺലൈൻ, അഗ്രോ ടെക് തുടങ്ങിയ കോവിഡ് കാലത്ത് മുന്നേറ്റം നേടിയിരുന്ന സെക്ടറുകൾ സുരക്ഷിത നിക്ഷേപത്തിനായി പരിഗണിക്കാം.   

പുതിയ കൊറോണ വൈറസ്

സാധാരണ കോവിഡ് വൈറസിനേക്കാൾ 70% വേഗത്തിൽ വ്യാപനം സാധ്യമാകുന്ന ജനിതക മാറ്റം സംഭവിച്ച പുതിയ കോവിഡ് തന്മാത്ര ഇതുവരെയുള്ള വാക്സിൻ കണ്ടുപിടുത്തങ്ങളെ ഇല്ലാതാക്കി എന്നതാണ് വിപണിയുടെ പരിഭ്രാന്തിയുടെ അടിസ്ഥാനം. എന്നാൽ കോവിഡിനെതിരെയുള്ള വാക്സിൻ കോവിഡിന്റെ ലക്ഷണങ്ങൾക്കെതിരായി പ്രവർത്തിക്കുമെന്നത് പ്രതീക്ഷ നൽകുന്നു. ഫൈസർ വാക്സിൻ പുതിയ കോവിഡിനെ പ്രതിരോധിക്കില്ല എന്നത് ഊഹം മാത്രമാണെന്ന യൂറോപ്യൻ യൂണിയന്റെ പ്രസ്താവന വിപണിക്കനുകൂലമാണ്.

സ്വർണം

പുത്തൻ വിപണിസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 2000 ഡോളറിലേക്ക് തിരിച്ചുപോകുകയാണ്.1900 ഡോളറിലെത്തിയ ശേഷം തിരുത്തപെട്ടെങ്കിലും ഇന്നും മുന്നേറ്റം നേടിയേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com