ADVERTISEMENT

അമേരിക്കൻ കോൺഗ്രസ് പാസാക്കിയ 900 ബില്യൺ ഡോളർ ഉത്തേജക പാക്കേജ് ‘അപമാനകരം’ ആണെന്നും, പൗരന്മാർക്ക് നൽകുന്ന ധനസഹായത്തിന്റെ തുക വളരെ കുറവാണെന്നുമുള്ള പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റിനോട് അടുത്തു നിൽക്കുന്നതായിരുന്നു വിപണിയുടെ  പ്രതികരണവും. മാസങ്ങളോളം ചർച്ച ചെയ്യപ്പെട്ട്, കാത്തിരുന്ന് പുറത്ത് വന്ന പാക്കേജിൽ പക്ഷെ വിപണിയെ ഉത്തേജിപ്പിക്കാനുള്ള വിഭവങ്ങളില്ലാതെ പോയത് വിപണിക്ക് ക്ഷീണമാണ്. ജോ ബൈഡൻ അധികാരത്തിലേറിയ ശേഷം മാത്രമായിരിക്കും സുപ്രധാന പ്രഖ്യാപനങ്ങളടങ്ങിയ പുത്തൻ സ്റ്റിമുലസ് പാക്കേജുമായി അമേരിക്കൻ സർക്കാർ വരിക എന്ന് കരുതുന്നു. 

ലോക വിപണി ഇന്ന് രാവിലെ 

ഡൗ ജോൺസ്‌ സൂചികയുടെ ഡിസംബറിലെ ഏറ്റവും വലിയ നഷ്ടത്തിലുള്ള ക്ളോസിങും, ഡൗ ജോൺസ്‌ ഫ്യൂച്ചർ വീഴ്ച തുടരുന്നതും, വിപണിക്ക് ആശങ്കയാണ്. എന്നാൽ ഏഷ്യൻ വിപണികളിലെ  മുന്നേറ്റവും, പ്രത്യേകിച്ച്  സിങ്കപ്പൂർ വിപണിയിൽ നിഫ്റ്റി 13400 പോയിന്റിന്  മുകളിൽ വ്യാപാരം നടക്കുന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. നിഫ്റ്റി ഇന്നും പതിയെ തുടങ്ങിയ ശേഷം വിദേശ നിക്ഷേപകരുടെ പിൻബലത്തിൽ മുന്നേറിയേക്കാമെന്ന് കരുതുന്നു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്രിസ്മസ് വാരാന്ത്യം വിപണിയിൽ ലാഭമെടുക്കലിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതും നിക്ഷേപകർ ഇന്ന്  കണക്കിലെടുക്കണം 

നിഫ്റ്റി 

ഇന്നലെ നാല്പത്താറായിരം പോയിന്റിലേക്ക് തിരിച്ചു കയറിയ സെൻസെക്‌സും,13450 പോയിന്റിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റിയും മുന്നേറ്റം പ്രതീക്ഷിക്കുന്നു. വിപണിയുടെ സകല മേഖലകളും മുന്നേറ്റം നേടിയ ഇന്നലെ നിഫ്റ്റിയിലെ 50  ഓഹരികളിൽ 43 എണ്ണവും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടിയുടെ 3.4%വും, ഫാർമ   2.2 % മുന്നേറ്റവുമാണ് ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് അടിത്തറ ഒരുക്കിയത്. ഇരു മേഖലകളും കോവിഡ് സീസൺ മേഖലകളായതിനാൽ പുതിയ വൈറസ് ബാധയുടെ കാലത്ത് പോർട്ട്ഫോളിയോകളിൽ ഐടി-ഫാർമ ഓഹരികൾക്ക് മുൻഗണന നൽകുന്നത് അനുകൂലമാണ്. ഇൻഫ്രാ, മെറ്റൽ, എനർജി, പൊതു മേഖല ബാങ്കിങ് എന്നീ മേഖലകളും ഇന്നലെ ഒരു ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കിയതും ശ്രദ്ധിക്കുക.  

13200 പോയിന്റിലാണ് നിഫ്റ്റിയുടെ ഏറ്റവും അടുത്ത ശക്തമായ സപ്പോർട്ട്. 13400ന് മുകളിൽ പിടിച്ചു നിന്നാൽ നിഫ്റ്റിക്ക് 13650 വരെ വലിയ തടസങ്ങളില്ല. 13650 - 13700 നിരക്കിലാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ് മേഖല. ഇന്നും ഐടി, ഫാർമ മേഖലകളിൽ വാങ്ങൽ തുടർന്നേക്കാം. പൊതുമേഖല ബാങ്കിങ് , മെറ്റൽ, എനർജി, ഇൻഫ്രാ, സിമന്റ് മേഖലകളും ഇന്നും  ശ്രദ്ധിക്കാം. 

വിപ്രോ, ഇൻഫോസിസ്, എച് ഡി എഫ് സി ബാങ്ക്,  ബാങ്ക് ഓഫ് ബറോഡ, പി എൻ ബി, സ്‌പൈസ് ജെറ്റ്, എൽ&ടി, റിലയൻസ്, ബജാജ് ഓട്ടോ, മഹിന്ദ്ര , ടാറ്റ മോട്ടോർസ്, എൽ ടി ഫുഡ്സ്, എൽഐസി ഹൗസിങ് ഫിനാൻസ്, ഡിക്‌സൺ ടെക്നോളജീസ്, ഡാബർ ഇന്ത്യ, എസ്ബിഐ കാർഡ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

വിപ്രോ-ഇൻഫി 

വിപ്രോയും ഇൻഫോസിസും പുതിയ  സുപ്രധാന കരാറുകൾ സ്വന്തമാക്കിയത് ഇന്ന് ഇന്ത്യൻ ഐടി സൂചികക്ക് അനുകൂലമാകും. വിപ്രോ മെട്രോ എജിയുമായും, ഇൻഫി ക്രിസ്‌ലറുമായിട്ടാണ് കരാറിലേർപ്പെട്ടിരിക്കുന്നത്. വിപ്രോയുടെ ഓഹരി തിരികെ വാങ്ങൽ പ്രക്രിയ ഡിസംബർ 29ന് ആരംഭിക്കുന്നു.

പുത്തൻ പാൻഡെമിക് 

പുതിയ അതിവേഗ കോവിഡ് വൈറസ് ലോക സാമ്പത്തിക ക്രമത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ജോ ബൈഡന്റെ മുന്നറിയിപ്പ് വിപണിക്ക് താത്കാലിക ക്ഷീണം നൽകിയേക്കാം. സ്വർണം വീണ്ടും ‘’ഫണ്ട് പാർക്കിങ് ഏരിയ’’ ആയി മാറുന്നത് മഞ്ഞ ലോഹത്തിന് പുത്തൻ ഉയരങ്ങൾ നല്കിയേക്കുമെന്ന് കരുതുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com