ADVERTISEMENT

നിക്ഷേപകർ പിശാചിനും നടുക്കടലിനും ഇടയിലാണ്. ഒരു വശത്തു കോവിഡ്-19ന്റെ വരവോടെ ആളുകളുടെ വരുമാനം കുറഞ്ഞു.  ചെറിയ നിക്ഷേപം നടത്തി  അതിലെ ആദായം കൊണ്ട് ജീവിക്കാമെന്ന് കരുതിയവർക്കും പലിശ കുറഞ്ഞതോടെ പറ്റുന്നില്ല. കൊറോണയെക്കുറിച്ചുള്ള പെരുകുന്ന ആശങ്ക, കുറഞ്ഞ പലിശ നിരക്ക്, എപ്പോഴും മാറിമറിയുന്ന ആഗോള സമ്പദ് വ്യവസ്ഥ തുടങ്ങിയ അനിശ്ചിതത്വങ്ങളുടെ ഇടയില്‍ പുതിയ വർഷം എവിടെ നിക്ഷേപിക്കണമെന്ന തീരുമാനമെടുക്കുന്നത് അത്ര എളുപ്പമല്ല.     

ബാങ്ക് നിക്ഷേപം

പണം നിക്ഷേപിക്കാൻ തീരുമാനിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ബാങ്കുകളാണ്. ഏറ്റവും സുരക്ഷിതമായ നിക്ഷേപ താവളമായി ബാങ്കുകളെ കാണുന്നതിൽ തെറ്റില്ല. എന്നാൽ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശ അഞ്ചു ശതമാനത്തിനടുത്ത് ഏറ്റവും കുറഞ്ഞ നിലയിലാണിപ്പോൾ. വർഷങ്ങളായി പ്രവർത്തിക്കുന്നതും വിശ്വസ്‌തവുമായ ബാങ്കിങ് ഇതര സ്ഥാപനങ്ങളിലും പണം നിക്ഷേപിക്കാം. പെട്ടെന്നുള്ള മഴയിൽ മുളച്ചുവരുന്ന ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കണം.ആകർഷണീയമായ പലിശ വാഗ്ദാനം ചെയ്തു ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം ചതിക്കുഴികളിൽ വീഴുന്നത് മലയാളിയുടെ ദൗർബല്യമാണ്.

ചിട്ടി ആകർഷകം

ഏതൊരു  ഘട്ടത്തിലും ഗൗരവത്തോടെ  പരിഗണിക്കാവുന്ന മറ്റൊരു നിക്ഷേപ  താവളമാണ്  ചിട്ടി. കൊറോണ കാലഘട്ടത്തിലെ വരുമാന ഇടിവ് പരിഗണിക്കുമ്പോൾ ഏതെങ്കിലും ഒരു ചിട്ടിയിൽ ചേരുന്നത് ഉചിതമായിരിക്കും. 10 ശതമാനത്തിലേറെ ആദായം നൽകാൻ ചിട്ടിക്ക് കഴിയും. കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ നവ വർഷത്തിലും ചിട്ടി ആകർഷകമായി തുടരും. സർക്കാരിന്റെ സ്ഥാപനമായ KSFE പോലുള്ളവ തെരഞ്ഞെടുക്കാവുന്നതാണ്.

സ്വർണം തിളങ്ങും

ദീർഘകാലത്തേയ്ക്ക്  പരിഗണിയ്ക്കാവുന്ന നിക്ഷേപ മാർഗമാണ് സ്വർണം. വളരെ ഉയരങ്ങളിലാണ് സ്വർണത്തിന്റെ വിലയെങ്കിലും  2021ൽ  സ്വർണ വിപണി കൂടുതൽ സജീവമാകാനാണ് സാധ്യത. മൂന്ന് മുതൽ അഞ്ചു വർഷം  വരെ ലക്ഷ്യമിടുന്നവരെ സംബന്ധിച്ചിടത്തോളം സ്വർണ നിക്ഷേപം ആകർഷണീയമാകുമെന്നതിൽ സംശയം വേണ്ട. ഭൗതീകമായി  സ്വർണം വാങ്ങിക്കുന്നതിനു പകരം സ്വർണ എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതും പരിഗണിക്കേണ്ടതാണ്.

ഇൻഷുറൻസ് സുരക്ഷിത കവചം

ഒരു നിക്ഷേപ താവളമെന്ന നിലയിലും സുരക്ഷിത കവചമെന്ന നിലയിലും 2021ലെ കേന്ദ്ര ബിന്ദു ഇൻഷുറൻസ് മേഖലയായിരിക്കും. കോവിഡ് കാലം നമ്മെ പഠിപ്പിച്ച പ്രധാന പാഠമാണ് ഇൻഷുറൻസിന്റെ ആവശ്യകത. അതിനാൽ, ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം പതിന്മടങ്ങു വർധിക്കാനുള്ള സാധ്യത വളരെ വലുതാണ്. സമ്പാദ്യവും സുരക്ഷയും ഒരു പോലെ പ്രദാനം ചെയ്യുന്ന ഉല്പന്നങ്ങൾക്കായിരിക്കും കൂടുതൽ അംഗീകാരം. അത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ തിരിച്ചറിഞ്ഞു നിക്ഷേപിക്കുന്നതിൽ നിക്ഷേപകർ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ശരാശരി ആദായം മാത്രമേ ഇവിടെ പ്രതീക്ഷിക്കാവു

ഓഹരി: സമീപനം ഉചിതമാകണം

ഓഹരിവിപണിയിലെ നിക്ഷേപം 2021ൽ  അത്ര മോശമാകാനുള്ള സാധ്യത കുറവാണ്. ഏതു സാഹചര്യത്തിലും ശരിയായ സമീപനവും, ഉചിതമായ തെരെഞ്ഞെടുപ്പമുണ്ടെങ്കിൽ ഓഹരി വിപണിയിൽ സമ്പാദ്യത്തിന്റെ ഇരുപതു മുതൽ 30 ശതമാനം വരെ നിക്ഷേപിക്കാവുന്നതാണ്. നിഫ്റ്റി 50-ൽ അധിഷ്ഠിതമായ നല്ല ഓഹരികൾ 10 ശതമാനത്തിലേറെ പ്രതിഫലം തരുന്നതായി കാണാം. മഹാമാരിയുടെ അടുത്ത വരവ്, വാക്‌സിനേഷൻന്റെ വിജയം, സാമ്പത്തിക പാക്കേജുകൾ സൃഷ്ടിക്കുന്ന ഉത്തേജനം എന്നിവ സസൂക്ഷ്മം വിലയിരുത്തിവേണം ഓഹരി കമ്പോളത്തിൽ നിക്ഷേപിക്കേണ്ടത്. ഫാർമസ്യൂട്ടിക്കൽ, ഐറ്റി, വാഹന കമ്പനികൾ എന്നിവയിലെ നല്ല തിരഞ്ഞെടുപ്പ് മെച്ചപ്പെട്ട പ്രതിഫലം നൽകും.

റിയൽ എസ്റ്റേറ്റിന്റെ ഭാവി

പുതുവർഷത്തിൽ റിയൽ എസ്റ്റേറ്റിന്റെ ഭാവിയെന്തായിരിക്കുമെന്ന് പലരും  ചോദിക്കാറുണ്ട്. പെട്ടന്നൊരുണർവു ഉണ്ടാകാനുള്ള സാധ്യത രൂപം കൊണ്ടിട്ടില്ല. 2021 രണ്ടാം പാദത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകാനുള്ള സാധ്യത മാത്രമേ കാണുന്നുള്ളൂ . അതും പല സാഹചര്യങ്ങൾക്കും വിധേയമായിട്ടായിരിക്കും.ആഗോള ഘടകങ്ങൾ ഇക്കാര്യത്തിൽ അനൂകൂലമാകേണ്ടിയിരിക്കുന്നു.   

നവ നിക്ഷേപ മാർഗങ്ങൾ  

മ്യൂച്വൽഫണ്ട്, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ, ഗ്യാരന്റീഡ് വെൽത്ത് പ്ലാൻ, ബോണ്ട്, ഡെറ്റ് ഉപകരണങ്ങൾ, ഹൈബ്രീഡ് ഫണ്ട്സ് തുടങ്ങിയവ മറ്റു ചില നവ നിക്ഷേപ മാർഗങ്ങളാണ്. ഇവയെല്ലാം അതിന്റെ ശൈശവദശയിലാണ്. മ്യൂച്വൽ ഫണ്ടുകളും, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളും ആണ് ഇപ്പോൾ കൂടുതലായി അംഗീകാരം കിട്ടി വരുന്നത്. ഓഹരി വിപണിയുടെ ഉണർവോടെ അവ രണ്ടും കൂടുതലായി ആദായം നൽകി തുടങ്ങും. 2021 രണ്ടാം പാദം മുതൽ തന്നെ ഈ രണ്ടു മേഖലകളിലും ഉണർവ്  പ്രതീക്ഷിക്കാം. കാലാവധി കഴിയുമ്പോൾ ആകർഷണീയമായ വരുമാനമോ പെൻഷനോ  ലഭിക്കുന്ന ഗ്യാരന്റീഡ് വെൽത്  പ്ലാനിനു നികുതി ആനുകൂല്യവും ഉണ്ടെന്നുള്ള പ്രത്യേകത കൂടുതൽ ആകര്‍ഷണീയമാക്കും. യൂണിറ്റ് ലിങ്ക്ഡ് പ്ലാൻസ്, നാഷണൽ പെൻഷൻ പദ്ധതി, പബ്ലിക് പ്രോവിഡന്റ് ഫണ്ട് , എംപ്ലോയീ പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ റിട്ടയർമെന്റ് പദ്ധതികൾ  സാധാരണ പോലെയുള്ള പ്രകടനമായിരിക്കും കാഴ്ച വക്കുക 

ചെറുകിട നിക്ഷേപകരുടെ  പ്രാധാന്യം വർധിക്കും

നിക്ഷേപകരെ ചെറുകിട , ഇടത്തരം, വൻകിട എന്നിങ്ങനെ മൂന്നായി തരം  തിരിക്കാം. കോവിഡ് കാലം നമ്മെ ഒരുപാടു പാഠങ്ങൾ പഠിപ്പിച്ചു. അതിൽ പ്രധാനം നമ്മുടെ ദുർവ്യയത്തെ കുറിച്ചുള്ള തിരിച്ചറിവാണ്. ഏതൊക്കെയാണ് നമ്മുടെ അനാവശ്യ ചെലവുകളെന്നു കോവിഡ് നമ്മെ പഠിപ്പിച്ചു. ഇത്, ചെറുസമ്പാദ്യങ്ങൾ സ്വരൂപിക്കാവുന്നവർക്കു വളരെയധികം ഗുണം ചെയ്യും. ഏറ്റവും അടുത്ത അവസരം മുതൽ അവരുടെ നിക്ഷേപം ഉയരുമെന്നതിൽ സംശയമില്ല. ചിട്ടികൾ, പോസ്റ്റ് ഓഫീസ് സേവിങ്  ഡിപ്പോസിറ്റ്, ആവർത്തന നിക്ഷേപം, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ, ചെറുതവണകളായുള്ള സ്വർണ നിക്ഷേപം, ആരോഗ്യ  ഇൻഷുറൻസ് എന്നിവയിലെല്ലാം ഇക്കൂട്ടരുടെ നിക്ഷേപം വരും അതിന്റെ ഏറ്റവും നല്ല തുടക്കം 2021ൽ ആരംഭിക്കാം.

ബൈഡൻ പ്രത്യാഘാതം

ഇതിനെല്ലാം അടിസ്ഥാനമാകുക അമേരിക്കയിൽ പ്രസിഡണ്ട് പദവിയിലെത്തുന്ന ജോ ബൈഡന്റെ തീരുമാനങ്ങളായിരിക്കും. കുടിയേറ്റ നിയമങ്ങളിലുണ്ടാകാവുന്ന  മാറ്റവും, ഐ.ടി. മേഖലക്ക് ഗുണകരമായ നയ തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും ഇന്ത്യയ്ക്കുണ്ട്.  ഏതായാലും ഓഹരി വിപണിയും മറ്റു സംവിധാനങ്ങളും ബൈഡന്റെ വരവിനെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ, വാനോളം നമ്മുടെ നിക്ഷേപ പ്രതീക്ഷകളെ ഉയർത്താൻ നവ വർഷത്തിൽ കഴിയില്ല. അത് അംഗീകരിച്ചു വേണം നിക്ഷേപ മാർഗങ്ങൾ തെരഞ്ഞെടുക്കേണ്ടത്. അഞ്ചു മുതൽ ഏഴര ശതമാനം വരെ ആദായം നൽകുന്ന നിക്ഷേപ ഉപകരണങ്ങൾ നമ്മുടെ മുന്നിലുണ്ട് . ഏഴു ശതമാനത്തിലധികം ആദായം തരുന്ന നിക്ഷേപ മാർഗങ്ങൾ തെരഞ്ഞെടുക്കാൻ കഴിഞ്ഞാൽ വിജയത്തിന്റെ പടിവാതിലിലാണെന്നു അവകാശപ്പെടാം. ചുരുക്കത്തിൽ, ഏറ്റവും കുറച്ചു ആദായം നൽകുന്ന ബാങ്കിങ് സ്ഥിര നിക്ഷേപം ഒഴിച്ചാൽ , ചിട്ടികൾ, ഇക്വിറ്റി അധിഷ്ഠിത മ്യൂച്ചൽ ഫണ്ടുകൾ, ഡെറ്റ് അധിഷ്ഠിത മ്യൂച്ചൽ ഫണ്ടുകൾ, സ്വർണം എന്നിവ 2021ൽ പരിഗണിക്കാം.

English Summary: Where to Invest in 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com