ADVERTISEMENT

ഞായറാഴ്ച രാത്രിയിലെ മലക്കം മറിച്ചിലിലൂടെ ട്രംപ്  അമേരിക്കൻ ഫെഡറൽ സർക്കാരിനെ  അടച്ചു പൂട്ടൽ നാണക്കേടിൽ നിന്നും രക്ഷപെടുത്തുകയും, ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ അക്കൗണ്ടിൽ തൊഴിൽ രഹിത ആനുകൂല്യങ്ങൾ എത്തുമെന്ന് ഉറപ്പാക്കുകയും ചെയ്തത് ഇന്നലെ ലോക വിപണിക്ക് ആവേശമായി. ഏഷ്യൻ - യൂറോപ്യൻ വിപണികൾക്ക് പിന്നാലെ അമേരിക്കൻ സൂചികകളും ഇന്നലെ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഒരു ശതമാനത്തിന് മുകളിലാണ് യൂറോപ്യൻ സൂചികകളുടെ ഇന്നലത്തെ നേട്ടം.

അമേരിക്കൻ സൂചികകൾ ഇന്നും മുന്നേറ്റം സ്വപ്നം കാണുന്നു. ഡൗ ജോൺസ്‌ ഫ്യൂച്ചർ ഇന്ന് 0.32% നേട്ടത്തോടെ വ്യാപാരം തുടരുന്നതും, ഏഷ്യൻ സൂചികകളുടെ ഗ്യാപ് അപ് ഓപ്പണിംഗും ഇന്ത്യൻ സൂചികകൾക്കും അനുകൂലമാണ്. 13900 പോയിന്റിലെ റെസിസ്റ്റൻസ് ഓപ്പണിങ്ങിൽ തന്നെ മറികടന്നേക്കാവുന്നതിനാൽ 14000 പോയിന്റ് നേട്ടവും നിഫ്റ്റി ഇന്ന് തന്നെ സ്വന്തമാക്കിയേക്കും.

നിഫ്റ്റി 

രാജ്യാന്തര വിപണി പിന്തുണയിൽ പ്രതീക്ഷിച്ചത് ‌പോലെ ഇന്ത്യൻ സൂചികകളും ഇന്നലെ വീണ്ടും റെക്കോർഡ് ഉയരങ്ങൾ  തിരുത്തികൊണ്ട് 14000 പോയിന്റിലേക്ക് ഒരു പടി കൂടി അടുത്തു. 0.90% നേട്ടത്തോടെ  13873 പോയിന്റിൽ  വ്യാപാരമസാനിപ്പിച്ച നിഫ്റ്റിയും, 47000 പോയിന്റ്  കടന്ന സെൻസെക്‌സും രാജ്യാന്തര ഘടകങ്ങളുടെയും, വിദേശ ഫണ്ടുകളുടെയും പിന്തുണയിൽ 2020ൽ ഇനി ബാക്കിയുള്ള ദിവസങ്ങളിൽ മികച്ച മുന്നേറ്റമായിരിക്കും.

കൺസ്യൂമർ ഡ്യൂറബിൾസ്, ക്യാപിറ്റൽ ഗുഡ്സ്, പൊതു മേഖല ബാങ്കിങ്, റിയൽറ്റി , മെറ്റൽ  ഓഹരികൾ ഇന്നലെ വിപണിയിൽ  നേട്ടമുണ്ടാക്കിയപ്പോൾ ഫാർമ മാത്രമാണ് നഷ്ടം സൂചിപ്പിച്ചത്. പൊതു മേഖല ഓഹരികൾ, ബാങ്കിങ്, ഇൻഫ്രാ, മാനുഫാക്ച്ചറിങ് മേഖലകൾ ഇന്നും പരിഗണിക്കാം. ഹോസ്പിറ്റാലിറ്റി, ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിങ്, ക്യാപിറ്റൽ ഗുഡ്സ്, സിമന്റ് , മെറ്റൽ, പൊതു മേഖല  ഓഹരികൾ ദീർഘകാല നിക്ഷേപകർ പരിഗണിക്കുക. ടാറ്റ മോട്ടോർസ് , ടി വി എസ്, മഹിന്ദ്ര, ഡിക്‌സൺ, ആംബർ, വിപ്രോ, റിലയൻസ്, ഡിഎൽഎഫ്, ഒബ്‌റോയ് റിയൽറ്റി, പി എൻ ബി, ടിപ്സ് , പൈസാലോ ഡിജിറ്റൽ  മുതലായ ഓഹരികൾ പരിഗണിക്കുക.

വിപണി സ്വപ്നം കാണുന്ന തിരുത്തൽ വിപണിയിൽ അപ്രതീക്ഷിതമായേ വരൂ എന്നതു പരിഗണിക്കുക. ലാഭമെടുക്കലും, സ്റ്റോപ്പ് ലോസ് പോയിന്റുകളും മറക്കാതിരിക്കുക പ്രധാനമാണ്.

ഡിക്‌സൺ 

ഡിക്‌സൺ ടെക്‌നോളജീസിന്റെ ഉപകമ്പനിയായ പാഡ്‌ജറ്റ് ഇലക്ട്രോണിക്സിന്  മോട്ടോറോളയുടെ മൊബൈൽ ഹാൻഡ്‌സെറ്റുകൾ നിർമിക്കാനുള്ള കരാർ ലഭിച്ചത് പുത്തൻ ഇന്ത്യൻ വ്യാവസായിക നയങ്ങളുടെ വിജയം തന്നെയാണ്. ഇന്ത്യയിൽ ഉത്ഭവിച്ച മൊബൈൽ, ടിവി നിർമാതാക്കളായ ഡിക്‌സൺ ടെക്നോളജീസ് പല മടങ്ങ് വളർച്ച നേടുമെന്നും കരുതുന്നു. പ്രോഡക്ട് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ ) സ്‌കീം ഇന്ത്യൻ ഉത്പന്ന നിർമാതാക്കൾക്ക് നേടി കൊടുക്കുന്ന രാജ്യാന്തര മത്സരക്ഷമത പരിഗണിച്ച് നിക്ഷേപകർ കൂടുതൽ മാനുഫാക്ച്ചറിങ് ഓഹരികൾ പോർട്ടഫോളിയോകളിൽ പരിഗണിക്കുക. ആംബർ, ഹാവെൽസ്, പോളി ക്യാബ്‌സ്, എബിബി , സീമെൻസ്, എൽ&ടി, ബിഇഎൽ മുതലായ ഓഹരികളും പരിഗണിക്കുക.

ഓട്ടോ 

വർഷാവസാന മാസത്തിൽ കർഷക സമരവും, പുത്തൻ രജിസ്ട്രേഷന്‍ വർഷത്തിനായും, പുത്തൻ മോഡലുകൾക്കുമായുള്ള കാത്തിരിപ്പും വാഹന വിപണിയിൽ ഉത്സാഹം കുറച്ചിട്ടുണ്ടാകാമെന്ന് കരുതുന്നു. ഒന്നാം തീയതി വരാനിരിക്കുന്ന വാഹന വില്പന കണക്കുകളിൽ പ്രതീക്ഷയർപ്പിച്ച് വാഹന ഓഹരികൾ ഹോൾഡ് ചെയ്യുന്ന നിക്ഷേപകർ സ്റ്റോപ്പ് ലോസ് വിലകളും നിർബന്ധമായും പരിഗണിക്കുക. അടുത്ത  തിരുത്തലിൽ വാഹന ഓഹരികൾ ദീർഘ കാല നിക്ഷേപത്തിന്  പരിഗണിക്കാം.

ടാറ്റ മോട്ടോഴ്‌സ് 

പുതിയ  ബ്രെക്സിറ്റ്‌ ഡീൽ പ്രകാരം ബ്രിട്ടനിൽ നിർമിക്കപ്പെടുന്ന ഉത്പന്നങ്ങൾക്ക് യൂറോപ്യൻ  യൂണിയനിൽ നികുതി ബാധകമല്ലാത്തത് ടാറ്റായുടെ ജെഎൽആറിന് അനുകൂലമാണ്. ഈ അവസരം 200 രൂപ കടക്കാനായി ടാറ്റ മോട്ടോഴ്‌സിന് ഉപയുക്തമാകുമെന്ന് കരുതുന്നു. 220 രൂപയാണ് സിഎൽഎസ്എ ടാറ്റ മോട്ടോഴ്‌സിന് ഇന്നലെ പ്രഖ്യാപിച്ച ലക്ഷ്യ വില. ഓഹരിക്ക്  280 രൂപ ദീർഘ കാല  ലക്‌ഷ്യം ഉറപ്പിക്കാവുന്നതാണ്.   

സ്വർണം  

രാജ്യാന്തര വിപണിയിൽ കഴിഞ്ഞ മുപ്പത് ദിവസങ്ങൾകൊണ്ട് നൂറു ഡോളറിന്റെ മുന്നേറ്റം കാണിക്കുന്ന സ്വർണവില അടുത്ത കുതിപ്പിന് തയാറെടുക്കുകയാണെന്ന് പ്രതീക്ഷിക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com