ADVERTISEMENT

ഉത്തേജക പാക്കേജ് ഒപ്പിട്ടതിന്റെ ആവേശത്തിൽ ഗ്യാപ് അപ് ഓപ്പണിങ്ങോടെ റെക്കോർഡ് ഉയരം  സ്വന്തമാക്കിയ അമേരിക്കൻ സൂചികകൾ പിന്നീട് ലാഭമെടുക്കലിൽ തിരുത്തപ്പെട്ടു. പൂർണമായ വാക്സിനേഷൻ നടക്കും വരെ അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് പിടിച്ചു നിൽക്കാൻ പാക്കേജ് സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നത് വിപണിക്ക് അനുകൂലമാണ്. യൂറോപ്യൻ വിപണികളിലും നേരിയ ലാഭമെടുക്കൽ നടന്നു.

ഡൗ ജോൺസ്‌ ഫ്യൂച്ചർ ഇന്നും  ലാഭത്തിലാണ് ആരംഭിച്ചത്,  ഏഷ്യൻ വിപണികളിൽ  ഇന്ന് സമ്മിശ്ര തുടക്കമാണ്. സിങ്കപ്പൂർ നിഫ്റ്റി , കോസ്‌പി, ഹാങ്‌സെങ്  മുതലായ സൂചികകൾ  ലാഭത്തിലാണ് ആരംഭിച്ചത്. നിഫ്റ്റി ഇന്ന് 14000 പോയിന്റിന് മുകളിൽ വ്യാപാരം ആരംഭിക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

നിഫ്റ്റി 

ബാങ്കിങ് , ഫിനാൻഷ്യൽ, ഐടി  മേഖലകളുടെ പിൻബലത്തിൽ ഇന്നലെ  ഈ മാസത്തിൽ പതിന്നാലാം തവണയും ഇന്ത്യൻ സൂചികകൾ റെക്കോർഡ് ക്ലോസിങ് നടത്തി. ഇൻഡസ് ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, എച് ഡി എഫ് സി, എച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ  മുതലായ ഓഹരികൾ മുന്നേറ്റം നേടി. 14000 പോയിന്റ്റ് എന്ന കടമ്പ കടക്കാൻ മടിച്ചു നിന്ന നിഫ്റ്റി 13,967 പോയിന്റ് എന്ന പുത്തൻ റെക്കോർഡിട്ട ശേഷം 13933 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി  442 പോയിന്റ് മുന്നേറിയ ഇന്നലെ സെൻസെക്സ് 47613 പോയിന്റിലേക്ക് കയറി.

ഇനി 14100 പോയിന്റിൽ  അടുത്ത റെസിസ്റ്റൻസ് പ്രകടമായേക്കാവുന്ന  നിഫ്റ്റിയുടെ പ്രധാന പിന്തുണ മേഖല 13600 പോയിന്റിലാണ്. 13440 പോയിന്റിലും നിഫ്റ്റിക്ക് വലിയ പിന്തുണയുണ്ട്.  അടുത്ത തിരുത്തലുകളിൽ നിക്ഷേപകർക്ക് ഈ പോയിന്റുകളിൽ വാങ്ങാവുന്നതാണ്. ഇന്നലെ 2386 കോടി രൂപയുടെ  അധിക നിക്ഷേപം ഇന്ത്യൻ വിപണിയിൽ  നടത്തിയ വിദേശ നിക്ഷേപകർ ഇന്നും കൂടുതൽ തുകയിറക്കുന്നത് ഇന്ത്യൻ സൂചികകളിൽ പ്രകടമായ മുന്നേറ്റത്തിന് സാധ്യതയേറ്റുന്നു. 

എൽ&ടി, ഐസിഐസിഐ ബാങ്ക്, എച് ഡി എഫ് സി, എച് ഡി എഫ് സി ബാങ്ക്, ലുപിൻ, എച്ച് സിഎൽ ടെക്ക്, മൈൻഡ് ട്രീ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ഡിക്‌സൺ ടെക്നോളോജിസ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

ഫിനാൻഷ്യൽ & റിയൽറ്റി മേഖലകൾ 

2021 പുതു വർഷത്തിൽ വിപണിയെ മുന്നിൽ നിന്നും നയിക്കുക ബാങ്കിങ് , എൻബിഎഫ് സി മേഖലകളായിരിക്കുമെന്ന് കരുതുന്നു. അമേരിക്കൻ മാതൃകയിൽ നിന്നും പ്രചോദിതരായി ആർബിഐയും പണപ്പെരുപ്പം 4% വരെ വളരാനനുവദിക്കുന്ന പുതിയ നയം സ്വീകരിക്കുന്നതും, ജിഡിപി വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള പുത്തൻ പ്രഖ്യാപനങ്ങളും ബാങ്കിങ് ഫിനാൻഷ്യൽ മേഖലയുടെ പ്രാമുഖ്യം അടുത്ത വര്‍ഷം വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന് കരുതുന്നു.

റിയൽ എസ്റ്റേറ്റ് ഓഹരികളിൽ ചിലതെങ്കിലും മൂല്യത്തിനൊത്ത വിലകളിലല്ല ഉള്ളതെന്നും, മാന്ദ്യത്തിന് ശേഷം പ്രകടമാകുന്ന ആവശ്യകത ഓഹരി വിലകളിൽ ഇനിയും മുന്നേറ്റത്തിന് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു. ഡിഎൽഎഫ്, ഒബ്‌റോയ് റിയൽറ്റി, ഗോദ്റെജ്‌ പ്രോപ്പർട്ടീസ്  മുതലായവ പരിഗണിക്കാം. 

സോവറിൻ ഗോൾഡ് ബോണ്ട്

ആർബിഐയുടെ സോവറിൻ ഗോൾഡ് ബോണ്ടിന് ജനുവരി ഒന്ന് വരെ അപേക്ഷിക്കാവുന്നതാണ്. 24 കാരറ്റ് സ്വർണം ഗ്രാമിന് 5000രൂപ നിരക്കിലാണ് സെൻട്രൽ ബാങ്ക് ബോണ്ട് സ്വീകരിക്കുന്നത്. നിക്ഷേപ തുകയ്ക്ക് 2.5% വാർഷിക പലിശയും, അഞ്ചു വർഷത്തിന് ശേഷം ക്യാപിറ്റൽ ഗെയിൻ ടാക്സ് ഇളവുകളും ബോണ്ട് നിക്ഷേപത്തെ ആകർഷകമാക്കുന്നു. അടുത്ത എട്ടു വർഷത്തിൽ സ്വർണ വിലയിലുണ്ടായേക്കാവുന്ന ഉയർച്ച കണക്കിലെടുത്താൽ സോവറിൻ ഗോൾഡ്ബോണ്ട് ഒരു മികച്ച നിക്ഷേപ സങ്കേതമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com